Gentle Dew Drop

ഡിസംബർ 17, 2020

നമ്മിൽ ഒരുവൻ

ക്രിസ്തു മനുഷ്യനായിരുന്നു; ഒരു പച്ച മനുഷ്യൻ 
കുലമഹിമയും ആഢ്യതയും അവൻ നോക്കിയില്ല, മനുഷ്യനായിരുന്നു അവൻ 
അവന്റെ വംശാവലിയിൽ കൊലപാതകിയും വ്യഭിചാരിയും വിജാതീയരും അഭിസാരികയും, രാജാവും കൃഷിക്കാരനും, ആട്ടിടയനും പുരോഹിതനും ദൈവത്തിന്റെ കുഞ്ഞാട് ... അവനെ നമ്മൾ അടുത്ത് കാണുകയാണ്.
തീർത്തും മനുഷ്യനായി ...
എന്റെ മാംസത്തിന്റെ മാംസവും അസ്ഥിയുടെ അസ്ഥിയും ..

അതുതന്നെയാണ് അവനെ തിരസ്‌കൃതനാക്കിയതും, ആശാരിയുടെ മകൻ, ഭക്ഷണപ്രിയൻ, ചുങ്കക്കാരുടെ സ്നേഹിതൻ, വേശ്യകളോട് മുഖത്തുനോക്കി സംസാരിക്കുന്നവൻ, ഗ്രീക്കുകാരെ സ്വാഗതം ചെയ്യുന്നവൻ, സമരിയക്കാരനെ ഉദാഹരണമാക്കുന്നവൻ, പാപങ്ങൾ ക്ഷമിച്ചുകളയുന്നവൻ,

നമ്മിൽ ഒരുവൻ 'ആയിത്തീർന്നു' എന്നതല്ല കാര്യം, അത് അറിയാമായിരുന്നെങ്കിലും ഒരുപക്ഷെ അവൻ സ്വീകരിക്കപ്പെട്ടുമായിരുന്നു. അവൻ നമ്മിൽ ഒരുവൻ ആണ് എന്നതാണ് പ്രശ്‌നം. അവന്റെ കുടുംബക്കാരെയൊക്കെ നമുക്ക് അറിയാം. അവൻ മിശിഹാ ആവില്ല.  

ആട്ടിടയരെപ്പോലെ വിശ്വസിക്കാമെങ്കിൽ അതുതന്നെയാണ് സന്തോഷത്തിന്റെ സദ്‌വാർത്ത. നിങ്ങളുടെ ഇടയിൽ പിറന്നിരിക്കുന്ന ശിശു, നിങ്ങൾ കാത്തിരുന്ന രക്ഷകൻ. സന്മനസ്സുള്ളവർക്ക് സമാധാനം.

ഡിസംബർ 16, 2020

സൈബർ കമ്മ്യൂണിറ്റി തേടുന്ന മാർഗ്ഗദർശനം

സൈബർ കമ്മ്യൂണിറ്റി ഒരു പ്രാഥമിക വിദ്യാഭാസകാലം പോലെയുള്ള പരിശീലനമാണ് നൽകുന്നത്. ഒരേ  ചട്ടക്കൂടിനും, ഒരേ ഇഷ്ടങ്ങൾക്കും മൂല്യങ്ങൾക്കും പരസ്പരമായാ ബലപ്പെടുത്തലുകൾ നല്കിപ്പോരുന്ന ആ കുമിളക്കുള്ളിൽ സംഭവിക്കുന്ന സാന്ദ്രീകരണം വ്യക്തിസ്വഭാവങ്ങളെയും സ്വാധീനിക്കുന്നു. കൂടുതൽ പേർ എന്ത് ചിന്തിക്കുകയും പറയുകയും ചെയ്യുന്നോ അതാണ് കൂടുതൽ ശരിയായി ഒരാൾക്ക് തോന്നിത്തുടങ്ങുക. വ്യത്യസ്തമായ ഒരു സമൂഹത്തിലെ വ്യക്തികളുമായി മുഖാഭിമുഖ സംഭാഷണങ്ങൾക്കുള്ള പ്രാധാന്യം കുറച്ചു കാണുകകൂടി ചെയ്യുമ്പോൾ കാഴ്ചപ്പാടുകളും തീർത്തും ഇടുങ്ങിയതാകുന്നു.

 കുഞ്ഞുകുട്ടികളെപ്പോലെ, ശണ്ഠയും സംഘർഷങ്ങളും, തർക്കങ്ങളും പിണക്കങ്ങളും നോവലുകളും സൈബർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കുമുണ്ടാകും. വീട്ടിലെത്തുന്ന കുഞ്ഞിന്റെ  വൈകാരികഭാവങ്ങളെ ഒരു കണ്ണാടിയിലെന്നപോലെ ഉൾക്കൊള്ളുവാനും, ആ വികാരങ്ങളെ വേണ്ടതുപോലെ മനസിലാക്കിക്കൊടുക്കുവാനും പക്വതയിലേക്കു നയിക്കുവാനും കഴിയേണ്ടത് മാതാപിതാക്കളുടെ കടമയാണ്. പകരം ആ വികാരങ്ങളെ താലോലിക്കുവാനും, ന്യായീകരിക്കുവാനും ശ്രമിക്കുന്ന മാതാപിതാക്കൾ കുഞ്ഞിന്റെ ആന്തരികതെയെ കൂടുതൽ മൃദുലമാക്കുകയും മുറിവേൽക്കുവാനും കൂടുതൽ വേദനിക്കുവാനും കാരണമാക്കുകയുമാണ് ചെയ്യുന്നത്. 

സമൂഹങ്ങൾ സൈബർ കമ്മ്യൂണിറ്റികളായി തിരിയുമ്പോൾ കുഞ്ഞിനുവേണ്ടി മാതാപിതാക്കൾക്കുള്ള പങ്കാണ് സമൂഹത്തിലെ നേതാക്കൾക്കുള്ളത്. അവിടെ നടക്കുന്ന ആശയപ്പകർച്ചകൾ അടുത്തറിയുവാൻ അവർക്കു കഴിയണം. അവയുടെ മൃദുലതകളിൽ നിന്ന് ലാഭമുണ്ടാക്കാൻ നോക്കുന്നത് സമൂഹത്തിന്റെ തകർച്ചയിലേക്കുള്ള വഴിയാണ്. 

ഡിസംബർ 15, 2020

എന്റെ ആത്മാവേ കർത്താവിനെ വാഴ്ത്തുക

എന്റെ ആത്മാവേ കർത്താവിനെ വാഴ്ത്തുക 
അവിടുത്തെ അനുഗ്രഹങ്ങൾ മറക്കരുത് 

ഞാൻ എന്താണോ അത് എങ്ങനെ ആയോ അതിലേക്ക് ദൈവം തന്റെ പരിപാലനയിലൂടെ വഴിനയിച്ച സകലതിനെയും ഉൾക്കൊള്ളുന്നതാണ് വിളിക്കപ്പെടുന്ന രഹസ്യം. ... നാളിതു വരെ കടന്നു വന്ന വഴികളോരോന്നും ചരിത്രഗതികളും ജീവൽപ്രക്രിയകളും ... ഓർത്തുകൊണ്ട് വേണം വിളിക്കാൻ എന്റെ ആത്മാവേ. 

എത്രയോ അനുഗ്രഹങ്ങളിലൂടെയാണ് ദൈവം നമ്മെ നടത്തുന്നത്... ആത്മാവിന്റെ  പരിപോഷണവും വളർച്ചയും.  

ഡിസംബർ 13, 2020

കേൾക്കപ്പെടുന്നത്

ഒരു കുടുംബം രൂപപ്പെടുത്തുന്നതിലേക്ക് വ്യക്തികളെ തയ്യാറാക്കുവാൻ മൂന്നു ഘട്ടങ്ങളായുള്ള തയ്യാറെടുപ്പുകൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിർദ്ദേശിച്ചു (remote, proximate, immediate). കുടുംബത്തിന്റെ മൂല്യങ്ങളും, സ്ത്രീപുരുഷ ബന്ധങ്ങളിലെ നിർമ്മലതയും കുട്ടിക്കാലം മുതലേ വിലനൽകുവാൻ വ്യക്തികൾക്ക് അവസരമൊരുങ്ങണം (സ്വാഭാവികമായ വികാരങ്ങളെപ്പോലും പാപങ്ങളുടെ വിഭാഗത്തിലേക്കു ചേർത്ത് അവതരിപ്പിക്കുന്ന അന്തരീക്ഷങ്ങളിൽ അത് എത്രമാത്രം സാധ്യമാണെന്നത് സംശയമാണ്). പ്രായത്തിനനുസരിച്ചുള്ള പക്വതയിൽ ശരീരത്തെക്കുറിച്ച് പൊതുവായും, ലൈംഗികതയെക്കുറിച്ചും ആവശ്യമായ ജീവശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ പരിജ്ഞാനം അവർക്കു ലഭിക്കണം. അത് ഒരു നല്ല കുടുംബത്തെ വിവേകത്തോടെ രൂപീകരിക്കുവാൻ പ്രാപ്തമാക്കുന്നതാവണം. Responsible parenting എന്നാണ് ഈ സമീപനത്തെ വിശേഷിപ്പിക്കുന്നത്. സ്വാർത്ഥതാല്പര്യങ്ങളും സുഖേച്ഛയും മൂലം മക്കൾ വേണ്ടെന്നു വയ്ക്കുന്നത് തെറ്റാണ്. എന്നാൽ കുടുംബത്തിന്റെ വലിപ്പം അതിന്റെ പൊതുനന്മകൂടി ചേർത്തുകാണേണ്ടതു കൊണ്ടാണ് അത് വിവേകപൂർവ്വവും ഉത്തരവാദിത്തപൂർവ്വവും ചെയ്യേണ്ടത്. വിചിത്രമായ ഉപദേശങ്ങളും, വിശദീകരണങ്ങളും, സ്വയം രൂപപ്പെടുത്തുന്ന ലൈംഗിക ധാർമികതയും ചിലർ പകർന്നു നൽകാറുണ്ട്. ആത്മീയം-ഭൗതികം എന്ന വികലമായ വിഭജനം കാഴ്ചപ്പാടുകളിൽ കാത്തുസൂക്ഷിക്കുന്നതുപോലെതന്നെ, ദൈവികം-മാനുഷികം എന്നതിനെ രണ്ടു വിദൂരയാഥാർത്ഥ്യങ്ങളായി അവതരിപ്പിക്കപ്പെടുന്നത് തെറ്റായ സമീപനമാണ്. ദൈവപ്രചോദനകളും പദ്ധതികളും പ്രവർത്തിക്കുന്നതും യാഥാർത്ഥ്യമാകുന്നതും കൃപയിലൂടെയാണ്. കൃപയുടെ വഴികളിൽ, മനുഷ്യന് നൽകപ്പെട്ടിരിക്കുന്ന വിവേകവും മറ്റു നൈസർഗികമായ കഴിവുകളും കുടുംബരൂപീകരണത്തിലും ദൈവഹിതകരമായിത്തന്നെ അവയുടേതായ പങ്കു വഹിക്കുന്നുമുണ്ട്. ചില പ്രസംഗങ്ങളനുസരിച്ച്, 'ശരീരത്തിന്റെ പ്രവൃത്തി'യായതുകൊണ്ട് പ്രാർത്ഥനയോടെയും, സൂക്ഷ്മതയോടെയും മാത്രം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതും, ആത്മീയമല്ലാത്ത എന്തെങ്കിലും 'തോന്നിയാൽ' പാപമായി മാറുകയും ചെയ്യുന്നതിനാൽ പരമാവധി നിയന്ത്രണങ്ങൾ ആവശ്യമുള്ളതുമാണ് ലൈംഗികബന്ധങ്ങൾ എന്നത് ഒരു വശത്തു നിൽകുമ്പോൾ, പരമാവധി മക്കളെ ജനിപ്പിക്കുക എന്നത് ഒരുമിച്ചു കൊണ്ട് പോകുന്ന ദൈവാസൂത്രണം ദൈവത്തിന്റേതല്ല.


pro-life - pro-choice ഡിബേറ്റ്കൾ വർഷങ്ങളായി നടന്നു വരുന്നതാണ്. അതിന്റെ രാഷ്ട്രീയ വശങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. Pro-choice, gender politics ന്റെ കൂടി ഭാഗമാണ്. prolife പൊളിറ്റിക്‌സും ഉണ്ട്. നമുക്കറിയാവുന്ന വാതിലുകളിൽ കൂടി തന്നെയാണ് അവയുടെ സങ്കുചിത രൂപങ്ങൾ സഭയുടെ കാഴ്ചപ്പാടിനും മീതെ സ്വാധീനം നേടി പ്രബലപ്പെട്ടത്. anti contraceptive movements, rights of the unborn എന്നിവ ഒരുമിച്ചു പോയിരുന്നെങ്കിൽ ഇന്ന് പല pro-lifers ഉം rights of the unborn ലേക്ക് ഊന്നൽ കൊടുക്കുന്നു. ചരിത്രത്തിലെ ഈ വഴിമാറ്റം മനസിലാക്കാതെ പോകുന്നെന്ന പരാജയവും നമുക്ക് സംഭവിക്കുന്നുണ്ട്. എന്ന് വെച്ചാൽ ഒരിടത്ത് രാഷ്ട്രീയ പ്രാധാന്യത്തോടെ എടുത്തുപയോഗിക്കുന്ന ആശയങ്ങൾ നമ്മൾ വിശ്വാസത്തിന്റെ രൂപത്തിൽ ഏറ്റെടുത്ത് അർഹമല്ലാത്ത വ്യാഖ്യാനങ്ങൾ നൽകി പരിപോഷിപ്പിക്കുന്നു. 'എണ്ണം' പരിഗണിക്കുകയാണെങ്കിൽ അത് pro life ആശയങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. അതിന്റെ സാഹചര്യം വംശീയ രാഷ്ട്രീയമാണ്. അതും ഇന്ന് വിശ്വാസത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കപ്പെടുകയാണ്.
ജീവന്റെ മൂല്യത്തിന് ഒരു സാമൂഹിക മാനം കൂടിയുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. വേണ്ട പോഷകാഹാരം ലഭിക്കാതെ ഉദരത്തിൽ മരിക്കുന്ന അനേകം കുഞ്ഞുങ്ങളുണ്ട്. അവരുടെ ജീവൻ നിലനിർത്തുവാൻ വേണ്ട താല്പര്യം എത്രമാത്രം നമുക്കുണ്ട്. ജീവന്റെ പരിപോഷണം സ്വന്തം മക്കളുണ്ടായി അവരുടെ വളർച്ച ഉറപ്പാക്കുന്നത് മാത്രമല്ല, ഒരു കുഞ്ഞിനെ ദത്തെടുത്തു ജീവിതം നൽകാനോ, ചുറ്റുപാടുകളിലുള്ള കുഞ്ഞുങ്ങൾ ആഹാരത്തിനോ വിദ്യാഭാസത്തിനോ വഴിയില്ലാത്തവരോ ആണെങ്കിൽ ആ 'ജീവൻ' കരുതപ്പെടുവാനോ വേണ്ടിയുള്ള താല്പര്യവും ദൈവികപദ്ധതിയാണ്. അതാണ് സത്യത്തിൽ ദൈവാസൂത്രണം.

സമൂഹത്തിന്റെ സാന്മാർഗിക വളർച്ചയാണ് ലക്‌ഷ്യം വയ്ക്കുന്നതെങ്കിൽ, 'അസാന്മാർഗിക' അവസ്ഥകളിലെ സങ്കീർണതകൾ മനസിലാക്കാൻ പരിശ്രമിക്കുന്നത് നല്ലതാണ്. അങ്ങനെയെങ്കിൽ, വിധിക്കുന്നതിനും, സാമാന്യവത്കരിക്കുന്നതിനും പകരം അത്തരം ഘടകങ്ങളെ പക്വമായ തരത്തിൽ അഭിമുഖീകരിക്കുവാൻ കഴിയുന്നതാണെങ്കിൽ അത്തരം വഴികൾ നിർദ്ദേശിക്കുവാൻ കഴിഞ്ഞേക്കും. സമൂഹവും സംസ്കാരവും സ്വീകരിക്കുന്ന സമീപന രീതികൾ, അവയുടെ കാലഘട്ടതിനനുസരിച്ചു മനസിലാക്കാക്കുവാനും കരുതലുള്ള പ്രഘോഷകന് കഴിയണം. അതിനു തയ്യാറാവാത്തത് വലിയ വീഴ്ചകൾ സൃഷ്ടിക്കുന്നുണ്ട്. ഒരു കാലഘട്ടത്തിന്റെ സങ്കീർണതകളെ മുഴുവൻ തങ്ങളുടെ ശുഷ്ക്കമായ കാഴ്ചപ്പാടിൽ ചുരുക്കിക്കൊണ്ട് അങ്ങനെയാണ് എല്ലാവരും കരുതേണ്ടതെന്ന് നേതൃത്വം ആവർത്തിച്ചുറപ്പിക്കുകയാണ്.
സമൂഹവും അതിലെ സാംസ്‌കാരികഘടകങ്ങളും മാറുന്നതനുസരിച്ച് സമൂഹത്തിന് ആവശ്യമായ വിചിന്തനങ്ങളിലേക്കും വളർച്ചയിലേക്കും നയിക്കാൻ അവർക്ക്‌ കഴിയുന്നില്ല എന്നതാണ് അവിടെയുള്ള പരാജയം.

ചില ചാനലുകളിലേക്കും, പ്രസംഗകേന്ദ്രങ്ങളിലേക്കും സഭയുടെ ആധികാരിക പ്രബോധനങ്ങൾ അവരോധിക്കപ്പെട്ടപ്പോൾ അവർ യഥാർത്ഥത്തിൽ സഭയുടെ പ്രബോധനങ്ങളാണോ തങ്ങളുടെ സമീപനങ്ങളാക്കുന്നത് എന്നത് നോക്കിക്കാണുവാൻ ആരും ഇല്ലാതെ പോയില്ലേ. ചിലവ American evangelical sect കളുടെ നേർപ്പകർപ്പായി കാണപ്പെടുന്നു. വാച്യാർത്ഥത്തിലുള്ള ബൈബിൾ വായന, പ്രവചനങ്ങളുടെ പൂർത്തീകരണം എന്ന നിലയിൽ സമീപകാലസംഭവങ്ങളെ സമീപിക്കൽ, ഉന്നതിയുടെ സുവിശേഷം, തുടങ്ങിയവ തീർത്തും വ്യക്തമാണ്. World Trade Centre വീണതിന് ശേഷം അവിടെ രൂപപ്പെട്ട രാഷ്ട്രീയ വംശീയ വിദ്വേഷം ഇവിടെ വിശ്വാസത്തിന്റെ ഭാഗമായും പകർത്തപ്പെടുന്നു. എങ്കിലും അവർക്ക് എന്ത് കൊണ്ടോ അനുവദിക്കപ്പെടുന്ന പ്രതീതി മൂലം അവർ പറയുന്നതാണ് സഭയുടെ സമീപനം എന്ന് വിശ്വാസികളും കരുതുന്നു. തിരിച്ചു വരവുകൾ ആഘോഷമാക്കപ്പെടുമ്പോൾ അവരുടെ സന്ദേശങ്ങളിലെ സത്യവിശ്വാസം കൂടി പരിഗണിക്കണം. ആരാധനയും, മരിയഭക്തിയും, ജപമാലയും പുറമോടിയാക്കി തന്നിഷ്ടം പഠിപ്പിക്കുന്ന പ്രസംഗങ്ങൾ കൂടിവരുന്നു. ബൈബിൾ കൈയിൽ പിടിച്ചത് കൊണ്ടോ, ജ്വലിക്കുന്ന തീക്ഷ്ണതയിൽ ബൈബിൾ ഉദ്ധരിച്ചത് കൊണ്ടോ അത് സുവിശേഷപ്രസംഗമാകുന്നില്ല. അത് ഒരു കാരിസം ആണ്. ജനപ്രിയത എന്ന ഒറ്റ കാരണം, ശൈലിയിലും ഉള്ളടക്കത്തിലും 'തീക്ഷ്ണത' ഉൾക്കൊള്ളിക്കാൻ അനേകരെ പ്രേരിപ്പിക്കുന്നുണ്ടാകാം. അത് മാത്രമാണ് സുവിശേഷ പ്രഘോഷണമെന്ന് ഏതാനം ചിലർ ആളുകളെ പഠിപ്പിച്ചിട്ടുമുണ്ട്. കാരിസം ഇല്ലെങ്കിലും പ്രസംഗത്തിലേക്കു തിരിയുന്ന അനേകരെ ഇന്ന് കാണാം.

കൃപാസനം പത്രത്തോടുള്ള ഭക്തി ഒരു പ്രധാന ഭക്തിരൂപമായി കേരളത്തിൽ വ്യാപിച്ചപ്പോഴും, T B Joshua യുടെ 'spirit of death' ഒരു പ്രശസ്ത പ്രസംഗകന്റെ പ്രധാന പ്രസംഗവിഷയമായി വിശ്വാസികളെ വളരെയധികം സ്വാധീനിച്ചപ്പോഴും, ബൈബിൾ വളച്ചൊടിച്ചു വ്യാഖ്യാനിക്കുന്ന രീതിയിലേക്ക് പോയപ്പോഴും (ആരോഗ്യപരമായ സ്വതന്ത്രമായ വ്യാഖ്യാനം പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്), ഒന്നാം പ്രമാണത്തിന്റെ ദുർവ്യാഖ്യാനങ്ങളെക്കുറിച്ചും, വസ്ത്രധാരണവും ദൈവകോപവും കൂട്ടിച്ചേർക്കപ്പെടുന്നതിനെക്കുറിച്ചും, തിരുത്തുകയും വിശദീകരിക്കുകയും ചെയ്യേണ്ടിയിരുന്നവരിൽ നിന്നും മൗനമായിരുന്നു പൊതുവായ സമീപനം. അങ്ങനെ സംജാതമായ സ്ഥിതിവിശേഷമാണ് ബൈബിളിനെക്കുറിച്ചോ, സഭാപ്രബോധനത്തെക്കുറിച്ചോ നിയമത്തെക്കുറിച്ചോ ആധികാരികമായി സംസാരിച്ചാൽ പോലും 'നീ നിന്റെ പാട് നോക്കി പോകൂ' എന്ന് ജനം വിളിച്ചു പറയുന്നത്.

... വിവേകം, കരുണ, യാഥാർത്ഥ്യങ്ങളുമായുള്ള ബന്ധം എന്നിവയില്ലാതെയുള്ള പ്രസംഗങ്ങൾ ആദ്യമായല്ല നമ്മൾ കേൾക്കുന്നത്. ശമ്പളം കിട്ടാത്തതിന്റെയും പാസ്പോര്ട്ട് പിടിച്ചു വയ്ക്കപ്പെടുന്നതിന്റെയുമൊക്കെ കാരണം കല്പനകൾ ലംഘിച്ചിട്ടുള്ളതാണെന്ന പ്രസംഗം മറ്റൊരു പ്രസിദ്ധ പ്രസംഗകനിൽ നിന്നും കേട്ടിട്ടുണ്ട്. പ്രണയത്തിന്റെ കാരണം മനുഷ്യരിലുള്ള പിശാചുക്കളുടെ പരസ്പര ലീലാവിലാസങ്ങളാണെന്ന ഉപദേശം, മിശ്രവിവാഹം (dispensation for the disparity of cult ഉണ്ടെങ്കിൽകൂടെയും) വഴിയുണ്ടാകുന്ന കുട്ടികൾ കുട്ടിപ്പിശാചുക്കളാണെന്നും മറ്റുമുള്ള പരാമർശങ്ങൾ ... അങ്ങനെ പലതരത്തിലുള്ള ആശയങ്ങൾ സൃഷ്ടിക്കുന്ന വികലമായ മനുഷ്യ-ദൈവ സങ്കൽപ്പങ്ങൾ വിശ്വാസത്തെയും വികലമാക്കുന്നില്ലേ? (മേല്പറഞ്ഞ ആശയങ്ങളുമായി സംവദിക്കാൻ ശ്രമിച്ചിരുന്നു. മനുഷ്യന്റെ ആത്മാവിൽ അനേകം മാലാഖമാരും പിശാചുക്കളും വസിക്കുന്നു എന്നാണ് അവരുടെ വാദം. പിശാചുക്കളിൽ നിന്ന് ജനിക്കുന്നത് പിശാച് എന്നതാണ് അടിസ്ഥാന യുക്തി. ഈ പഠനങ്ങളുടെ ഉറവിടം വ്യക്തമല്ല). ഇത്തരം കാഴ്ചപ്പാടുകളാണ് വിശ്വാസികളുടെ മനഃസാക്ഷി രൂപപ്പെടുത്തുന്നത് എന്നത് ആശങ്കയുണർത്തേണ്ട കാര്യമാണ്.

ഉണ്ണിക്കായൊരു പുഞ്ചിരി

വെറുക്കാൻ തീരുമാനിച്ചുറപ്പിച്ചവരെക്കുറിച്ച് ഒരു നന്മ ഒരു ദിവസം ഓർക്കാൻ കഴിയുമോ?
ഉണ്ണിക്കായുള്ള പുഞ്ചിരിയാകും.

പുൽക്കൂടിനടുത്തെത്തുമ്പോൾ ഗൗരവമായി നിന്നാൽ കുഞ്ഞു പേടിക്കില്ലേ?
വക്രബുദ്ധി വച്ചുകൊണ്ട് പുൽക്കൂടിനുമുമ്പിൽ കീർത്തനം പാടാനാവില്ല, പതിയെ അത് അപസ്വരമാകും. കാരണം ഇഷ്ടമില്ലാത്ത പലരും അവിടെയുണ്ടാകും. അവരെ സ്വീകരിച്ചത് കൊണ്ട് യൗസേപ്പും മറിയവും വെറുക്കപ്പെടേണ്ടവരുടെ ഗണത്തിലേക്ക് ചേർക്കപ്പെട്ടേക്കാം. നിയമം പാലിക്കാത്ത ദൈവനിഷേധികൾ!

ഡിസംബർ 10, 2020

മോശയെപ്പോലൊരു പ്രവാചകൻ

"മോശയെപ്പോലുള്ള ഒരു നേതാവിനെ നമുക്ക് ആവശ്യമുണ്ട്."

നമുക്കില്ലാത്തത് മാതൃകയാണ്. വി. ഓസ്കർ റൊമേറോയ്‌ക്കൊക്കെ (Óscar Romero) നമ്മുടെ അൾത്താരകളിൽ എന്ന് ഇടം ലഭിക്കും? സിയന്നായിലെ വി. കത്രീന (Catherine of Siena) തന്റെ പ്രവാചകത്വം ജീവിച്ചവളാണ്. വിശുദ്ധയാക്കപ്പെട്ടതോടെ വേദപാരംഗതയും ദർശകയുമായി കാണപ്പെട്ടതുകൊണ്ട് കത്രീനയിലെ പ്രവാചകസ്വഭാവം ആരും തേടിയില്ല. ആ വിശുദ്ധരോടുള്ള വണക്കവും ബഹുമാനവും നമുക്ക് ഭയമാണ്, അവരെ അനുകരിക്കേണ്ടി വന്നെങ്കിലോ എന്ന ഭയം. മാത്രമല്ല നമ്മുടെ ചില സ്വസ്ഥതകളെ അത് അസ്വസ്ഥപ്പെടുത്തിയേക്കാം. വി. മദർ തെരേസയ്ക്കും വി. ജോൺ പോൾ രണ്ടാമനും വേണ്ടി പള്ളികളും കപ്പേളകളും പണിത് നാമകരണത്തിനായി കാത്തിരുന്നവരാണ് നമ്മൾ. ജിറോലാമോ സാവോനരോളയൊക്കെ (Girolamo Savonarola) എന്ന് വിശുദ്ധരായി പരിഗണിക്കപ്പെടും?

ക്രിസ്തു പൂർത്തീകരിച്ച പ്രവാചകദൗത്യത്തെ മാറ്റിനിർത്തികൊണ്ട് ഒരു പ്രവാചകനെയും നമുക്ക് സ്വജീവിതത്തിലേക്കു പകർത്താനാകില്ല. പ്രവചനങ്ങളുടെ പൂർത്തീകരണവും, പ്രവാചകന്റെ സത്തയായ സത്യത്തിന്റെയും നീതിയുടെയും നിലപാടും (വെളിപാടും ഭാവി പറയലുമല്ല പ്രവാചകത്വം), ഏലിയായുടെ  തീക്ഷ്ണതയും സൗഖ്യശുശ്രൂഷയും, കല്ലെറിയപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തവരെപ്പോലുള്ള സഹനവും, എതിർപ്പുകൾക്കു മുമ്പിൽ സൂക്ഷിച്ച സൗമ്യതയും, വചനത്തിന്റെ ആധികാരികഭാഷ്യത്തിനു നൽകിയ ഹൃദ്യതയും ക്രിസ്തുവിലെ പ്രവാചകദൗത്യത്തിലുണ്ട്. ആ പ്രവാചകത്വം ജീവിക്കാൻ തയ്യാറുള്ളവരെയാണ് ഇന്ന് നേതാക്കളായി നമുക്കാവശ്യം. 

അല്ലെങ്കിൽ, മൈക്കിൾ ആഞ്ചെലോ കൊത്തിയെടുത്ത മോശയെപ്പോലെ നമ്മൾ മനസ്സിൽ കാണുന്ന രൂപത്തിൽ  ഒരു മോശയെയാവും  ആഗ്രഹിക്കുകയും കൊത്തിയെടുക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നത്. മോശ-പരിവേഷം എടുത്തണിയുകയും, അവരോധിക്കപ്പെടുകയും ചെയ്യുന്ന അത്തരം നേതൃത്വം മോശക്ക് പകരം ഫലത്തിൽ കൊറഹിനേപ്പോലെയായിരിക്കും.

വിവേകം, കാരുണ്യം, ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളെക്കുറിച്ച്  മുൻവിധിയും സ്ഥാപിതതാല്പര്യവുമില്ലാത്ത സമീപനം, സാമൂഹികപ്രവണതകളെക്കുറിച്ചുള്ള അറിവ്, സാംസ്കാരികമായ ഉൾകാഴ്ച എന്നിവയും പ്രവാചകത്വത്തിൽ ഉൾപ്പെടുന്നു. മോശയെപ്പോലൊരു പ്രവാചകനെ പ്രതീക്ഷിക്കുമ്പോഴും, ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വശൈലിയിലെ പ്രവാചകത്വം കാണപ്പെടാത്ത പോകുന്നുണ്ടോ എന്നൊരു ആശങ്ക അസ്ഥാനത്തല്ല; അതോ കണ്ടിട്ടും അവഗണിച്ചു കളയുകയാണോ? 

ഡിസംബർ 09, 2020

കുടുംബത്തിന്റെ ക്രിസ്തുരൂപം

സ്വന്തം വീടുകളിൽ തന്നെ ദൈവവും ഒരു അംഗമോ അതിഥിയോ ആതിഥേയനോ ആയ കുടുംബങ്ങളെ രക്ഷാകരചരിത്രത്തിലുടനീളം കാണാം. ക്രിസ്തുവും അത്തരം കുടുംബാന്തരീക്ഷങ്ങളിൽ സ്വയം പങ്കുചേർക്കുന്നതായി കാണാം. നമ്മുടെ കുടുംബങ്ങളിലും അത്തരം അവസരങ്ങളുണ്ട്. ഇതിനു വേണ്ടി ഒരു പുതിയ ആത്മീയത രൂപപ്പെടുത്തേണ്ടതില്ല, നമ്മൾ ജീവിക്കുന്ന ഭവനാന്തരീക്ഷങ്ങളിൽ ഉള്ള കൃപാസാന്നിധ്യം തിരിച്ചറിയുക എന്നതാണ് ആ ആത്മീയത. സഭ വിശ്വാസികളുടെ സമൂഹമാണെന്നും ആ സമൂഹം ക്രിസ്തുവിന്റെ ശരീരമാണെന്നും നമുക്കറിയാം. നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങളും ക്രിസ്തുശരീരമാണെന്ന രഹസ്യം അനുഭവവേദ്യമാക്കുമ്പോഴാണ് കുടുംബം ഒരു ഗാർഹികസഭയായിത്തീരുന്നത്. ഒരു ആശയരൂപീകരണം കൊണ്ട് മാത്രം ജീവിക്കാവുന്നതല്ല ഈ രഹസ്യം, മറിച്ച് കൂദാശകളിലൂടെ ഒരു കുടുംബരൂപീകരണത്തിനു ദൈവം നൽകിയിരിക്കുന്ന കൃപയനുസരിച്ച് ഓരോരുത്തരുടെയും ജീവിതാവസ്ഥകളിൽ ഇത് സാധ്യമാക്കുവാൻ നമുക്ക് കഴിയും.

തിരക്കുകൾക്കിടയിൽ നഷ്ടപ്പെട്ടുപോകുന്ന ചില മനോഭാവങ്ങളെ പുതുജീവൻ നൽകി ഉണർത്താൻ കഴിഞ്ഞാൽ ക്രിസ്തുവിലേക്കുള്ള വളർച്ചയിലെ അടിസ്ഥാനപടിയായ സ്നേഹബന്ധങ്ങൾ ഉറപ്പിക്കാൻ നമുക്കായേക്കും. ആത്മീയം എന്നത് ആചാരങ്ങളിലുള്ള കണിശതയിലും എല്ലാം ഭക്തിമയമാക്കുന്നതിലുമാണെന്ന തെറ്റിദ്ധാരണ പ്രബലമായുണ്ട്. പരസ്പരസ്നേഹത്തിലുള്ള ഒരു ആത്മീയത ജീവിക്കുവാൻ പ്രയത്നിക്കുക എന്നതാണ് മർമ്മപ്രധാനമായ ഘടകം.

കാര്യമായെടുക്കാത്ത ഇഷ്ടാനിഷ്ടങ്ങളും, ക്ഷീണവും കൊച്ചു വേദനകളും കാണാനും, നമ്മെത്തന്നെ മറച്ചു വയ്ക്കാതെ കാണപ്പെടാൻ അനുവദിക്കുകയും ചെയ്യുന്നത് ആദ്യ ആത്മീയതലം തന്നെയാണ്. ആ ജീവിതാവസ്ഥകളിൽ ക്രിസ്തുരഹസ്യങ്ങൾ കാണുവാൻ കഴിഞ്ഞെങ്കിൽ പങ്കുവയ്ക്കലിന്റെ മാനം നൽകാനും നല്കപ്പെടാനും നമ്മെ പ്രാപ്തരാക്കും. അങ്ങനെ ഒരു ക്രിസ്തു ചൈതന്യത്തിലേക്കു കുടുംബത്തെയും, ക്രിസ്തുരൂപത്തിലേക്ക് കുടുംബാംഗങ്ങളോരോരുത്തരെയും പരസ്പരം വളർത്തുകയെന്നതാണ് ഗാർഹികസഭയായി കുടുംബം ചെയ്യുന്നത്.

ഒരുമിച്ചു പ്രാത്ഥിക്കുന്ന കുടുംബം എന്നതുപോലെ തന്നെ, പ്രാർത്ഥന ഒരു ജീവിത ശൈലിയാക്കാനും, ജീവിതനിമിഷങ്ങളെ പ്രാർത്ഥനയിലേക്കു കൊണ്ടുവരുവാനും ഗാർഹികാന്തരീക്ഷത്തിൽ ‌ പരിശീലിക്കുവാൻ നമുക്ക് കഴിയും. പ്രവൃത്തികളും വാക്കുകളും എന്നതിനേക്കാൾ മനോഭാവങ്ങളായി പരിശീലിക്കേണ്ടതാണിവ. വാങ്ങി ഭക്ഷിക്കുക എന്നതിലെ നൽകലും സ്വീകാര്യതയും പോലെ ഓരോ നിമിഷങ്ങളെയും പൂജനീയമായ പരസ്പരസാന്നിധ്യത്തിലെ കൃപ  കൊണ്ട് നിറക്കാൻ നമുക്കാവും. പഠനത്തിലും ജോലികളിലും, വീട്ടുജോലികളിലും രോഗത്തിലും വാർധ്യക്യത്തിലും പ്രണയത്തിലും മൈഥുനത്തിലും മരണത്തിലും പോലും ദൈവാശ്രയബോധവും കൃതജ്ഞതയും നിറക്കാൻ കഴിഞ്ഞെങ്കിൽ ആ കുടുംബം ക്രിസ്തു സ്നേഹിക്കുകയും ജീവൻ പകർന്നു നൽകുകയും ചെയ്ത സഭയുടെ ജീവിക്കുന്ന രൂപം തന്നെയാണ്.

ജീവിതത്തിലെ നിമിഷങ്ങളിലുള്ള ചെറിയ കാര്യങ്ങളിലെ ആഴങ്ങൾ തിരിച്ചറിയുക എന്നതാണ് മറ്റൊരു തലം. ഒരു ഗ്ലാസ് വെള്ളത്തെക്കുറിച്ചാണെങ്കിലും ഭക്ഷണത്തെക്കുറിച്ചാണെങ്കിലും ധന്യത വളർത്തുവാൻ കഴിയേണ്ടതുണ്ട്. ഭൂമിയിലെങ്ങോ ഇവയൊക്കെയും അന്യമായവരെക്കുറിച്ചു കരുതൽ സൂക്ഷിക്കുന്നതും പ്രകൃതിയുടെ ജീവൽപ്രക്രിയകളെ കാത്തുസൂക്ഷിക്കുന്നതും ക്രിസ്തുശരീരത്തിന്റെ പവിത്രത തന്നെയാണെന്ന ബോധ്യത്തിലേക്കു വളരാൻ കഴിയുന്നതും ഭവനാന്തരീക്ഷത്തിലാണ്. ഒരു തുണ്ടു പേപ്പറിന്റെ വില നമ്മൾ നൽകുന്ന പണം മാത്രമല്ല എന്നൊക്കെ തിരിച്ചറിയുന്നതും അത്തരം ഉൾക്കാഴ്ച്ചകളിലൂടെയാവും. സ്വന്തം ജീവിതത്തിന്റെ സാധാരണ അവസ്ഥകൾ തന്നെയാണ് ഇവിടെ കൃപയുടെ നിമിഷങ്ങളായി തിരിച്ചറിയപ്പെടുന്നത്. ഇത്തരം ചെറിയ കാര്യങ്ങളിലുള്ള വിശ്വസ്തതയാണ് ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്കു നമ്മെ ഒരു കുടുംബമായി വളർത്തുന്നത്. ഓരോരുത്തരും ചെയ്യുന്ന ജോലിയുടെ ആത്മീയ ആഴം ഓരോ ‘കരിസ്മാ’ ആയിത്തന്നെ അറിഞ്ഞു കൊണ്ട് ആത്മാഭിമാനത്തോടും കൂടുതൽ ദൈവാശ്രയത്തോടും കൂടി മുന്നോട്ടു പോകണം. അത് ക്ലുടുംബത്തെ ഭൂമിയിൽ ദൈവം വസിക്കുന്ന ആലയമാക്കും. മുൻപ് സൂചിപ്പിച്ചതുപോലെ കാണുകയും കാണപ്പെടുകയും, അറിയുകയും അറിയപ്പെടുകയും ചെയ്യുക എന്നതും അവ സാധ്യമാക്കാൻ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് ശ്രമിക്കുകയും ചെയ്യുക എന്നത് ഇവിടെ പ്രധാനമാണ്.

ഓരോ ഭോജനവും വാഴ്ത്തി ഭക്ഷിക്കപ്പെടേണ്ടതാണ്. അവിടെ ഓർമ്മിക്കപ്പെടേണ്ടതായ ഒട്ടനേകം നിമിഷങ്ങൾ പകർന്നുനൽകുന്ന കൃതജ്ഞത ആന്തരിക നന്മയും ഉദാരതയുമായി വളരും. വല്ലപ്പോഴും സ്വന്തം ഇല്ലാതാകലിനെക്കുറിച്ചും പരസ്പരം പറയുവാൻ കഴിഞ്ഞെങ്കിൽ പരസ്പരസ്നേഹത്തെ പലമടങ്ങു ആഴപ്പെടുത്തും. അങ്ങനെ വളരുന്ന കുടുംബത്തിന്റെ അന്തരാത്മാവ്, ശുദ്ധീകരിക്കുകയും പവിത്രീകരിക്കുകയും ശക്തിപ്പടുത്തുകയും പൂർണ്ണരാക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവ് തന്നെയാണെന്നതിൽ സംശയമില്ല.

തിരക്കുകളോ ജാള്യതയോ മൂലം ഇത്തരം ചെറുകാര്യങ്ങളെ അവഗണിച്ചു കളയുകയാണ് പതിവ്. എന്നാൽ നമ്മുടെ കൊച്ചുകുടുംബത്തിൽ പരിശീലിക്കപ്പെടുന്ന ഇത്തരം എളിയ 'ആത്മീയ' മനോഭാവങ്ങൾ നമ്മെ സമൂഹത്തിലും ക്രിസ്തുസാദൃശ്യം ഉള്ളവരാക്കിത്തീർക്കും. ചുറ്റുമുള്ള നന്മകളെ കാണാനും പ്രശംസിക്കാനും മാതൃകയാക്കി പരിശീലിക്കാനുമുള്ള വേദികൂടിയാണ് കുടുംബം. സമൂഹത്തിന്റെ ആഘോഷങ്ങളിലും വിലാപങ്ങളിലും ഹൃദയത്തോടെ പങ്കുചേരാൻ നമുക്കാകും. ഈ വളർച്ച സാമൂഹിക പ്രതിബദ്ധതയിലേക്കും നമ്മെ നയിക്കും. ബൗദ്ധികമോ, സാമ്പത്തികമോ സാമൂഹികമോ ആയ പരസ്പരസഹായം ക്രിസ്‌തുശരീരത്തിന്റെ വളർച്ചയാണെന്ന ബോധ്യം നമ്മിൽ വളർന്നിട്ടുണ്ടാവണം. വേർതിരിക്കുന്ന മതിലുകൾക്കപ്പുറത്തേക്ക് ഒരു പവിത്രഹൃദയമായി നമ്മെത്തന്നെ തുറന്നു വയ്ക്കുവാൻ അപ്പോഴേ നമുക്ക് കഴിയൂ

വീടുകളിലേക്ക് ഇടുങ്ങപ്പെട്ട സാഹചര്യമാണ് കോവിഡ് സൃഷ്ടിച്ചതെങ്കിൽ അത് ഭവനങ്ങളെ കുറേക്കൂടി വിശാലമായിക്കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. സാമ്പത്തികമോ ബൗദ്ധികമോ ആയ മേൽക്കോയ്മ കൊണ്ടോ വാക്‌സിൻ കൊണ്ടോ ഈ വ്യാധിയെ നീക്കിക്കളയാനാവില്ല എന്നും ഒത്തൊരുമയും പങ്കുവയ്കലും കൊണ്ടേ നമുക്ക് പിടിച്ചു നിൽക്കാനാവൂ എന്നും ലോകാരോഗ്യസംഘടന ആവർത്തിച്ചു പറയുന്നു. ഈ സാഹചര്യത്തിൽ സമൂഹം തന്നെ ഒരു കുടുംബമായി പരസ്പരം പരിപോഷിപ്പിക്കേണ്ടതാണ്. ഗാർഹികസഭയിൽ തെളിഞ്ഞു കിട്ടുന്ന ചൈതന്യം സ്നേഹത്തിലും സഹോദര്യത്തിലും സമൂഹത്തിൽ പ്രകടമാക്കാൻ നമുക്ക് കഴിയട്ടെ.