Gentle Dew Drop

ഓഗസ്റ്റ് 29, 2022

ദാസത

അടിച്ചമർത്തപ്പെടുന്ന ഒരു സമൂഹത്തോട് ദാസതയുടെ പുണ്യം പറഞ്ഞു സുഖം പകരുന്നത് ചൂഷണമാണ്. സുവിശേഷത്തിൽ സേവകരുടെ രൂപകങ്ങൾ ഉപയോഗിക്കപ്പെട്ടിടത്തെല്ലാം ഒരുക്കത്തിന്റെയും നന്മയുടെയും മൂല്യങ്ങൾ ഉയർത്തിക്കാണിക്കപ്പെടുന്നുണ്ട്. സേവന-ശുശ്രൂഷ മനോഭാവം എല്ലാവരിലുമുണ്ടാവേണ്ടതാണ്. പകരം, ആധിപത്യം സേവനത്തെ നിർവ്വചിക്കുമ്പോൾ അത് ബലഹീനരെ ദാസതയിൽ ഭാരപ്പെടുത്തുന്നു. മതവും രാഷ്ട്രീയവും അതിനെ പിന്താങ്ങുന്നു.

ആന്തരികമായി അനുഭവമാകുന്ന സ്വാതന്ത്ര്യമാണ് ക്രിസ്തു പഠിപ്പിച്ച സേവന മനോഭാവത്തിന്റെ അടിസ്ഥാനം. അത് നിസ്സഹായമായ വിധേയത്വമോ ഉപഹാരം പ്രതീക്ഷിക്കാവുന്ന പ്രീണനമോ ഉൾക്കൊള്ളുന്ന ദാസതയല്ല. പരസ്പരം ശുശ്രൂഷ ചെയ്യുന്നത് ദൈവമക്കൾ എന്ന വലിയ വില സ്വന്തം ജീവിതത്തിലും മറ്റുള്ളവരിലും കാണാനാകുമ്പോഴാണ്. ആ സ്വാതന്ത്ര്യമില്ലെങ്കിൽ പാലിച്ചു പോകുന്ന ദാസത പ്രീണനം, വിധേയത്വം, വഴങ്ങൽ, അടിമത്വം എന്നിങ്ങനെ പല അവസ്ഥകൾ ആയിത്തീരാം. അത്തരത്തിലുള്ള ഒരു വ്യവസ്ഥിതി ക്രിസ്തു ഒരിക്കലും ആഗ്രഹിക്കുന്നില്ല.

ആന്തരികമായ സ്വാതന്ത്ര്യത്തിൽ, ആദരവും വിനയവും ശുശ്രൂഷയും ജീവിതശൈലിയാവും. സ്വയം എണീറ്റ് നിൽക്കാൻ മാത്രമല്ല, അതിനു കഴിയാത്തവർക്ക് വേണ്ടിക്കൂടി നിലനിൽക്കാൻ ഉള്ള ധൈര്യം സ്വീകരിക്കാൻ കൂടി ആ സ്വാതന്ത്ര്യം പ്രേരണയാകും. അതുണ്ടാവുന്നില്ലെങ്കിൽ പ്രീണനത്തിന്റെ ദാസതയെയാണ് സേവനമെന്ന് നമ്മൾ വിളിക്കുന്നത്.

ഓഗസ്റ്റ് 17, 2022

ദൈവം നമ്മോടു കൂടെ.

അത്ഭുതങ്ങൾ ദൈവസാന്നിധ്യത്തെ സൂചിപ്പിക്കുന്ന അടയാളങ്ങളാണ്. എന്നാൽ അത്ഭുതങ്ങൾ മാത്രമല്ല അടയാളങ്ങളാവേണ്ടത്. അത്ഭുതങ്ങളിലേക്കു ചുരുക്കപ്പെടുന്ന ദൈവസാന്നിധ്യം വിശ്വാസത്തിന്റെ വളർച്ചക്ക് തടസമാണ്. ക്രിസ്തീയതയിൽ, കരിസ്മാറ്റിക് മുന്നേറ്റങ്ങളിൽ പ്രകടമായ പരിശുദ്ധാത്മ സാന്നിധ്യവും അതിലെ ചില ഘടകങ്ങൾക്ക് സംഭവിച്ച രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവവ്യത്യാസവും യാഥാർത്ഥ്യമാണ്. ഇവയെ വേർതിരിച്ചു കാണേണ്ടത് വിശ്വാസത്തിന് ആവശ്യമാണ്. എല്ലാറ്റിനെയും ഒരേ തട്ടിലേക്ക് കൊണ്ട് വരുന്നത് അനാരോഗ്യകരമാണ്. ഉന്നതിയുടെ സുവിശേഷത്തിലെ സുവിശേഷവിരുദ്ധതയെ ഒട്ടനേകം പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ അടക്കം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിട്ടും അതിനെ സ്വന്തമാക്കി വയ്ക്കുന്ന കത്തോലിക്കാ പ്രഘോഷകർ എങ്ങനെ സുവിശേഷപ്രഘോഷകരാകും?

ദൈവം ജീവന്റെ ഉറവിടമാണ്, അതു കൊണ്ട് തന്നെ സൗഖ്യ ദാതാവുമാണ്. ഈ സൗഖ്യത്തെ മനസിലാക്കേണ്ടത്, ക്രിസ്തുവിൽ ഒരു ശരീരമായ അംഗങ്ങൾ എന്ന നിലക്ക് കൂടിയാണ്. സഭയുടെ പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തുന്നത് സഭ ആ രോഗിയുടെ സഹനത്തിൽ പങ്കു ചേരുകയും പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ടാണ്. അത്ഭുത പൂർവ്വമായ സൗഖ്യങ്ങൾ സംഭവിച്ചേക്കാം. ഒരു ധ്യാന സമയത്തോ, വ്യക്തിപരമായ ദീർഘമായ കാലയളവിലെ പ്രാർത്ഥനാഫലമായോ സൗഖ്യം ലഭിച്ചേക്കാം. രോഗം എന്ന സഹനാവസ്ഥയിലൂടെ കടന്നു പോകാനുള്ള കൃപയും സൗഖ്യത്തിന്റെ അനുഗ്രഹമാണ്. ചിലർക്ക് സമാധാനമായി മരിക്കാനുള്ള അനുഗ്രഹവും സൗഖ്യത്തിന്റെ അനുഭവമാണ്. ഒരു സഭാസമൂഹത്തിന്റെ പങ്ക്, പ്രത്യേകിച്ച് അവസാനം പറഞ്ഞ രണ്ടു തലങ്ങളിൽ എത്രത്തോളം നൽകാൻ കഴിയേണ്ടതുണ്ട് എന്ന് ധ്യാനിക്കേണ്ടത് നമ്മുടെ സഭാദര്ശനത്തിന്റെ അനിവാര്യത കൂടിയാണ്. ദൈവസാന്നിധ്യം നിർബന്ധമായും 'അത്ഭുതങ്ങൾ' സൃഷ്ടിക്കണമെന്നോ, 'അത്ഭുതങ്ങൾ' അത്യന്താപേക്ഷിതമാണെന്നോ തരത്തിലുള്ള അവതരണങ്ങൾ ദൈവിക പുണ്യങ്ങളായ വിശ്വാസം പ്രത്യാശ സ്നേഹം എന്നിവക്ക് എതിരായി പ്രവർത്തിക്കും. കാരണം അത്തരം ഒരു മായിക ലോകത്ത് പ്രത്യാശ ആഗ്രഹ പ്രാപ്തിയാണ്. പ്രതീക്ഷിക്കപ്പെടുന്ന വിശ്വാസം അത്ഭുതങ്ങളിലാണ്. സ്നേഹത്തിനു അവിടെ ഇടം തീരെയില്ല.

ഒരാൾ ദൈവത്തിന്റെയും സൗഖ്യത്തിന്റെയും പേരിൽ, വിശ്വാസികളെയും അവരുടെ വിശ്വാസത്തെയും ചൂഷണം ചെയ്യുന്നെങ്കിൽ അത് അസ്വീകാര്യമാണ്. അതിനെ എതിർക്കുക തന്നെ വേണം. ഒന്നാമത് അത് നീതിയുടെ കാര്യമാണ്, രണ്ടാമത് അത്തരം പ്രവണതകൾ ക്രിസ്തുശരീരത്തിന് ക്ഷീണമേ ഉണ്ടാക്കൂ. രോഗശാന്തി ശുശ്രൂഷ, വിടുതൽ ശുശ്രൂഷ എന്നിവയെ എത്രയോ മനോരഞ്ജകമായ സങ്കൽപ്പങ്ങൾ നൽകി വിശ്വാസത്തിൽ നിന്നും വളരെയകലെയുള്ള പ്രബോധനങ്ങളിലേക്കു നയിച്ചിട്ടുണ്ട്. അവയൊക്കെ കത്തോലിക്കാ വിശ്വാസങ്ങളെന്നാണ് 'സാധാരണ വിശ്വാസി' വിശ്വസിക്കുന്നത്. പിശാചിന് അമിതമായ ജനശ്രദ്ധ നൽകിയത് ആരാണ്? പിശാചിന് നൽകപ്പെട്ട പ്രാധാന്യം, സാമൂഹിക തിന്മകളെക്കുറിച്ചോ ഘടനാപരമായി നിലവിലുള്ള ജീര്ണതകളെക്കുറിച്ചോ ധ്യാനിക്കുന്നതിൽ നല്കപ്പെട്ടുമില്ല. എന്നാൽ കുറ്റബോധം നിറക്കാൻ കഴിയുന്ന സന്മാർഗബോധം വളരെ നന്നായി ഉപയോഗിക്കപ്പെടുന്നുമുണ്ട്. ദൈവേഷ്ടം, ശിക്ഷ, ശാപം, പ്രലോഭനം, പ്രേരണ, എന്നിങ്ങനെയുള്ള നിരവധി പ്രയോഗങ്ങൾ വഴി ദൈവത്തിലേക്കോ പിശാചിലേക്കോ ആരോപിച്ചു, സ്വയം ഒഴിഞ്ഞു മാറുന്ന എത്രയോ മാനുഷിക ഉത്തരവാദിത്തങ്ങളുണ്ട്? അവ വേണ്ട വിധം തിരിച്ചറിയാനും പ്രവർത്തികമാക്കുവാനും വേണ്ട കൃപ ദൈവം നല്കുന്നതല്ലേ? അവിടെ അത്ഭുതം പ്രതീക്ഷിക്കാനാവില്ല. ആ സാക്ഷ്യം വെല്ലുവിളിയാണ്.

ഇത്തരം സാഹചര്യങ്ങളിൽ, വരദാനങ്ങളുടെ വൈവിധ്യങ്ങളെക്കുറിച്ചു കുറച്ചു കൂടെ ശ്രദ്ധ ആവശ്യമുള്ളതായി വരുന്നു. എല്ലാവരും സുവിശേഷം പ്രസംഗിക്കുവാൻ കടപ്പെട്ടിരിക്കുന്നു. അത് വാക്കുകളിലൂടെയുള്ളതാകാം, ജീവിതത്തിലൂടെയാകാം, ജോലിയിലെ ആത്മാർത്ഥതയിലൂടെയും വിശ്വസ്തതയിലൂടെയുമാകാം, നീതിയുടെ പ്രവൃത്തികളിലൂടെയാകാം. സുവിശേഷപ്രഘോഷണത്തിനായുള്ള കർത്തവ്യം ബൈബിൾ വിതരണം, തെരുവ് പ്രഘോഷണം, ധ്യാനകേന്ദ്രങ്ങളിലുള്ള ശുശ്രൂഷ എന്നിവയിലേക്ക് ചുരുക്കി കാല്പനികവത്കരിച്ച പ്രവണതകളിലെ താല്പര്യങ്ങളെ പുനര്ചിന്തനത്തിനു വിധേയമാക്കേണ്ടതുണ്ട്. മാത്രമല്ല, അത്തരം സുവിശേഷപ്രഘോഷണമാണ് ഉദാത്തമായ ക്രിസ്തീയസാക്ഷ്യമെന്നു ഉറപ്പിച്ച എത്രയോ പേർ കരിസ്മയില്ലാതെ കരിസ്മാറ്റിക്കായവരാണ്. എല്ലാവരിലും സൗഖ്യവരമില്ല, എല്ലാവരിലും പ്രബോധനവരമില്ല , എല്ലാവരിലും പ്രവചനവരമില്ല. എന്നാൽ എല്ലാം തികഞ്ഞ ദൈവ പുരുഷരായി ചമഞ്ഞ എത്രയോ പേര് നമുക്കിടയിലുണ്ട്? അവരുടെ പ്രവൃത്തികൾ മൂലമല്ലേ യഥാർത്ഥത്തിൽ വരദാനങ്ങൾ ലഭിക്കുകയും ആത്മാർത്ഥമായി ദൈവത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നവർ പോലും അവഗണിക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യുന്നത്?

ദൈവികം എന്നത്, എല്ലാം ദൈവമയമാകുന്നതോ, മതബന്ധിതമാകുന്നതോ, നിഷ്ഠാപൂരിതമാകുന്നതോ, അതിസാധാരണമാകുന്നതോ അല്ല. സാധാരണ നിമിഷങ്ങളിലെ ദൈവസാന്നിദ്ധ്യ അനുഭവമാണ് ദൈവികമായ കൂടുതൽ ആഴം പകരുന്നത്. ദൈവം നമ്മോടു കൂടെ.

ഓഗസ്റ്റ് 16, 2022

വീണ്ടുമൊരു സിനഡിലാണ്

സീറോ മലബാർ സഭ വീണ്ടുമൊരു സിനഡിലാണ്. കേൾവിക്കും, അനുരഞ്ജനത്തിനും സമാധാനത്തിനും പുതിയൊരു പാത തുറക്കട്ടെ എന്നാണ് ഏതൊരു വിശ്വാസിയും ആഗ്രഹിക്കുന്നത്. നിലനിൽക്കുന്ന പ്രതിസന്ധികൾ സങ്കീര്ണമാണെങ്കിലും അവ തർക്കങ്ങളാവാതെ പരിഹരിക്കപ്പെടാൻ കഴിയണം. മാത്രമല്ല, പരസ്പരം വഴക്കടിച്ചതിനിടയിൽ രൂപപ്പെട്ട പലവിധം ആശയക്കുഴപ്പങ്ങൾ വ്യക്തത തേടുന്നവയാണ്. ആത്മാർത്ഥമായ അജപാലന ശ്രദ്ധ നല്കപ്പെടേണ്ടവയാണ് അവ. കലഹങ്ങൾക്കിടയിൽ വേദനയുമായി നടക്കുന്നത് 'പാവം വിശ്വാസികളാണ്.' ക്രിസ്തു ശരീരത്തിൽ നിന്ന് പരിപോഷിതരായി സാക്ഷ്യമാകാൻ നേതൃത്വം നൽകേണ്ടവർ കൂട്ടായ്മക്കും അനുരഞ്ജനത്തിനും കാരണമാകുന്നില്ലെങ്കിൽ ക്രിസ്തുശരീരത്തിന്റെ ജീവനൂറ്റിക്കുടിക്കുന്ന പരാദങ്ങളാവുകയാണ്.

ലോക്ക് ഡൗണിനു ശേഷവും കുർബാനയും ആരാധനയും ചാനലുകളിൽ ലഭ്യമാണ്. പ്രാർത്ഥനക്കുള്ള സഹായം എന്നതിലുപരി ചില ഡിജിറ്റൽ ശുശ്രൂഷകൾക്കും  ആരാധനകൾക്കും കൂദാശാതുല്യത നല്കപ്പെടുന്നതും, 'അഭിഷേകവും സൗഖ്യവും നിറഞ്ഞ' ആരാധന, അനുഗ്രഹങ്ങളുടെ കുർബാന തുടങ്ങിയവ ഞങ്ങളുടെ ചാനലിൽ മാത്രം ലഭ്യമാക്കുന്ന തരം  അവതരണങ്ങൾ God on the screen  എന്ന തലത്തിലേക്ക് കൊണ്ടുചെന്നിട്ടുണ്ട്. അരിയും  വെള്ളവും മൊബൈൽ നു മുമ്പിൽ വെച്ച് പ്രാർത്ഥിച്ചെടുക്കുന്ന ഭക്തരെ കണ്ടുമുട്ടിയതുകൊണ്ടാണ്. ഘട്ടം ഘട്ടമായി മൊബൈലിൽ ആരാധന നടത്തി ഒരു മണിക്കൂർ ആരാധന നടത്തേണ്ട ഭക്താനുഷ്ഠാനങ്ങൾ വേറെയും ഉണ്ട്. 

'സിനഡിനെ അനുസരിക്കാത്തവർ' നൽകിയ ശുശ്രൂഷകൾക്ക് സാധുതയുണ്ടോ എന്ന ഒരു സംശയം അജപാലനപരം മാത്രമല്ല, ദൈവശാസ്ത്രപരം കൂടിയാണ്. മാമോദീസ, കുമ്പസാരം, കുർബാനയിൽ നൽകപ്പെട്ട നിയോഗങ്ങൾ എന്നിവ സാധുതയുള്ളതാണോ? കുർബാനയെക്കുറിച്ചു പറഞ്ഞുവെച്ച നിയമവിരുദ്ധത സാധുതയിലേക്കു കടത്തി നൽകിയ വിശദീകരണങ്ങൾക്കു തിരുത്തൽ നൽകേണ്ടതുണ്ട്. കുർബാനയെക്കുറിച്ചു മാത്രമല്ല മറ്റു കൂദാശകളെക്കുറിച്ചു കൂടി 'അസാധുവാക്കുന്ന' ദൈവശാസ്ത്രങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. 

വിമതരെന്നോ സഭാവിരുദ്ധരെന്നോ പേര് നല്കപ്പെട്ടിരിക്കുന്നവർ ഉയർത്തിക്കാണിക്കുന്ന സത്യങ്ങളെ കാണാൻ  ശ്രമിക്കുകയും, സത്യത്തെ അധികാരത്തിന്റെ കൈപ്പിടിയിൽ മാത്രം കാണുന്ന സംവിധാനത്തിൽ നിന്ന് പുറത്തു വരികയും ചെയ്തെങ്കിലേ സുതാര്യതയും ആധികാരികതയും തിരികെ നേടാനാകൂ. 

കൂടെക്കൂടെ ഉന്നയിച്ചു പോന്ന, ലവ് ജിഹാദ്, മയക്കുമരുന്ന് തുടങ്ങിയ പ്രശ്നങ്ങൾ സാമൂഹികമായ തിന്മകളായാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ, പ്രശ്നത്തെക്കുറിച്ചു തന്നെ കൂടുതൽ വ്യക്തത വരുത്തുകയും, വിവിധ തലങ്ങളിൽ കൗൺസിലിംഗ് അടക്കം ലഭ്യമാക്കാനുള്ള നടപടികൾ ഉണ്ടാവുകയും വേണം. നന്മയെ ലക്ഷ്യമാക്കുന്നതിനു പകരം, ഇത്തരം കാര്യങ്ങളെ സാമൂഹികമായ വിഭാഗീയത സൃഷ്ടിക്കും വിധമാക്കിത്തീർത്തതുകൊണ്ടു ഫലമുണ്ടാകുന്നില്ല. ലഭ്യമാക്കുന്ന കൗൺസിലിംഗുകളും, വിദ്വേഷവും വെറുപ്പും സംശയവും രൂപപ്പെടുത്തുന്നതിനാണെങ്കിൽ സമൂഹത്തെ നശിപ്പിക്കുകയാണല്ലോ അതുവഴി ചെയ്യുന്നത്. സാമൂഹികവും സാമ്പത്തികവും വൈകാരികവുമായ സംഘർഷങ്ങളെ പഠിക്കാനും അവയെ വേണ്ടവിധം പരിഗണിക്കാനുമുള്ള ആർജ്ജവം ആളുകൾക്കുണ്ടായെങ്കിലേ ആഗ്രഹിക്കുന്ന ഗുണമുണ്ടാകൂ. 

പാവങ്ങളുടെയും, മുക്കുവരുടെയും കർഷകരുടെയും നന്മക്കായി സഭ എടുക്കുന്ന നിലപാടുകളിൽ കാണിക്കുന്ന ഐക്യദാർഢ്യം പ്രവാചകമൂല്യം ഉൾക്കൊള്ളുന്നതായതു കൊണ്ടും, 'സഭയുടെ കർഷകർ' എന്ന പോലെ  ഇത്തരം  ആവശ്യങ്ങളെ കാണാൻ കഴിയാത്തതു കൊണ്ടും സമൂഹത്തിന്റെ പൊതുവായ സഹവർത്തിത്തം ഇത്തരം നിലപാടുകളിൽ പ്രധാനമാണ്. പകരം, ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെ കൂട്ടുപിടിക്കുകയും ഒരു വിഭാഗത്തെ മറുഭാഗത്താക്കുകയും ചെയ്തു കൊണ്ട് ആഗ്രഹിക്കുന്ന പിന്തുണ പൊതുവായ ഫലപ്രാപ്തിക്കായി ലഭിച്ചെന്നു വരില്ല. മാത്രവുമല്ല നിർണ്ണായകമായ ചില മുന്നേറ്റങ്ങളുടെ സമയത്ത് പാലിക്കുന്ന നിസ്സംഗത, സഭയെ ഒറ്റപ്പെടുത്തുകയെയുള്ളൂ. 'നമുക്ക് നമ്മുടേതായ പ്രതിഷേധം,' 'ഞങ്ങളുടെ പ്രതിഷേധം' പരിഗണിച്ചു പരിഹരിക്കപ്പെടേണ്ടതായ കർഷക പ്രശ്നങ്ങൾ എന്ന പോലുള്ള   സമീപനങ്ങൾ ബാലിശവും സ്വാർത്ഥവും ഫലരഹിതവുമാണ്. ഏതെങ്കിലും പ്രതിഷേധങ്ങളിൽ യോജിക്കാനാവാത്തവയുണ്ടെങ്കിൽ അത് തുറന്നു പറയാനും സഭക്ക് കഴിയുമല്ലോ. 

സാമൂഹിക തിന്മകളെ നേരിടുന്നതുപോലെതന്നെ വിശ്വാസത്തിലെ ആശയവൈരുധ്യങ്ങളെ കാണേണ്ടതും ആവശ്യമായിത്തീർന്നിട്ടുണ്ട്. കോവിഡ് സമയം, യോജിക്കാവുന്നതും അല്ലാത്തതുമായ വളരെയധികം ആശയങ്ങളും ചർച്ചകളും തർക്കങ്ങളും ആളുകൾക്കിടയിലുണ്ടാക്കി. കൂടെ, സഭയുടെ ഭരണസംവിധാനത്തിൽ നിന്ന് വന്ന ഭിന്നതകൾ ആളുകളെ അകറ്റുകയോ ചേരിതിരിക്കുകയോ ചെയ്തു. പുതിയ ഭക്തികളും ആത്മീയതയും അരങ്ങേറി. 'പാരമ്പര്യങ്ങൾ' കണ്ടെത്തപ്പെട്ടു. അവയെ കാണുവാനും അവയുടെ സ്വാധീനം മനസിലാക്കുവാനും സഭക്ക് കഴിഞ്ഞിട്ടുണ്ടോ? "നാം പറയുന്നതേ അവർ വിശ്വസിക്കൂ" എന്ന് തുടർന്നും കരുതുന്നതിലും വലിയ വിഡ്ഢിത്തം ഉണ്ടാവില്ല. അവരുടെ സ്വതന്ത്രമായ അന്വേഷണങ്ങൾക്ക് ക്രിയാത്മകമായ പ്രോത്സാഹനങ്ങൾ നൽകാൻ എങ്ങനെ സഭക്ക് കഴിയും? ശാസ്ത്ര സാംസ്കാരിക സാമൂഹിക യാഥാർത്ഥ്യങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുവാൻ വേണ്ട തിരിച്ചറിവുകൾക്കായി ആളുകളെ പ്രോത്സാഹിപ്പിക്കുവാനുള്ള വേദികൾ സഭയിൽ ലഭ്യമാണോ? ചോദ്യോത്തര ശൈലിയിലുള്ള വേദോപദേശവും മതബോധനവും മതപ്രതിരോധവും എന്നേ കാലഹരണപ്പെട്ടു കഴിഞ്ഞിരിക്കുന്നു.  സങ്കീർണ്ണമായ ചിന്തകളെയും സാമൂഹികവും സാംസ്‌കാരികവുമായി ആവിർഭവിക്കുന്ന പുതിയ ഘടനകളെയും വ്യക്തിയുടെ ജീവിതശൈലിയുടെ ബന്ധപ്പെടുത്തിയും വ്യക്തിയുടെ വിശ്വാസ രൂപീകരണത്തിന്റെ ഭാഗമായും കണ്ടുകൊണ്ട്  വ്യക്തിപരമായ സംഭാഷണങ്ങൾക്ക് കഴിയുന്ന എത്ര പേരെ വൈദികർക്കിടയിലും അല്മായ നേതൃത്വത്തിലും ഒരുക്കിയിട്ടുണ്ട്? 

വിശ്വാസികൾക്ക് (വൈദികരിലടക്കം) സഭയെ സംബന്ധിച്ച് രൂപപ്പെട്ടിയിട്ടുള്ള അകൽച്ചയെ സാമൂഹികമനഃശാസ്ത്ര സമീപനത്തോടെയും അജപാലനപരമായും മൂന്നുനാലു വർഷങ്ങൾ മുന്നിൽ കണ്ടു കൊണ്ട് സമീപിച്ച് അവരുടെ കൂടെ നടക്കാൻ കഴിയുന്ന വഴികൾ ആലോചിക്കേണ്ടതില്ലേ? (വരുന്ന മൂന്നു നാല് വർഷങ്ങൾ ഈ അകൽച്ച വളരെ തീവ്രമായ രീതിയിൽ പ്രകടമാകുമെന്ന് കരുതാവുന്നതാണ്). അധികാരത്തിന്റെ കഠിനതക്കും പിടിവാശിക്കും കീഴിൽ ഭാരം താങ്ങുന്ന, നിസ്സഹായത വഹിക്കുന്ന പുരോഹിതരെയും കരുതലോടെ നോക്കിക്കാണുവാൻ സിനഡിന് കഴിയണം.

നാലഞ്ചു വർഷങ്ങളായി വർഷത്തിൽ രണ്ടു വീതം നടത്തപ്പെട്ട സിനഡുകൾ നൽകിക്കൊണ്ടിരിക്കുന്ന witness value എന്താണ്? കെസിബിസി യുടെ നവീകരണ ദർശനത്തിന്റെയും, ആഗോളതലത്തിലെ സിനഡാത്മകതയുടെയും ചൈതന്യം എത്ര മാത്രം ഈ സിനഡിനുണ്ടാകും? അത്മായരോ സന്യസ്‌തരോ ആയവർക്ക് സിനഡിൽ പങ്കാളിത്തമുണ്ടാകുമോ? ക്രിസ്തു അവരിലൂടെ സംസാരിക്കുന്നത് കേൾക്കാൻ ഇനിയും വൈകരുത്. 

ഓഗസ്റ്റ് 14, 2022

വെല്ലുവിളി ഇളക്കുന്നത്

അധികാരിയുടെ ഇരിപ്പിടങ്ങളാണ് അധികാരത്തോടുള്ള വെല്ലുവിളികൾ  ഇളക്കുന്നത്. അതിനെയാണ് 'വെല്ലുവിളിക്കുന്നവരുടെ അടിത്തറ ഇളകും' എന്ന ദൈവികമായ ഭീഷണി കൊണ്ട് നേരിടുന്നത്. അധികാരം അത്രമാത്രം  കഠിനമാണെങ്കിൽ വിയോജിപ്പിനെയൊക്കെ അടിച്ചമർത്തിക്കൊണ്ട് മുറവിളികൂട്ടുന്നവരെയൊക്കെയും ഉന്മൂലനം ചെയ്തെന്നും വന്നേക്കാം.  എന്നാൽ അതൊക്കെയും രാഷ്ട്രീയമായ (ആധിപത്യത്തിന്റെയും പദവികളുടെയും സിംഹാസനങ്ങളുടെയും) രീതികളാണ്.

ആന്തരികതയെ അല്പമെങ്കിലും സാരമായെടുക്കുന്ന സംവിധാനമുണ്ടെങ്കിൽ, ഒരു സമൂഹത്തിന്റെ ആകമാനം അടിത്തറയിളകുന്നത് നീതിയും ധർമവും നശിക്കുമ്പോഴാണ്. അത് ആരു വഴിയുമാകാം. നീതിയും ധർമവും നിയമാധിഷ്ഠിതമെന്നതിനേക്കാൾ മൈത്രിയും സമാധാനവും ഉൾച്ചേർന്നിട്ടുള്ളതാണ്. അത് ആഗ്രഹിക്കാത്തവർ ഏതു ദൈവത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിലാണെങ്കിലും നീതിയും ധർമ്മവും ആഗ്രഹിക്കുന്നില്ല എന്നാണ് അർത്ഥം. ആധികാരികത, അധികാരസ്ഥാനത്തേക്കാൾ സത്യം, നീതി, സ്നേഹം, സഹാനുഭൂതി, നന്മ എന്നിവയുടെ ഒന്നു ചേരലിലാണ്. അത്തരം ഒരു സാമൂഹിക സംവിധാനവും, അതിൽ പാലിക്കാവുന്ന രീതികളും Fratelli Tutti വിഭാവനം ചെയ്തിരുന്നു.

ജെറെമിയായുടെ വാക്കുകൾ മൂലം, അയാളുടെ കുടുംബവും കുഞ്ഞുങ്ങളുമൊക്കെ അടിത്തറയിളകി നശിക്കണമായിരുന്നു. എന്നാൽ ആരു മൂലമാണ് ദേവാലയത്തിന്റെ തന്നെ അടിത്തറ ഇളകി നശിച്ചത്? 

ഓഗസ്റ്റ് 13, 2022

കുഞ്ഞുങ്ങളെപ്പോലെ

 കുഞ്ഞുങ്ങളെപ്പോലെ ആവണമെന്ന് ക്രിസ്തു പല ആവർത്തി പഠിപ്പിച്ചതാണ്. എന്നാൽ ഒന്നുമറിയാത്ത, ഒന്നിനും കഴിയാത്ത, ഒരു ആരോമലുണ്ണിയോട് "അച്ചൂടാ" എന്ന് പറയുന്ന ഒരു കൗതുകാനുഭവമല്ല ദൈവം നമ്മിൽ നിന്ന് തേടുന്നത്. തീർച്ചയായും, കൈവച്ചനുഗ്രഹിക്കാൻ തനിക്കരികെ കൊണ്ട് വരപ്പെട്ട കുഞ്ഞുങ്ങളോട് വാത്സല്യത്തോടെ തന്നെയാവണം ക്രിസ്തു കൈ വച്ച് അനുഗ്രഹിച്ചത്. ദൈവപിതാവും അത്തരം വാത്സല്യം നമുക്ക് നൽകുന്നുണ്ട്.


എന്നാൽ, ശിഷ്യത്വത്തിന്റെ അടിസ്ഥാന ഗുണമായാണ് 'ശിശുക്കളെപ്പോലെ' ആവുക എന്ന് ക്രിസ്തു പഠിപ്പിച്ചത്. ശിശു സഹജമായ തുറവി, ആശ്രയബോധം, സ്വീകാര്യത എന്നിവയാണ് അവിടെ സത്തയായി നിൽക്കുന്നത്. "പാല് കുടിക്കേണ്ട പൈതങ്ങൾ" എന്ന് പുച്ഛിച്ചു മാറ്റിനിർത്തപ്പെട്ടവരാണ് പാവങ്ങളും, സ്ത്രീകളും, കുട്ടികളും, 'പാപികൾ' എന്ന് വിളിക്കപ്പെട്ടവരും. 'മുതിർന്നവരും' നിയമം അറിഞ്ഞവരും ധാർമ്മികരും, അങ്ങനെ വിശുദ്ധിക്ക് ഉടമകളായിരുന്നവരും സുവിശേഷത്തെ അവഗണിച്ചപ്പോൾ അത് സ്വന്തമാക്കിയത് 'ശിശു'ക്കളായിരുന്നു. ചുരുക്കത്തിൽ, 'കുഞ്ഞുങ്ങളെപ്പോലെ' ആവുക എന്നത് നിഷ്കളങ്കമായ ഒരു ഓമനത്വത്തിലേക്ക് ചുരുക്കി നിർത്താവുന്നതല്ല.

ശിശുസഹജമായ തുറവി, ആശ്രയബോധം, സ്വീകാര്യത, എന്നാൽ പാലിക്കപ്പെടണമെങ്കിൽ വലിയ പക്വത ആവശ്യമുള്ളതാണെന്ന യാഥാർത്ഥ്യമാണ് ശിഷ്യത്വത്തിന്റെ മൂല്യവും. തുറവിയില്ലാതെ മുൻവിധികൾ വച്ചുകൊണ്ട് വളർച്ച കൈവരിക്കാനാവില്ല. അത് വെളിപാടോ പ്രബോധനമോ, അനുഭവമോ, തകർച്ചയെ എന്തുമാവട്ടെ, തുറവിയിൽ നിന്നാണ് പഠിക്കുന്നതും വളരുന്നതും. ഒരാൾ നമ്മുടെ നന്മ ആഗ്രഹിക്കുന്നു എന്ന ഉറപ്പിൽ നിന്നും ആണ് അവരിൽ വിശ്വാസം അർപ്പിക്കുന്നതും പരസ്പരാശ്രയബോധമുണ്ടാകുന്നതും. ദൈവത്തെ ഭയക്കുന്നതിലോ നിയമങ്ങളുടെ നിഷ്ഠകളുമായി കൂട്ടിക്കെട്ടി വെക്കുന്നതോ ഈ വിശ്വാസമോ ആശ്രയബോധമോ നൽകുന്നില്ല. അതുകൊണ്ടു തന്നെ, ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കപ്പെടുന്നുമില്ല. നമ്മൾ സ്വീകരിക്കപ്പെടുന്നു എന്ന ബോധ്യമാണ് സ്വന്തമെന്ന അനുഭവത്തിനു ആഴം നൽകുന്നത്.

'കുഞ്ഞുങ്ങളെപ്പോലെ ആകുന്നവരാണ് ദൈവരാജ്യത്തിനു അർഹരാകുന്നത്' എന്നതുകൊണ്ട് എല്ലാവരെയും തുല്യതയോടെ കാണാൻ കഴിയുക എന്നതും ശിശുസഹജവും ശിഷ്യത്വത്തിന്റെ അടയാളവുമാണ്.

കൂടെ ഒന്നുകൂടെ പറഞ്ഞുവയ്ക്കട്ടെ: യേശുവിനെ പിതാവേ എന്ന് വിളിക്കുന്നത് ദൈവശാസ്ത്രപരമായി ശരിയല്ല. അങ്ങനെ ഒരു പ്രയോഗം ചില സ്ഥലങ്ങളിലുണ്ട്.

ഓഗസ്റ്റ് 10, 2022

ആരാധനയിൽ പിറക്കേണ്ട സ്വാതന്ത്ര്യം

പലർക്കും ദൈവം ഒരു ഭാരമാകുന്ന ചില സന്ദർഭങ്ങളുണ്ട്. ദൈവത്തോട് ആത്മാർഥത കാണിച്ചാൽ സ്വന്തം വക്രതകൾക്ക് ഇടമില്ല എന്ന് മനസിലാക്കുന്നിടത്താണ് അത്. 

ദൈവപുത്രനിൽ തെറ്റു കാണുവാനായി മാത്രമാണ് നിയമവിദഗ്ദ്ധരും ജനപ്രമാണികളും ശ്രമിച്ചത്. നിബന്ധനകളും ചട്ടങ്ങളും മാത്രമാണ് അവരുടെ പരിഗണനയിൽ ഉള്ളത്. അവർ കഠിനഹൃദയരായിരുന്നു എന്നതു മാത്രമല്ല, സാധാരണ ജനത്തെ അവർ അവരുടെ നിയമങ്ങൾ കൊണ്ട് അമർച്ച ചെയ്തു എന്നതു കൊണ്ടാണ് അത് യേശുവിൻ്റെ ഹൃദയത്തെ ഭാരപ്പെടുത്തിയത്. നിയമങ്ങളുടെയും സംവിധാനങ്ങളെയും പേരിൽ ദൈവത്തെത്തന്നെ ഉപേക്ഷിച്ച് കളഞ്ഞ ആവർ അധികാരവും സാമ്പത്തികക്രമവും നിലനിർത്തുവാനായി ദൈവത്തിൻ്റെ പേരു തന്നെ ഉപയോഗിച്ചു.

നിയമങ്ങളുടെയും പാരമ്പര്യങ്ങളുടെയും ആചാരങ്ങളുടെയും   ഭിത്തിക്കുള്ളിൽ തളച്ചിടപ്പെട്ടതാണ് ദൈവമെന്നു കരുതുന്ന ഏത് മതസംവിധാനവും പരാജയമാണ്. ഭരിക്കാൻ ആഗ്രഹിക്കുന്നവരുടെ ദ്രവിച്ച  ഹൃദയം ആണത്. ദൈവത്തിനു തന്നെ അസഹ്യമാണവ. കാരണം, അവയെ നിലനിർത്താനായി അനീതി പ്രോത്സാഹിപ്പിക്കപ്പെടും. 

ആടുമാടുകളുടെ കൊഴുപ്പ് തീയിലെരിയുന്നതിൻ്റെ സുഗന്ധം ആസ്വദിച്ചു സംപ്രീതനായി പാപം ക്ഷമിക്കുകയും അഭിവൃത്തി  ചൊരിയുകയും ചെയ്യുന്ന ദൈവം യേശുവിനു പരിചിതനല്ല. ദൈവപരിപാലന, ദൈവമക്കളെന്ന അനുഭവം, അതിലെ സ്വാതന്ത്ര്യം ഇവയൊക്കെയായിരുന്നു  യേശുവിൻ്റെ പ്രധാന സംസാരവിഷയം. അതുകൊണ്ട്, അന്ധർക്ക് കാഴ്ചയും ബധിരർക്കു കേൾവിയും മർദ്ധിതർക്കു മോചനവും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും ദൈവത്തിനു സ്വീകാര്യമായ സമയവുമൊക്കെയായിരുന്നു അവന്റെ ആരാധനയിലും ജീവിത ക്രമത്തിലും സത്തയായുണ്ടായിരുന്നത്.

കൃതജ്ഞത, ദൈവപരിപാലനയിലുള്ള ആശ്രയം എന്നിവ ജനിപ്പിക്കുന്ന  സമാധാനമാണ്‌ പ്രാർത്ഥനയുടെയും ആരാധനയുടെ യഥാർത്ഥ വേദി. "എന്നെ അങ്ങ് കേട്ടതിനാൽ അങ്ങേക്ക് നന്ദി" എന്ന് പറഞ്ഞു പ്രാർത്ഥിക്കുന്ന ക്രിസ്തു പഠിപ്പിക്കുന്നത് അതാണ്. ഹൃദയം തുറക്കാത്ത  ദൈവത്തിനു മുമ്പിൽ നിലവിളിച്ചുണർത്തേണ്ടി വരുന്ന ഭക്തിരൂപങ്ങൾ യേശുവിൻ്റെ ദൈവബോധവുമായി  ബന്ധമില്ലാത്തതാണ്. പണമോ സ്വർണ്ണമോ നൽകിയാൽ മാത്രം അളന്നു നല്കപ്പെടുന്നതല്ല ദൈവാനുഗ്രഹം. കുരിശിലെ തന്റെ ബലിയിൽ, രക്തമർപ്പിച്ച് ദൈവത്തെ പ്രീതിപ്പെടുത്താമെന്നോ അതുവഴി പാപമോചനം സാധ്യമാക്കാമെന്നോ അല്ല, മറിച്ച് സ്വയംദാനമായി ജീവദായകമാവുകയാണ് ക്രിസ്തുവിൻ്റെ ബലി. അതായിരുന്നു സ്വീകാര്യമായ യഥാർത്ഥ ബലി. അത് അനുഷ്ഠാനമായിട്ടല്ല ജീവിതമൂല്യമായാണ് നൽകപ്പെട്ടത്. അനീതിക്കിരയായി വധിക്കപ്പെടുമ്പോഴും, സ്നേഹം മൂലം അതിനെ ജീവദായകമാക്കിയവനാണ് ക്രിസ്തു. നീതിക്കായുള്ള അത്തരം ദാഹവും, സ്നേഹവുമേ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കും അതിലുള്ള ആനന്ദത്തിലേയ്ക്കും നമ്മെ നയിക്കൂ.

അനേകർക്ക്‌ ജീവനായി സ്വജീവൻ പകർന്നു നൽകുകയാണ് ജീവിതബലി. അനുഷ്ഠാനങ്ങൾ നിയമങ്ങളും വ്യവസ്ഥകളും കൊണ്ട് നിറക്കുമ്പോൾ പോഷിപ്പിക്കപ്പെടുന്നത് ഒരു ദേവാലയക്രമം മാത്രമാണ്. സ്വയംദാനമായ മരണം, ഉയിർപ്പിന്റെ മഹത്വം, അവയെ ജീവിതസത്തയാക്കുന്ന ജീവിതം ഇവയെ ഒരുമിച്ചു നിർത്താനും അനുഭവമാക്കാനും കഴിയാത്ത ബലികൾ ഹൃദയമില്ലാത്തതാണ്. അവ ദൈവത്തെ ഭാരപ്പെടുത്തുന്നു. അൾത്താരയും ബലിയും ആധിപത്യത്തിന്റെ ക്രൂരമുഖമുള്ള ബിംബങ്ങളാകും. 

സമഗ്രത, നീതി, സത്യം, സമാധാനം തുടങ്ങിയവ സാമൂഹിക മൂല്യങ്ങൾ ആയി മാറ്റി നിർത്തപ്പെടരുത്. ആരാധനാക്രമങ്ങൾക്ക് ജീവനുള്ളതാണെങ്കിൽ അവ ആരാധനയുടെ പ്രധാന മനോഭാവങ്ങളാകും. സ്വയം ദാനമാകുന്നതും, ബന്ധപ്പെട്ടിരിക്കുന്ന ആളുകൾക്കായി  സ്വാതന്ത്ര്യത്തിന്റെ ഉപകരണമാകുന്നതും ബലിയെ ജീവനുള്ളതാക്കും. ദൈവപ്രീതിയും അനുഗ്രഹലപ്തിയും ക്രിസ്തുവിന്റെ ആരാധനയിലെ പ്രേരണയോ ലക്ഷ്യമോ അല്ല. ക്രിസ്തുവിൽ ഒന്നായി ജീവൻ അനുഭവിക്കുക എന്നതാണ് ആരാധനയുടെയും, നിയമങ്ങളുടെയും, ധാർമികതയുടെയും ഉദ്ദേശ്യം. അതിന് ശ്രമിക്കാത്ത ഏതൊരു ക്രമവും ക്രിസ്തുവിന്റേതല്ല. 

സത്യവും നീതിയും ഇല്ലാതാകുന്നെങ്കിൽ പ്രബോധനാധികാരത്തിന് ആധികാരികത നഷ്ടപ്പെടുകയാണ്. ജീവന്റെയും സ്വാതന്ത്ര്യത്തിന്റെയും ഈ അനുഭവം ബലിവേദികളിൽ നഷ്ടമാകുമ്പോൾ ദൈവജനം ദൈവം വസിക്കുന്ന തങ്ങളുടെ ഭവനങ്ങളിൽ സ്വയം കൂദാശയാകാൻ ആത്മാർത്ഥ പരിശ്രമം നടത്തും. അവരെ പതിവുശീലം പോലെ ദൈവവിരോധികളായി വിധിക്കാം, അൾത്താരക്ക് മുമ്പിൽ മുട്ടുകുത്തിച്ച് തങ്ങൾ ഉപദേശിക്കുന്നത് മാത്രം വിശ്വസിച്ച് ഐക്യം സൃഷ്ടിക്കാൻ ആവശ്യപ്പെടാം.  'സാധാരണക്കാർ' ബുദ്ധിശൂന്യരാണെന്നു കരുതുന്ന പൗരോഹിത്യ ആധിപത്യത്തിന് എന്നാൽ അവരുടെ ദാഹത്തെ ഇല്ലാതാക്കാനാവില്ല. പുരോഹിതനില്ലാതെ കൂദാശയില്ലെന്നും, കൂദാശയില്ലാതെ സഭയില്ലെന്നുമുള്ള പഴയ യുക്തി, ദൈവം സന്നിഹിതനായിരിക്കുന്നിടത്തെല്ലാം സഭയുണ്ടെന്നും, അത് അതിരുകളില്ലാത്ത വാതിലായ ക്രിസ്തുവിൽ ഒരുമിച്ചു ചേർക്കപ്പെട്ട സൃഷ്ടികളെല്ലാമാണെന്നും ബോധ്യപ്പെട്ടു വളരുന്ന പുതിയ തലമുറക്കു മുമ്പിൽ അർത്ഥശൂന്യമാണ്‌. 

ഓഗസ്റ്റ് 09, 2022

ദൈവം നമ്മെ നയിക്കട്ടെ

സജിത്ത് ബ്രദറിന്റെ മാനസാന്തരത്തിലെയോ, അദ്ദേഹത്തിന്റെ ശുശ്രൂഷയിൽ സംഭവിച്ചതായി പറയുന്ന സൗഖ്യത്തിലെയോ സത്യാവസ്ഥ അവർക്കു മാത്രം അറിയാവുന്നതാണ്. ദൈവം നമ്മെ നയിക്കട്ടെ.

ദൈവം സൗഖ്യം നൽകുന്നു എന്നു തന്നെയാണ് എന്റെ വിശ്വാസം. കാരണം ദൈവം ജീവദാതാവാണ്‌. സൗഖ്യത്തിന്റെ വരം പരിശുദ്ധാത്മാവ് സഭയുടെ നന്മക്കും സാക്ഷ്യത്തിനുമായി നൽകുന്നതുമാണ്. എങ്കിലും, അത്ഭുതവും സൗഖ്യവും ഇന്ദ്രജാലമാക്കി മാറ്റുന്ന ശൈലി ദൈവത്തിന്റേതല്ല. കരിസ്മാറ്റിക് നവീകരണം ഒരു ദിശയിൽ നവീകരണം തുടങ്ങി വച്ചുവെങ്കിൽ, മറ്റൊരു ദിശയിൽ ക്രിസ്ത്യൻ രാഷ്ട്രീയ ആധിപത്യത്തിന്റെ ഉപകരണമായി. സുവിശേഷ ശക്തിയുടെ തെളിവിന്റെ പ്രതീതിയായി വലിയ ജനക്കൂട്ടവും രോഗശാന്തിശുശ്രൂഷയും സംഗീതവിരുന്നുമൊക്കെയായി. ചില ഗ്രൂപ്പുകൾ മാർക്കറ്റിംഗ് ബ്രാൻഡുകളായതാണ് നവീകരണ ലക്ഷ്യത്തെ നഷ്ടപ്പെടുത്തിയത്. ഈ ദിശാമാറ്റം കേരളത്തിലും വ്യക്തമായി കാണാവുന്നതാണ്.

സൗഖ്യ ശുശ്രൂഷകളിൽ മികച്ചു നിന്ന പാസ്റ്റർ മാരിൽ ചിലർ കത്തോലിക്കാ സഭയിലേക്കു വരുന്നു എന്നതിനെ ആഘോഷമാക്കിയവരാണ് നമ്മുടെ ആത്മീയ മാധ്യമങ്ങളിൽ ഏറെയും. വിശ്വാസത്തിൽ ബോധ്യപ്പെട്ട ഒരാൾ അത്തരം ഒരു നിലപാട് സ്വീകരിക്കുന്നതിൽ അപാകതയൊന്നുമില്ല. എന്നാൽ അവർ, കടന്നു വന്ന വിശ്വാസത്തിൽ വളരാനും, ബോധ്യങ്ങളിൽ കൂടുതൽ ആഴപ്പെടുവാനും കുറച്ചു കാലം നീക്കി വയ്ക്കുന്നത് നല്ലതാണ്. അത്തരം മാർഗരേഖകൾ ഉണ്ടായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ദൈവികപുരുഷർ ദൈവരാജ്യത്തിന്റെ കുത്തകാവകാശം ഏറ്റെടുത്തതു മുതൽ ഇത്തരം മാർഗ്ഗരേഖകൾക്കു വിലയില്ലാതായതാവണം. എന്നാൽ ആഘോഷകരമായ സ്വീകരണ പരിപാടികൾക്ക് ശേഷം അടുത്ത ദിവസം മുതൽ ശുശ്രൂഷയിലേക്കു കടക്കുന്നതാണ് പലപ്പോഴും കണ്ടത്.

"തിരികെ വരുന്നവർ പുതിയ മേച്ചിൽപ്പുറം തേടുകയാണെന്ന്" ഈ പ്രവണതകളെ സൂചിപ്പിച്ചു കൊണ്ട് എഴുതിയിരുന്നു. അവരുടെ മാനസാന്തരം വ്യക്തിപരമായതു കൊണ്ട് അതിനെ വിധിക്കാൻ ഞാൻ ആരുമല്ല. പക്ഷേ, പലരും പുറം മോടിയിൽ മാത്രം കത്തോലിക്കർ ആയതും, ചെയ്തു പോന്ന അതേ ശൈലികൾ തുടർന്നും ആവർത്തിച്ചു പോരുന്നതുമായി ശ്രദ്ധിക്കപ്പെടുന്നതുകൊണ്ടാണ് അങ്ങനെ ഒരു സൂചന നൽകിയത്.

ഇതൊക്കെയാണെങ്കിലും, ഇവിടെ സജിത്ത് ബ്രദർ കരുവാക്കപ്പെടുകയാണെന്നാണ് എന്റെ വിലയിരുത്തൽ. ആരാണ് സജിത്ത് ബ്രദറിനെ പ്രൊമോട്ട് ചെയ്യുന്നത്? അതുമൂലം മത്സരത്തിലാകുന്ന മറ്റു ഗ്രൂപ്പുകൾ ഏതാണ്? ഇവർ രണ്ടു കൂട്ടരുടെയും ലക്ഷ്യങ്ങൾ എന്താണ്? ഇത്രയും പ്രകടമായ വിമർശനം പലപ്പോഴും ഉണ്ടാകാറില്ല എന്നതുകൊണ്ട് തന്നെയാണിത്.

TB Joshua യുടെ പ്രഭാഷണങ്ങളുടെയും ശുശ്രൂഷകളുടെയും തനിയാവർത്തനം ചെയ്ത പുരോഹിതൻ ഈ കാലത്തിന്റെ പ്രവാചകനായി കാണപ്പെട്ടു. Joel Osteen ന്റെയും അതുപോലുള്ള പ്രശസ്തരായ ഉന്നതിയുടെ സുവിശേഷകരുടെ ശൈലിയും ആശയങ്ങളും ഏറ്റെടുത്തു പ്രവാചകനും സൗഖ്യദായകനുമായ പുരോഹിതനില്ലേ? കത്തോലിക്കാ സഭയുടെ ഏതു മരിയൻ ദൈവശാസ്ത്രമാണ് കൃപാസനത്തിന്റെ ശുശ്രൂഷകൾക്ക് അടിസ്ഥാനം. Divine Mercy Shrine Of Holy Mary യുടെ പ്രധാന ഭക്തി രൂപങ്ങളിൽ ആത്മാക്കളെക്കുറിച്ചു പഠിപ്പിക്കുന്നതിൽ കത്തോലിക്കാ സഭയുടെ ഏതു ദൈവശാസ്ത്ര പിൻബലമാണുള്ളത്? പഠിക്കുക പോലും ചെയ്യാതെ റാങ്ക് നേടുന്ന അത്ഭുതങ്ങൾ നിരന്നപ്പോൾ അവക്ക് സാധുത നൽകിയ മൗനം ദൈവികമായിരുന്നില്ല. ആളുകളെ വിശ്വാസത്തിൽ ഉറപ്പിക്കാനും, ഏകദൈവത്തിന്റെ അസൂയാലുതയെക്കുറിച്ചു ഓർമ്മിപ്പിക്കാനും ബൈബിൾ പ്രബോധനം ഏറ്റെടുത്ത മറ്റൊരു ദൈവപുരുഷൻ കത്തോലിക്കാസഭ ബൈബിൾ പഠനത്തെക്കുറിച്ചു നൽകുന്ന മാർഗരേഖകൾ ഒന്നും തന്നെ പാലിച്ചു കൊണ്ടായിരുന്നില്ല പഠിപ്പിച്ചിരുന്നത്. വചനപ്രസംഗങ്ങൾ പഴയനിയമത്തിന്റെ വിശ്വസ്തപാലകരാക്കാൻ ഉതകും വിധമുള്ള ശൈലി സ്വീകരിച്ചപ്പോൾ ആരും കണ്ടില്ലെന്നു കരുതുന്നത് ശരിയല്ല. ജനം അവർക്കു പിറകെ ആയിരുന്നത് കൊണ്ട് തിരുത്തുന്നത് പ്രായോഗികമായി യുക്തമല്ലെന്നു കണ്ടിട്ടുണ്ടാവണം, വിശ്വാസത്തെ നശിപ്പിക്കുമെങ്കിൽക്കൂടി. 'ദൈവശുശ്രൂഷ മാത്രം' ചെയ്യുന്ന പ്രശസ്തമായ മാധ്യമ ശുശ്രൂഷയിൽ കൂടുതൽ evangelical പ്രവണതകൾ കാണപ്പെടുന്നത് നിരീക്ഷിക്കേണ്ടതില്ലേ? മാർപാപ്പയ്ക്ക് സ്തുതി പറയുന്ന അതേ മാധ്യമങ്ങൾ മാർപാപ്പയുടെ പ്രസംഗങ്ങളുടെയോ സഭാപ്രബോധനങ്ങളുടെയോ ചിലവ അവഗണിച്ചു കളയപ്പെടുന്നത് കാരണമില്ലാതെയാണോ? വെളിപാട് / അന്ത്യകാല എഴുത്തുകളെ, ബൈബിളിലുള്ളതോ അടുത്തകാലത്തുള്ളതോ ആവട്ടെ എങ്ങനെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യണം എന്നത് സഭയുടെ പ്രബോധനങ്ങളിലുണ്ട്. ബൈബിളിലെ അത്തരം ഭാഗങ്ങളെ അക്ഷരാർത്ഥത്തിലെടുക്കുകയും ബൈബിൾ പ്രവചനങ്ങളുടെ പൂർത്തീകരണമെന്നു വാദിക്കുകയും ചെയ്യുന്ന evangelical പ്രവണത സ്വന്തമാക്കിയ അന്ത്യകാല വ്യാഖ്യാതാക്കൾ നമുക്കിടയിൽ എത്രയോ പ്രശസ്തരാണ്. മാത്രമല്ല, ദർശകരുടെ കൃതികളെ അമിതപ്രാധാന്യം നൽകി ദൈവികമാക്കുന്നതും സാധാരണമാണ്.

എന്താണ് ഇപ്പോൾ സൗകര്യമായത് എന്നതനുസരിച്ച് സ്വീകാര്യത നൽകപ്പെടുകയും, അത്തരം സ്വീകാര്യത അവയെ സത്യവും വിശ്വാസവുമാക്കുന്ന കാഴ്ചയാണ് ഇന്ന് പൊതുവേയുള്ളത്. അവിടെ റിയാലിറ്റി ഷോകളാകുന്ന ശുശ്രൂഷകളിൽ, ശുശ്രൂഷകൻ എന്നതിന് പകരം താരമാകുന്ന പ്രസംഗകന് ദൈവികത നല്കപ്പെടുന്നതിൽ അതിശയിക്കാൻ ഒന്നുമില്ല.

ഉത്തരവാദിത്തപ്പെട്ടവരുടെ മൗനം നിർഭാഗ്യകരം മാത്രമല്ല, ആശങ്കാജനകവുമാണ്. സഭ വ്യക്തമായ മാർഗരേഖകൾ നൽകിയിട്ടുണ്ട് എന്ന ന്യായീകരണം അസ്ഥാനത്താണ്. ആർക്കൈവിൽ എവിടെയെങ്കിലും ഒരു സർക്കുലർ ഉണ്ട് എന്നത് കൊണ്ട് ഉപകാരമില്ല. 'സാധാരണക്കാരായ' ആളുകളുടെ അറിവിലേക്ക് അത് നല്കപ്പെടണം. പ്രത്യേകിച്ച്, വിശ്വാസത്തിന്റെതല്ലാത്ത ശൈലിയോ പ്രബോധനമോ ശ്രദ്ധിക്കപ്പെടുമ്പോൾ അതിനു എത്രയും വേഗം വ്യക്തത വരുത്തേണ്ടതുണ്ട്. People with religious content എന്ന അവസ്ഥയിലേക്കെത്തിച്ചേർന്നിരിക്കുന്ന അനേകർ ഇന്ന് നമുക്കിടയിലുണ്ട്. സമൂഹത്തിന്റെ വിശ്വാസവും ആരോഗ്യവും അജപാലന രംഗത്തെ കരുതലിന്റെ ഭാഗമാണ്.

ഓഗസ്റ്റ് 07, 2022

ചർച്ച ചെയ്യേണ്ടത്

 'ദൈവമെവിടെയെന്നും, ദൈവമെങ്ങനെ മനുഷ്യരോട് ഇടപെടുന്നുവെന്നും' തങ്ങളുടെ നിലപാടുകളിലൂടെയും പ്രവർത്തനക്രമങ്ങളിലൂടെയും വിശ്വാസികളോട് തങ്ങൾ എന്താണ് പറയുന്നത് എന്നാണ് സീറോ മലബാർ സിനഡ് അടിയന്തിരമായി ധ്യാനിക്കേണ്ടത് / ചർച്ച ചെയ്യേണ്ടത്.

കല്പിതമാക്കപ്പെട്ട ഒരേ ഭാഷയും ഒരേ സംസ്കൃതിയും വഴി ഒറ്റ ജനതയാകാൻ ശ്രമിച്ചവരുടെ അന്ത്യം എക്കാലത്തും പാഠമാണ്.
ആരാധനയുടെയും പാരമ്പര്യത്തിന്റെയും പേരിൽ, 'ഞാൻ' ജയിക്കുകയും ദൈവം പരാജയപ്പെടുകയും ചെയ്യുമ്പോൾ, ദൈവമഹത്വം തേടുന്ന വ്യക്തി, സഭ, പൗരോഹിത്യം എന്നിവയൊക്കെ എത്രയോ അകലെയാണ്! അധികാരം കൊണ്ട് സംഭവ്യമാക്കാവുന്നതല്ല ദൈവാരാധന.