Gentle Dew Drop

ഏപ്രിൽ 28, 2020

കച്ചവടക്കാരുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെട്ട ക്രിസ്തു

അക്ഷരങ്ങളിൽ മന്ത്രശക്തിയൊളിപ്പിച്ച് വെച്ചിട്ടുള്ള ദൈവത്തെ ഞാൻ അറിഞ്ഞിട്ടില്ല, കണ്ടിട്ടില്ല, വിശ്വസിക്കുന്നുമില്ല.

'ഇന്ന കാര്യത്തിന് ഇന്ന വാക്യം ഇത്ര തവണ' എന്നത് വചനത്തിന്റെ പ്രക്രിയയേ അല്ല.
അവിടെ ദൈവത്തിന് പ്രഥമസ്ഥാനം നല്കപ്പെടുന്നുമില്ല.
"ഇത് ചൊല്ലി നോക്കൂ..." അങ്ങനെ കേൾക്കാറില്ലേ?
പ്രാർത്ഥനകൾ മന്ത്രങ്ങളാകുന്നു, 'ശക്തി' കൂടുന്നു'
ദൈവാശ്രയം കുറയുന്നു.
'പ്രാർത്ഥനകൾ' ആണ് ആശ്രയം
അങ്ങനെ പ്രാർത്ഥന ദൈവമാകുന്നു.വാക്കുകളുടെ ആവർത്തനങ്ങളിൽ ബന്ധമുണ്ടാവുന്നില്ല.
ദൈവം തേടുന്നത് സംഖ്യകളല്ല ഹൃദയപരമാർത്ഥതയാണ്.
ദൈവത്തിൽ ആശ്രയിക്കുക എന്നത്, ക്ഷമയും ഉത്തരവാദിത്തവും ആവശ്യപ്പെടുന്നു,

വചനം ഹൃദയത്തിൽ വിത്തായി വീണു മുളച്ച് ജീവൻ പകരുന്നതാണ്.
വചനം ഉണർത്തുന്ന ആന്തരിക പ്രചോദനങ്ങളാണ് കൃപ തുറന്നുനല്കുന്നത്.
എന്നാൽ വചനം ഏതാനം വാക്കുകളാക്കി മന്ത്രധ്വനികളാക്കുമ്പോൾ വചനത്തെ ശുഷ്കമാക്കിക്കളയുകയാണ്.

മർദ്ദകരുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെട്ട ക്രിസ്തുവിനെ കുരിശിന്റെ വഴിയിൽ കാണുന്നവരാണ് നമ്മൾ;
കച്ചവടക്കാരുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെട്ട ക്രിസ്തുവും അവന്റെ വചനവും ഇന്ന് നമുക്ക് മുമ്പിൽ മുൾച്ചെടികൾക്കിടയിൽ വീണ വിത്തുപോലെ ഞെരുക്കപ്പെടുന്നു.
ലാഭം, കരാർ, ബ്രാൻഡ് വികസനം പ്രോഡക്ടസ്, പ്രോഗ്രാമുകൾ തുടങ്ങിയ ക്രമങ്ങളിലാണ് അവ മുൻപോട്ടു പോകുന്നത്. സത്യത്തിന്റെ പ്രത്യാശ മങ്ങിത്തുടങ്ങിയിരിക്കുന്നു.
ബ്രാൻഡഡ് ആത്മീയ അനുഭവങ്ങൾക്ക് പോകുന്നവർ കത്തോലിക്കാ പുറംകുപ്പായങ്ങളിട്ട ഇവന്ജലികൾ ഗ്രൂപ്പുകളായി ഇതിനകം മാറിക്കഴിഞ്ഞു. ഇനി പ്രകടമായ വിഭജനത്തിലേക്കു പോകുവാൻ അധിക നാൾ വേണ്ട.
കവർച്ചക്കാരുടെ കരങ്ങളിൽ ഏല്പിക്കപ്പെട്ടവനെപ്പോലെ പിന്നീട് അവൻ കാണപ്പെടും,
അന്ന് ഏതെങ്കിലും നല്ല സമരായക്കാരൻ ഉണ്ടാവട്ടെ.

ഏപ്രിൽ 27, 2020

വിശുദ്ധമായത് വിശുദ്ധിയോടെ

രോഗിയായ കുടുംബാംഗം മൂലം ഉണർന്നിരിക്കുന്ന മറ്റുള്ളവർ,
രാത്രിയിൽ കുഞ്ഞുണരുമ്പോൾ കൂടെയുണരുന്ന അമ്മ,
ആശുപത്രിക്കിടക്കയിലെ രോഗി വിളിക്കുമ്പോൾ അടുത്തെത്തുന്ന നേഴ്സ്,
അതിരാവിലെ യാമപ്രാർത്ഥന ചൊല്ലുന്ന സന്യാസി,
സ്നേഹത്തോടെ ശരീരബന്ധത്തിലാവുന്ന ഭാര്യാഭർത്താക്കന്മാർ,
എല്ലാവരും ചെയ്യുന്നത് ദൈവപ്രവൃത്തിയാണ്.
രോഗിയെ കരുതലോടെ നോക്കുന്നതും, കുഞ്ഞിനെ നാപ്പി ഇടീക്കുന്നതും,
ഗർഭിണിയെ താങ്ങി നടത്തുന്നതും വിശുദ്ധകർമങ്ങളാണ്.
വിശുദ്ധമായത് വിശുദ്ധിയോടെ പരികർമ്മം ചെയ്യപ്പെടാൻ കഴിയട്ടെ, ക്രിസ്തുവിനോട് കൂടെ.

വരാനിരിക്കുന്ന ഒരു പ്രതീക്ഷയല്ല ക്രിസ്തു സാന്നിധ്യം,
ഇന്ന് നമ്മുടെ കൂടെയുള്ള സാന്നിധ്യമാണ് ക്രിസ്തു.
ഇത് ഒരു സാബത്ത് കാലമാണ്,
തോട്ടത്തിലേക്ക് വീണ്ടും  നടന്ന് അതിന്റെ പരിശുദ്ധിയിൽ ഹൃദയം നിറക്കാൻ.
ഏതാനം ചില പ്രവൃത്തികൾ മാത്രമാണ് വിശുദ്ധകർമങ്ങൾ എന്ന ഒരു പൊതുധാരണയുണ്ട്. അത് സൃഷ്ടിക്കുന്ന ശൂന്യതയും കപടതയും നമുക്ക് കണ്മുമ്പിൽത്തന്നെയുണ്ട് താനും. അതുകൊണ്ട് നമ്മളോടുതന്നെ അടുത്തായിരിക്കാൻ കഴിയുന്ന ഈ സമയം ദൈനംദിന ജീവിതത്തിലെ പരിശുദ്ധികളുയും തിരിച്ചറിയുവാനുമുള്ള സമയമാവട്ടെ.

ഏപ്രിൽ 25, 2020

ആരാണ് ഞാൻ

"നീ എന്തിനുവേണ്ടി എന്നെ സൃഷ്ടിച്ചുവോ അത് എന്നിൽ പൂർത്തിയാക്കേണമേ" എന്നും പ്രാർത്ഥിക്കുന്നതാണ്‌ ...

പ്രളയമോ സുനാമിയോ കോവിഡോ എന്തുമാവട്ടെ, ക്രിസ്തുവിൽ ലയിക്കാൻ എന്നേ ഞാൻ ഒരുങ്ങിയതാണ്!

മരണം ഒരു കടന്നു പോകലാണ്, തിരിച്ചു പോകലല്ല.

ക്രിസ്തു എല്ലാവരിലും എല്ലാമാകുമ്പോൾ എന്നെത്തന്നേയും വീണ്ടും ഞാൻ തിരിച്ചറിയും, എന്തായിരുന്നു ഞാൻ. 

ഏപ്രിൽ 23, 2020

കോവിഡ് സന്ധ്യകളിലെ ദിവ്യഅത്താഴം

ഉചിതമായ ഒരു സമയത്ത് എല്ലാവരും ഒരുമിച്ചായിരിക്കാമെങ്കിൽ, ഒരു കുടുംബമായി/സമൂഹമായി ദൈവസാന്നിധ്യം അനുഭവിക്കാൻ പരിശ്രമിക്കാം.

നമ്മോടു കൂടെയായിരിക്കുന്നതിൽ ദൈവത്തിനു നന്ദി പറയാം
നാളെയെക്കുറിച്ചുള്ള ചിന്തകളടക്കം ഇന്നിന്റെ എല്ലാ നിമിഷങ്ങളും ദൈവത്തിനുമുമ്പിൽ കൊണ്ടുവരാം;
സ്നേഹത്തിന്റെയും, കരുതലിന്റെയും നിമിഷങ്ങൾ, നിരാശയുടെയും ദേഷ്യത്തിന്റെയും സമ്മർദ്ദങ്ങളുടെയും സംഘർഷങ്ങളുടെയും നിമിഷങ്ങൾ, തുണയുടെയും ആത്മവിശ്വാസത്തിന്റെയും പ്രകോപനങ്ങളുടെയും പ്രലോഭനങ്ങളുടെയും നിമിഷങ്ങൾ...
ദൈവത്തിൽ പൂർണമായി ആശ്രയിച്ചുകൊണ്ട്, അവയെല്ലാം സ്വീകരിക്കപ്പെട്ടു എന്ന് വിശ്വസിച്ചുകൊണ്ട് എല്ലാം അവിടുത്തെ കരങ്ങളിലേക്ക് ...

കേട്ട ഒരു വാർത്തയിൽ നിന്നോ, കണ്ട ഒരു ചിത്രത്തിൽ നിന്നോ തോന്നിയ മനോവികാരം, എങ്ങനെ ഒരു പ്രാർത്ഥനയാക്കിമാറ്റി, എങ്ങനെ ദൈവസാന്നിധ്യം അവയിൽ അറിഞ്ഞു എന്നതിനെക്കുറിച്ച് എന്തെങ്കിലും ഒരു പ്രത്യേക അനുഭവം പരസ്പരം പങ്കു വയ്ക്കാം.
'യേശു ഇവിടെയുണ്ട്' എന്ന അനുഭവത്തിലേക്ക് വരുവാൻ ..
പ്രാർത്ഥനയിൽ കൊണ്ടുവരുവാൻ ആഗ്രഹിക്കുന്ന എല്ലാം പറഞ്ഞു പ്രാർത്ഥിക്കാം

സുവിശേഷത്തിൽ നിന്ന് ഏതെങ്കിലും ഒരു ഭാഗം വായിക്കാം,
ഒരിക്കൽക്കൂടി ഹൃദയത്തിൽ അത് കേൾക്കാൻ ശ്രമിക്കാം. നമ്മുടെ ജീവിതനിമിഷങ്ങളിലേക്ക് ആ സുവിശേഷഭാഗം യാഥാർത്ഥ്യമാക്കുന്നതിനെ ഓർത്തു നന്ദി പറയാം.

അപ്പം മുറിക്കൽ (കുർബാനയുടെ സ്വഭാവം ഈ ശുശ്രൂഷയിൽ ഇല്ല എന്ന് ഓർക്കണം)
ഒരുക്കിയിരിക്കുന്ന ഭക്ഷണത്തിന്റെ ഒരുഭാഗം ഈ ശുശ്രൂഷക്കായെടുക്കാം
ഭൂമിക്കുവേണ്ടിയും അതിലെ വിളകൾക്കുവേണ്ടിയും ദൈവത്തിനു നന്ദി പറയാം.സമൂഹത്തിന്റെ നന്മക്കുവേണ്ടി രാവും പകലും പണിയെടുക്കുന്ന നിരവധി ആളുകളെ ഓർത്ത് നന്ദി പറയാം. ഏതെങ്കിലും ഒരു വിഭാഗത്തിന് പ്രാധാന്യം നൽകുന്നത് സന്ദർഭോചിതമാണെങ്കിൽ അവരെ പ്രത്യേകം ഓർക്കാം.
പാവപ്പെട്ടവരെയും വിശന്നിരിക്കുന്നവരെയും ഓർക്കാം,
സമൂഹം വില കൽപ്പിക്കാതെ അവഗണിക്കുന്നവരെ ഓർക്കാം.
വലിയൊരു കൃതജ്ഞതാഭാവം ഉണർത്താം,
എത്രയോ ത്യാഗങ്ങൾ ഓർമിപ്പിക്കുന്നതാണ് പങ്കുവയ്ക്കപ്പെടുന്ന ഭോജനം,
നമ്മുടെ ജീവിതം ബലിയായി ആർക്കൊക്കെ നൽകപ്പെടുന്നു അവരെയൊക്കെ ഓർക്കാം,
ഏറ്റം അടുത്തുള്ളവർക്കും മറ്റനേകർക്കുമായി ജീവിതം ത്യാഗമായർപ്പിക്കാൻ വേണ്ട കൃപക്കായി പ്രാർത്ഥിക്കാം,
അകൽച്ചകളും, മുറിവുകളും മറക്കുകയും, ഒന്നായി നിലനിൽകുകയും ചെയ്യാനുള്ള  കൃപക്കായി പ്രാർത്ഥിക്കാം
പൊങ്ങച്ചം, മുൻവിധികൾ, ദുരഭിമാനം, അരക്ഷിതാവബോധം, സംശയം തുടങ്ങിയവയിൽനിന്ന് സൗഖ്യത്തിനായി പ്രാർത്ഥിക്കാം.

ദൈവം നൽകുന്ന സമാധാനം അനുഭവിക്കാം, ആ ജീവൻ നിറയുന്നത് സ്വീകരിക്കാം.
ജീവിതത്തിൽ തുടർന്നും പ്രത്യേകിച്ച് വിഷമഘട്ടങ്ങളിൽ ദൈവകൃപ നമ്മെ  അനുയാത്ര ചെയ്യാൻ ഹൃദയം തുറക്കാം
ദയ, സഹാനുഭൂതി, സ്നേഹം, ഒരുമ, നന്മ, സമാധാനം എന്നിവയാൽ നമ്മെ നിറക്കാൻ പ്രാർത്ഥിക്കാം.

ഒരിക്കൽക്കൂടി നന്ദി പറയാം.
________________
ജീവിത സാഹചര്യങ്ങൾ പലതായതിനാൽ മൂന്നു തരത്തിലുള്ളവ മനസ്സിൽ കണ്ടുകൊണ്ടാണ് ഇത് മുൻപോട്ടു വയ്ക്കുന്നത്: ഒരു സാധാരണ കൊച്ചു കുടുംബം, രോഗികളോ പ്രായമായവരോ കൂടെയുള്ള ഒരു കുടുംബം, ജോലിക്കാരോ വിദ്യാർത്ഥികളോ ഒരുമിച്ചു താമസിക്കുന്ന സ്ഥലം. ഓരോരുത്തരുടെയും സാഹചര്യങ്ങളോട് ചേർത്ത് ദൈവാനുഭവം യാഥാർത്ഥ്യമാക്കുവാൻ ശ്രമിക്കാം.

കുഞ്ഞുങ്ങളുണ്ടെങ്കിൽ ഈ ചെയ്യുന്നതെന്താണെന്ന് അവരെ മനസിലാക്കാൻ പരിശ്രമിക്കാം. ദിവസത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന   അവരുടെ അനുഭവങ്ങളോട് ചേർത്ത് വിചിന്തനങ്ങൾ ചെയ്യുവാൻ അവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അനവധി പേർ ഭക്ഷണമില്ലാതിരിക്കുന്നുണ്ടെന്നും, രോഗികളാണെന്നും അവരെക്കൂടി ഓർക്കണമെന്നും അവരെ ബോധ്യപ്പെടുത്തണം. പ്രകൃതിയുടെ ഊർജ്ജ്-ജൈവപ്രക്രിയകളെ അവർക്കു  മനസിലാകുംവിധം പരിചയപ്പെടുത്തിക്കൊടുക്കാം. ചുറ്റുമുള്ള നന്മകളും, നമ്മിലും മറ്റുള്ളവരിലുമുള്ള വേദനകളും കഷ്ടതകളും തിരിച്ചറിയാനുള്ള കാഴ്ച നല്കുകയാണവിടെ. പ്രകൃതിയോടും  മനുഷ്യരോടുമുള്ള ബന്ധത്തെ വിലമതിക്കാനുള്ള ഒരു പാഠവും.

ആത്മാർത്ഥമായി അനുഭവവേദ്യമായിത്തീരാവുന്ന ഒരു ഒരുമിച്ചു ചേരലാണിത്. ആത്മാർത്ഥമായിത്തന്നെ നന്ദി അർഹിക്കുന്നവയെ ഓർക്കാനും, ആവശ്യമായ ഉറച്ച ബോധ്യങ്ങൾ സ്വീകരിക്കാനും. ഹൃദയത്തിന്റെ ആത്മാർത്ഥതയിൽനിന്നാണ് ബന്ധങ്ങൾ ജനിക്കുന്നത്, അതുകൊണ്ടുതന്നെ ദൈവാനുഭവവും. ഇവിടെ മുന്നോട്ടു വച്ചിട്ടുള്ള ആത്മീയപ്രയത്നം നമ്മുടെ സ്വാഭാവികമായ ജീവിതക്രമത്തിൽതന്നെ ദൈവത്തിന്റെ ഹൃദയാർദ്രത അറിയാനുള്ള സാധ്യതയാണ്. ഭക്തിമാർഗ്ഗത്തിലെ പൂക്കളോ എണ്ണയോ കുന്തിരിക്കമോ തിരികളോ ഇവിടെയില്ല. ഇവിടെ അർപ്പിക്കപ്പെടുന്നത് ചോരയും നീരും കണ്ണീരും മണ്ണും ബന്ധങ്ങളും തന്നെ.

തീർച്ചയായും, തുടക്കം ഒരു നാണം സ്വാഭാവികമാണ്, എന്നാൽ പതിയെ ഒത്തിരി ആഴങ്ങൾ ഇത് നമുക്ക് നൽകിയേക്കും, വ്യക്തിപരമായ ജീവിതത്തിൽ മാത്രമല്ല, ദൈവത്തെക്കുറിച്ചുതന്നെയുള്ള അറിവിലും.

ഏപ്രിൽ 20, 2020

ദൈവരാജ്യം അകലെയല്ല, എന്നാൽ....

അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ്, ഒരു വേദപാഠസെമിനാർ ഉണ്ടായിരുന്നു. ക്ളാസുകൾ നയിച്ചിരുന്ന അച്ചൻ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുകയും സമ്മാനങ്ങൾക്കർഹനാവുകയും ചെയ്തു. രണ്ടാം ദിവസമായപ്പോഴേക്കും സംശയമായി; പല സമ്മാനങ്ങളായിരിക്കുമോ, അതോ എല്ലാറ്റിനും കൂടെ ഒരു സമ്മാനം ആയിരിക്കുമോ അച്ചൻ തരുന്നത്. മൂന്നാം ദിവസം നാലുമണിയായി, സ്കൂൾമുറ്റത്ത് എല്ലാവരെയും ഒരുമിച്ചു കൂട്ടി. സമ്മാനം കിട്ടിയവരെ മുന്നോട്ടു വിളിച്ചു. ഒരു നല്ല മിഠായിപ്പൊതി തന്നിട്ട് എല്ലാവർക്കുംകൂടി കൊടുക്കാൻ പറഞ്ഞു. അതായിരുന്നു സമ്മാനം.

സ്വർഗ്ഗരാജ്യത്തിലെ വിരുന്നും നിത്യസമ്മാനവും ഏതാണ്ട് ഇതുപോലെ തന്നെയാണ്. നമ്മൾനേടിയ സമ്മാനങ്ങൾക്കു പോലും എല്ലാവരും അർഹമാകും. (വിശുദ്ധർക്കർഹമായ സമ്മാനങ്ങൾ അവർ നമ്മളുമായി സന്തോഷത്തോടെ പങ്കു വയ്ക്കുന്നുണ്ടല്ലോ). പ്രതിഫലം അന്വേഷിക്കാതെ നന്മചെയ്യുമ്പോൾ അത് സ്വർഗ്ഗരാജ്യത്തിൽ വലുതായിരിക്കും എന്ന് പറഞ്ഞത് അതുകൊണ്ടാണ്. തനിക്കു വേണ്ടി മാത്രം ലഭിക്കുന്ന പ്രതിഫലങ്ങളുടെ പ്രതീക്ഷകളെക്കുറിച്ച് ഒന്ന് ഓർത്തുനോക്കൂ. അവ നമുക്ക് ഭാരമേറ്റുകയും സ്വയം നീതീകരിക്കുന്നവയാവുകയും ചെയ്യും. നമ്മൾ ചെയ്യുന്ന ഓരോ നന്മയും അത് ഉദ്ദേശിക്കുന്നതിലും അപ്പുറം ഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്, പലരിലൂടെ പടർന്നു വികസിക്കുന്നുമുണ്ട്. എങ്ങനെയൊക്കെയോ ഈ നന്മകൾ പരസ്പരം ബന്ധപ്പെട്ടുമിരിക്കുന്നു. അങ്ങനെയാണ് അവ ക്രിസ്തുരഹസ്യത്തിൽ ഒന്നായിച്ചേരുന്നത്. അങ്ങനെയാണ് നന്മകളൊക്കെയും അറിയപ്പെടുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്യുന്നത്. സ്വീകരിക്കുന്ന പ്രതിഫലമോ? ക്രിസ്‌തുതന്നെ.

രണ്ടാം വരവ് എന്നൊക്കെ പറയുമ്പോൾ നോക്കേണ്ടത് മേഘങ്ങളിലേക്കല്ല, ഉള്ളിലേക്കാണ്. മുളപൊട്ടാൻ കഴിയുന്ന നന്മകൾ എത്രമാത്രം ഉള്ളിലുണ്ടെന്ന് പരിശോധിച്ചറിയാൻ സ്വന്തം ഹൃദയത്തിലേക്കും, സഭയിലേക്കും, സമൂഹമനഃസാക്ഷിയിലേക്കും ആത്മാർത്ഥതയോടെനോക്കുകയെ വേണ്ടൂ, ക്രിസ്തുവിന്റെ ആഗമനം അടുത്തുകഴിഞ്ഞോ എന്ന് അറിയുവാൻ കഴിയും. ക്രിസ്തുവിലൂടെ ലഭ്യമായ കൃപയും സ്വാതന്ത്ര്യവും ഈ നന്മകൾ പുറപ്പെടുവിക്കുന്നില്ലെങ്കിൽ സകലത്തിലും വെളിപ്പെടുന്ന നന്മകളെ തിരിച്ചറിയുവാനും വീണ്ടുമൊരു 'വരവിനെ' എതിരേൽക്കുവാനും നമുക്ക് കഴിയില്ല.

സകലമനുഷ്യരുടേയും ഹൃദയങ്ങളിൽ നന്മയുടെ വിത്തുകളുണ്ട്. കഠിനതകളുടെ കാലത്ത് കൃപാവർഷവും ദൈവം ധാരാളം അനുവദിക്കും എന്നത് ഈ കാലഘട്ടത്തിൽ നമ്മെത്തന്നെ ബോധ്യപ്പെടുത്തണം. ഒരുക്കമാണെങ്കിൽ നമ്മിൽ നന്മകൾ മുളപൊട്ടി വളരും. നന്മകളുടെ പരിപുഷ്ടിയിലാണ് ജീവൻ വളരുകയും സമൃദ്ധമാവുകയും ചെയ്യുന്നത്. നന്മയിലാണ് നമ്മൾ ഐക്യപ്പെടുന്നതും പരസ്പരമുള്ള ആരോഗ്യവൽക്കരണത്തിന്റെയും സൗഖ്യത്തിന്റെയും ഉപകരണങ്ങളാകുന്നതും. ചെയ്യുന്ന നന്മകളെന്നപോലെതന്നെ നന്മയുടെ ഹൃദയത്തിനുടമയാകാനും കഴിയണം. അപ്പോഴേ നന്മ തേടാനും, നന്മയുടെ ഒരുപൊതുദർശനം ജീവിതമാതൃകയാക്കാനും കഴിയൂ. ഇന്നാളു വരെ നമുക്ക് ലഭ്യമായ അറിവുകളും സാങ്കേതികവിദ്യകളും ഈ നന്മയെത്തന്നെ ലക്‌ഷ്യം വച്ച് മുമ്പോട്ട് പോയെങ്കിലേ ഇനിയങ്ങോട്ട് നടക്കാനാകൂ. പരസ്പരം ബലപ്പെടുത്താനും ആശയങ്ങൾ കൈമാറാനും, കൂട്ടായ പ്രയത്നത്തിനും സാങ്കേതികവിദ്യകൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്.

കൃപാചാലകങ്ങളെ തടയുന്ന നമ്മിലെ തേങ്ങലുകൾ കൃപയാൽ ആശ്വസിക്കപ്പെടുമ്പോൾ മുളപൊട്ടിവളരുന്നത് നിരവധി നന്മകളാണ്. അവിടെയാണ് ദൈവരാജ്യം വളർന്നു തുടങ്ങുന്നത്.

ഇനിയുള്ള ലോകം, നമുക്ക് യാഥാർത്ഥ്യമാക്കാൻ കഴിയുന്ന നന്മകളുടെ ആകെത്തുകയാണ്. അത് വലിയൊരു പ്രവൃത്തിയാണ്; ഒരു പുനഃസൃഷ്ടിയാണ്. ഇന്ന് ദുരന്തമാണെങ്കിലും നന്മയിൽ കാലൂന്നുകയും നന്മയെ ലക്‌ഷ്യം വയ്ക്കുകയും ചെയ്യുമ്പോൾ  നടന്നടുക്കുന്ന പ്രത്യാശാപൂർണമായ അവസ്ഥ നമ്മെ പ്രോത്സാഹിപ്പിക്കും.  മനുഷ്യൻ രൂപപ്പെട്ടതും, മനുഷ്യൻ മനുഷ്യനായതും ഈ ഭവനത്തിലെ സസ്യങ്ങളും മൃഗങ്ങളും ഉൾപ്പെടുന്ന അംഗങ്ങളുമായുള്ള നിരന്തര സമ്പർക്കങ്ങളിലൂടെയാണ്. തനിച്ചിരുന്ന് സുരക്ഷാഗൃഹങ്ങളിൽ മനുഷ്യരാകുവാൻ ആർക്കുമാവില്ല. കൃപ നമ്മിലുണ്ടാക്കുന്ന നന്മ ഈ സമ്പർക്കങ്ങളിലേക്കു കൂടി നമ്മെ നയിക്കുന്നു. ദൈവരാജ്യമെന്നത് അവയോടുള്ള ബന്ധങ്ങളും അവയിലുള്ള നന്മകളെ പിൻചെല്ലാനുള്ള നീതിബോധവും കൂടി ഉൾപ്പെട്ടിരിക്കുന്നു.

ദുരന്തമാനം നൽകി വിവരിക്കപ്പെട്ട ചില അന്ത്യകാല വ്യാഖ്യാനങ്ങൾ, പക്ഷേ, ഉള്ളതെല്ലാം കുഴിച്ചെടുത്തു വിഴുങ്ങാം എന്നുള്ള ഒരു സമീപനത്തിലേക്കാണ് വഴിവെച്ചത്. അഭൂതപൂർവ്വമായ വനനശീകരണവും, ഖനനവും വിഴുങ്ങിക്കളഞ്ഞത് മനുഷ്യനെത്തന്നെയാണ്; ഇരയാക്കപ്പെട്ട പാവങ്ങൾ പ്രത്യേകിച്ചും. ചൊവ്വയിലും ചന്ദ്രനിലും വീടുകൂട്ടാൻ ഇറങ്ങുന്നവർ ഇനിയും ഈ ഭവനം ജീവനുള്ളതാണെന്നു തിരിച്ചറിയുകയാണ് വേണ്ടത്. നമ്മുടെ കാഴ്ചയിൽ പരാദവും, പാഴ്‌ച്ചെടികളും ആയവ പോലും എന്തൊക്കെയോ ശുശ്രൂഷ ചെയ്യുന്നവയാണ്. അവയുടെ യഥാർത്ഥ വാസസ്ഥാനങ്ങൾ ഇല്ലാതാകുമ്പോൾ മനുഷ്യരിലേക്ക് അവ വ്യാപിച്ചേക്കാം. നന്മകൾക്ക് പകരം സ്വാർത്ഥതയും അത്യാഗ്രഹവും കലർത്തിയ വാണിജ്യതാല്പര്യങ്ങൾ ലോകത്തെ നിയന്ത്രിച്ചുപോന്നതിന്റെ ദുരന്തഫലങ്ങൾ ഇന്ന് നമുക്കെതിരെ നിൽക്കുന്നു.

മനുഷ്യന്റെ ഓരോ തീരുമാനവും ഇന്ന് പ്രകൃതിയുടെ പുനഃസൃഷ്ടിക്കോ നാശത്തിനോ കാരണമാകുന്നവയാണ്. ഇത് മാനസാന്തരത്തിന്റെ സമയമാണ്. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിൽ, യഥാർത്ഥത്തിൽ പ്രധാനമായവയെ തിരിച്ചറിയാനും പ്രധാനമെന്ന് കരുതിപ്പോന്നിരുന്നവയെ മാറ്റിനിർത്താനും ഉള്ള ഉറച്ച തീരുമാനത്തിലേക്ക് നയിക്കുന്നതാവണം ഈ മാനസാന്തരം. ആ പ്രധാനമായവ അടങ്ങിയിരിക്കുന്നത് സഹവർത്തിത്വം, സാഹോദര്യം, നന്മ, സഹാനുഭൂതി, മനുഷ്യത്വം മുതലായവയിലാണ്. എന്നാൽ ഇതിന്റെ വിപരീത ദിശയിൽ വാണിജ്യതാല്പര്യങ്ങൾ പ്രകൃതിക്കുമേൽ ചെയ്ത കടന്നുകയറ്റം പോലും മാനസാന്തരത്തിനു വിധേയമാവണം. അതുകൊണ്ടാണ് പാരിസ്ഥിതികമായ ഒരു മാനസാന്തരം കൂടി ഇതിൽ ഉൾച്ചേർന്നിരിക്കുന്നത്. ലാഭങ്ങളെ മാറ്റിനിർത്തുന്നത് വലിയ വേദനയാണ് എന്നാലും നന്മയെ മുൻനിർത്തി താത്കാലിക ലാഭത്തെ ഉപേക്ഷിച്ചേ മതിയാകൂ.

നന്മ ആഗ്രഹിക്കുക എന്നത് നമ്മുടെ മാത്രമല്ല ഭൂമിയുടെ കൂടെ ജീവന്റെ വിലയാണ്. നിശബ്ദമായ നന്മകളിലൂടെ നാളിതുവരെ മനുഷ്യന് നന്മ ചെയ്തവയാണ് ചുറ്റുമുള്ളത്. ഒരായുസ്സുകൊണ്ട് നന്മയുടെ ഈ കൂട്ടുകുടുംബത്തിലേക്ക് എത്രമാത്രം നന്മയെ പ്രസരിപ്പിക്കുവാൻ നമുക്ക് കഴിഞ്ഞു എന്നത് ധ്യാനിക്കേണ്ടതുണ്ട്.

ദൈവരാജ്യം  അകലെയല്ല, എന്നാൽ....
___________________ 
ക്രിസ്തുവിന്റെ രണ്ടാം 'വരവ്' വെളിപാടിന്റെ ഭാഗം തന്നെയാണ്. സൃഷ്ടിയിൽ സ്വയം വെളിപ്പെടുത്തിയ ദൈവം, ആ വെളിപാടിന്റെ പൂർത്തീകരണമാണ് 'രണ്ടാംവരവിൽ' നൽകുന്നത്. ആ വെളിപാടിന്റെ നിമിഷത്തേക്ക് സകല മനുഷ്യരും സൃഷ്ടികളും എത്തിച്ചേരുന്നതിനായിട്ടാണ് നമ്മൾ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്. അതിനു വേണ്ടിയുള്ള ഒരുക്കം ആത്മാർത്ഥമാണെങ്കിൽ അത് എന്നും ഉണ്ടായിരിക്കുകയും ചെയ്യും. കാരണം സൃഷ്ടി അതിന്റെ പൂര്ണതയെ കാത്തിരിക്കുന്നു. അതിലേക്കു നമ്മളെ ഒരുക്കുകയാണ് സുവിശേഷം ചെയ്യുന്നത്. സുവിശേഷം എന്നാൽ മത്തായി മുതൽ യോഹന്നാൻ വരെയുള്ള പുസ്തകങ്ങളിലെ വാക്യങ്ങളല്ല, ക്രിസ്തുവിന്റെ സമീപനങ്ങളാണ്. സുവിശേഷപ്രഘോഷകർ എന്ന നിലയിൽ പ്രഘോഷകരും, മതമാധ്യമങ്ങളും എടുക്കുന്ന കാഴ്ചപ്പാടുകളും മുൻഗണനകളും ക്രിസ്തുസമീപനങ്ങളെ ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിൽ മാത്രമേ ക്രിസ്തുവിന്റെ വരവിനുവേണ്ടി സ്വയം ഒരുങ്ങുവാനും ആളുകളെ ഒരുക്കുവാനുമാകൂ. പ്രാർത്ഥനകളുടെ എണ്ണത്തിലും അളവിലും, അഖണ്ഡ സ്വഭാവത്തിലും, സമയദൈർഘ്യത്തിലും, അനുഷ്ഠാനങ്ങളുടെ നിഷ്ഠയിലും ഉള്ള ശ്രദ്ധ നമുക്ക് നൽകുന്ന ചെയ്തികളുടെ സംതൃപ്തിക്കപ്പുറം യേശുവിന്റെ സമീപനങ്ങൾ ഇനിയും ഉള്ളിൽ വളരേണ്ടതുണ്ട്.
ചുരുക്കത്തിൽ, ക്രിസ്തു എന്ന് വന്നാലും ആവശ്യമായ ഒരുക്കത്തിന്റെ അവസ്ഥ "സന്മനസുള്ളവർക്ക് സമാധാനം" എന്ന ചെറുവാക്യത്തിൽ അടങ്ങിയിരിക്കുന്നു.
 See  also  ലോകാവസാനം വെളിപാടും നവീകരണവും 

               അന്ത്യങ്ങൾക്ക് ഒരു അന്തമുണ്ടാവുമോ? ലോകാവസാനചിന്തകളുടെ പശ്ചാത്തലവും  ലക്ഷ്യങ്ങളും 


ഏപ്രിൽ 19, 2020

ദൈവകരുണ

ഞങ്ങൾക്കും ലോകജനതമുഴുവനും പരസ്പരം കരുണ കാണിക്കാനുള്ള കൃപ നൽകേണമേ. ഞങ്ങൾ പരിപൂർണമായും അങ്ങയിൽ ആശ്രയിക്കുന്നു.

യുദ്ധം, കലഹം, വെറുപ്പ്, മാത്സര്യം (ആത്മീയതയുടെയും മതത്തിന്റെയും പേരിലായിരുന്നാൽ കൂടി) തുടങ്ങിയവ ഹൃദയത്തിൽ സൂക്ഷിക്കുകയും ലോകം മുഴുവൻ കരുണയുണ്ടാവണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതിൽ തീർക്കപ്പെടുന്നത് കരുണക്കെതിരെയുള്ള മതിലാണ്.

ഓരോ ഭക്തിയും ഉദ്ദേശിക്കുന്ന പുണ്യങ്ങളിൽ വളരാനുള്ള ആത്മാർത്ഥമായ ആഗ്രഹം ഉള്ളിലില്ലെങ്കിൽ ആ ഭക്തി ഫലരഹിതമായിരിക്കും. 

ഏപ്രിൽ 15, 2020

ദൈവഹിതം

സ്വന്തം ഇഷ്ടങ്ങളെയും നിലപാടുകളെയും ദൈവഹിതമായി അവരോധിക്കാനുള്ള വലിയ അപകടം അമിതോത്സാഹത്തിലുണ്ട്. ദൈവഹിതം തിരിച്ചറിയപ്പെടുന്നത് കൂടെ നടക്കുന്നതിലൂടെയാണ്. ആത്മനിയന്ത്രണവും വിവേകവും ഈ വഴിയേ നയിക്കുന്ന ദൈവദാനങ്ങളാണ്. വീര്യവും ധൈര്യവും നിലനില്പിനെ സഹായിക്കുന്നതാണ്. അവിടെയും വിവേകവും ആത്മനിയന്ത്രണവും ആവശ്യമാണ്, അവ നിലനില്പിനെക്കുറിച്ചുള്ള ആശങ്കകളെ അകറ്റും. സമാധാനം നിറയ്ക്കും. ദൈവഹിതം വ്യഗ്രതകളിലേക്ക് നയിക്കില്ല, മറിച്ച് അത് ദൈവാശ്രയത്തിൽ ആഴപ്പെടുത്തും.
അങ്ങനെയാണ് ഇതാ കർത്താവിന്റെ ദാസി എന്ന് മാതാവ് പറഞ്ഞതും, അങ്ങയുടെ ഇഷ്ടം നിറവേറ്റാൻ ഞാൻ വരുന്നു എന്ന് യേശു പറഞ്ഞതും മക്കബായ പ്രതികരണങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത്.