Gentle Dew Drop

ഫെബ്രുവരി 01, 2020

ആത്മാവുള്ളവർക്ക് ആത്മവിമർശനം ആകാം

വിശ്വാസങ്ങളിലെ മൗലികഘടകങ്ങളെ ചേർത്തുപിടിച്ച് ഇന്നിന്റെ പരിസ്ഥിതിയിൽ വളരുവാനാണ് നമുക്ക് സ്വന്തം വിശ്വാസങ്ങളിൽ നല്ല ബോധ്യങ്ങൾ വേണ്ടത്. പകരം ചില രാഷ്ട്രീയ ആദർശങ്ങളിലേക്കും അത്തരം സമീപനരീതികളിലേക്കും ചുരുങ്ങിപ്പോകുന്നതാവരുത് ക്രിസ്തീയ വിശ്വാസം. സഭ ലോകത്തിനു അടയാളമാകുന്ന ഒരു സമൂഹമാകുന്നത്,  ക്രിസ്തുസമീപനങ്ങൾ സ്വന്തം ബോധ്യങ്ങളാക്കാൻ ആത്മധൈര്യം നേടിയവരും പക്വതയുള്ള മനുഷ്യരുമായിത്തീരാൻ നമുക്കും പുതുതലമുറക്കും കഴിയുമ്പോഴാണ്. എന്നാൽ ക്രിസ്തീയത ആദര്ശമായി മാറുകയും, ക്രിസ്‌തുജീവിതം ഏതാനം നിഷ്ഠകളിലേക്കു ചുരുങ്ങിപ്പോവുകയും ചെയ്യുമ്പോൾ നഷ്ടപ്പെടുന്നത് ഉള്ളിലുണ്ടാവേണ്ടിയിരുന്ന ക്രിസ്തുചൈതന്യം തന്നെയാണ്.

സാംസ്കാരികമാറ്റങ്ങളുടെ പശ്ചാത്തലത്തിൽ പല ഘട്ടങ്ങളിലും മതമൗലികത വളർന്നുവന്നിട്ടുണ്ട്. ഇന്നത്തെ തീവ്രവാദമതമൗലികതയും ന്യൂ എയ്‌ജ് കാല്പനികതയും അത്യാധുനികകാലത്തെ മതാവിർഭാവത്തിന്റെ രണ്ടു വശങ്ങളാണ്. തനിമ നഷ്ടപ്പെടുന്നു എന്ന് ഭയക്കുന്ന ദേശങ്ങളും സംസ്കാരങ്ങളും ഭാഷകളും മതങ്ങളും ഇവയെ രാഷ്ട്രീയവത്കരിക്കുകയെന്നത് സ്വയം നിലനിർത്താനയി ഉപയോഗിക്കുന്ന എളുപ്പവഴിയാണ്. എന്തുകൊണ്ടോ ഒരു ഗോളാന്തര പ്രതിഭാസമായി, അല്ലെങ്കിൽ സാംസ്‌കാരിക പ്രവണതയായി ഇവ നമ്മുടെ വിചിന്തന വിഷയമാവാറില്ല. വിശ്വാസത്തിനുമുപരി മതം ഇന്ന്  രാഷ്ട്രീയ ആയുധമാവുകയാണ്. അതിനു വേണ്ടിവരുന്ന  കപടതകളെ  പ്രശംസിക്കുന്നവർ അതേ സമയം മറ്റൊരു വിഭാഗത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് യുക്തിയുമല്ല നീതിയുമല്ല. മതം അതിനു കാരണമാകുന്നുണ്ടെങ്കിൽ മതത്തിനുള്ളിൽ തന്നെ അതിനെ തിരിച്ചറിയുകയും തിരുത്തുകയും വേണം. മറ്റു മതത്തിലെ കുറവുകൾ കൂടുതൽ പ്രചരിക്കപ്പെടുമ്പോൾ സ്വന്തം മതത്തിൽ അനാരോഗ്യപരമായി വളരുന്ന മൗലികവാദം നോക്കിക്കണ്ടു തിരുത്തുന്നില്ലെങ്കിൽ സ്വന്തം വിശ്വാസത്തോടും വിശ്വാസികൾ അനീതി കാണിക്കുകയാണ്. വിശ്വാസത്തിന്റെ മൂല്യങ്ങളിലേക്ക് നടന്നു കൊണ്ടാണ് നവീകരണം സംഭവിക്കേണ്ടത്. മറ്റൊരു സമൂഹത്തെ ഇകഴ്ത്തുവാനോ തകർക്കുവാനോ ലക്‌ഷ്യം വച്ചുള്ള ഒരു പ്രയത്നവും  നവീകരണമല്ല.

(ധ്യാനമില്ലാത്ത)  'ധ്യാനങ്ങൾ' ബോധവത്കരണ സംരംഭങ്ങളാകുമ്പോൾ ആളുകളിൽ ഉറച്ചു പോകുന്നതും ഇത്തരം മതസംസ്‌കാര (religious culture) പ്രവണതകളാണ്. ഏതാനം 'ധ്യാനങ്ങൾ' (ബോധവൽക്കരണ സെമിനാർ) അപരരെ സംശയിക്കാൻ പ്രേരിപ്പിക്കുകയും ഭീതി ജനിപ്പിക്കുന്നതുമായിത്തീർന്നിട്ടുണ്ട്. നമ്മുടെ കുഞ്ഞുങ്ങളുടെ വിശ്വാസപരിശീലനമാണോ അവയുടെ യഥാർത്ഥ ഉദ്ദേശ്യം എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. കൂടെ പഠിക്കുന്നവരെ, കൂടെ യാത്ര ചെയ്യുന്നവരെ, കൂടെ കളിക്കുന്നവരെ അങ്ങനെ കാണുവാനാണോ നമ്മൾ പരിശീലിപ്പിക്കേണ്ടത്? അങ്ങനെയാണോ ക്രിസ്തു നമ്മളെ പഠിപ്പിച്ചത്? ആത്മീയതയുടെ അടയാളം പരസ്പര വിശ്വാസ്യതയും സമാധാനവും ഒത്തൊരുമയുമാണ്. തമ്മിലടിപ്പിക്കുന്ന പാരമ്പര്യങ്ങളിലും അടയാളങ്ങളിലും ഒരു ആത്മീയസത്തയും ഉൾച്ചേർന്നിട്ടില്ല.

ക്രിസ്ത്യൻ പെൺകുട്ടികൾ പ്രണയത്തിലായി അന്യമതത്തിലുള്ളവരെ സ്വീകരിക്കുന്നുണ്ടെങ്കിൽ അതിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ എത്രമാത്രം ശ്രമം നടത്തിയിട്ടുണ്ടെന്നത് മാത്രം അറിയില്ല. ഇത് സാംസ്കാരികമാറ്റത്തിന്റെ ഭാഗമാണോ? എങ്കിൽ ഒരു സമുദായത്തെ കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ല. സഹപാഠികൾ ബ്രെയിൻ വാഷ് നടത്തുന്നതാണോ? എങ്കിൽ നമ്മുടെ മതബോധനങ്ങളും ഒരു കുറവുമില്ലാത്ത ധ്യാനങ്ങളും അവയിലൂടെ ഇടവിടാതെ ഹൃദ്ദിസ്ഥമാക്കപ്പെടുന്ന ബൈബിൾ വാക്യങ്ങളുടെയും ഫലം എവിടെയാണ്? മയക്കുമരുന്നോ പ്രണയനാട്യത്തിലൂടെയോ വഞ്ചിക്കപ്പെടുന്നുണ്ടോ? ഇവയിലും ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ല. ബന്ധങ്ങളിലെ possessiveness, commodification ഇവ കൂടി കണക്കിലെടുത്തു കൊണ്ട് വേണം ഇത് മനസിലാക്കാൻ.

'അമിതമായി 'ആത്മീയവൽക്കരിക്കപ്പെട്ട' നമ്മുടെ ആൺകുട്ടികളുടെ പെരുമാറ്റങ്ങളിൽ അപകർഷതയും കുറ്റബോധവും പക്വതക്കുറവും നമ്മുടെതന്നെ പെൺകുട്ടികൾ കാണുന്നുണ്ടോ?  അടുത്തിടപഴകാൻ ആൺകുട്ടികൾ അകാരണമായ അതിരുകൾ സൂക്ഷിക്കുന്നുണ്ടോ? ഇത് വസ്തുതയാണെങ്കിൽ, സൗഹൃദങ്ങളിൽ പോലും അനർഹതയാണ് കാണപ്പെടുന്നതെങ്കിൽ ഇത്തരത്തിലുള്ളവർ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞ് വരാവുന്ന സംഘർഷങ്ങളെ അധികം വൈകാതെ കാണാനാകും. എത്രനാൾ മറ്റുള്ളവരെ പഴിചാരും?

മന്ത്രവാദം ചെയ്ത വസ്ത്രങ്ങളിട്ടും മന്ത്രം ജപിച്ച ശേഷം ഫോൺ ചെയ്തും കുട്ടികളെ മറ്റുള്ളവർ വശീകരിക്കുന്നുണ്ടോ? എത്ര കുർബാന കൂടുകയും പിശാചുക്കളെ ഓടിക്കുകയും ചെയ്യുന്നവരാണ് ക്രിസ്ത്യാനികൾ ഇന്ന്, എന്നിട്ടും മന്ത്രധ്വനിയെ ചെറുക്കാൻ ഉള്ളിൽ ഉണ്ടാവേണ്ട പരിശുദ്ധാത്മാവിനു ശക്തിയില്ലെന്നാണോ? അതോ ഒരുപക്ഷെ നമ്മുടെ ആത്മീയ ചേഷ്ടകൾ പരിശുദ്ധാത്മാവിന്  യഥാർത്ഥത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നാണോ?

ക്രിസ്ത്യൻ പെൺകുട്ടികൾ ആരോടാണ് മനസ് തുറക്കേണ്ടത്? അവരെ (അവരുടെ പ്രണയം ഉൾപ്പെടെ) മനസിലാക്കാനും വേണ്ടവിധം വഴികാണിച്ചു കൊടുക്കാനും  ആരുണ്ട്? കുമ്പസാരത്തിലോ കൗൺസിലിംഗ് ലോ സൂചിപ്പിച്ചാൽ താക്കീതുകളും ശകാരങ്ങളും ശാപഭീതിയും നല്കപ്പെടുന്നതിനാൽ തങ്ങളുടെ ഉള്ളിനെ ഉള്ളിൽത്തന്നെ ഒതുക്കി നിർത്തുന്ന കുട്ടികളുണ്ട്. അതേ 'ആത്മീയ' കാഴ്ചപ്പാടുകൾ സ്വീകരിച്ച ഭവനങ്ങളും അവരുടെ തുറന്നു പറയലിന്  ഒരിക്കലും വേദിയാവില്ല.

ക്രിസ്തുശിഷ്യത്വം ഉപേക്ഷിച്ച സഭ വിദ്വേഷം സ്വയംരക്ഷയാക്കുന്ന അപകടവും ഈ പശ്ചാത്തലത്തിലുണ്ട്. ആരാണ് രക്ഷിക്കപ്പെടുന്നത്? സ്വീകരിച്ചിട്ടുള്ള വിശ്വാസത്തിലും ലഭ്യമായ ശുശ്രൂഷകളിലും വിശ്വാസികൾ മുമ്പോട്ട് പോകുന്നു. കുറേയേറെപ്പേരെങ്കിലും ഒരു നിസംഗമനോഭാവത്തിലേക്കു പോയിട്ടുമുണ്ട്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രിസ്തീയമായ നിലപാടുകളിലേക്ക് എത്ര മാത്രം അവർ നയിക്കപ്പെടുന്നുണ്ട്? കുഞ്ഞുങ്ങളുടെ വ്യക്തിഭാവങ്ങളിൽ സങ്കുചിത മതപാരമ്പര്യ ഘടകങ്ങളോ അതോ ക്രിസ്തുവിന്റെ മനോഭാവങ്ങളോ വളരുന്നത്?

നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന അവസ്ഥയിൽ (പലപ്പോഴും സാങ്കല്പിക ഭയം) നിലനില്പിനായി ഉയർത്തിക്കൊണ്ടുവരുന്ന സങ്കല്പമാണ് ഒരു 'ശത്രു.' 'ശത്രു'വില്ലെങ്കിൽ 'നമ്മൾ' ഒരുമിക്കില്ല. ഇന്ത്യയിൽ ചിലർ പാകിസ്ഥാനെ പൊതു ശത്രുവാക്കുമ്പോൾ, നമ്മളിൽ ചിലർ മുസ്ലിം നെ ശത്രുവാക്കുന്നു.

വംശീയഹത്യകളെ, മതാടിസ്ഥാനത്തിലുള്ള അക്രമം ആയിക്കാണുന്നതു ശരിയായ അവലോകനം അല്ല. സിറിയയിലും മറ്റും തീവ്രവാദികൾ കൂടുതലും കൊലപ്പെടുത്തിയത് മുസ്ലിങ്ങളെത്തന്നെയാണ്. തേൾ വാലിൽ വഹിക്കുന്ന വിഷം പോലെ അമേരിക്കൻ രാഷ്ട്രീയം ഉയർത്തിവിടുന്ന വിഷം ചുമന്നുകൊണ്ട് നടക്കുന്നവരാകരുത് നമ്മൾ. ഇന്ന് രാഷ്ട്രീയലാഭമുണ്ടെങ്കിലും നമ്മുടെ പ്രതികരണങ്ങളും നിലപാടുകളും എന്ത് ക്രിസ്തീയ സാക്ഷ്യമാണ് നൽകുന്നതെന്ന് ധ്യാനിക്കുന്നത് നല്ലതാണ്.

പൊതു താൽപര്യങ്ങൾ ആണ് ഇന്ന് ഭിന്ന ഭാഷകളിലെയും മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകളെ ഒരുമിച്ചു കൊണ്ടു വരുന്നത്. പുതുതലമുറയുടെ ജീവിത സാഹചര്യങ്ങളിലും കൂടുതൽ അടുത്തുള്ള ഇടപെടലുകൾ ഉണ്ടെന്നത് കൊണ്ടു തന്നെ അവർക്കിടയിലെ പ്രണയബന്ധങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. സ്വതന്ത്ര മനസ്സോടെ അത്തരം ബന്ധങ്ങൾ ഉറപ്പിക്കുന്നവരെ മാറ്റിനിർത്താതെ അവരുടെ ആരോഗ്യപരമായ ജീവിതം ഉറപ്പാക്കേണ്ടത് ആണ് യഥാർത്ഥത്തിൽ മതനേതൃത്വങ്ങൾ ചെയ്യേണ്ടത്. മതാന്തരപ്രണയങ്ങളെ ലവ് ജിഹാദ് ആയി നിർവചിക്കുന്നതിൽ തെറ്റുണ്ട്.

മതം മാറ്റാൻ ഒരു മതത്തിന്റെ അജണ്ടയുടെ പശ്ചാത്തലത്തിൽ അന്യമതങ്ങളിലെ യുവതികളെ പ്രണയം നടിച്ചു വശപ്പെടുത്തുവാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതാണ് ലവ് ജിഹാദ്. ബലപ്രയോഗമോ വഞ്ചനയോ നടക്കുന്നുണ്ടെങ്കിൽ അവയെ വേണ്ടവിധം അവലോകനം ചെയ്യാൻ മതങ്ങൾക്ക് ഒന്നിച്ചു നിൽകാനാവുമോ. നേതൃത്വങ്ങൾ പ്രാപ്തരല്ലെങ്കിൽ അതിനു കഴിയുന്ന ആളുകളെ ഏൽപിക്കാൻ തയ്യാറാവേണ്ടതില്ലേ? പരസ്പരവിദ്വേഷം വച്ചുപുലർത്തുന്നതിനുപകരം ഒന്നിച്ചിരിക്കാനും, അത് അർഹിക്കുന്ന ഗൗരവത്തിൽ തന്നെ പരിഗണന നൽകിക്കൊണ്ട് സംഭാഷണ വിഷയമാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ടോ? സംഘർഷസാധ്യതയുള്ള സാഹചര്യങ്ങളിൽ പരസ്പര സംഭാഷണങ്ങൾക്കുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുകയാണ് സമാധാന സ്നേഹികളായ, മതസത്ത അറിഞ്ഞിട്ടുള്ള നേതൃത്വങ്ങൾ ചെയ്യേണ്ടത്. സ്വന്തം നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്ന ഭീതിയിൽ ഇത്തരം സാഹചര്യങ്ങളെ ധ്രുവീകരണത്തിലേക്കു നയിക്കാനുള്ള പൈശാചികപ്രവണതകൾ സമൂഹത്തിന് നന്മ പകരുന്നില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്.

മതാധികാരികളുമായുള്ള ബന്ധത്തെ സ്വന്തം ആത്മാഭിമാനമാക്കിത്തീർക്കുകയും, ആ പ്രതിച്ഛായയിൽ നിന്ന് നേട്ടങ്ങൾ കണ്ടുകൊണ്ട് സ്വന്തം പദ്ധതികൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരുണ്ട്. മതാധികാരികൾക്കും ഇവരിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാവാമെന്നതുകൊണ്ട് ഇത്തരക്കാരെ തിരുത്താൻ അവർ താൽപര്യപ്പെടാറില്ല. ആർക്കൊക്കെയോ എതിരെയുള്ള വ്യക്തിപരമായ പ്രതികാര ചിന്തകളെ മതമെന്ന ഭാഷ നൽകി ആകർഷികവും വിശ്വസനീയവും ആക്കിതീർക്കുന്നു. മതമെന്ന ഭാഷ സ്വന്തം വ്യഗ്രതകൾക്ക് പുതിയൊരു തനിമയും ഊർജ്ജവും നല്കുന്നു. ഉളളിൽ കണ്ട പ്രതികാരചിന്ത ഒരു സമൂഹത്തിന് മുഴുവനായി പകർന്നു നൽകാൻ കഴിയുകയാണ് ഇവിടെ.

ബോധവത്കരണത്തിലും മനഃസാക്ഷിരൂപീകരണത്തിലും ശക്തമായ ഉപകരണമാണ് ഇന്ന് സാമൂഹ്യമാധ്യമങ്ങൾ. അവയിലെ ഉള്ളടക്കങ്ങളിലെ സത്യാവസ്ഥകൾ തിരിച്ചറിയാനും കാണിച്ചു കൊടുക്കാനും അധ്യാപകർക്കും, മതനേതാക്കന്മാർക്കും കഴിയുന്നുണ്ടോ എന്നത് ചോദ്യം തന്നെയാണ്. ദൈവസ്വരത്തിനുമപ്പുറം, ഏതാനം മതഭ്രാന്തന്മാർക്ക്/ അല്ലെങ്കിൽ മതം വിഷമാക്കിയവർക്ക് ചെവി കൊടുക്കുന്ന നേതാക്കന്മാരാണ് നമുക്കുള്ളത്, മതത്തിലും രാഷ്ട്രീയത്തിലും. അവരുടെ ആക്ഷേപങ്ങൾ സ്വകാര്യമായിക്കരുതാനാവില്ല, കാരണം അവ പൊതുസമൂഹത്തെ ഭീതിയിലാഴ്ത്തുകയോ, അവഹേളിക്കുകയോ, ആരോപണവിധേയരാക്കുകയോ ചെയ്യുന്നുണ്ട്. ഗൗരവതരമായ കുറ്റങ്ങൾ സൂചിപ്പിക്കുമ്പോൾ, അവയുടെ അടിസ്ഥാന വസ്തുതകൾ അന്വേഷണവിധേയമാക്കുവാൻ പൊതുസമൂഹത്തിനു മുമ്പിൽ നൽകുവാനും അവർക്കു കടമയുണ്ട്.

വ്യഗ്രതകൾ ഭ്രമങ്ങളാവുമ്പോൾ ആവർത്തിച്ചവതരിപ്പിച്ച കളളങ്ങളും ബോധ്യമുള്ള യാഥാർത്ഥ്യങ്ങൾ ആയി തെളിഞ്ഞ് നിന്നേക്കാം. മറ്റുള്ളവർ കള്ളം പറയുകയാണെന്ന് ആവും ഇവരുടെ ഭാഷ്യം.
ഇത്തരം രോഗങ്ങളിൽ നിന്ന് ലഭിക്കുന്ന താത്കാലിക ലാഭങ്ങൾക്ക്‌ വേണ്ടി ഇത്തരക്കാരെ ഉപയോഗിക്കുന്നത് മതാധികാരികൾ ഇവരോടും സമൂഹത്തോടും കാണിക്കുന്ന അനീതിയാണ്. അവരെ സുഖപ്പെടുത്തി ബലപ്പെടുത്തേണ്ടവരാണ് അധികാരികൾ. കാര്യലാഭത്തിന് വേണ്ടി ഉപയോഗിക്കാതെ അലിവോടെ ആശ്വസിപ്പിക്കാൻ മനസുണ്ടാവണം അവർക്ക്.

മതം ജീവനിലേക്കു നയിക്കേണ്ട വെളിച്ചമാണ്. എന്നാൽ അതിനെ സാമ്പത്തിക ലാഭത്തിനും രാഷ്ട്രീയപ്രീണനത്തിനുമുള്ള വഴികളാക്കാൻ തീർത്തും എളുപ്പമാണ്, കാരണം വിശ്വാസം ജനത്തിന് പ്രിയപ്പെട്ടതാണ്. വിശ്വാസമാണെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന അബദ്ധധാരണകളിലാണ് മതം ലഹരിയാകുന്നതും, അതും കടന്ന് രോഗമാകുന്നതും. മാരകമായ വൈറസ് ബാധ പോലും വ്യക്തികളെയാണ് ഇല്ലായ്മ ചെയ്യുന്നത്. മതം രോഗവും ഭ്രാന്തുമാവുമ്പോൾ അത് ജനിതകരോഗങ്ങൾ പോലെ തലമുറകളെ വെറുപ്പിലേക്കും അകൽച്ചയിലേക്കും തള്ളിവിട്ടേക്കാം. കീഴ്പെടുത്തലിന്റെയും പ്രതികാരത്തിന്റെയും ഭാഷ നമ്മുടെ നിലപാടുകളിലും പ്രതികരണങ്ങളിലും കടന്നുവരുമ്പോൾ അവ വാളുകളേക്കാൾ അപകടം നിറഞ്ഞതാണ്. അത്തരം  അപകടകരമായ അവസ്ഥയിലേക്ക് നമ്മളും കടന്നു വന്നിട്ടുണ്ടെന്ന് എത്രയും വേഗം തിരിച്ചറിയുന്നത് നല്ലതാണ്.

"നിങ്ങളും അതുതന്നെ ചെയ്യുന്നെങ്കിൽ നിങ്ങള്ക്ക് എന്ത് മേന്മയാണുള്ളത്? അമറ്റുള്ളവരും അതുതന്നെ ചെയ്യുന്നുണ്ടല്ലോ." യേശു എന്ന് പേരുണ്ടായിരുന്ന ഒരാൾ പറഞ്ഞതാണ്.  

ജനുവരി 21, 2020

കുഞ്ഞാട്: തകർക്കപ്പെടാനാവാത്ത ദേവാലയം

ലോകം മുഴുവനും വേണ്ടി ഒരു അടയാളമാകുവാനും, അങ്ങനെ ലോകം മുഴുവനും ക്രിസ്തുവിന്റെ പ്രകാശത്തിൽ നടക്കുവാനുമായാണ് ഒരാളിൽ പരിശുദ്ധാത്മ സാന്നിധ്യം നിറയുന്നത്. പ്രാവിന്റെ രൂപത്തിലോ അഗ്നിനാളമായോ അത് കാണപ്പെട്ടേക്കാം. എന്നാലും ഉടൻതന്നെ വെളിപ്പെടുന്നതും തേടുന്നതുമായ മറ്റൊരു യാഥാർത്ഥ്യം പാപം വഹിക്കേണ്ട കുഞ്ഞാടിന്റെ രൂപം കൂടി അതിൽ ഉണ്ടെന്നതാണ്.

പാപമെന്നത് കൃപയുടെ അഭാവമാണ്. ആ ശൂന്യതയിൽനിന്നാണ് വേദനകളും, മുറിവുകളും അകൽച്ചകളും ഉണ്ടാവുന്നത്. അവയെ 'വഹിക്കുവാൻ' കഴിയുകയെന്നത് അഭിഷേകത്തിന്റെ തന്നെ അടയാളമാണ്. അതുകൊണ്ടാണ് ക്രിസ്തുവിനു അത് സാധ്യമായത്. കനിവോടെയും അലിവോടെയും അപരരെ പുണരാനായത്. അവരുടെ പാപങ്ങൾ/വേദനകൾ ക്രിസ്തുവിന് അവരിലേക്കുള്ള വാതിലുകളായിരുന്നു, അവന്റെ മുറിവുകൾ അവർക്ക് അവനിലേക്കുള്ള തുറന്ന കവാടവും. ക്രിസ്തുവിന്റെ ഓരോ സമീപനത്തിലും അത് പ്രകടവുമാണ്. അതേ മനോഭാവത്തോടെയേ നമുക്കും പാപങ്ങൾ വഹിക്കാനാകൂ. നമ്മോടു കോപിക്കുന്നവരും, നമ്മെ തിരസ്കരിക്കുന്നവരും അനീതികാട്ടുന്നവരും അത് ചെയ്യുന്നത് അവരിലുള്ള കൃപാശൂന്യതകൊണ്ടാണ്. സമൂഹത്തിൽ ചിലർ അന്യായമായി സഹിക്കുന്നതും ആരുടെയൊക്കെയോ കൃപാശൂന്യതകൊണ്ട് തന്നെ. നമ്മിൽ നിന്നും അത്തരം സമീപനങ്ങൾ ഉണ്ടെങ്കിൽ അതും  അഭാവം തന്നെ.

ലഭ്യമായ കൃപകളിൽ നിന്നുകൊണ്ട് മറ്റുള്ളവരുടെ കൃപാശൂന്യതകളെ വഹിക്കാൻ തുറവിയുണ്ടാവുകയെന്നതാണ് ക്രിസ്തുവെന്ന നല്ല സമരിയാക്കാരന്റെ വഴി. ദൈവത്തിന്റെ കുഞ്ഞാടെന്നതും അങ്ങനെ തന്നെ.

പരിശുദ്ധാത്മാവിലുള്ള ജീവിതം അതിലൗകികമായ ഒരു മായികലോകമല്ല. വിസ്മയങ്ങളും അത്ഭുതങ്ങളും നിറഞ്ഞ സ്വപ്നലോകവുമല്ല. പരിശുദ്ധാത്മാവ് നയിക്കുന്നത് വരണ്ട യാഥാർത്ഥ്യങ്ങളിലേക്കാണ്. തീർച്ചയായും തെളിനീരിന്റെ ഉത്ഭവസ്ഥാനങ്ങൾ ആത്മാവ് നമുക്ക് കാണിച്ചു തരും. എന്നാൽ ഈ മരുഭൂ അവസ്ഥയെ മാറ്റിനിർത്താനാണ് പലപ്പോഴും നമ്മുടെ പരിശുദ്ധാത്മ വർണ്ണനകൾ പഠിപ്പിക്കുന്നത്. വരൾച്ചയും തളർച്ചയും കഠിനതയും കൃപ നിറഞ്ഞ കണ്ണുകളിലൂടെ കണ്ടുകൊണ്ടേ നമുക്ക് മുമ്പോട്ട് പോകാനാവൂ. അവയെയൊക്കെ പരിശുദ്ധാത്മാവ് അലിയിച്ചു കളയുന്ന ഈ  പ്രക്രിയ കടന്നാലേ പാപം വഹിക്കുന്ന കുഞ്ഞാടിലേക്കും, സത്യത്തിലേക്ക് ചൂണ്ടുവിരൽ കാണിക്കുന്ന പ്രവാചകനിലേക്കും സുഖപ്പെടുത്തുന്നവനിലേക്കും നമുക്ക് വളരാനാകൂ.

പരിശുദ്ധാത്മാവിനാൽ അഭിഷിക്തരാവുകയും അയക്കപ്പെട്ടവരുമാണ് നമ്മൾ ഓരോരുത്തരുമെങ്കിൽ, ചുറ്റുമുള്ളവരുടെ പാപങ്ങളും അവയുടെ കയ്പ്പും വേദനയും വഹിക്കുവാനും കൂടി അത് വിളിക്കുന്നുണ്ട്. അങ്ങനെയേ നമുക്കു ഒരു പരിശുദ്ധ കൂട്ടായ്മയാകാനാകൂ. എങ്കിലേ നമുക്കും ഒരേ ശരീരമാകാനാകൂ, തകർക്കപ്പെടാനാകാത്ത ദേവാലയമാകാനാകൂ.

ജനുവരി 06, 2020

ഭീതിയാണോ ദൈവം

ഞങ്ങൾ: സർവശക്തനും പിതാവുമായ ഏകദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.

ദൈവം: പച്ചക്കള്ളം!  

നൂറ്റാണ്ടുകൾക്കു മുമ്പ് ആരെങ്കിലും കൊല്ലപ്പെടുകയോ അടക്കപ്പെടുകയോ ചെയ്തിരിക്കാൻ സാധ്യതയുള്ളതിനാലും, ഏതെങ്കിലും സമയത്ത് ആരെങ്കിലും എന്തെങ്കിലും മന്ത്രം ജപിച്ച വസ്തുക്കൾ കുഴിച്ചിട്ടിരിക്കാൻ സാധ്യതയുള്ളതിനാലും,  നിങ്ങളുടെ വീടിരിക്കുന്ന സ്ഥലത്തിനും  പറമ്പിനും  പ്രേത-പിശാച് ബാധയും,  അവ മൂലം അവിചാരിതമായ അനിഷ്ടങ്ങളും ഉണ്ടാവുന്നെന്നും, നിങ്ങൾ  കയറുന്ന ബസിലോ ട്രെയിനിലോ ഫ്ലൈറ്റിലോ മുമ്പെന്നോ കയറിയവർ തിന്മയുടെ സ്വാധീനത്തിലായിരുന്നവരായിരിക്കാൻ സാധ്യതയുള്ളതിനാൽ അവയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിശുദ്ധീകരിക്കേണ്ടതുണ്ടെന്നും വ്യഗ്രതപ്പെടുന്ന നിങ്ങൾ ഞാൻ തന്നെയാണ് സകലതും സൃഷ്ടിച്ചതെന്നും പരിപാലിക്കുന്നതെന്നുമാണ് വിശ്വസിച്ചു ഏറ്റുപറയുന്നതെന്ന് ഞാൻ വിശ്വസിക്കണമോ? മറ്റുദൈവങ്ങളും അന്യദൈവങ്ങളും ദിവസേന നൂറാവർത്തി വിഷയമാക്കുന്ന നിങ്ങളാണോ ഏകദൈവത്തിൽ വിശ്വസിക്കുന്നത്. 


അപകടഭീതിയും സംശയങ്ങളുമാണ് നിങ്ങൾ രൂപപ്പെടുത്തി പാലിച്ചുപോരുന്നത്. അതിനിടയിൽ എന്നെ ഒന്ന് പരാമർശിക്കുന്നുവെന്നു മാത്രം. വ്യഗ്രത നിങ്ങളെ അടിമപ്പെടുത്തിയിരിക്കുന്നു. 'ഇതൊക്കെ ചെയ്തില്ലെങ്കിൽ എന്തെങ്കിലും അപകടം വന്നേക്കുമോ' എന്ന ഭീതിയാണ് നിങ്ങളെക്കൊണ്ട് നിങ്ങളുടെ 'ഭക്തപ്രവൃത്തികൾ' ചെയ്യിക്കുന്നത്.

ജനുവരി 05, 2020

രാജാക്കൾ തിരിച്ചു നടന്ന വഴി

ജ്ഞാനികളായ രാജാക്കന്മാർ ഉണ്ണിയേശുവിനെ ആരാധിച്ചു മടങ്ങി.

ആ ശിശുവിലെ ദിവ്യസാന്നിധ്യം അവർ തിരിച്ചറിഞ്ഞു, അവരുടെ അന്വേഷണത്തിന്റെ വഴികളുടെ പൂർത്തീകരണവും അവർ കണ്ടു. അധികാരങ്ങളുടെയും ജീവന്റെയും,
സൗഖ്യത്തിന്റെയും ആരോഗ്യത്തിന്റെയും,
സൗന്ദര്യത്തിന്റെയും സത്യത്തിന്റെയും,
ഉറവിടമായി, നിയന്താവായി ആ  സാന്നിധ്യം വീണ്ടും അവരെ നയിച്ചു.

മുന്നോട്ട് നയിക്കുന്ന ദീപങ്ങൾക്ക് അഗ്നിസ്ഫുലിംഗമാണ്  ദിവ്യസാന്നിധ്യത്തിന്റെ ഓരോ തിരിച്ചറിവും.
അവനെ അനുഗമിക്കുവാനും അവനിൽ അർപ്പിക്കപ്പെടുവാനും...
സുവിശേഷങ്ങളിലെ അത്ഭുതങ്ങളും സൗഖ്യങ്ങളും അവയ്ക്ക്  വഴിനൽകുന്നുണ്ട്.
അവനെ തിരിച്ചറിയുവാനും അവനിൽ വിശ്വസിക്കുവാനും ഹൃദയത്തിന്  ഒരു ക്ഷണം.

സൃഷ്ടിയിലും, മനുഷ്യാവതാരത്തിലും, രക്ഷാകരകർമത്തിലും, സകലത്തിന്റെയും പൂർത്തീകരണത്തിലും ആ ദിവ്യസാന്നിധ്യത്തിന്റെയും, നമ്മുടെതന്നെ പങ്കിന്റെയും സാന്നിധ്യത്തിന്റെയും തിരിച്ചറിവ്.
വെളിപ്പെട്ടവയും, അഗ്രാഹ്യമായ ദൈവജീവപ്രവൃത്തികളും ചരിത്രത്തിന്റെ ഒരു നിമിഷത്തേക്ക് ബന്ധിച്ചു നിർത്താവുന്നതല്ല. അത് ജീവിക്കുന്നതും തുടരുന്നതും സകല സൃഷ്ടവസ്തുക്കളെയും ചേർത്തുനിർത്തുന്നതുമാണ്.
ആ രഹസ്യങ്ങളിലേക്ക് നമ്മെത്തന്നെ ഉൾച്ചേർത്തുവയ്ക്കുന്നതുതന്നെയാണ് ആത്മാവിലും സത്യത്തിലുമുള്ള ആരാധനാഭാവം.

രാജാക്കന്മാർ തിരിച്ചുനടന്ന വേറിട്ട വഴിയും അതുതന്നെയാവണം.
_________________________ 
ആന്തരിക മനോഭാവമായിത്തീരാത്ത ആരാധനയും സ്തുതിഗീതങ്ങളും വെറും വാക്കുകളും പ്രകടനങ്ങളുമായിത്തീരുന്നതുകൊണ്ടാണ് അവ ഫലം കാണാത്തത്.
ആനന്ദമില്ലാതെ എങ്ങനെ സ്തുതിക്കും? സമാധാനവും ശാന്തതയുമില്ലാതെ എങ്ങനെ ഹൃദയത്തിൽനിന്ന് ആരാധിക്കും?
കൃതജ്ഞത അതിൽത്തന്നെ സ്വീകാര്യതയും സമർപ്പണവും ഉൾച്ചേർക്കുന്നുണ്ട്. അങ്ങനെ നന്ദി പ്രകാശിപ്പിക്കാൻ കഴിഞ്ഞാൽ ഉള്ളിൽ സ്വാതന്ത്ര്യം ലഭ്യമാകും, ആനന്ദം നിറയും, സമാധാനവും ഉണ്ടാകും.

See Followed, believed, worshiped @ Epiphany 2020

ഡിസംബർ 28, 2019

കുടുംബം: ഒരു ധ്യാനകേന്ദ്രം, ധ്യാനകാരണം

കുടുംബമെന്ന രഹസ്യത്തെ ധ്യാനിക്കുവാൻ തിരുക്കുടുംബം ക്ഷണിക്കുന്നു. സ്നേഹം പരിശീലിക്കപ്പെടുകയും ജീവിക്കപ്പെടുകയും ചെയ്യേണ്ട അടിസ്ഥാന സമൂഹമാണ് കുടുംബം. സ്വന്തം ജീവിതത്തിലേക്ക് മറ്റൊരു വ്യക്തിയെ  അല്ലെങ്കിൽ മറ്റു വ്യക്തികളെ (ജീവിതപങ്കാളിയോ മക്കളോ ബന്ധുക്കളോ ആകട്ടെ) സ്വാഗതം ചെയ്യുവാൻ, അല്ലെങ്കിൽ സ്വീകരിക്കുവാൻ കഴിയുക എന്നത് ആകസ്മികമല്ല. വിചാരപൂർവ്വം, സസൂക്ഷ്‌മം വളർത്തിയെടുക്കുന്ന വിശ്വാസത്തിൽനിന്നേ അത് സാധ്യമാകൂ. അങ്ങനെയേ പരസ്പരം മനസ്സിലാക്കുവാനും, തെറ്റുകൾ ഏറ്റുപറയുവാനും, ക്ഷമിക്കുവാനും വീണ്ടും സ്വീകാര്യത അനുഭവിക്കാനുമാകൂ.

കുടംബത്തെക്കുറിച്ചുള്ള ധ്യാനങ്ങൾ ഇത്തരം ആന്തരികവിശുദ്ധികൾ ഉൾക്കൊള്ളുവാൻ നമ്മുടെ ഹൃദയങ്ങൾക്ക് കഴിയുന്നുണ്ടോ എന്നതിന്റെ തിരിച്ചറിവാണ്. അത്തരം ആത്മാർത്ഥ ധ്യാനങ്ങങ്ങളാണ് നമുക്കാവശ്യം. ജീവിതത്തിനു വീണ്ടും നിർമലത നൽകാൻ, ലാവണ്യം പകരാൻ അതാവശ്യമാണ്. ഞാൻ ശരിക്കും സ്നേഹിക്കുന്നുണ്ടോ, സ്വീകരിക്കുന്നുണ്ടോ, വിശ്വസിക്കാനാകുന്നുണ്ടോ? ധ്യാനങ്ങൾ നല്ലതാണ്, ആത്മാർത്ഥതയുണർത്തുന്നെങ്കിൽ, ജീവിതത്തെ സ്പർശിക്കുന്നെങ്കിൽ. ചില ദുർവാശികളും സംശയങ്ങളും വെറുപ്പും അരക്ഷിതബോധവും, ദുരഭിമാനവും, അപകർഷതാബോധവും തുറന്നുപറയാനാവാത്ത ഭാരങ്ങളും സ്നേഹത്തെ തടഞ്ഞു നിർത്തുകയും ഉത്ഭവപാപങ്ങളായി തലമുറകളിലേക്ക് പകരുകയും ചെയ്യുന്നുണ്ട്. അവിടെയുള്ള തിരിച്ചറിവിൽ വീണ്ടും നമുക്ക് ഹൃദ്യമായി പുഞ്ചിരിക്കാനാകും മിഴിനീരണിഞ്ഞുകൊണ്ടാണെങ്കിലും.

ഇന്ന് ധീരവും ഉദാത്തവുമായ വിശുദ്ധ മാതൃകകൾ ഉയർന്നു വരേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. ദൈവസാന്നിധ്യത്തിന്റെ അടയാളമാവേണ്ടതും, സഭ മാതൃകയാക്കേണ്ടതും വ്യക്തികളെയെന്നതിനേക്കാൾ വിശുദ്ധി പ്രകടമാകുന്ന കുടുംബങ്ങളെയാണ്. വിശുദ്ധവും കെട്ടുറപ്പുള്ളതുമായ കുടുംബജീവിതം സാധ്യമാണ് എന്ന ഉറപ്പാണ് ഇന്ന് സാക്ഷ്യം ആവശ്യപ്പെടുന്ന ജീവിതത്തിലേക്കുള്ള യഥാർത്ഥ വിളി. എങ്കിലേ നമുക്ക് സഭാസമൂഹമായും ജീവിക്കാനാകൂ.

തൊഴിൽ ഏതുമാവട്ടെ, ദൈവകൃപയിലും പരസ്പരവിശ്വാസത്തിലും ജീവിക്കുവാൻ കഴിയുക എന്നതാണ് ആ അടയാളം. കുറവുകളിൽ പോലും ഉള്ളതിൽ നിന്ന് പങ്കു വെച്ച് നൽകുന്ന ഉദാഹരണങ്ങൾ ചുറ്റുമുണ്ട്. കുടുംബത്തിനുള്ളിലും അയൽബന്ധങ്ങളിലും ജീവിക്കുവാൻ കഴിയുന്ന സ്നേഹത്തെ വെച്ച് വേണം അവരുടെ വിശുദ്ധി മനസിലാക്കാൻ. മതനിഷ്ഠകളുടെ പാലനം വിശുദ്ധിയുടെ അളവുകോലല്ല. മതനിഷ്ഠ കണിശമാക്കുന്ന പലരിലും ശ്രവണത്തിന്റെയും സ്നേഹത്തിന്റെയും അടയാളങ്ങൾ കാണാറുമില്ല.

സാധ്യമാണോ എന്ന ഭീതിയിൽ വിവാഹത്തെ പാടെ തള്ളിക്കളയുകയും, അതെ കാരണത്താൽ തന്നെ സന്യാസത്തെയും പൗരോഹിത്യത്തെയും ഒരു സുരക്ഷാസങ്കേതമായി കാണുകയും ചെയ്യുന്നവരുടെയും എണ്ണം ഏറിവരുന്നുണ്ട്. വ്യക്തിപരവും തൊഴിൽസംബന്ധവുമായ തകർച്ചകൾക്ക് മതാനുഷ്ടാനങ്ങളുടെ തീവ്രഭാവം ആശ്വാസമേകുന്ന തനിമയാകുന്നതും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നു. അത്തരം സംഖ്യകളെ കണ്ടുകൊണ്ട് പൗരോഹിത്യ-സന്യാസ വിളികൾ വർദ്ധിക്കുന്നു എന്ന നിഗമനത്തിലെത്തുന്നത് യാഥാർത്ഥ്യത്തോടുള്ള അവഗണനയാണ്.

വിശുദ്ധിയിൽ ജീവിതാവസ്ഥകളനുസരിച്ച് ഏറ്റക്കുറച്ചിലുകളില്ല. തങ്ങളുടെ ആത്മാർത്ഥതയനുസരിച്ച് എല്ലാവരും ദൈവികവിശുദ്ധിയെ വെളിപ്പെടുത്തുകയാണ്. അത്യാധുനിക ലോകത്തിന്റെ സങ്കീർണതകൾക്കിടയിൽ, വ്യക്തിബന്ധങ്ങൾക്ക് വിശ്വാസ്യത നഷ്ടപ്പെടുമ്പോൾ ക്രിസ്തീയകുടുംബങ്ങൾ ധൈര്യവും പ്രത്യാശയും നൽകുന്ന സാക്ഷ്യങ്ങളാവണം. അതിലേക്കുള്ള ജീവിതമാതൃകകളും വ്യക്തിത്വവളർച്ചയും യാഥാർത്ഥ്യമാക്കാൻ വേണ്ട ആത്മബോധവും പരിശീലനങ്ങളും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ലഭ്യമാവുകയും വേണം.

തിരുക്കുടുംബം ഉത്തമമായ മാതൃകയും ധൈര്യവുമാവട്ടെ.

ഡിസംബർ 01, 2019

പച്ചാമാമായുടെ കണ്ണുനീർ

പ്രപഞ്ചരൂപീകരണത്തിന്റെ പശ്ചാത്തലത്തിൽ ഭൂമിയുടെ ഉത്ഭവവും മാറ്റങ്ങളും മനസിലാക്കുവാൻ നമുക്ക് കഴിഞ്ഞത് ഈ അടുത്തനാളുകളിൽ മാത്രമാണ്. ശാസ്ത്രീയമായ ഒരുപാട് അറിവുകൾ നമുക്ക് ലഭിച്ചെങ്കിലും പ്രകൃതിയുടെ കലാരഹസ്യം പൂർണ്ണമായി മനസിലാക്കാൻ ഇനിയും നമുക്കായിട്ടില്ല.

പ്രകൃതി ജനനിയാവുകയും ജീവന്റെ എണ്ണമറ്റ രൂപങ്ങളിൽ വിടർന്നുപുഷ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതേ ജീവരൂപങ്ങൾ ഭൂമിക്ക് പുതിയ മുഖച്ഛായ നൽകുന്നതിനും കാരണമാകുന്നുണ്ട്. മനുഷ്യരും, മൃഗങ്ങളും, മരങ്ങളും, വള്ളിച്ചെടികളും പ്രകൃതിപ്രതിഭാസങ്ങളും ഒത്തൊരുമിച്ച വിശാലമായ സമൂഹത്തിന്റെ സമഗ്രതയിൽ എല്ലാം ഒന്നായിക്കാണുവാൻ നമുക്ക് കഴിയും. ആദിയുടെ കുറെ ആഴങ്ങളിലേക്ക് നടക്കുമ്പോൾ പ്രകൃതിയുടെ ഒരേ പുക്കിൾക്കൊടിയിൽ ജീവാംശം സ്വീകരിച്ചവരാണ് സകലജീവജാലങ്ങളുമെന്ന തിരിച്ചറിവിലേക്കെത്തിച്ചേരാം. ഈ ബന്ധമാണ് പ്രകൃതിയെ അമ്മയും ഭവനവുമായി പുണരാൻ നമ്മെ പ്രചോദിപ്പിക്കുന്നത്.

പ്രപഞ്ചവീക്ഷണവും ജീവിതക്രമവും
പ്രപഞ്ചം എങ്ങനെയുണ്ടായെന്നും അതിൽ നമ്മുടെ സ്ഥാനം എന്താണെന്നും ഏതു സംസ്കാരവും പറഞ്ഞുവയ്ക്കുന്നത് അവരുടെ തത്വചിന്തയും, വിശ്വാസവും, സാഹിത്യവും ശാസ്ത്രവും ഉൾച്ചേർന്നിട്ടുള്ള പ്രപഞ്ചവീക്ഷണങ്ങളിലൂടെയാണ് (cosmovision). കൃത്യത അവകാശപ്പെടാവുന്ന നിരീക്ഷണസാധ്യതകൾ ഇല്ലായിരുന്ന കാലത്ത് പുരാണങ്ങൾ വിവരിക്കുന്നതും ഇത്തരം പ്രപഞ്ചവീക്ഷണമാണ്. അവരുടേതായ അർത്ഥതലങ്ങളിൽ അവർ ചുറ്റുപാടുകളെ വിശദീകരിക്കുകയാണ്.

ആമസോൺ ആദിവാസിജനതകളുടെ ജീവിതശൈലിയും സാമൂഹികബോധ്യങ്ങളും മനസിലാക്കാൻ അവരുടെ പ്രദേശവുമായി ബന്ധപ്പെടുത്തി അവർക്കുള്ള പ്രപഞ്ചവീക്ഷണത്തെ വേണ്ടവിധം അറിയേണ്ടതുണ്ട്. അവരുടെ സങ്കല്പങ്ങളിൽ മനുഷ്യനും പ്രകൃതിക്കും സമാനമായ ആന്തരികഘടനയാണ്. ഈ ഘടനയെ അടിസ്ഥാനമാക്കിയാണ് അവരുടെ ആത്മീയതയും ചികിത്സാരീതികളും (പഞ്ചഭൂത നിർമ്മിതമാണ് ലോകവും ശരീരവുമെന്ന ഭാരതസങ്കല്പം ആയുർവേദത്തിന് അടിസ്ഥാനമാകുന്നതുപോലെ).

ഐയ്യു (ayllu): പ്രകൃതിയെന്ന കൂട്ടുകുടുംബം
ആ പ്രദേശവും ചുറ്റുപാടുകളും തന്നെയാണ് അവർക്ക് ‘ഭവനം’ (common home). ചുറ്റുമുള്ള മലനിരകൾക്കുള്ളിൽ വസിക്കുന്ന മനുഷ്യരും, ജീവജാലങ്ങളും, പരിസ്ഥിതിയും ഒറ്റകുടുംബമാണെന്ന കാഴ്ചപ്പാടാണ് അവരിൽ പല ഗോത്രങ്ങൾക്കുമുള്ളത്. മനുഷ്യരും, സസ്യങ്ങളും, പക്ഷിമൃഗങ്ങളും, മലകളും, പുഴകളും, കാറ്റും മഴയും എല്ലാം കുടുംബാംഗങ്ങളാണ്. വ്യക്തിരൂപം നൽകപ്പെടുന്ന പ്രകൃതിശക്തികൾ സംവേദനശേഷിയുള്ളവരാണ്. ദേവസങ്കല്പം നല്കപ്പെടാറുണ്ടെങ്കിലും അവരും ഈ കുടുംബത്തിന്റെ ഭാഗം തന്നെ. അവരുടെ ജീവിതവും ഉപജീവനമാർഗ്ഗങ്ങളും പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ പ്രകൃതിശക്തികളോടുള്ള വണക്കവും ആദരവും (animists) സ്വാഭാവികമാണ്; എങ്ങുമെവിടെയും ജീവചൈതന്യം നിറഞ്ഞുനില്കുന്നു. അദൃശ്യനും സർവ്വവ്യാപിയുമായ മേലേമാനത്തെ ഒരു ദൈവം അവരുടെ സങ്കല്പങ്ങളിലില്ല.

പരിസ്ഥിതിയുടെ കുടുംബബന്ധത്തിനുള്ളിൽ നടക്കേണ്ടവരാണ് മനുഷ്യർ. വ്യക്ത്തിക്കും, സമൂഹത്തിനും, പരിസ്ഥിതയ്ക്കും ഇടയിൽ തടസമില്ലാതെ നിലനിൽക്കുന്ന സ്രവസംക്രമങ്ങളാണ് ജീവനും ആരോഗ്യവും നിലനിർത്തുന്നത്. ‘ആത്മീയ’മായ സന്തുലിതാവസ്ഥയാണ് ഈ സമഗ്രതയിൽ ഉൾച്ചേരുന്നത്. കാലക്രമത്തിൽ നടത്തുന്ന അനുഷ്ഠാനവിധികൾ ഈ പ്രവാഹം തടസമില്ലാതെ നിലനിർത്തുവാനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പാക്കുകയാണ്. പരിസ്ഥിതിയിലെ മാറ്റങ്ങളും, രാഷ്ട്രീയവും സാംസ്കാരികവുമായ സംഘർഷങ്ങളും അവരെ ചിതറിച്ചുകളയുമ്പോൾ അവർക്കു നഷ്ടപ്പെടുന്നത് ഭവനവും വരുമാനമാർഗവും മാത്രമല്ല, അവർക്ക് ‘ആത്മാവ്’ പകരുന്ന ചൈതന്യം തന്നെയാണ്. ‘ഐയ്യു’വിൽ നിന്നകറ്റപ്പെടുമ്പോൾ അവർ അവരല്ലാതായിത്തീരുകയാണ്.

ഭൂമിമാതാവ് (പച്ചാമാമാ)
ജന്മം നൽകുന്നത് എന്നർത്ഥമുള്ള ‘natura,’ ഇൽ നിന്നാണ് nature എന്ന വാക്ക് ലഭിക്കുന്നത്. ജനിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രകൃതിക്ക് അതിപുരാതനകാലം മുതൽക്കേ മാതൃഭാവം നല്കപ്പെട്ടിട്ടുണ്ട്. ഈജിപ്തിലെ ന്യൂത് (Nut) ജീവവായുവിനും, ദിനരാത്രങ്ങളുടെയും നക്ഷത്രരാശികളുടെയും സഞ്ചാരത്തിനും പാലികയായിരുന്നു. ആകാശം ജീവൻ മഴയായിപ്പൊഴിക്കുമ്പോൾ ന്യൂത് ഗർഭം ധരിക്കുകയും ജീവൽപ്രക്രിയകൾ തുടർന്നുപോവുകയും ചെയ്യുന്നു. ഗ്രീക്ക് ദേവത ഗായ (Gaia) യെ പ്രപഞ്ചത്തിലുള്ളതിനെയെല്ലാം വളർത്തിപ്പോരുന്നതിനാൽ സകലത്തിന്റെയും മാതാവെന്നാണ് ഹോമർ വിളിച്ചത്. റോമൻ കവിയായ ല്യൂക്രേഷിയൂസും ഭൂമിയെ മാതാവായി വർണ്ണിച്ചിട്ടുണ്ട്. ഇത്തരം മാതൃരൂപം ഭൂമിക്കും പ്രകൃതിക്കും നൽകപ്പെട്ടത് ഭൂമി പരിസ്ഥിതിക്കും, വൃക്ഷലതാതികൾക്കും, പക്ഷിമൃഗങ്ങൾക്കും നൽകുന്ന കരുതലിനെ കണ്ടുകൊണ്ടാണ്.

അൽഗോങ്ക്വിൻ (Algonquian) ഐതിഹ്യപ്രകാരം “ആകാശമേഘങ്ങൾക്കു കീഴെ ഭൂമിമാതാവ് ജീവിക്കുന്നു; അവളിലാണ് ജീവജലം ഉള്ളത്. അവളുടെ മാറിടത്തിൽ നിന്നാണ് സസ്യങ്ങളും മൃഗങ്ങളും മനുഷ്യരും തൃപ്തിയടയുന്നത്.” സ്പെയിനിന്റെ കീഴിലാവുന്നതിനു മുമ്പുള്ള മെക്സിക്കൻസംസ്കാരത്തിലും ജീവിതക്രമവും സന്മാർഗികതയും, പ്രകൃതിമാതാവിനോടുള്ള ആദരവിനോടും വിശ്വാസത്തോടും ബന്ധപ്പെട്ടുള്ളതാണ്. ഇങ്കാ പുരാണങ്ങളിൽ പച്ചാമാമായാണ് വിതയും വിളവും അനുഗ്രഹീതമാക്കുന്നത്. പൊതുവായി പച്ചപുതഞ്ഞ ഭൂമിയെയാണുദ്ദേശിക്കുന്നതെങ്കിലും കുറേക്കൂടി വ്യാപകമായ അർത്ഥത്തിൽ പച്ചാമാമാ പ്രപഞ്ചത്തെത്തന്നെ മാതാവായി കാണിക്കുന്നു (mama = mother / pacha = world or the universe). മലകളെ ആശ്രയിച്ചു ജീവിക്കുന്നവരുടെയിടയിൽ പച്ചാമാമായോടുള്ള ആരാധനയും ഉണ്ട്. സമാനമായി, കടലമ്മയുടെയും ജലചക്രത്തിന്റെയും ജലാശയങ്ങളുടെയും ജലവിഭവങ്ങളുടെയും 'പരിപാലിക'യായി  കൊച്ചാമാമായുമുണ്ട്.  (Mama Qucha/ Mama Cocha) എന്നാണ് വിളിക്കുന്നത്.

മരിക്കുന്ന പച്ചാമാമാ
പുതിയ ജീവിതശൈലികൾക്കുള്ളിൽ ഇത്തരം ഒരു രഹസ്യത്തെ അറിയുവാനും അതിന്റെ ആഴങ്ങൾ തേടുവാനും ഇന്ന് പലർക്കും വിഷമമാണ്. പ്രകൃതിയിലെ വിവിധങ്ങളായ ജീവരൂപങ്ങൾ നമ്മോടു സംസാരിക്കുന്ന സ്വരങ്ങളെ തിരിച്ചറിയുവാൻ നമുക്ക് കഴിയാതായിട്ടുണ്ട്. പൂക്കളോടും, പൂമ്പാറ്റയോടും, പശുക്കുട്ടിയോടും കുഞ്ഞാടിനോടും നക്ഷത്രങ്ങളോടും കുഞ്ഞുങ്ങളായിരുന്നപ്പോൾ നമ്മൾ സംസാരിച്ചിട്ടില്ലേ? ശാസ്ത്രത്തിന് അറിവിന്റെമേൽ നൽകപ്പെട്ട അപ്രമാദിത്യവും, അതിരുകടന്ന വാണിജ്യതാല്പര്യങ്ങളും പ്രകൃതി നമുക്ക് നൽകുന്ന സൗന്ദര്യബോധത്തെയും നമ്മുടെ തന്നെ ആഴങ്ങളെയും ക്ഷയിപ്പിച്ചുകളഞ്ഞു.

ഗണിതശാസ്ത്രത്തിന്റെ കൃത്യതയിൽ പ്രകൃതിയുടെ പ്രതിഭാസങ്ങളെ വിശദീകരിക്കുവാൻ ശ്രമിച്ചത് റെനേ ഡെകാർട് (René Descartes) ആയിരുന്നു. പലഭാഗങ്ങൾ ഒന്നിച്ചുവെച്ച ഒരു യന്ത്രംപോലെയാണ് അദ്ദേഹം പ്രകൃതിയെ കണ്ടത്. മനസിന് (മനുഷ്യൻ) പദാർത്ഥങ്ങളുടെ (പ്രകൃതി) മേലും, അതുകൊണ്ട് പ്രബുദ്ധതക്ക് സ്വാഭാവികപ്രകൃതിയുടെ മേലും നൽകപ്പെട്ട ഉയർന്ന മൂല്യം പ്രകൃതിയെ മനുഷ്യന്റെ അധീനതയിലാക്കി ഉപയോഗിക്കുന്നതിന് സാധുത നൽകി. ‘പ്രാകൃതമായ’ പ്രകൃതിയെ നന്നാക്കിയെടുക്കുന്നതായി സംസ്കാരവും വികസനങ്ങളും (culture is the process of cultivating the natural).

വ്യവസായികവിപ്ലവം പാശ്ചാത്യ സമൂഹങ്ങളിൽ വരുത്തിയ മാറ്റം, പ്രകൃതിയോട് നമ്മൾ ബന്ധപ്പെടുന്ന രീതിയെയും ആഴത്തിൽ ബാധിച്ചു. സ്നേഹപരിപാലനയോടെ ദിവ്യത്വം കല്പിക്കപ്പെട്ടിരുന്ന ഭൂമിമാതാവ് വിക്ടോറിയൻ കാലഘട്ടമായപ്പോഴേക്കും കൂടുതൽ ഭീകരത നിറഞ്ഞതും വന്യവുമായി ചിത്രീകരിക്കപ്പെട്ടുതുടങ്ങി. പ്രകൃതി മനുഷ്യന്റെ നിലനില്പിനും, വികസന-സംസ്കാരത്തിനും തടസമാണെന്ന കാഴ്ചപ്പാട്, കീഴ്‌പ്പെടുത്തി ചൂഷണം ചെയ്യപ്പെടേണ്ട ‘വസ്‍തു’ മാത്രമായി പ്രകൃതിയെ മാറ്റി. അങ്ങനെ പ്രകൃതിയുടെ പരിശുദ്ധിയും ദിവ്യതയും അപഹരിക്കപ്പെട്ടു.

ലോഹധാതുക്കളുടെ സാധ്യത കണ്ടുകൊണ്ട് സാമ്രാജ്യശക്തികൾ ഖനികൾ തുടങ്ങുകയും, കുഴിക്കുന്നതിനും ദൂരേക്ക് കൊണ്ടുപോകുന്നതിനും തദ്ദേശവാസികൾ ചൂഷിതരാവുകയും ചെയ്തു. പണിക്കാർക്ക് ആവശ്യമായ ഭക്ഷണാവശ്യത്തിനായി സന്തുലിതക്രമം തകർത്തുകൊണ്ട് കൃഷി നടത്തി. അതിൽ ലാഭേച്ഛ കലർന്നപ്പോൾ മണ്ണ് വിഷലിപ്തമാവുകയും ഉപയോഗശൂന്യമാവുകയും ചെയ്തു. ആളുകൾ അവരുടെ ഭവനങ്ങളിൽ നിന്നു അകറ്റപ്പെട്ടു, ഭൂപ്രകൃതി നശിപ്പിക്കപ്പെട്ടു, അവരുടെ ജീവിതശൈലിയും പാടേ തകർക്കപ്പെട്ടു.

നഗരവത്കരണത്തിന്റെയും വികസനത്തിന്റെയും പേരിൽ അസന്തുലിതമായ പുരോഗമനമുതലാളിത്ത സമീപനങ്ങളാണ് നടപ്പിലായത്. അതിജീവനത്തിനുള്ള വിഭവങ്ങൾ പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണ് അത് കൊണ്ടെത്തിച്ചത്. വാണിജ്യതാല്പരരുടെ സ്വാർത്ഥത മൂലം ആക്രമിക്കപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യുന്നത് തദ്ദേശീയരായ പാവങ്ങളാണ്. അവരുടെ ഭവനത്തിന്റെയും, പ്രകൃതി മാതാവിന്റെയും അങ്ങനെ അവരുടെ തന്നെയും ജീവൻ നിലനിർത്തുവാനുള്ള പോരാട്ടത്തിൽ രക്തസാക്ഷികളായ അനേകരുണ്ട്. ഓരോ മരച്ചുവട്ടിലും അങ്ങനെയുള്ള ഒട്ടനവധി ആളുകൾ അടക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പ്രത്യാശ നഷ്ടപ്പെടുത്താതെ അവർ മുമ്പോട്ട് പോവുകയാണ്. അവരുടെ വേതനദാതാക്കളുടെ ചൂഷണങ്ങളിൽ നിന്ന് ജീവനോടെ രക്ഷപെടുവാൻ അവരുടെ ഉത്പന്നങ്ങളും അവരെത്തന്നെയും വിൽക്കേണ്ട ദയനീയാവസ്ഥയിൽ ഞെരുങ്ങുന്നവരാണവർ.

പ്രകൃതിമാതാവ് (പച്ചാമാമാ) ഇന്ന്
ഒക്‌ടോബർ 2012 ബൊളീവിയൻ ഗവൺമെൻറ് ‘ഭൂമിമാതാവിന്റെ നിയമം’ (Law of the Rights of Mother Earth, / The Law of “Mother Earth”) പാസ്സാക്കി. നേരത്തേ കണ്ട ദേവതാസങ്കല്പങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ നിയമം പച്ചാമാമായെ നിർവചിക്കുന്നത് ഇങ്ങനെയാണ്: “പരസ്പരം ബന്ധപ്പെട്ടും, പരസ്പരം ആശ്രയിച്ചും പരസ്പരപൂരകമായും നിലനിന്നുകൊണ്ട് പൊതുവായ ഒരു ലക്‌ഷ്യം പങ്കുവയ്ക്കുന്ന എല്ലാ ജൈവഘടകങ്ങളെയും ജീവജാലങ്ങളെയും ഉൾകൊള്ളുന്ന അഭേദ്യമായ ജീവസംവിധാനമാണ് ഭൂമിമാതാവ്” (Mother Earth is a dynamic living system comprising an indivisible community of all living systems and living organisms, interrelated, interdependent and complementary, which share a common destiny).

പ്രധാന തത്വങ്ങൾ: ഭൂമി മാതാവിനെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രയത്നങ്ങൾക്കായുള്ള പ്രതിബദ്ധത, ഐക്യവും സൗഹാർദ്ദവും, ഭൂമി മാതാവിന്റെ അവകാശങ്ങളെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, കൂട്ടായ നന്മ, ജീവസംവിധാനങ്ങളോ അവയെ നിലനിർത്തുന്ന ഘടകങ്ങളോ വാണിജ്യവത്കരിക്കാനോ ആരുടെയെങ്കിലും സ്വകാര്യ സ്വത്താക്കാനോ അനുവദിക്കാതിരിക്കുക, മേല്പറഞ്ഞവയെ പരിപോഷിപ്പിക്കുവാൻ കഴിയുന്ന മൂല്യങ്ങളെ ഏതു സംസ്കാരങ്ങളിൽ നിന്നാണെങ്കിലും സ്വീകരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക.

പച്ചാമാമായുടെ അവകാശങ്ങൾ: 1. പുനരുജ്ജീവനത്തിനുള്ള ആന്തരികശേഷിയും അതിനുള്ള വ്യവസ്ഥകളും, ജീവഘടനകളും അവയെ നിലനിർത്തുന്ന പ്രകൃതിയുടെ സ്വാഭാവികപ്രക്രിയകളും സംരക്ഷിക്കപ്പെടണം. 2. മനുഷ്യന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താമെങ്കിലും ജനിതകപരമായോ ഘടനാപരമായോ കൃത്രിമമായി കൊണ്ടുവരുന്ന മാറ്റങ്ങൾ അനേകം സസ്യജന്തുക്കളുടെ വർഗ്ഗശുദ്ധിയുടെ നിലനില്പും പ്രജനനവും അപകടത്തിലാക്കുകയാണ്. അതുകൊണ്ട് ജീവന്റെ വൈവിധ്യങ്ങൾ അവ സ്വാഭാവികമായി വളർന്നുവന്ന രീതികളിൽ സംരക്ഷിക്കപ്പെടണം. 3. ഭൂമിയുടെ ജീവോൽപാദനപ്രക്രിയയിൽ ജലത്തിന്റെ അളവിനും ഗുണത്തിനും വലിയ പങ്കുള്ളതിനാൽ, ജലത്തെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും ജലചക്രത്തിന്റെ പ്രവർത്തനപരത ഉറപ്പാക്കുകയും ചെയ്യുക. 4. ജീവൻ നിലനിർത്തപ്പെടേണ്ട ഗുണത്തിലും ഘടനയിലും വായുവിന്റെ ശുദ്ധത ഉറപ്പാക്കണം. 5. ഭൂമിയുടെ സ്വാഭാവികമായ രാസപ്രക്രിയകളും ജീവചക്രങ്ങളും മനസിലാക്കുകയും, അവ നിലനിർത്തുകയും തിരികെ കൊണ്ടുവരാനുള്ള പ്രയത്നങ്ങൾ ഉറപ്പാക്കുകയും ചെയ്യണം. 6. മനുഷ്യപ്രവൃത്തികളാൽ നേരിട്ടോ അല്ലാതെയോ വികലമാക്കപ്പെട്ട ജൈവഘടനകൾ പുനഃസ്ഥാപിക്കപ്പെടണം. 7. വിഷപദാർത്ഥങ്ങളും റേഡിയോആക്റ്റിവ് മാലിന്യങ്ങളും വായുവിനും ജലത്തിനും മണ്ണിനും ഉണ്ടാക്കുന്ന ദൂഷ്യങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കുക.

പാരിസ്ഥിതികമായ മാനസാന്തരം
അത്യധികം സങ്കീർണമായ ജൈവവൈവിധ്യങ്ങളുള്ള ആമസോൺ വനസമ്പത്ത് ഭൗമപരിസ്ഥിതിക്കുതന്നെ നിർണായകമാണ്. അതുകൊണ്ട് ഈ പ്രദേശത്തിന്റെ നിലനില്പിനുള്ള ഭീഷണി വളരെ ശ്രദ്ധയർഹിക്കുന്നു. വാണിജ്യ-വ്യാവസായികതാല്പര്യങ്ങളിലേക്ക് രാഷ്ട്രീയവും ബൗദ്ധികവുമായ ഇടപെടലുകൾ അത്യാവശ്യമാണ്. തീർത്തും പ്രാദേശിക തലത്തിൽ മാത്രം അടിച്ചേൽപ്പിക്കപ്പെടുന്ന പരിസ്ഥിതിമൂല്യങ്ങൾ കപടതയാണ്. അവ അത്തരം പ്രദേശങ്ങളെയും അവിടുത്തെ ആളുകളെയും കൂടുതൽ ഇരയാക്കുന്നതേയുള്ളു. അന്തർദേശീയതലങ്ങളിൽ പുതിയ നയങ്ങളും രീതികളും രൂപപ്പെടേണ്ടതും പ്രാദേശികതലങ്ങളിൽ ആത്മാർത്ഥമായി നടപ്പിലാക്കേണ്ടതുമുണ്ട്. കുത്തകമുതലാളിമാരുടെ ദാർഷ്ട്യമനോഭാവം രാഷ്ട്രനിയമങ്ങൾക്കതീതമായി പ്രവർത്തിക്കുമ്പോൾ അപകടത്തിലാവുന്നത് ഭൂമിയുടെ ജീവൻതന്നെയാണ് (Ref. Cardinal Hollerich in an interview in Rome during Amazon Synod).

പാരിസ്ഥിതികമായ മാനസാന്തരം മുമ്പോട്ട് വയ്ക്കുന്നത് നമ്മുടെ ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ്; ആവോളം കൂട്ടിവെക്കാനും, പിന്നീട് വലിച്ചെറിയാനുമുള്ള സാംസ്‌കാരികപ്രവണതകളാണ് ചൂഷണത്തിലേക്കു നയിക്കുന്ന വ്യവസായങ്ങളെ നിലനിർത്തുന്നത്. വിവേചനമില്ലാത്ത ഉപഭോഗങ്ങളിൽ പലവിധേന ഇരകളാകുന്നത് പാവങ്ങളിൽപാവങ്ങളായ മനുഷ്യരാണ്. കുടിയിറക്കപ്പെട്ട പല തദ്ദേശവാസികളും ഒറ്റപ്പെട്ടുകഴിയുന്നു. അവരുടെ പ്രദേശങ്ങൾ കമ്പനികളുടെ അധീനതയിലായപ്പോൾ പലരും അക്രമഭീഷണിമൂലം ഓടിരക്ഷപ്പെട്ടു (Ref. Archbishop Pedro Brito Guimarâes in an interview in Rome during Amazon Synod). കൂടുതൽ ഉൾവനങ്ങളിലേക്കു പോകേണ്ടിവരുന്നതിനാൽ അവർ രോഗങ്ങൾക്ക് കീഴ്പ്പെടുകയും മരണത്തിനു വിധേയരാവുകയും ചെയ്യുന്നു. ഈ അവസ്ഥ അവരിലേൽപ്പിക്കുന്ന മാനസികവും വൈകാരികവുമായ ആഘാതം ചെറുതല്ല. അവരുടെ ഉള്ളിനെ അറിയാനോ അവരുടെ യഥാർത്ഥ ആവശ്യങ്ങൾ മനസ്സിലാക്കാനോ വളരെ ബുദ്ധിമുട്ടാണ്. അവർക്കു വേണ്ടിയുള്ള സഭയുടെ നിലപാടുകളും അത്തരം സാഹചര്യങ്ങളിലേക്കുള്ള അജപാലന സാധ്യതകളുമാണ് ആമസോൺ സിനഡിൽ ഉടനീളം ഉള്ളത്. New Paths for the Church and for an Integral Ecology എന്ന പേരിൽ തദ്ദേശീയരായവരുടെ അവകാശങ്ങൾ, മണ്ണിനും ഭൂസ്വത്തുക്കളുടെയും മേലുള്ള അവരുടെ അവകാശങ്ങൾ, കുടിയിറക്കൽ, പ്രദേശത്തെ സഭയുടെ മിഷനറി പ്രവർത്തനങ്ങൾ, തദ്ദേശീയമായ ആരാധനാരീതികൾ, പ്രകൃതിസമ്പത്തിനെ ഭാവിയിലേക്ക് നിലനിർത്തിക്കൊണ്ടുള്ള സമഗ്രമായ വികസനരീതികൾ തുടങ്ങിയവയാണ് ചർച്ചയിലെടുത്തത്.

പച്ചാമാമായുടെ ദേവതാഭാവത്തിൽ വിശ്വസിക്കുന്ന ഗോത്രവർഗക്കാർ ഇന്നുമുണ്ട്. എന്നാൽ ആ പുരാതനപ്രതീകം അന്നും ഇന്നും ഭൂമിയുടെ ജൈവപ്രക്രിയകളെ ഒന്നായി രൂപകാത്മകമായി ചിത്രീകരിക്കുകയാണ്. കരുതലോടെയൂട്ടിയ അമ്മയുടെ ചിത്രം നിലനിൽക്കുന്നുണ്ടെങ്കിലും, ജീവശേഷി നഷ്ടപ്പെട്ട പ്രകൃതിയെയും അവളുടെ ഞെരുക്കപ്പെടുന്ന സന്താനങ്ങളെയും പച്ചാമാമാ കാണിച്ചു തരുന്നു; ജീവിക്കുവാനുള്ള അവകാശത്തിനുവേണ്ടി, അവളുടെ പീഡിപ്പിക്കപ്പെടുന്ന മക്കൾക്കുവേണ്ടി കരയുന്നു. വിശ്വാസത്തിന്റെ തലങ്ങളിൽ നിന്നും വ്യത്യസ്തമായി സാമ്പത്തികവും രാഷ്ട്രീയപ്പരവുമായ തലങ്ങൾ ഇതിലുണ്ട്. തങ്ങളുടെ ജീവിതം പ്രകൃതിയുമായി ആഴത്തിൽ ബന്ധപ്പെട്ടു നില്കുന്നു എന്ന് കരുതുന്നവരെ ‘സംസ്കാരസമ്പന്നർ’ വിഗ്രഹാരാധകരും പ്രകൃതിയെ ആരാധിക്കുന്നവരുമായി വിധിച്ചു പരിഹസിച്ചേക്കാം. കൃതജ്ഞതയോടെയും ആദരവോടെയും പ്രകൃതിയുമായി നിലനിർത്തിപ്പോരുന്ന ഈ ബന്ധം ബഹുരാഷ്ട്രകമ്പനികളുടെ ചൂഷണതാൽപര്യങ്ങൾക്ക് തീർത്തും തടസം തന്നെയാണ്. ചൂഷണയാഥാർത്ഥ്യങ്ങളെയാണ് വിശ്വാസത്തിന്റെ പുകമറയുണ്ടാക്കി ശ്രദ്ധിക്കപ്പെടാതാക്കിയത്.

ഐയ്യുവും പച്ചാമാമായും വിശ്വാസവും
നമ്മുടെ പൊതുഭവനമായ ഭൂമി, ഒരു പെങ്ങളെപ്പോലെ നമ്മുട ജീവന്റെ ഭാഗവും, നമ്മെ മാറോടണക്കാൻ കൈ നീട്ടുന്ന ഒരു അമ്മയെപ്പോലെയുമാണെന്ന് ഫ്രാൻസിസ് അസ്സീസി പറഞ്ഞു.

ഫ്രാൻസിസ് അസ്സീസ്സിയുടെ സമീപനം വെറുമൊരു കാല്പനികഭാവം മാത്രമല്ല, കാരണം ഇത്തരം നിലപാടുകളാണ് നമ്മുടെ പെരുമാറ്റങ്ങളെ നയിക്കുന്നത്. വിസ്മയപൂർണമായ തുറവിയില്ലാതെ നമ്മൾ പ്രകൃതിയെ സമീപിക്കുന്നിടത്തോളോം ലോകവുമായുള്ള നമ്മുടെ ബന്ധങ്ങളിൽ സൗന്ദര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷ എന്നും നമുക്ക് അന്യമായിരിക്കും. അധിപരും, ചിലവാക്കുന്നവരും, നിർദ്ദയരായ ചൂഷകരും തൃപ്തികളിൽ തൃപ്തിയില്ലാത്തവരും ആയിരിക്കും. നേരേ മറിച്ച്, പ്രപഞ്ചത്തിലെ സകലത്തിനോടും ആഴമായ ഒരു ബന്ധം പുലർത്താൻ കഴിയുന്നെങ്കിൽ സമചിത്തതയും കരുതലുമുള്ള ഒരു സമീപനം നൈസർഗ്ഗികമായിത്തന്നെ നമ്മിൽനിന്നുണ്ടാകും.

ഏതാനം ദുർവ്യാഖ്യാനങ്ങൾ ആമസോൺസിനഡ് ബഹുദൈവാരാധനയും, വിഗ്രഹാരാധനയും ദുർദേവതകളിലുള്ള വിശ്വാസവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രചരിപ്പിച്ചു. സിനഡിന്റെ ആധാരരേഖയുടെയും ബൈബിളിന്റെതന്നെയും തെറ്റായ വായനയും സ്ഥാപിതതാല്പര്യങ്ങളുമാണ് ഇത്തരം എതിർപ്പുകൾ ഉണ്ടാക്കിയത്.

പ്രാചീനവിശ്വാസരീതികളെയും, അവയുടെ പുതുരൂപങ്ങളെയും മനസിലാക്കാൻ, പ്രപഞ്ചവും ദൈവവും ഒന്നുതന്നെയാണെന്ന സർവ്വേശ്വരവാദം (pantheism), സകല വസ്തുക്കളിലും ജീവചൈതന്യം കാണുന്ന സർവ്വചേതനവാദം (animism), സൃഷ്ടിപൂജ (paganism), സൃഷ്ടി ദൈവമല്ലെങ്കിലും സകലത്തിലും ദൈവം ഉൾച്ചേർന്നിരിക്കുന്നെന്ന ഈശ്വര-സർവന്തരയാമിത്വം (panentheism) എന്നിവയിൽ വ്യക്തത തേടേണ്ടതുണ്ട്. ഏകദൈവവിശ്വാസമുള്ള മതങ്ങൾ മറ്റു വിശ്വാസങ്ങളെ പൊതുവായി വിജാതീയം, സൃഷ്ടിപൂജ/വിഗ്രഹാരാധന എന്ന് വിളിച്ചിട്ടുണ്ട്. സർവ്വചേതനവാദം സർവ്വേശ്വരവാദമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഏകദൈവവിശ്വാസത്തിൽനിന്ന് വ്യത്യസ്തപ്പെടുത്തി പ്രപഞ്ചരഹസ്യം തന്നെയാണ് ദൈവമെന്ന രീതിയിൽ സർവേശ്വരവാദം പ്രബലമായ ചിന്താധാരയിലേക്കു കൊണ്ടുവന്നത് ബാറുക് സ്പിനോസയാണ് (Baruch Spinoza 1632-1677). പലവിധത്തിലുള്ള പ്രാചീനാചാരങ്ങളെ മൊത്തത്തിൽ, ഏകദൈവവിശ്വാസത്തിന് വിരുദ്ധമായി കാണുന്നത് നമ്മുടെ സമീപനത്തിലെ പോരായ്മയാണ്. ഏകദൈവവിശ്വാസികൾ അവയെ പരിശോധിച്ച് വിശകലനം ചെയ്യുന്നത് സ്വന്തം വിശ്വാസത്തിന്റെ കാഴ്ചപ്പാടിലൂടെയാണ്, ആ രീതിയിലാവണമെന്നില്ല അവർ അവരുടെ വിശ്വാസങ്ങളെ സമീപിക്കുന്നത്. ഇത്തരം സങ്കല്പങ്ങളെ പൈശാചികമായികാണുന്നത് തീർത്തും വികലമായ കാഴ്ചപ്പാടാണ്. മധ്യപൂർവ്വേഷ്യയിലെ പ്രബലമായ മതങ്ങളൊക്കെയും പ്രാചീനാചാരങ്ങളിൽ നിന്ന് സ്വാതന്ത്രമാണെന്നു പറയുമ്പോഴും എല്ലാ ആചാരാനുഷ്ഠാനങ്ങളിലും പൂജാവിധികളിലും അവയുടെ പിന്തുടർച്ച കാണുവാൻ കഴിയും. അവയെ അധമരെന്നും പിശാച് പൂജകരെന്നും വിധിക്കുന്നതിനു മുമ്പ് അവരുടെ പ്രപഞ്ചവീക്ഷണത്തെ മനസിലാകുന്നത് നമ്മുടെതന്നെ സമീപനങ്ങളുടെ തെളിമക്ക് ഉപകരിച്ചേക്കും.

പ്രപഞ്ചത്തെ ദൈവത്തോട് തുലനംചെയ്യുകയോ പരിസ്ഥിതി/പ്രകൃതിവാദികളോട് തങ്ങളുടെ നിലപാടുകളെ ചേർത്തുവയ്ക്കുകയോ ആമസോൺസിനഡ് ചെയ്യുന്നില്ല. സകലത്തിലും ജീവചൈതന്യം കാണുന്നതായിരുന്നു ആമസോണിന്റെ തനതായ പാരമ്പര്യവും വിശ്വാസങ്ങളും. സൃഷ്ടിയുടെ പരിശുദ്ധി കണ്ടുകൊണ്ടുതന്നെ അവയോടു നിരന്തരസമ്പർക്കത്തിലായിരിക്കുമ്പോഴാണ് മനുഷ്യന്റെ യഥാർത്ഥ ഉത്ഭവവും വളർച്ചയും അതേ പരിശുദ്ധിയിൽ ബോധ്യപ്പെടുക. പ്രമാണങ്ങൾക്കപ്പുറം ദൈവത്തിന്റെ കരവേലകൾ അതിന്റെ സൗന്ദര്യത്തിലും വിസ്മയങ്ങളിലും ഗ്രഹിക്കുന്നതും ഈ സമ്പർക്കങ്ങളിലൂടെ തന്നെ. വിവിധങ്ങളായ പ്രകൃതിചക്രങ്ങളുടെയും, ജീവനുള്ളവയോ അല്ലാത്തതോ ആയ സകലത്തിന്റെയും പരസ്പരാശ്രയത്വം നമ്മുടെ സാമാന്യബുദ്ധികൊണ്ടു ഗ്രഹിക്കാവുന്നതേയുള്ളു. ആ അറിവിൽ പരിപാലനയുടെ കാര്യങ്ങൾ കൂടുതൽ ബോധ്യപ്പെടുകയേയുള്ളു. ഈ പരസ്പരബന്ധവും പരസ്പരാശ്രയത്വവും ദൈവത്തെ മാറ്റി നിര്ത്തുന്നു എന്ന് വാദിക്കുന്നവർ നിബന്ധിതമായ അവരുടെ വിഭാവനകളിലൂടെ ആരോപണങ്ങളുണ്ടാക്കുകയും യാഥാർത്ഥ്യത്തിനെതിരെ കണ്ണടക്കുകയുമാണ്.

ആമസോൺ ആചാരങ്ങളിലെ ദൈവികവെളിപാടുകൾ
വിജാതീയമായ അന്ധവിശ്വാസങ്ങളെ ദൈവികവെളിപാടുകളായികാണുവാൻ സിനഡ് ശ്രമിക്കുന്നു എന്ന അധിക്ഷേപം മുൻവിധിയോടുകൂടെയുള്ളതാണ്. ആമസോൺ പ്രദേശത്തിന്റെ സാംസ്‌കാരിക ചൈതന്യത്തിലൂടെത്തന്നെ ക്രിസ്തുവിനെ കാണാനും, ക്രിസ്തുസാന്നിധ്യം മേല്പറഞ്ഞ ഭവനാന്തരീക്ഷത്തിൽ ആഘോഷിക്കപ്പെടുവാനുമുള്ള സാധ്യതകൾ ധ്യാനിക്കുകയാണവർ. സാംസ്കാരികമായി വ്യത്യസ്തമായതുകൊണ്ട് മാത്രം മറ്റൊന്നിനെ അധമമെന്നു വിളിക്കുന്നത് ഉചിതമല്ല. ആചാരങ്ങളിലും സമ്പ്രദായങ്ങളിലും ഉൾപ്പെടാനിടയുള്ള ചൂഷണസാധ്യതകളെയും മനുഷ്യത്വരഹിതമായ സമീപനങ്ങളെയും എതിർക്കുകയും, എന്നാൽ കടന്നു ചെല്ലുന്നിടത്തെ സംസ്കാരങ്ങളിലെ നന്മയും സത്യവും മനോഹാരിതയും സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ് വിശ്വാസം വളർന്നത്. ഒരുപക്ഷെ അറിയപ്പെടാത്തതും പേരുനൽകപ്പെടാത്തതുമായ ക്രിസ്തുവിനെത്തന്നെയാണ് സഭ അവിടെ തിരിച്ചറിഞ്ഞത്. മനുഷ്യഹൃദയങ്ങളിലും സംസ്കാരങ്ങളിലും സന്നിഹിതനായിരിക്കുന്ന വചനത്തിന്റെ വിനീതമായ തിരിച്ചറിവാണത്. സഭയിൽനിന്നുള്ള സ്വീകാര്യതയും കേൾവിയും അവ അർഹിക്കുന്നുമുണ്ട്. ഈ തുറവി ദൈവികവെളിപാടിനെ ആപേക്ഷികമാക്കുകയാണെന്ന് കാണുന്നവർ, മറ്റുള്ളവയെയെല്ലാം മാറ്റിനിർത്തുന്ന സ്വയംപൂർണ്ണപദവി സ്വയം മികവ് കല്പിക്കുന്ന സാംസ്‌കാരികക്രമങ്ങൾക്ക് നൽകുകയാണ്. വിശ്വാസങ്ങൾക്ക് അതിപ്രധാനമെന്ന് കരുതിപ്പോന്നിരുന്നവയെ വ്യത്യസ്തമായി കാണാൻ ശ്രമിക്കുകയെന്നത് പോലും അവരെ ഭീതിപ്പെടുത്തുന്നു, കാരണം സ്വയം നൽകിയ നിർവചനങ്ങൾ പൊളിച്ചെഴുതേണ്ടി വന്നേക്കാം. അത്തരം ഒരു നിർവചനത്തിലേക്കോ ആചാരക്രമത്തിലേക്കോ ചുരുക്കിനിർത്താവുന്നതല്ല ക്രിസ്തു നൽകിയ ദൈവികവെളിപാട്. ഒരിക്കൽ വിജാതീയമായിരുന്ന ഗ്രീക്ക്-റോമൻ സാംസ്‌കാരികപ്രതീകങ്ങൾക്കും ആചാരങ്ങൾക്കും മാത്രം ദൈവിക വെളിപ്പെടുത്തലുകൾ ഉൾക്കൊള്ളുവാൻ കൂടുതൽ ശേഷിയുണ്ടായിരുന്നു എന്ന് കരുതുന്നത് പ്രചോദിതമല്ല.

വിശ്വാസമൂല്യങ്ങളും ലിഖിതരൂപങ്ങളിലെ സാംസ്‌കാരികഘടകങ്ങളും വേർതിരിച്ചു കാണാൻ കഴിയാത്തത് നമ്മുടെ സമീപനങ്ങളെ തെറ്റായ നിഗമനങ്ങളിലേക്കു പലപ്പോഴും കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. ക്രിസ്തുവിലുള്ള വെളിപാട് പൂർണ്ണമാണെങ്കിലും നമ്മുടെ ധാരണകൾ പൂർണ്ണമാകണമെന്നില്ല. മംഗളവാർത്ത-സ്വർഗാരോഹണം രക്ഷാചരിത്രത്തിനിടയിൽ നമുക്ക് പരിചിതനായ ക്രിസ്തു അതിനു മുമ്പും അതിനു ശേഷവും സൃഷ്ടിയിലും ചരിത്രത്തിലും സന്നിഹിതനാണ്. മനുഷ്യനായി അവതരിക്കുന്നതിനും മുമ്പേ സകലസൃഷ്ടവസ്തുക്കൾക്കും രൂപഭാവം നൽകുകയും, മനുഷ്യഹൃദയങ്ങളിൽ ആന്തരികപ്രചോദനം നൽകുകയും ചരിത്രഗതികളെ നയിക്കുകയും ചെയ്യുന്നത് വചനമായ ക്രിസ്‌തുതന്നെ. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന തദ്ദേശീയരെയും നയിച്ച വചനസാന്നിധ്യത്തെ അംഗീകരിക്കേണ്ടതാണ്. അത് മറ്റൊരു രക്ഷാമാർഗം തിരയലല്ല, കൃപാവഴിയിൽ ക്രിസ്തു മറ്റൊരു സമൂഹത്തെ നയിച്ച പാതയെ അറിയാൻ ശ്രമിക്കുകയാണ്. ക്രിസ്തുവിനെ കൂടുതൽ പൂർണമായി കാണാനുള്ള തുറവിയാണത്. അപരിചിതമായ പ്രതിഭാസങ്ങൾക്കു പിന്നിൽ പിശാചുക്കളാണെന്നുറപ്പിക്കാൻ മടിക്കാത്ത നമുക്ക് ചുറ്റും ജീവരൂപങ്ങളെ കാണാനുള്ള വൈമനസ്യം നമ്മിലുള്ള കണിശമായ യാഥാസ്ഥിതികതയും സംശയങ്ങളുമാണ് കാണിക്കുന്നത്, വിശ്വാസത്തോടുള്ള പ്രതിപത്തിയല്ല.

ഐയ്യു മാതൃക ക്രിസ്തുവെന്ന മുന്തിരിച്ചെടിയിലെ ശാഖകൾ എന്ന കാഴ്ചപ്പാടിനോട് യോജിച്ചു പോകുന്നതാണ്. ആ ശാഖകളിൽ സർവമനുഷ്യജാതികളും പ്രപഞ്ചത്തിലെ സകലസൃഷ്ട്ടികളുംകൂടി ഉൾപ്പെടും. ഇവിടെ ക്രിസ്തുവിനെ മാറ്റിനിർത്തുകയോ സഭയുടെ മാതൃത്വത്തെ ചോദ്യം ചെയ്യുകയോ അതിന് പകരം നിൽക്കുകയോ ചെയ്യുന്നില്ല. സെമിറ്റിക് പാരമ്പര്യങ്ങൾ മനസിലാക്കിയിട്ടുള്ളതിനുമപ്പുറത്ത് മറ്റുള്ള വിശ്വാസപാരമ്പര്യങ്ങളിലുമുള്ള വചനസാന്നിധ്യത്തെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിൽ ക്രിസ്തുവിന്റെ ശരീരമാകുന്ന സകല സൃഷ്ടവസ്തുക്കളുടെയും സമൂഹമായി ഒരുമിച്ചു വരുവാൻ ഒരുപക്ഷേ നമുക്ക് കഴിഞ്ഞേക്കും.

പ്രകൃതിയിൽനിന്നുള്ള മനുഷ്യൻ: ഒരു കൂദാശാമാനം
മനുഷ്യന്റെ അന്തസ് വ്യക്‌തിയുടെ തികവിൽ ആദരവർഹിക്കുന്നു. നമ്മെ ജനിപ്പിച്ചു വളർത്തിയ പ്രകൃതിയെ കണക്കിലെടുക്കാതെ ഈ തികവ് അറിയാനാവില്ല. സകലതിനെയും അവയുടെ തനതായ സ്വഭാവങ്ങളിൽ ആദരിക്കാനും അവയുടെ പരസ്പരബന്ധത്തിൽ നമ്മെത്തന്നെ കണ്ടെത്തുന്നതിലാണ് മനുഷ്യന്റെ യഥാർത്ഥ അന്തസ് തിരിച്ചറിയപ്പെടുന്നത്. പ്രകൃതിയുടെ ഉദാരത മനസിലാക്കാതെ എങ്ങനെയാണ് നമ്മൾ യഥാർത്ഥ നീതി പഠിച്ചെടുക്കുന്നത്? ഉദാരമായി നല്കപ്പെടുന്നതിൽ ഉൾപ്പെടുന്ന ജീർണതയുടെ പരിശുദ്ധികൾ ഗ്രഹിക്കാതെ എങ്ങനെ ത്യാഗം പരിശീലിക്കും? അപൂർണ്ണതകളും, വിശപ്പും ദാഹവും മരണവും അഴുകലും പ്രകൃതിയിലുണ്ട്; തുടർന്ന് പുതിയ രൂപങ്ങളിലേക്കുള്ള തുറവിയുടെ ആന്തരിക ശേഷികളാണവയെല്ലാം.

നമ്മൾ രൂപപ്പെട്ടതും രൂപാന്തരപ്പെട്ടതും പ്രകൃതിയുടെ ഉദരത്തിലാണ്; ജീവന്റെ സമൃദ്ധിയും സുഗന്ധവും സൗന്ദര്യവും അറിഞ്ഞതും ഈ പ്രകൃതിയിലൂടെയാണ്. ഈ അനുഭവങ്ങളില്ലാതെ ജീവന്റെ സമൃദ്ധിയുടെ ദൈവത്തെക്കുറിച്ചു ഒരു സങ്കൽപം പോലും നമുക്ക് അസാധ്യമാണ്. പ്രകൃതിയെന്നത് നമ്മുടെ ജീവനും നമ്മുടെ ജീവിതകഥയുമാണ്.

പച്ചാമാമാ ഒരു പ്രവാചകപ്രതീകം
പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുകയെന്നത് സാമൂഹികനീതിയുടെ ഭാഗമാണ്. പ്രകൃതിവിഭവങ്ങളുടെ ലഭ്യത സാമ്പത്തിക താൽപര്യങ്ങൾക്കുപകരം തുല്യതയെ അടിസ്ഥാനമാക്കിയാവണം. ആന്തരികസ്വാതന്ത്രം നൽകുന്ന നീതിബോധത്തിൽനിന്നേ അത് സാധ്യമാകൂ. ബലഹീനരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ഭാഗത്തു നിൽക്കാനാണ് സഭയുടെ വിളിയെങ്കിൽ ഇന്ന് ഭൂമിയും അതിലെ വിഭവങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യപ്പെടുന്ന പാവങ്ങളുടെയും കൂടെനില്കുകയെന്നത് സഭയുടെ പ്രവാചക സ്വരമാണ്. ഒന്നും സംഭവിക്കുന്നില്ലെന്ന വ്യർത്ഥചിന്ത ആസന്നമായ ദുരന്തങ്ങളിലേക്ക് വഴിതുറന്നുകൊടുക്കും. വിഗ്രഹാരാധനയുടെയും, സഭാഘടനകളുടെ തകർച്ചയും കവചമാക്കി പച്ചാമാമായുടെ നിലവിളിയെ നിശബ്ദമാക്കാൻ കഴിഞ്ഞേക്കും. എങ്കിലും പ്രകൃതിയെ പാവനമായി കാണുന്ന ആ പാവങ്ങൾ ഉയർത്തിപ്പിടിച്ച പച്ചാമാമാ ഒരു പ്രവാചകപ്രതീകമാണ്. പച്ചാമാമായെ ദേവതയായിക്കണ്ട ഗോത്രവർഗ്ഗക്കാരും, പ്രകൃതിയെ മാതാവായി കാണുന്നവരും അർത്ഥമാക്കുന്നത് സകലത്തിന്റെയും പരസ്പരബന്ധവും പരസ്പരാശ്രയത്വവുമാണ്. ജീവസാന്നിധ്യത്തിൽ ആനന്ദിക്കുവാനും വേദനയിൽ പരസ്പരം കരുതലുള്ളവരാകുവാനും കുറേക്കൂടെ വിസ്തൃതമായ ആത്മബന്ധങ്ങളിൽ നമുക്ക് കഴിയും.
___________________________

"Law of Mother Earth the Rights of Our Planet: A Vision from Bolivia." Accessed November 19, 2019.

Berry, Thomas. The Sacred Universe: Earth, Spirituality, and Religion in the Twenty-First Century. Edited by Mary Evelyn Tucker. New York: Columbia University Press, 2009.

Graves, Robert. New Larousse Encyclopedia of Mythology, New York: Crescent Books, 1987.

Harris, Dylan. "The Political Ecology of Pachamama: Race, Class, Climate Change, and Kallawaya Traditions," in Systemic Crises of Global Climate Change: Intersections of Race, Class and Gender. Edited by Phoebe Godfrey and Denise Torres, 186-198. Routledge, 2016. Accessed November 05, 2019.

Issitt, Micah and Carlyn Main. Hidden Religion: The Greatest Mysteries and Symbols of the World’s Religious Beliefs. California: ABC-CLIO, 2014.

Jelinski, Dennis. "On the Notions of Mother Nature and the Balance of Nature and Their Implications for Conservation," in Human Ecology: Contemporary Research and Practice. Edited by Daniel G Bates and Judith Tucker, 37-50. Springer-Verlag, 2010. Accessed November 05, 2019.

New Paths for the Church and for Integral Ecology; The Synod of Bishops Special Assembly for the Pan-Amazon

Pope Francis. Laudato Si’ Encyclical Letter on Care for Our Common Home. (May 24, 2015) Vatican: Vatican Press, 2015.

Tharamangalam, Joby. “Herods of Christ in Amazon” (September 19, 2019).

കാത്തിരിപ്പ് കാലം

വർഷത്തിലൊരിക്കൽ അങ്ങനെ ആ കാലിത്തൊഴുത്തിന്റെ ഓർമ്മ നമ്മളിൽ ഉണരുന്നു.
വരുവിൻ നമുക്ക് ദേവാലയത്തിലേക്ക് പോകാം എന്ന് പാടി യഹൂദർ ജറുസലേമിലേക്കു പോയിരുന്നു.
കാലിത്തൊഴുത്തിൽ പുതിയ ദേവാലയ മാതൃകയുണ്ട്‌,
ആ ശിശുവിൽ യഥാർത്ഥ ദൈവമുഖവും.

ആശ്രിതനായി വന്ന ശിശുവിനെ സ്നേഹത്തോടെ നോക്കിക്കാണണം.
അനേകരിൽ ആശ്രയിച്ചർപ്പിക്കുന്ന വിശ്വാസത്തെ കാണണം,
മൃഗങ്ങളും, പാപികളെന്ന് വിധിക്കപ്പെട്ടവരും, വിജാതീയരും പാവങ്ങളും ശിശുവിനരികെയുണ്ട്‌.
അവരെയും വിശ്വസിക്കാനും പരിഗണനയിലെടുക്കുവാനും നമുക്കാവുമോ?
കാലിത്തൊഴുത്തിൽ വന്നവരൊക്കെ കാത്തിരിക്കാൻ തയ്യാറായവരാണ്, തങ്ങളുടെ സങ്കല്പങ്ങൾക്കപ്പുറം യാഥാർത്ഥ്യങ്ങളെ കാണാൻ തുറവി കാത്തവരാണ്.

ഒരുപക്ഷെ, ക്ഷമയോടെ കാത്തിരുന്നാലേ അതിനു കഴിയൂ.
ഗർഭകാലത്തിന്റെയും, പേറ്റുനോവിന്റെയും കാത്തിരിപ്പ്!
സ്നേഹത്തിലാണ് അതിൻ്റെ തുടക്കം.
പിന്നീട് കാത്തിരിപ്പ് കാലം;
പിറക്കാനായി, നടക്കാനായി, മിണ്ടാനായി, സ്വയം അറിയാനായി ... വിട പറയാനായി.

ഇവയിലൊക്കെയും കാത്തിരിക്കാനാവാത്തപ്പോൾ നമ്മിൽനിന്നും അപക്വമായ ഇടപെടലുകൾ ഉണ്ടായേക്കാം. ക്രിസ്തു ജനിക്കേണ്ട 'വ്യഗ്രതയിൽ' ഉള്ളിലെ സമാധാനം നഷ്ടപ്പെടുത്തിയേക്കാം. സ്നേഹത്തിൽ നടത്തപ്പെടുന്ന അപഗ്രഥനവും ധ്യാനവും, നൽകാനാഗ്രഹിക്കുന്ന പിറവികൾക്കു വേണ്ടി പ്രാർത്ഥനാപൂർണമായ കാത്തിരിപ്പ്, പുതിയ വഴികളെ സ്വീകരിക്കാനും നടന്നു പഠിക്കാനുമുള്ള ക്ഷമ, വേണ്ടത് പറയാൻ ആവശ്യമായ വാക്കുകൾക്കും പ്രചോദനകൾക്കുമായി കാത്തിരിപ്പ്, .....

വെളിപ്പെടുന്ന ക്രിസ്തുവും ആശ്രിതനായ ക്രിസ്തുവും നമ്മിലെല്ലാമുണ്ട്.
വരുവിൻ നമുക്ക് കർത്താവിന്റെ ആലയത്തിലേക്കു പോകാം,
കാലിത്തൊഴുത്തിന്റെ തുറവിയിലേക്ക്,
ആരെയും മാറ്റിനിർത്താതെ, ആരെയും വെറുക്കാതെ, ആരെയും വിധിക്കാതെ.

അങ്ങനെയുള്ള സഹവർത്തിങ്ങളിൽ തിരുപ്പിറവിയും, സുവിശേഷഘോഷങ്ങളും, യഥാർത്ഥ പശ്ചാത്താപവും, മാനസാന്തരവുമുണ്ട്.
അലിവിലും അറിവിലും കനിവിലും വഴികൾ നേരെയാക്കപ്പെടുന്നുണ്ട്,
പേര് നൽകപ്പെടാതെയാണെങ്കിലും ക്രിസ്തു പിറക്കുകയും ജീവിക്കുകയും ചെയ്യുന്നുണ്ട്.