Gentle Dew Drop

ഫെബ്രുവരി 28, 2020

പ്രത്യാശ: അനുതാപത്തിന്റെ ആത്മാവ്

പശ്ചാത്താപമെന്നത് പാപത്തിലേക്ക്  നോക്കി ഉദാസീനരാവുന്നതല്ല, കൃപയുടെ സാധ്യതകളിലേക്ക് നോക്കാമെന്ന പ്രത്യാശയാണ് യഥാർത്ഥത്തിൽ പശ്ചാത്താപം. ദൈവത്തിന്റെ ഹൃദയം അറിയാൻ കഴിയുന്നത് കൊണ്ടാണ് ആ പ്രത്യാശ വയ്ക്കാൻ കഴിയുന്നത്.

തകർച്ചയിലാണെങ്കിലും, പാപത്തിലാണെങ്കിലും, തളർച്ചയിലാണെങ്കിലും പ്രത്യാശയോടെ ദൈവത്തിലേക്ക് നോക്കുവാനും, ഉള്ളിലുള്ള നന്മയുടെ വിത്തുകൾക്ക് ജീവൻ ലഭ്യമാക്കുവാനും ആന്തരിക സൗന്ദര്യത്തിൽ കാണുവാൻ കഴിയുന്ന സമാധാനം  വളർത്തുവാനും കഴിയുന്നെങ്കിൽ, ദൈവത്തിന്റെ പ്രവൃത്തികൾ ഉള്ളിലും ചുറ്റിലും കാണാനാകും ("അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുക" എന്നതിനെ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടത് ഇത്തരത്തിലാണ്). ചുറ്റും നന്മകളെയും സൗന്ദര്യത്തെയും കാണാൻ കഴിയുകയെന്നത് തന്നെയാണ് ദൈവത്തിന്റെ പരിപാലനയിൽ നമ്മൾ അർപ്പിക്കുന്ന വിശ്വാസവും ഉറപ്പും.

ദൈവബന്ധത്തിൽ നിന്ന് ലഭിക്കുന്ന പ്രത്യാശയിൽ ധൈര്യപ്പെട്ടു വേണം പാപത്തിലേക്കും അവയുടെ മൂലകാരണങ്ങളിലേക്കും നോക്കാൻ. അവിടെ നമ്മുടെ യഥാർത്ഥ മുഖവും കൃപയിൽ ആയിത്തീരാവുന്ന പുതിയ മനുഷ്യനെയും നമുക്ക് കാണാം. പ്രത്യാശയാൽ പ്രേരിതമല്ലെങ്കിൽ ശിക്ഷകളുടെയും പരാജയങ്ങളുടെയും പേടിയായിരിക്കും നമ്മെ നയിക്കുന്നത്. അങ്ങനെ പേടിപ്പിച്ചു ചൂഷണം ചെയ്യുന്നവരാൽ  കൊളുത്തി വലിക്കപ്പെടുന്നവരായിത്തീരാൻ ഈ  പാപദുഃഖങ്ങൾ വഴി നൽകിയേക്കാം. അങ്ങനെ പ്രത്യാശയില്ലാത്ത അനുതാപം നാശകരമായേക്കാം.

ഫെബ്രുവരി 26, 2020

സമാധാനപാതേ ഒരു നോമ്പ് യാത്ര

ഒരു വിശുദ്ധ ജീവിതത്തിന്റെ ഏറ്റവും വലിയ അടയാളം സമാധാനം തന്നെ. നീതിയുടെ അല്ലെങ്കിൽ പരിശുദ്ധിയുടെ ഫലം സമാധാനത്തിലേ വിതക്കപ്പെടാനാകൂ, സമാധാനസ്രഷ്ടാക്കൾക്കേ അത് വിതക്കാനാകൂ (യാക്കോ 3: 18). സമാധാനം തന്നെയാണ് വിശുദ്ധിയുടെ വിളനിലവും. ഈ നോമ്പുകാലത്ത് ഒരുപക്ഷേ ആഗ്രഹിച്ചു പ്രാർത്ഥിക്കേണ്ട, അവശ്യം നമ്മിൽ ഉരുത്തിരിയേണ്ട ആത്മീയ അന്തരീക്ഷമാണ് ഈ സമാധാനം.

ഒന്നല്ലെകിൽ മറ്റൊരു തരത്തിൽ ആന്തരികസംഘർഷങ്ങളിലൂടെ കടന്നു പോകുന്നവരാണ് നമ്മളോരോരുത്തരും. ഒരുപക്ഷേ ഒരു കൃപാസ്പർശത്തിൽ അവ ക്രിയാത്മകമായി മാറ്റപ്പെട്ടേക്കാം. എന്നാൽ കുറെയേറെ കടുത്ത അസൂയയും പകയും, വലിയ പദവികളും  പെരുമയും ഉന്നം വച്ചുള്ള മാത്സര്യബോധവും, ആലോചിച്ചുറപ്പിച്ച വെറുപ്പും വഴക്കും ഒന്നും സമാധാനനിറവുള്ള ഹൃദയത്തിൽനിന്നുള്ളതല്ല.

അനേകം നുണകൾ കൊണ്ട് നമ്മുടെയും നമ്മുടെ സമൂഹത്തിന്റെയും സത്യങ്ങളെ മറച്ചുകളയാൻ ശ്രമിക്കുന്നവരാണ് നമ്മൾ. അവയെക്കുറിച്ച് നമ്മളാരുംതന്നെ ചിന്തിക്കുന്നതേ ഉണ്ടാവില്ല, കാരണം ജീവിതക്രമങ്ങളുടെ സാധാരണത്തത്തിലേക്കു ഇത്തരം പൊയ്‌മുഖങ്ങളെ ചേർത്തുവയ്ക്കുവാൻ നമ്മൾ പരിശീലിച്ചുകഴിഞ്ഞു. നിർഭാഗ്യവശാൽ, ശുശ്രൂഷകളുടെയും ഭക്തിയുടെയും മതസംരക്ഷണത്തിന്റെയും  പേരിൽ ഇത്തരം മാത്സര്യങ്ങൾക്കും പകയ്ക്കും കുലീനമുഖങ്ങളും നല്കപ്പെട്ടിട്ടുണ്ട്. അങ്ങനെ നമ്മളറിയാതെ തന്നെ വ്യാജകരിസ്മാറ്റിക്കും വ്യാജകത്തോലിക്കരും കപടക്രിസ്ത്യാനികളുമായി നമ്മൾ സന്തോഷത്തോടെ മാറിക്കഴിഞ്ഞു. നമ്മൾ തീർത്തും സന്തുഷ്ടരാണ്, കാരണം സമാനമായി ചിന്തിക്കുന്നവരുടെ അടഞ്ഞ സംഘങ്ങളിലേക്കൊതുക്കി നിർത്തപ്പെടുന്നതാണ് ഇന്ന് നമ്മുടെ കൂടിക്കാഴ്ചകളിൽ ഏറെയും.

സമാധാനത്തിൽ ആയിരിക്കാൻ കഴിഞ്ഞാലേ ശരിയായി ചിന്തിക്കുവാനും, ശരിയായി സ്വന്തം പദവിയെ നടത്തിക്കൊണ്ടുപോകുവാനും, ശക്തമായ ശബ്ദത്തെ സൃഷ്ടിപരമായ ആലോചനയാക്കി മുമ്പോട്ട് വയ്ക്കുവാനും കഴിയൂ. അങ്ങനെ മാത്രമേ ക്രിസ്തുവിന്റെ ഇടപെടലുകളെ യാഥാർത്ഥ്യമാക്കുവാൻ നമുക്കാകൂ. അതുകൊണ്ട് സമാധാനം ഒരു വെല്ലുവിളിയും ഹൃദയത്തിന്റെ ക്രിസ്തു സാക്ഷ്യവുമാണ്. നമ്മുടെ വിശുദ്ധി പരിശോധിക്കുവാൻ, നമ്മൾ എത്രമാത്രം സമാധാനത്തിലാണെന്നു മാത്രം ഒന്ന്  കാണാൻ ശ്രമിച്ചാൽ മതി. നമ്മുടെ ജീവിതത്തെയും ജീവിതസാഹചര്യങ്ങളെയും, പ്രാർത്ഥനയെയും വിശ്വാസനിഷ്ഠകളെയും, പാരമ്പര്യങ്ങളെയും സന്മാർഗനിയമങ്ങളെയും സമീപിക്കുന്നതിൽ എത്രമാത്രം സമാധാനം ഉൾച്ചേർന്നിരിക്കുന്നു എന്നതാണ് അവയിലൂടെ നമ്മിലേക്ക് ഉൾച്ചേർന്നിട്ടുള്ള വിശുദ്ധിയുടെ അളവ്. യഥാർത്ഥത്തിൽ, സമൃദ്ധമായി വളരുന്ന ജീവന്റെ പ്രകാശമാണ് ക്രിസ്തു നൽകുന്ന സമാധാനം.

കൂടെനടക്കുന്ന ദൈവത്തിന്റെ സാന്നിധ്യത്തിലുള്ള ഉറപ്പിലാണ് "ഞാൻ ഒരിക്കലും സംഭ്രമിക്കില്ല, ഇളകുകയില്ല എന്ന് നമുക്ക് പറയാൻ കഴിയുന്നത് (സങ്കീ 30; സങ്കീ 16:8). നമ്മുടെ  വിജയങ്ങളിലും സ്വാധീനശക്തിയിലുമല്ല, മറിച്ച് ദൈവപ്രവൃത്തിയിലുള്ള നമ്മുടെ വിശ്വാസമാണ് നമ്മുടെ ഉറപ്പ്. ദൈവം നമ്മുടെ  ജീവിതത്തിൽ സന്നിഹിതനാണ്, അവിടുന്ന് ജീവിക്കുന്നു എന്ന് യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നമുക്ക് തീർത്തും ശാന്തമാകാൻ കഴിയും. ശാന്തമാവുക, ഞാനാണ്  ദൈവമെന്നറിയുക എന്ന് അവിടുന്ന് പറയുന്നുണ്ടല്ലോ (സങ്കീ 46: 10). ഈ സങ്കീർത്തനഭാഗങ്ങൾ അവയുടെ പശ്ചാത്തലങ്ങളിലൂടെ ധ്യാനിക്കുന്നത് കൂടുതൽ ആഴങ്ങൾ പകർന്നു നൽകും. നമ്മുടെ അസ്വസ്ഥതകൾ തുടങ്ങുന്നത് നമ്മെയും ദൈവത്തെയും സുരക്ഷിതരാക്കുവാൻ നമ്മൾ സ്വയം രക്ഷകരായിത്തീരുന്നത് മുതലാണ്.

സമാധാനം നഷ്ടപ്പെടുത്തുന്ന, കപടത നിറഞ്ഞ, ഭീതി പടർത്തുന്ന, പൊയ്‌മുഖങ്ങളെ  തിരിച്ചറിയുവാനുള്ള സമയം കൂടിയാണ് നോമ്പ് കാലം. അവയെ കാണാനുള്ള കരുത്തുണ്ടെങ്കിൽ അവ പരാജയപ്പെട്ടു കഴിഞ്ഞു. അവ കാണപ്പെടാത്തിടത്തോളം അവ നമുക്ക് മേൽ ഭരണം നടത്തും. സ്വയം നീതീകരിച്ചു വഞ്ചിക്കുന്ന കപടതകളാവരുത് വിശ്വാസവും മതചിന്തകളും. 'ആത്മീയം' ആണെങ്കിലും അവയെച്ചൊല്ലി വ്യഗ്രത കാണപ്പെടുന്നുണ്ടെങ്കിൽ അവയിൽ യഥാർത്ഥ ആത്‌മീയതയല്ല ഉൾപ്രേരകം എന്നറിയണം.

ഉയിർപ്പിനായുള്ള ഒരുക്കം  പുതുസൃഷ്ടിയിലേക്കുള്ള ഒരുക്കമാണ്. പുത്തൻ വെള്ളം നമ്മൾ കാണുന്നുണ്ട്. അതിലേക്ക് താഴ്ന്നിറങ്ങി ഉയർന്നു വരുന്ന  ജീവന്റെ പുതിയ പ്രകാശവും നമ്മൾ കാണുന്നു. കൃപയുടെ ജലകുണ്ഠങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ നമ്മളെ തടസ്സപ്പെടുത്തുന്നത് നമുക്കുള്ളിലെ സമാധാന-ശത്രുക്കളാണ്. ഉള്ളിലെ കൃപ വരൾച്ചയെ നനയിക്കുകയും, കോപത്തെയും വെറുപ്പിനെയും അലിയിക്കുകയും ചെയ്യും.

നോമ്പുകാല ഉപവാസങ്ങൾ 'ഒഴിവാക്കേണ്ടവ'യെക്കുറിച്ച് ചിന്തിക്കുമ്പോൾ  ഭൗതികമായ വർജ്ജനങ്ങൾ മാത്രമായി ഒതുങ്ങിപ്പോകരുത്. വർജ്ജനങ്ങൾ ഒക്കെയും സ്വയം ശൂന്യവൽക്കരണത്തിന്റെ അടയാളങ്ങൾ ആവണം. ഉപവസിക്കുന്ന മനുഷ്യന്റെ വിശുദ്ധിയുടെയും നീതീകരണത്തിന്റെയും പ്രതിച്ഛായ പോലും വർജ്ജിക്കപ്പെടണം. Apps ഡിലീറ്റ് ചെയ്തതുകൊണ്ടോ സാഹചര്യങ്ങളിൽ നിന്ന് ഓടിയകന്നു കൊണ്ടോ ദൈവത്തിന്റെ കൂടെയാണെന്ന് പറയാനാവില്ല. വിവേകപൂർണ്ണമായ ആത്മനിയന്ത്രണമാണ് സ്വായത്തമാക്കേണ്ടത്.

ഉപവസിക്കുന്നതുകൊണ്ടു തരപ്പെടുന്നതോ ഉപവസിക്കാത്തതുകൊണ്ട് നിരസിക്കപ്പെടുന്നതോ ആയ പ്രത്യേക അനുഗ്രഹങ്ങൾ ഇല്ല. നമ്മിലും മറ്റുള്ളവരിലും ലോകം മുഴുവനിലും ഉള്ള നന്മകളുടെ വലിയ വളർച്ചയാവട്ടെ നമ്മുടെ പരിഹാര പ്രവൃത്തികൾ ഉൾകൊള്ളുന്ന മനോഭാവം. സ്വയം നിലനിർത്താനും ആധിപത്യം ഉറപ്പിക്കാനും വ്യക്തികളും ആദർശങ്ങളും മതങ്ങളും ഭാഷകളും ദേശങ്ങളും ശ്രമിക്കുമ്പോൾ ഇത്തരത്തിൽ നന്മകൾ ആഗ്രഹിക്കുവാൻ കഴിയുന്നതാണ് ഉത്ഥിതനിലുള്ള പ്രത്യാശ നൽകുന്ന ശക്തി. ഉത്ഥിതനുള്ള യഥാർത്ഥ സാക്ഷ്യവും അതുതന്നെയാണ്. ഉപവാസസമയമെന്നത്  ക്രിസ്തുവിനോട് കൂടെ നടന്ന് അവിടുത്തെ പുണ്യങ്ങളിൽ വളരാനുള്ള ഒരു തീവ്രപ്രയത്നമാണ്. അങ്ങനെ ഒരു വേള മുഖംമൂടികൾ അണിഞ്ഞ നമ്മൾത്തന്നെ പതിയെ  നമ്മെത്തന്നെയും  അങ്ങനെ ക്രിസ്തുവിനെത്തന്നെയും എടുത്തണിയുവാൻ ശക്തിയുള്ളവരാകും.

ഉള്ളിൽ വളരേണ്ട ഏതാനം പുണ്യങ്ങളെ ദിനം പ്രതി അല്പാല്പമായി പരിശീലിക്കുവാൻ ആത്മാർത്ഥ പ്രയത്നം നടത്തുന്നതാണ് നോമ്പുകാല തപസ്യ. ഇഷ്ടമുള്ള ചിലത് ഉപേക്ഷിക്കുന്നതിനേക്കാൾ കഠിനമാണത്. സ്നേഹിക്കുവാൻ, ക്ഷമിക്കുവാൻ, അലിവ് കാണിക്കുവാൻ ... നടക്കേണ്ട വഴികൾ സങ്കല്പിച്ചു നോക്കൂ. രക്ഷാകരവും സ്വാതന്ത്യത്തിലേക്ക് നയിക്കുന്നതുമായ വളർച്ചയുടെ വഴികളാണവ. "ഞാനാണ് ദൈവമെന്നറിയുക" എന്നത് സമാധാനത്തിലേക്കുള്ള ക്ഷണമാണെന്നതു പോലെ കൃപാവഴികളിലുള്ള നമ്മുടെ വിശ്വാസത്തെ മാറ്റുരച്ചു കാണിക്കുന്ന മനോഭാവങ്ങളുണ്ട്. അടക്കിനിർത്തി മരവിച്ചു പോയ സങ്കടങ്ങളെ കൃപാസ്പർശത്തിൽ  അലിയിക്കുവാൻ ഉറച്ച തീരുമാനത്തിൽ നിന്നേ  സാധ്യമാകൂ. കഠിനമാണെങ്കിലും സ്നേഹിക്കുവാനുള്ള ആഗ്രഹവും പ്രയത്നവും, ക്ഷമയുടെയും വിട്ടുവീഴ്ചകളുടെയും സമീപനങ്ങൾ, സമാധാനകാംക്ഷിയായ വിമർശനങ്ങളും  സൗമ്യമായ പ്രതികരണങ്ങളും മൃദുവികാരങ്ങളാണെങ്കിലും കഠിനപ്രയത്നം ആവശ്യമുണ്ട്. അതുകൊണ്ടാണ് ശുദ്ധഹൃദയർ ദൈവത്തെ കാണുന്നതും, സമാധാനസ്ഥാപകർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടുന്നതും. അവർക്ക് നന്മയുടെ കണ്ണുകളും ഹൃദയങ്ങളും ഉള്ളതിനാൽ അവരുടെ കാഴ്ചപ്പാടുകളും ശാന്തി നിറഞ്ഞതും സമാധാനം ആഗ്രഹിക്കുന്നതുമാണ്. അവരുടെ സാന്നിധ്യവും അവർ തുറക്കുന്ന വഴികളും എത്ര ധന്യത നിറഞ്ഞതാണെന്ന് ആത്മപ്രചോദനം! (ഏശ 52: 7; മത്താ 5: 8, 9). ദൈവം ലോകത്തിൽ പ്രവർത്തന നിരതനാണെന്ന് അവരിലൂടെ ലോകം അറിയും.

ഒരു പക്ഷേ നമ്മൾ പരാജയപ്പെട്ടേക്കാം. എന്നിരുന്നാലും വീഴ്ചകളിൽ പോലും കൃപയിൽ ആശ്രയിക്കാൻ കഴിയുകയെന്നതാണ് കുരിശിന്റെ യഥാർത്ഥ വഴി. വീഴ്ചകളിൽ ഒരുവനും അപമാനം അനുഭവിക്കാൻ ക്രിസ്തു ആഗ്രഹിക്കുന്നില്ല. വിശ്വാസമർപ്പിക്കപ്പെടാൻ കഴിയുമെന്ന ബോധ്യമാണ് വേണ്ടത്. "ഞാൻ എന്തൊക്കെയാണോ അത് സകലവും ദൈവത്തെ സ്തുതിക്കട്ടെ" എന്ന് തുടങ്ങുന്ന സങ്കീർത്തനം 103 ദൈവം എത്രമാത്രം നമ്മുടെ ജീവിതത്തിൽ ഉൾച്ചേർന്നിരിക്കുന്നു എന്ന് പറഞ്ഞു തരുന്നതാണ്. ആ ബോധ്യമാണ് യഥാർത്ഥത്തിൽ സമാധാനത്തിന്റെ ഉറവിടം. സ്വീകാര്യതയും, കൃതജ്ഞതയും, സമർപ്പണവും ജീവിതശൈലിയായി ഉൾച്ചേരുമ്പോൾ ഉള്ളിൽ സമാധാനത്തിന്റെ ഉറവകളുണ്ടാകും. അവിടെ ഭയത്തിനും ഹതാശക്കും ഇടം ലഭിക്കില്ല.

നോമ്പുകാലം നമ്മളെത്തന്നെ കണ്ടെത്തുകയും, നമ്മിൽ ക്രിസ്തുവിനെയും ക്രിസ്തുവിൽ നമ്മെയും സകലതിനെയും കണ്ടെത്തുകയുമാണ്. ഉള്ളിൽ സമാധാനമുള്ളവർ സമാധാനത്തിൽ വിതക്കുന്ന വചനവിത്തുകളിൽനിന്നേ ക്രിസ്തുവും രൂപമെടുക്കുകയുള്ളു, കാരണം സന്മനസുകൾക്ക് സ്വന്തമാണ് സമാധാനം.
_________________________
In English Peace at heart for a good Lent

ഫെബ്രുവരി 18, 2020

വെറുപ്പിന്റെ മായകൾ

വെറുപ്പിന്റെ ഒരു കാരണം നമ്മിൽ നിന്നും വ്യത്യസ്തമായതിനോടുള്ള ഭയമാണ്. സ്വയം നിർമിതമോ യഥാർത്ഥമോ ആയ ഭീഷണികളെ നേരിടാൻ ഒരാൾ ഏറ്റം എളുപ്പം സ്വീകരിക്കുന്ന മാർഗം സ്വയം ചേർത്ത് വയ്ക്കാൻ കഴിയുന്ന ഒരു കൂട്ടത്തോട് തന്നെത്തന്നെ ചേർത്ത് നിർത്തുക എന്നതാണ്. ആ സംഘത്തോട് കാണിക്കുന്ന അഭിനിവേശം ശരിതെറ്റുകൾ പരിഗണിക്കാതെ  സ്വയം പ്രതിരോധിക്കാനും ന്യായീകരണം കണ്ടെത്തുവാനും ഇവരെ പ്രേരിപ്പിക്കുന്നു. അതേ സമയം, ഈ സംഘത്തോട് ചേരാത്ത എല്ലാറ്റിനെയും ശരിതെറ്റുകൾ നോക്കാതെ യുക്തിരഹിതമായി അപകടകാരികളായോ, ഭീഷണിയോ ആയി മുദ്രകുത്തുകയും ചെയ്യുന്നു. സ്വന്തം സംഘത്തിലെ ദുരന്തങ്ങളും ചെറുതോ വലുതോ ആയ വീഴ്ചകളും പോലും അവരിലേക്ക്‌ ആരോപിക്കാനും മടിച്ചേക്കില്ല.

തന്നിൽത്തന്നെ വെറുക്കുന്ന, അല്ലെങ്കിൽ പൊരുത്തപ്പെടാനാവാത്ത  ചില യാഥാർത്ഥ്യങ്ങളെത്തന്നെയാണ് മറ്റുള്ളവരിൽ നമ്മൾ വെറുക്കുന്നത്. നമ്മിൽ അസ്വീകാര്യമായവയെ അന്യരിലേക്ക് പകർച്ച ചെയ്‌ത്‌ കാണുകയാണ് അവിടെ. അങ്ങനെ ഉള്ളിൽ വിങ്ങുന്ന വേദനയിൽ നിന്ന് മനസിനെ മാറ്റിക്കളയുകയോ പ്രതികാരമനോഭാവത്തോടെ പ്രതികരിക്കുകയോ ആണവർ. സ്വന്തം വെറുപ്പ് സമൂഹത്തിന്റെ നിലനിൽപിനെ അപകടത്തിലാക്കുന്ന ഭീഷണിയായി സാമൂഹ്യാവബോധം സൃഷ്ടിച്ചെടുക്കാനും അവർക്കാകും. വിദ്വേഷവും വെറുപ്പും സംഘാംഗങ്ങളിൽ നിറച്ച് ഒരു കൂട്ടത്തെ മുഴുവൻ അപരരോട് വിരുദ്ധരാക്കിത്തീർക്കുന്നതിലൂടെ ചേർന്ന സംഘത്തിലൂടെ അപരരോട്  പ്രതികാരം തേടുകയാണവർ. അങ്ങനെ ഒരാളുടെ ഉള്ളിലെ അപസ്വരങ്ങളോടുള്ള അപക്വമായ പ്രതികരണങ്ങൾ ഒരു സമൂഹത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നു.

അമിതമായി താലോലിക്കപ്പെടുന്ന വെറുപ്പ് ചിത്തഭ്രമം പോലെ മായിക-യാഥാർത്ഥ്യങ്ങളും സൃഷ്ടിച്ചേക്കാം. ഒരു സമൂഹം മുഴുവൻ അത്തരം മായയുടെ മേൽ നിലപാടുകളെടുക്കുന്നത് അഭികാമ്യമല്ലല്ലോ. ഉറക്കത്തിൽ ഞെട്ടി നിലവിളിക്കുന്നവരെ കൊട്ടി എണീപ്പിക്കുകയാണ് പതിവ്. ഉള്ളിലെ അരക്ഷിതാവസ്ഥകൾ വെറുപ്പാക്കി തീർത്തവർക്ക് അത്തരം ഉണർവ് നൽകേണ്ടത് സമൂഹത്തിന്റെ തന്നെ ഉൾക്കാഴ്ചയുടെ കനിവാണ്.

ഇവിടെ ഇത്തരം  വ്യക്തികൾ തേടുന്നത് സൗഖ്യവും സുരക്ഷയോമാണ്. വിദ്വേഷസ്വഭാവമുള്ള വ്യക്തികളുടെ പ്രതികരണങ്ങളും ഇടപെടലുകളും വിവേകത്തോടെയും സൂക്ഷ്മതയോടെയും നോക്കിക്കാണുകയാണ് സമൂഹം ചെയ്യേണ്ടത്. അയാളുടെ സൗഖ്യത്തിനു വേണ്ട അന്തരീക്ഷമുണ്ടാക്കേണ്ടത് അയാളുടെ തന്നെയും സമൂഹത്തിന്റെയും  ഭാവി തലമുറകൾക്ക് ആവശ്യവുമാണ്. അതിനു പകരം വ്യക്തി നൽകുന്ന പ്രതിരോധം നേട്ടമായി കണ്ട് കണ്ണടക്കുന്ന അവിവേകമതികളാവരുത് സമൂഹത്തിലെ അംഗങ്ങൾ.

ഇത്തരക്കാർ സമൂഹത്തെ കൂടെക്കൂടെ ഓർമിപ്പിക്കുന്നത് പോലെ തന്നെ, സമൂഹവും ഇത്തരക്കാരെക്കുറിച്ച് സ്വയം ഓർമ്മപ്പെടുത്തുന്നത് നല്ലതാണ്.


Ref.  In-group out-group theory of Patrick Wanis

ഫെബ്രുവരി 16, 2020

എന്നിലെ ക്രിസ്തു

എന്നിൽ (ശാരീരികവും, ബൗദ്ധികവും, വൈകാരികവും സാമൂഹികവും സാംസ്കാരികവുമായി അനന്യനായ ഞാൻ എന്ന യാഥാർത്ഥ്യത്തിൽ) പ്രകടമാകാവുന്ന ഉദാത്തമായ നന്മയാണ് എന്നിലെ ക്രിസ്തു (സത്യവും നീതിയും സൗന്ദര്യവുമെല്ലാം അതേ നന്മയുടെ മറുഭാവങ്ങളാണ്). ഈ നന്മയെ തേടുകയെന്നത് വലിയ ഈറ്റുനോവുതന്നെയാണ്. അവനെ അനുഗമിക്കുക എന്ന് പറയുന്നതും, എന്റെ ഉള്ളിൽ ഉണ്ടാവേണമേ, എന്റെ ഉള്ളിലേക്ക് വരേണമേ എന്നൊക്കെ പറയുന്നത് ആത്മാർത്ഥമെങ്കിൽ, നമ്മിൽ ഈ നന്മയുടെ വെളിപാടിനെയാണ് നമ്മൾ ആഗ്രഹിക്കുന്നത്. അങ്ങനെ നമ്മിലും എല്ലാവരിലും, എല്ലാറ്റിലും പ്രകടമാകുന്ന സൗന്ദര്യം അറിയാൻ കഴിഞ്ഞെങ്കിൽ അവയൊക്കെയും പരസ്പരം യോജിക്കുന്ന ഐക്യപ്പെട്ടിരിക്കുന്ന ഒറ്റ രഹസ്യമെന്ന് നമുക്ക് തിരിച്ചറിയാം. അങ്ങനെ ആയിത്തീരുവാനും, തിരിച്ചറിയുവാനും കഴിയുന്നെങ്കിൽ രണ്ടാം വരവിനെ നമ്മൾ കണ്ടുകഴിഞ്ഞു.

ഫെബ്രുവരി 09, 2020

ക്രിസ്തുവെന്ന കൊച്ചു വെളിച്ചം

കോലാഹലങ്ങൾ ബധിരമാക്കുന്ന ലോകത്ത്, എന്ത് കേൾക്കണമെന്ന് തന്നെ അറിയാതെ പോവുകയാണ്. പ്രീതിപ്പെടുത്തുന്ന ഭൂരിപക്ഷഭാഷ വിചിന്തനമുൾപ്പെടാതെ എന്റെയും ഭാഷയാവുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ഉത്തരങ്ങൾ നൽകപ്പെടാൻ  കഴിയാത്ത മൂർച്ചയേറിയ വാക്കുകളിൽനിന്ന്  ഒരല്പം ധ്യാനത്തോടെ അകന്നുനില്കുകയാണ്. 

വെളിച്ചത്തിന്റെ ഏതാനം കൊച്ചുസാക്ഷികൾക്കുമുമ്പിൽ കണ്ണീരു നനയ്ക്കുന്ന ചില ധ്യാനചിന്തകൾ തുറക്കാറുണ്ട്. ഉയിർത്തെഴുന്നേറ്റുവെങ്കിലും ക്രിസ്തു ബോധപൂർവം കൊലപ്പെടുകയാണെന്ന  നൊമ്പരപ്പെടുത്തുന്ന  ഒരു പേടിയുണ്ട്. നിന്നെ ഞങ്ങൾക്ക് വേണ്ട എന്ന് മനോഭാവങ്ങളിൽ വിളിച്ചുപറയുന്ന 'ക്രിസ്തുസ്നേഹികൾ' അവനെ ഞെരുക്കികൊല്ലുന്നത് നേർക്കാഴ്ചയാവുകയാണ്. ക്രിസ്തീയത രാഷ്ട്രീയവൽക്കരിക്കപ്പെടുക എന്നത് അത്യാവശ്യമാണെന്ന ബോധ്യങ്ങൾ സ്വയം സാമ്രാജ്യങ്ങൾ ഉണ്ടാക്കാമെന്ന വ്യാമോഹമല്ലേ? "ക്രിസ്തുവിന്റെ കാലഘട്ടമൊക്കെ കടന്നു പോയി, ഇനി രാഷ്ട്രീയവത്കരിക്കപ്പെടുന്ന മതചിന്തകളാണ് നമുക്ക് വേണ്ടതെന്ന്" പറഞ്ഞു പഠിപ്പിക്കുന്നവർക്ക് വിശ്വാസത്തെയും തിരുവചനങ്ങളെയും വളച്ചൊടിക്കേണ്ടത് ആവശ്യമാണ്. അധികാരശക്തി പിടിച്ചെടുക്കാനോ, നിലനിർത്താനോ, കീഴ്പെടുത്താനോ കഴിഞ്ഞെന്നിരിക്കാം. എന്നാൽ സ്വന്തമായുണ്ടാക്കുന്ന സാമ്രാജ്യങ്ങളിൽ ക്രിസ്തുവിന് സ്ഥാനമില്ല എന്നത് ഇത്തരം ചിന്തകളെ താലോലിക്കുന്നവർ അറിയുന്നുണ്ടാവുമോ? ക്രിസ്ത്യാനികളുടെ സംഖ്യാബലത്തിലല്ല ക്രിസ്തു ഉയിർപ്പിക്കപ്പെട്ടത്‌, ക്രിസ്തുരഹസ്യം പ്രപഞ്ചത്തിൽ നിലനിൽക്കുന്നത് ക്രിസ്ത്യാനികളെ ആശ്രയിച്ചുമല്ല. സംഖ്യാബലവും സംഘടിതതന്ത്രങ്ങളുമായിരുന്നില്ല Libertion Theology യെയും നയിച്ചത്. ചൂഷിതരായ പാവപ്പെട്ടവർക്കുവേണ്ടി നിലകൊള്ളുകയായിരുന്നു അപ്പോൾ. എന്നാൽ സംഖ്യാബലത്തിൽ രാഷ്ട്രീയസ്വാധീനം തേടുമ്പോൾ ഉള്ളിലെ കപടതകളും അഴിമതികളും പോലും അതിൽ പ്രതിരോധിക്കപ്പെട്ടേക്കാം.

ധ്യാനങ്ങളിലേക്കു വീണ്ടും മടങ്ങുകയാണ്. സാമ്രാജ്യങ്ങൾ വളരട്ടെ. സാമ്രാട്ടുകൾ പടയോട്ടം നടത്തുമ്പോൾ അറിയപ്പെടാത്ത എവിടെയോ നന്മകൾ സൂക്ഷിച്ചു വയ്ക്കുവാൻ വനാന്തരങ്ങളിലേക്ക് മറഞ്ഞുപോയവരില്ലേ? അത്തരം കൊച്ചുനന്മകളുടെ സാക്ഷ്യങ്ങളിൽ ക്രിസ്തു ജീവിക്കും, അത് മതി.

ഫെബ്രുവരി 01, 2020

നിസ്സംഗതയോടെ അകലുന്ന കുഞ്ഞാടുകൾ

നൂറ്റാണ്ടുകളുടെ ഇടവേള നൽകി പാശ്ചാത്യസമൂഹത്തിൽ വന്ന മാറ്റങ്ങൾ ഏതാനം വർഷങ്ങൾക്കിടയിലാണ് നമുക്കുമുമ്പിൽ അതിവേഗം യാഥാർത്ഥ്യമാകുന്നത്. അതിന് കാരണമായ ഘടകങ്ങളും നമുക്ക് ലഭിച്ചത് ഏതാണ്ട് ഒരുമിച്ചു തന്ന്നെയാണെന്നു പറയാം. വ്യാപകമായ വിദ്യാഭ്യാസം, ബൈബിൾ പരിജ്ഞാനം, അമേരിക്കയുടെ ക്രിസ്തീയമതസംസ്കാരം മാതൃകയാക്കിയുള്ള മതനവീകരണ പ്രയത്നങ്ങൾ തുടങ്ങിയവ പ്രധാന ഘടകങ്ങളാണ്.

സഭയുടെ സമീപനങ്ങളോട് വിപരീതദിശയിൽ മൂന്നു പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സഭക്കെതിരെ അക്രമശൈലിയുള്ള മുന്നേറ്റങ്ങൾ, നിസ്സംഗമനോഭാവത്തോടെയുള്ള അകൽച്ച, ശുഭകരമായ ഒന്നും കാണാനില്ലാത്തതിനാൽ തകർച്ചയുടെ ഭീതിയിൽ 'ക്രിസ്തീയത'യെത്തന്നെ  സ്വന്തം തനിമയാക്കി മാറ്റുന്ന തീവ്രവാദ മുന്നേറ്റങ്ങൾ. ഈ തീവ്രവാദശൈലിയെ  പാരമ്പരാഗതമെന്നും യാഥാർത്ഥമെന്നും സ്വയം വിളിക്കുന്ന കുറെ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

ഒരു പ്രതികരണവുമില്ലാതെ തനിയെ അകന്നു പോകുന്നവരാകും ഭൂരിഭാഗവും.  ജനപ്രിയപ്രസംഗങ്ങളിൽ ലഹരിപിടിച്ചവരൊഴികെ, 50 - 40 വയസിനു താഴെയുള്ളവരിൽ ഒട്ടേറെപേരിൽ നിസ്സംഗതയും അകൽച്ചയും വളരെ പ്രകടമാണ്. കെട്ടിച്ചമച്ച സങ്കല്പങ്ങൾ വിശ്വാസവും ധാർമ്മികതയുമായി ജനങ്ങൾക്ക് നൽകപ്പെടരുത്. കുറേപ്പേർ സ്വീകരിക്കുമെങ്കിലും ഒട്ടധികം പേർ ഇന്ന് വിശകലനം ചെയ്യുന്നവരാണ്. സഭയുടെ ചട്ടക്കൂടിനും വ്യവസ്ഥിതികൾക്കുമപ്പുറം ക്രിസ്തു നല്കപ്പെടണം. സഭയെക്കുറിച്ചായാലും, ബൈബിളിനെക്കുറിച്ചായാലും, ആത്മീയതയെക്കുറിച്ചായാലും ശരിയായത് മാത്രം പഠിപ്പിക്കുക. ജനപ്രിയതമാത്രം നോക്കി, വിദേശചാനലുകൾ അവതരിപ്പിക്കുന്ന രാഷ്ട്രീയലക്ഷ്യമുള്ള മതാവിഷ്കാരങ്ങളെ അനുകരിക്കാതിരിക്കുക, വിശ്വാസമെന്ന പേരിൽ മതമൗലികത പരിശീലിപ്പിച്ച് ഇളംതലമുറകളുടെ  ഹൃദയം മലിനമാക്കാതിരിക്കുക, സഭ വളരേണ്ടതിനാൽ പുതിയ കാഴ്ചപ്പാടുകളോട് തുറവിയുള്ളവരായിരിക്കുക ... തുടങ്ങിയവ പൊതുസമൂഹം ആഗ്രഹിക്കുന്ന സഭയുടെ അടയാളങ്ങളാണ്.

ആത്മാവുള്ളവർക്ക് ആത്മവിമർശനം ആകാം

വിശ്വാസങ്ങളിലെ മൗലികഘടകങ്ങളെ ചേർത്തുപിടിച്ച് ഇന്നിന്റെ പരിസ്ഥിതിയിൽ വളരുവാനാണ് നമുക്ക് സ്വന്തം വിശ്വാസങ്ങളിൽ നല്ല ബോധ്യങ്ങൾ വേണ്ടത്. പകരം ചില രാഷ്ട്രീയ ആദർശങ്ങളിലേക്കും അത്തരം സമീപനരീതികളിലേക്കും ചുരുങ്ങിപ്പോകുന്നതാവരുത് ക്രിസ്തീയ വിശ്വാസം. സഭ ലോകത്തിനു അടയാളമാകുന്ന ഒരു സമൂഹമാകുന്നത്,  ക്രിസ്തുസമീപനങ്ങൾ സ്വന്തം ബോധ്യങ്ങളാക്കാൻ ആത്മധൈര്യം നേടിയവരും പക്വതയുള്ള മനുഷ്യരുമായിത്തീരാൻ നമുക്കും പുതുതലമുറക്കും കഴിയുമ്പോഴാണ്. എന്നാൽ ക്രിസ്തീയത ആദര്ശമായി മാറുകയും, ക്രിസ്‌തുജീവിതം ഏതാനം നിഷ്ഠകളിലേക്കു ചുരുങ്ങിപ്പോവുകയും ചെയ്യുമ്പോൾ നഷ്ടപ്പെടുന്നത് ഉള്ളിലുണ്ടാവേണ്ടിയിരുന്ന ക്രിസ്തുചൈതന്യം തന്നെയാണ്.

സാംസ്കാരികമാറ്റങ്ങളുടെ പശ്ചാത്തലത്തിൽ പല ഘട്ടങ്ങളിലും മതമൗലികത വളർന്നുവന്നിട്ടുണ്ട്. ഇന്നത്തെ തീവ്രവാദമതമൗലികതയും ന്യൂ എയ്‌ജ് കാല്പനികതയും അത്യാധുനികകാലത്തെ മതാവിർഭാവത്തിന്റെ രണ്ടു വശങ്ങളാണ്. തനിമ നഷ്ടപ്പെടുന്നു എന്ന് ഭയക്കുന്ന ദേശങ്ങളും സംസ്കാരങ്ങളും ഭാഷകളും മതങ്ങളും ഇവയെ രാഷ്ട്രീയവത്കരിക്കുകയെന്നത് സ്വയം നിലനിർത്താനയി ഉപയോഗിക്കുന്ന എളുപ്പവഴിയാണ്. എന്തുകൊണ്ടോ ഒരു ഗോളാന്തര പ്രതിഭാസമായി, അല്ലെങ്കിൽ സാംസ്‌കാരിക പ്രവണതയായി ഇവ നമ്മുടെ വിചിന്തന വിഷയമാവാറില്ല. വിശ്വാസത്തിനുമുപരി മതം ഇന്ന്  രാഷ്ട്രീയ ആയുധമാവുകയാണ്. അതിനു വേണ്ടിവരുന്ന  കപടതകളെ  പ്രശംസിക്കുന്നവർ അതേ സമയം മറ്റൊരു വിഭാഗത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് യുക്തിയുമല്ല നീതിയുമല്ല. മതം അതിനു കാരണമാകുന്നുണ്ടെങ്കിൽ മതത്തിനുള്ളിൽ തന്നെ അതിനെ തിരിച്ചറിയുകയും തിരുത്തുകയും വേണം. മറ്റു മതത്തിലെ കുറവുകൾ കൂടുതൽ പ്രചരിക്കപ്പെടുമ്പോൾ സ്വന്തം മതത്തിൽ അനാരോഗ്യപരമായി വളരുന്ന മൗലികവാദം നോക്കിക്കണ്ടു തിരുത്തുന്നില്ലെങ്കിൽ സ്വന്തം വിശ്വാസത്തോടും വിശ്വാസികൾ അനീതി കാണിക്കുകയാണ്. വിശ്വാസത്തിന്റെ മൂല്യങ്ങളിലേക്ക് നടന്നു കൊണ്ടാണ് നവീകരണം സംഭവിക്കേണ്ടത്. മറ്റൊരു സമൂഹത്തെ ഇകഴ്ത്തുവാനോ തകർക്കുവാനോ ലക്‌ഷ്യം വച്ചുള്ള ഒരു പ്രയത്നവും  നവീകരണമല്ല.

(ധ്യാനമില്ലാത്ത)  'ധ്യാനങ്ങൾ' ബോധവത്കരണ സംരംഭങ്ങളാകുമ്പോൾ ആളുകളിൽ ഉറച്ചു പോകുന്നതും ഇത്തരം മതസംസ്‌കാര (religious culture) പ്രവണതകളാണ്. ഏതാനം 'ധ്യാനങ്ങൾ' (ബോധവൽക്കരണ സെമിനാർ) അപരരെ സംശയിക്കാൻ പ്രേരിപ്പിക്കുകയും ഭീതി ജനിപ്പിക്കുന്നതുമായിത്തീർന്നിട്ടുണ്ട്. നമ്മുടെ കുഞ്ഞുങ്ങളുടെ വിശ്വാസപരിശീലനമാണോ അവയുടെ യഥാർത്ഥ ഉദ്ദേശ്യം എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. കൂടെ പഠിക്കുന്നവരെ, കൂടെ യാത്ര ചെയ്യുന്നവരെ, കൂടെ കളിക്കുന്നവരെ അങ്ങനെ കാണുവാനാണോ നമ്മൾ പരിശീലിപ്പിക്കേണ്ടത്? അങ്ങനെയാണോ ക്രിസ്തു നമ്മളെ പഠിപ്പിച്ചത്? ആത്മീയതയുടെ അടയാളം പരസ്പര വിശ്വാസ്യതയും സമാധാനവും ഒത്തൊരുമയുമാണ്. തമ്മിലടിപ്പിക്കുന്ന പാരമ്പര്യങ്ങളിലും അടയാളങ്ങളിലും ഒരു ആത്മീയസത്തയും ഉൾച്ചേർന്നിട്ടില്ല.

ക്രിസ്ത്യൻ പെൺകുട്ടികൾ പ്രണയത്തിലായി അന്യമതത്തിലുള്ളവരെ സ്വീകരിക്കുന്നുണ്ടെങ്കിൽ അതിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ എത്രമാത്രം ശ്രമം നടത്തിയിട്ടുണ്ടെന്നത് മാത്രം അറിയില്ല. ഇത് സാംസ്കാരികമാറ്റത്തിന്റെ ഭാഗമാണോ? എങ്കിൽ ഒരു സമുദായത്തെ കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ല. സഹപാഠികൾ ബ്രെയിൻ വാഷ് നടത്തുന്നതാണോ? എങ്കിൽ നമ്മുടെ മതബോധനങ്ങളും ഒരു കുറവുമില്ലാത്ത ധ്യാനങ്ങളും അവയിലൂടെ ഇടവിടാതെ ഹൃദ്ദിസ്ഥമാക്കപ്പെടുന്ന ബൈബിൾ വാക്യങ്ങളുടെയും ഫലം എവിടെയാണ്? മയക്കുമരുന്നോ പ്രണയനാട്യത്തിലൂടെയോ വഞ്ചിക്കപ്പെടുന്നുണ്ടോ? ഇവയിലും ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ല. ബന്ധങ്ങളിലെ possessiveness, commodification ഇവ കൂടി കണക്കിലെടുത്തു കൊണ്ട് വേണം ഇത് മനസിലാക്കാൻ.

'അമിതമായി 'ആത്മീയവൽക്കരിക്കപ്പെട്ട' നമ്മുടെ ആൺകുട്ടികളുടെ പെരുമാറ്റങ്ങളിൽ അപകർഷതയും കുറ്റബോധവും പക്വതക്കുറവും നമ്മുടെതന്നെ പെൺകുട്ടികൾ കാണുന്നുണ്ടോ?  അടുത്തിടപഴകാൻ ആൺകുട്ടികൾ അകാരണമായ അതിരുകൾ സൂക്ഷിക്കുന്നുണ്ടോ? ഇത് വസ്തുതയാണെങ്കിൽ, സൗഹൃദങ്ങളിൽ പോലും അനർഹതയാണ് കാണപ്പെടുന്നതെങ്കിൽ ഇത്തരത്തിലുള്ളവർ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞ് വരാവുന്ന സംഘർഷങ്ങളെ അധികം വൈകാതെ കാണാനാകും. എത്രനാൾ മറ്റുള്ളവരെ പഴിചാരും?

മന്ത്രവാദം ചെയ്ത വസ്ത്രങ്ങളിട്ടും മന്ത്രം ജപിച്ച ശേഷം ഫോൺ ചെയ്തും കുട്ടികളെ മറ്റുള്ളവർ വശീകരിക്കുന്നുണ്ടോ? എത്ര കുർബാന കൂടുകയും പിശാചുക്കളെ ഓടിക്കുകയും ചെയ്യുന്നവരാണ് ക്രിസ്ത്യാനികൾ ഇന്ന്, എന്നിട്ടും മന്ത്രധ്വനിയെ ചെറുക്കാൻ ഉള്ളിൽ ഉണ്ടാവേണ്ട പരിശുദ്ധാത്മാവിനു ശക്തിയില്ലെന്നാണോ? അതോ ഒരുപക്ഷെ നമ്മുടെ ആത്മീയ ചേഷ്ടകൾ പരിശുദ്ധാത്മാവിന്  യഥാർത്ഥത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നാണോ?

ക്രിസ്ത്യൻ പെൺകുട്ടികൾ ആരോടാണ് മനസ് തുറക്കേണ്ടത്? അവരെ (അവരുടെ പ്രണയം ഉൾപ്പെടെ) മനസിലാക്കാനും വേണ്ടവിധം വഴികാണിച്ചു കൊടുക്കാനും  ആരുണ്ട്? കുമ്പസാരത്തിലോ കൗൺസിലിംഗ് ലോ സൂചിപ്പിച്ചാൽ താക്കീതുകളും ശകാരങ്ങളും ശാപഭീതിയും നല്കപ്പെടുന്നതിനാൽ തങ്ങളുടെ ഉള്ളിനെ ഉള്ളിൽത്തന്നെ ഒതുക്കി നിർത്തുന്ന കുട്ടികളുണ്ട്. അതേ 'ആത്മീയ' കാഴ്ചപ്പാടുകൾ സ്വീകരിച്ച ഭവനങ്ങളും അവരുടെ തുറന്നു പറയലിന്  ഒരിക്കലും വേദിയാവില്ല.

ക്രിസ്തുശിഷ്യത്വം ഉപേക്ഷിച്ച സഭ വിദ്വേഷം സ്വയംരക്ഷയാക്കുന്ന അപകടവും ഈ പശ്ചാത്തലത്തിലുണ്ട്. ആരാണ് രക്ഷിക്കപ്പെടുന്നത്? സ്വീകരിച്ചിട്ടുള്ള വിശ്വാസത്തിലും ലഭ്യമായ ശുശ്രൂഷകളിലും വിശ്വാസികൾ മുമ്പോട്ട് പോകുന്നു. കുറേയേറെപ്പേരെങ്കിലും ഒരു നിസംഗമനോഭാവത്തിലേക്കു പോയിട്ടുമുണ്ട്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രിസ്തീയമായ നിലപാടുകളിലേക്ക് എത്ര മാത്രം അവർ നയിക്കപ്പെടുന്നുണ്ട്? കുഞ്ഞുങ്ങളുടെ വ്യക്തിഭാവങ്ങളിൽ സങ്കുചിത മതപാരമ്പര്യ ഘടകങ്ങളോ അതോ ക്രിസ്തുവിന്റെ മനോഭാവങ്ങളോ വളരുന്നത്?

നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന അവസ്ഥയിൽ (പലപ്പോഴും സാങ്കല്പിക ഭയം) നിലനില്പിനായി ഉയർത്തിക്കൊണ്ടുവരുന്ന സങ്കല്പമാണ് ഒരു 'ശത്രു.' 'ശത്രു'വില്ലെങ്കിൽ 'നമ്മൾ' ഒരുമിക്കില്ല. ഇന്ത്യയിൽ ചിലർ പാകിസ്ഥാനെ പൊതു ശത്രുവാക്കുമ്പോൾ, നമ്മളിൽ ചിലർ മുസ്ലിം നെ ശത്രുവാക്കുന്നു.

വംശീയഹത്യകളെ, മതാടിസ്ഥാനത്തിലുള്ള അക്രമം ആയിക്കാണുന്നതു ശരിയായ അവലോകനം അല്ല. സിറിയയിലും മറ്റും തീവ്രവാദികൾ കൂടുതലും കൊലപ്പെടുത്തിയത് മുസ്ലിങ്ങളെത്തന്നെയാണ്. തേൾ വാലിൽ വഹിക്കുന്ന വിഷം പോലെ അമേരിക്കൻ രാഷ്ട്രീയം ഉയർത്തിവിടുന്ന വിഷം ചുമന്നുകൊണ്ട് നടക്കുന്നവരാകരുത് നമ്മൾ. ഇന്ന് രാഷ്ട്രീയലാഭമുണ്ടെങ്കിലും നമ്മുടെ പ്രതികരണങ്ങളും നിലപാടുകളും എന്ത് ക്രിസ്തീയ സാക്ഷ്യമാണ് നൽകുന്നതെന്ന് ധ്യാനിക്കുന്നത് നല്ലതാണ്.

പൊതു താൽപര്യങ്ങൾ ആണ് ഇന്ന് ഭിന്ന ഭാഷകളിലെയും മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകളെ ഒരുമിച്ചു കൊണ്ടു വരുന്നത്. പുതുതലമുറയുടെ ജീവിത സാഹചര്യങ്ങളിലും കൂടുതൽ അടുത്തുള്ള ഇടപെടലുകൾ ഉണ്ടെന്നത് കൊണ്ടു തന്നെ അവർക്കിടയിലെ പ്രണയബന്ധങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. സ്വതന്ത്ര മനസ്സോടെ അത്തരം ബന്ധങ്ങൾ ഉറപ്പിക്കുന്നവരെ മാറ്റിനിർത്താതെ അവരുടെ ആരോഗ്യപരമായ ജീവിതം ഉറപ്പാക്കേണ്ടത് ആണ് യഥാർത്ഥത്തിൽ മതനേതൃത്വങ്ങൾ ചെയ്യേണ്ടത്. മതാന്തരപ്രണയങ്ങളെ ലവ് ജിഹാദ് ആയി നിർവചിക്കുന്നതിൽ തെറ്റുണ്ട്.

മതം മാറ്റാൻ ഒരു മതത്തിന്റെ അജണ്ടയുടെ പശ്ചാത്തലത്തിൽ അന്യമതങ്ങളിലെ യുവതികളെ പ്രണയം നടിച്ചു വശപ്പെടുത്തുവാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതാണ് ലവ് ജിഹാദ്. ബലപ്രയോഗമോ വഞ്ചനയോ നടക്കുന്നുണ്ടെങ്കിൽ അവയെ വേണ്ടവിധം അവലോകനം ചെയ്യാൻ മതങ്ങൾക്ക് ഒന്നിച്ചു നിൽകാനാവുമോ. നേതൃത്വങ്ങൾ പ്രാപ്തരല്ലെങ്കിൽ അതിനു കഴിയുന്ന ആളുകളെ ഏൽപിക്കാൻ തയ്യാറാവേണ്ടതില്ലേ? പരസ്പരവിദ്വേഷം വച്ചുപുലർത്തുന്നതിനുപകരം ഒന്നിച്ചിരിക്കാനും, അത് അർഹിക്കുന്ന ഗൗരവത്തിൽ തന്നെ പരിഗണന നൽകിക്കൊണ്ട് സംഭാഷണ വിഷയമാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ടോ? സംഘർഷസാധ്യതയുള്ള സാഹചര്യങ്ങളിൽ പരസ്പര സംഭാഷണങ്ങൾക്കുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുകയാണ് സമാധാന സ്നേഹികളായ, മതസത്ത അറിഞ്ഞിട്ടുള്ള നേതൃത്വങ്ങൾ ചെയ്യേണ്ടത്. സ്വന്തം നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്ന ഭീതിയിൽ ഇത്തരം സാഹചര്യങ്ങളെ ധ്രുവീകരണത്തിലേക്കു നയിക്കാനുള്ള പൈശാചികപ്രവണതകൾ സമൂഹത്തിന് നന്മ പകരുന്നില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്.

മതാധികാരികളുമായുള്ള ബന്ധത്തെ സ്വന്തം ആത്മാഭിമാനമാക്കിത്തീർക്കുകയും, ആ പ്രതിച്ഛായയിൽ നിന്ന് നേട്ടങ്ങൾ കണ്ടുകൊണ്ട് സ്വന്തം പദ്ധതികൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരുണ്ട്. മതാധികാരികൾക്കും ഇവരിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാവാമെന്നതുകൊണ്ട് ഇത്തരക്കാരെ തിരുത്താൻ അവർ താൽപര്യപ്പെടാറില്ല. ആർക്കൊക്കെയോ എതിരെയുള്ള വ്യക്തിപരമായ പ്രതികാര ചിന്തകളെ മതമെന്ന ഭാഷ നൽകി ആകർഷികവും വിശ്വസനീയവും ആക്കിതീർക്കുന്നു. മതമെന്ന ഭാഷ സ്വന്തം വ്യഗ്രതകൾക്ക് പുതിയൊരു തനിമയും ഊർജ്ജവും നല്കുന്നു. ഉളളിൽ കണ്ട പ്രതികാരചിന്ത ഒരു സമൂഹത്തിന് മുഴുവനായി പകർന്നു നൽകാൻ കഴിയുകയാണ് ഇവിടെ.

ബോധവത്കരണത്തിലും മനഃസാക്ഷിരൂപീകരണത്തിലും ശക്തമായ ഉപകരണമാണ് ഇന്ന് സാമൂഹ്യമാധ്യമങ്ങൾ. അവയിലെ ഉള്ളടക്കങ്ങളിലെ സത്യാവസ്ഥകൾ തിരിച്ചറിയാനും കാണിച്ചു കൊടുക്കാനും അധ്യാപകർക്കും, മതനേതാക്കന്മാർക്കും കഴിയുന്നുണ്ടോ എന്നത് ചോദ്യം തന്നെയാണ്. ദൈവസ്വരത്തിനുമപ്പുറം, ഏതാനം മതഭ്രാന്തന്മാർക്ക്/ അല്ലെങ്കിൽ മതം വിഷമാക്കിയവർക്ക് ചെവി കൊടുക്കുന്ന നേതാക്കന്മാരാണ് നമുക്കുള്ളത്, മതത്തിലും രാഷ്ട്രീയത്തിലും. അവരുടെ ആക്ഷേപങ്ങൾ സ്വകാര്യമായിക്കരുതാനാവില്ല, കാരണം അവ പൊതുസമൂഹത്തെ ഭീതിയിലാഴ്ത്തുകയോ, അവഹേളിക്കുകയോ, ആരോപണവിധേയരാക്കുകയോ ചെയ്യുന്നുണ്ട്. ഗൗരവതരമായ കുറ്റങ്ങൾ സൂചിപ്പിക്കുമ്പോൾ, അവയുടെ അടിസ്ഥാന വസ്തുതകൾ അന്വേഷണവിധേയമാക്കുവാൻ പൊതുസമൂഹത്തിനു മുമ്പിൽ നൽകുവാനും അവർക്കു കടമയുണ്ട്.

വ്യഗ്രതകൾ ഭ്രമങ്ങളാവുമ്പോൾ ആവർത്തിച്ചവതരിപ്പിച്ച കളളങ്ങളും ബോധ്യമുള്ള യാഥാർത്ഥ്യങ്ങൾ ആയി തെളിഞ്ഞ് നിന്നേക്കാം. മറ്റുള്ളവർ കള്ളം പറയുകയാണെന്ന് ആവും ഇവരുടെ ഭാഷ്യം.
ഇത്തരം രോഗങ്ങളിൽ നിന്ന് ലഭിക്കുന്ന താത്കാലിക ലാഭങ്ങൾക്ക്‌ വേണ്ടി ഇത്തരക്കാരെ ഉപയോഗിക്കുന്നത് മതാധികാരികൾ ഇവരോടും സമൂഹത്തോടും കാണിക്കുന്ന അനീതിയാണ്. അവരെ സുഖപ്പെടുത്തി ബലപ്പെടുത്തേണ്ടവരാണ് അധികാരികൾ. കാര്യലാഭത്തിന് വേണ്ടി ഉപയോഗിക്കാതെ അലിവോടെ ആശ്വസിപ്പിക്കാൻ മനസുണ്ടാവണം അവർക്ക്.

മതം ജീവനിലേക്കു നയിക്കേണ്ട വെളിച്ചമാണ്. എന്നാൽ അതിനെ സാമ്പത്തിക ലാഭത്തിനും രാഷ്ട്രീയപ്രീണനത്തിനുമുള്ള വഴികളാക്കാൻ തീർത്തും എളുപ്പമാണ്, കാരണം വിശ്വാസം ജനത്തിന് പ്രിയപ്പെട്ടതാണ്. വിശ്വാസമാണെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന അബദ്ധധാരണകളിലാണ് മതം ലഹരിയാകുന്നതും, അതും കടന്ന് രോഗമാകുന്നതും. മാരകമായ വൈറസ് ബാധ പോലും വ്യക്തികളെയാണ് ഇല്ലായ്മ ചെയ്യുന്നത്. മതം രോഗവും ഭ്രാന്തുമാവുമ്പോൾ അത് ജനിതകരോഗങ്ങൾ പോലെ തലമുറകളെ വെറുപ്പിലേക്കും അകൽച്ചയിലേക്കും തള്ളിവിട്ടേക്കാം. കീഴ്പെടുത്തലിന്റെയും പ്രതികാരത്തിന്റെയും ഭാഷ നമ്മുടെ നിലപാടുകളിലും പ്രതികരണങ്ങളിലും കടന്നുവരുമ്പോൾ അവ വാളുകളേക്കാൾ അപകടം നിറഞ്ഞതാണ്. അത്തരം  അപകടകരമായ അവസ്ഥയിലേക്ക് നമ്മളും കടന്നു വന്നിട്ടുണ്ടെന്ന് എത്രയും വേഗം തിരിച്ചറിയുന്നത് നല്ലതാണ്.

"നിങ്ങളും അതുതന്നെ ചെയ്യുന്നെങ്കിൽ നിങ്ങള്ക്ക് എന്ത് മേന്മയാണുള്ളത്? അമറ്റുള്ളവരും അതുതന്നെ ചെയ്യുന്നുണ്ടല്ലോ." യേശു എന്ന് പേരുണ്ടായിരുന്ന ഒരാൾ പറഞ്ഞതാണ്.