Gentle Dew Drop

ജൂലൈ 03, 2020

ജൂൺ 30, 2020

പ്രവാചകൻ

ആത്മപ്രേരിതമായി സത്യം തിരിച്ചറിയുകയും അത് നിസ്സന്ദേഹം ദൈവനാമത്തിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തവരാണ് പ്രവാചകർ. ആ സത്യം കാണുകയോ കേൾക്കുകയോ ചെയ്യുന്നതിനും മുമ്പേ ഉള്ളിലെവിടെയോ അവർക്ക് ഒരു  അനുഭവമായി തെളിഞ്ഞു. സന്ദേശത്തിൽ തെളിമ തേടാനും, അത് ആഞ്ഞടിക്കുന്ന ശക്തികളെ നേരിടാനുമുള്ള സംഘർഷങ്ങളും ഞെരുക്കങ്ങളും അവർക്കുണ്ടായിരുന്നു.

അനീതി സഹിച്ചവരെ ദൈവത്തോടടുത്ത കനിവോടെ കാണുകയും എന്നാൽ അതേ സമയം അനീതിക്കു  കാരണക്കാരായവർക്കെതിരെ ക്രോധാഗ്നി ഉള്ളിൽ കാക്കുകയും ചെയ്തു. സമൂഹത്തിന്റെ നീതിയും, ആരോഗ്യപരവും ദൈവികവുമായ വളർച്ചയും ഉറപ്പു വരുത്തുന്നതിൽ,  ബോധപൂർവം നീതി നിരസിക്കുന്നവർക്കെതിരെ നിൽക്കുന്നതും ഭാഗമായി വരും. അധികാര സംവിധാനങ്ങൾ നിയന്ത്രിക്കുന്നവരിൽനിന്നും എതിർപ്പ് നേരിടേണ്ടി വന്നതിന്റെ കാരണവും അതാണ്. ദൈവം തങ്ങളോട് സംസാരിച്ചിരിക്കുന്നു എന്നത് മാത്രമായിരുന്നു അവർക്കു പ്രവചിക്കാനുള്ള കാരണം. ദൈവം ആ കാലത്തിനും, സമൂഹത്തിനും നൽകിയ സന്ദേശം അവർക്കുള്ളിൽ ഉണ്ടായിരുന്നതായിരുന്നു അവരുടെ ബലം. അപ്പക്കഷണത്തിനുവേണ്ടി വെളിപാട് പറയുന്ന വ്യാജപ്രവാചകനല്ല താനെന്നു ആമോസിന് എടുത്തു പറയേണ്ടതിന്റെ ആവശ്യമെന്തായിരുന്നു? സിക്കമൂർ വെട്ടിയൊരുക്കുകയും ആടുമേയിക്കുകയും ചെയ്തിരുന്ന താൻ പ്രവചിക്കുന്നത് ദൈവം സംസാരിച്ചത് കൊണ്ടാണെന്നാണ് ആമോസ് പറഞ്ഞത്. ഞങ്ങൾ പറഞ്ഞവ ആരും വിശ്വസിക്കുന്നില്ലെന്ന് ഏശയ്യാ സങ്കടപ്പെടുമ്പോൾ, ഇനി അവന്റെ നാമത്തിൽ വായ തുറക്കില്ലെന്നു ജെറമിയ ഉറപ്പിക്കുന്നുണ്ട്. എങ്കിലും ഉള്ളിലെവിടെയോ കത്തിയെരിയുന്ന കനലായി ദൈവത്തിന്റെ സന്ദേശം ഉള്ളതിനാൽ സംസാരിക്കാതിരിക്കാൻ കഴിയാത്തതുകൊണ്ട് സംസാരിക്കുകയാണ് അവർ.

ആമോസ്, ഹോസിയ, മിക്കാ പ്രവാചകർ സമൂഹത്തിലെ ചൂഷണത്തിനെതിരെ കടുത്ത ശബ്ദം ഉയർത്തിയവരാണ്. വിഗ്രഹാരാധനക്കെതിരെ പറയുമ്പോഴും അത്തരം രീതികൾ സ്ഥാപനവത്കരിച്ചുനൽകിയ ചൂഷിതസംവിധാനങ്ങളെ തച്ചുടക്കാനാണ് അവരിലെ പ്രവചനസ്വരം മുഴങ്ങിയത്. ഏശയ്യാ, ജെറെമിയാ, എസെക്കിയേൽ ഉടമ്പടിബന്ധത്തെയും വാഗ്ദാനങ്ങളെയും ഓർമ്മിപ്പിക്കുമ്പോഴും ഈ ഉടമ്പടിബന്ധം ജീവിക്കപ്പെടേണ്ടത് അനുഷ്ഠാനങ്ങളുടെ പാലനം എന്നതിനേക്കാൾ എല്ലാവർക്കും ന്യായമുറപ്പാക്കുന്നതിൽ ആണെന്ന് എടുത്തു പറയുന്നു. പകരം അനുഷ്ഠാനങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് ചൂഷണത്തിനും അനീതിക്കും കാരണക്കാരായതുകൊണ്ടാണ് രാജാക്കന്മാരും പുരോഹിതരും പ്രവാചകരുടെ വിമർശനത്തിന് ഇരയായത്. വിജാതീയമായ ഒരു അശുദ്ധിയും സ്പർശിക്കാത്തവന് ദൈവം വെളിപാട് നൽകുകയും അധികാരിയാക്കുകയും ചെയ്യുന്നു എന്ന് ദാനിയേലിനെ  മാതൃകാ പുരുഷനാക്കിക്കൊണ്ട് ശുദ്ധിവാദക്കാർ സ്ഥാപിക്കുന്നു. പ്രവാസകാലത്തിനുശേഷം എസ്രാ നെഹെമിയ മതനേതാക്കന്മാർ മതസമുദായ നിർമ്മിതിയിലും അനുഷ്ഠാനങ്ങളുടെ കൃത്യതയിലും ശുദ്ധതയിലും വംശശുദ്ധിയിലും വലിമ കണ്ടപ്പോൾ യഥാർത്ഥ പ്രവാചകസന്ദേശം നൽകിയത് വിചിന്തനത്തിനു ധൈര്യപ്പെട്ട ചില ചെറുസമൂഹങ്ങളായിരുന്നു. അവരിൽ നിന്ന് രൂപപ്പെട്ടതാണ് യോനാ, റൂത്ത്, എസ്തേർ തുടങ്ങിയ പുസ്തകങ്ങൾ.

മതതീക്ഷ്ണത ദൈവപ്രേരണയിൽ നിന്നാവണമെന്നില്ല. മതതീക്ഷ്ണതയാൽ ജ്വലിക്കുന്നവർ പ്രവാചകരാണെന്ന തെറ്റിദ്ധാരണയുണ്ടായേക്കാം. മതത്തിനുള്ളിൽത്തന്നെ നീതി നടപ്പിലാവേണ്ട മേഖലകളെക്കുറിച്ചു അവർ നിശ്ശബ്ദരാകുന്നുണ്ടെങ്കിൽ അവരുടെ പ്രവാചക പരിവേഷകൾ സ്വയം അണിഞ്ഞവയാണ്. ദൈവം സംസാരിച്ചതുകൊണ്ടാണ് പ്രവാചകൻ സംസാരിക്കുന്നത്. പ്രവചനത്തിന്റെ ഉദ്ദേശ്യം മതനവീകരണമോ സമുദായത്തിന്റെ നിലനിൽപ്പോ അനുഷ്ഠാനശുദ്ധിയോ അല്ല. അതേക്കുറിച്ച് ദൈവത്തിന്  ഒരു അങ്കലാപ്പും ഇല്ല. എന്നാൽ നീതി നിഷേധിക്കപ്പെടുന്നവരുടെ വേദന അവിടുന്ന് കാണുന്നു, തന്റെ വചനം സത്യം സംസാരിക്കുന്നവരിലേക്ക് അയക്കുകയും ചെയ്യുന്നു.

നിയമങ്ങളും ആദർശങ്ങളും അനുഷ്ഠാനങ്ങളും, എന്തിന് ഭക്തിയും ദേവാലയനിർമ്മിതിയും വരെയും, വിഗ്രഹമാക്കപ്പെടുമ്പോൾ  ചൂഷണത്തിന് വഴിയൊരുക്കുന്നവയാണ്. അവിടെയൊക്കെയും ഇരയാക്കപ്പെടുന്നത് അധികാരങ്ങളിൽ പിടിപാടില്ലാത്ത പാവങ്ങളാണ്. മനോഹര സൗധങ്ങൾക്കു  വേണ്ടി, കീർത്തിക്കും  മേല്കോയ്മക്കും വേണ്ടി വിഗ്രഹങ്ങൾ ഉയർത്തപ്പെടേണ്ടത് ഓരോ കാലത്തും ആരുടെയൊക്കെയോ ആവശ്യമാണ്. എന്നാൽ അത് ദൈവ നാമത്തിലാകുമ്പോൾ ആദ്യം ശബ്ദമുയർത്തുന്നത് ദൈവം തന്നെയാവും.

പാവങ്ങളുടെ ചൂഷണത്തിനു കാരണമാകുന്ന വിഗ്രഹങ്ങൾ നമുക്കിടയിലും ഉണ്ട്. അവ മൂലം മനുഷ്യനും, സമൂഹത്തിനും ദേശത്തിനും അപചയം വന്നുചേരുന്നുമുണ്ട്. ശൂന്യതക്കും ക്രമരാഹിത്യത്തിനും മീതെ ആദിയിൽ ചരിച്ചിരുന്ന ആത്മാവ് അവിടെയും പുനഃസൃഷ്ടിക്കു പ്രേരണ നൽകുന്നുണ്ട്.  അവ്യക്തമെങ്കിലും ചെറുതിളക്കമായെങ്കിലും ദൈവസ്വരം നമ്മുടെ ഉള്ളിലുണ്ടെങ്കിൽ അത് ധ്യാനിക്കപ്പെടണം, ദൈവം സംസാരിച്ചുകഴിഞ്ഞു. നിർവചിക്കാനാവാത്ത ഒരു തേങ്ങലായി, സാന്ത്വനമായി, പ്രേരണയായി, പ്രത്യാശയായി, നീതിബോധമായി, ശക്തിയായി അത് അനുഭവപ്പെട്ടു തുടങ്ങും. പതിയെ അത് ശബ്ദമായും, സന്ദേശമായും തെളിയട്ടെ. പലയാവർത്തി ധ്യാനിച്ചും, ജപിച്ചും സംഭാഷിച്ചും സ്വയം കേട്ടും ആത്മാവിന്റെ ധ്വനിക്ക് ഭാഷാരൂപം കൈവരും. അപ്പോൾ പറയാം: "ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു."

ജൂൺ 26, 2020

വിഗ്രഹം

പ്രതീകങ്ങളാവേണ്ടവക്ക് ദൈവസ്ഥാനം നല്കപ്പെടുമ്പോൾ
അവ അടുത്തുചെല്ലുന്നവരെ ശൂന്യരാക്കും,
പ്രതിഷ്ഠിക്കപ്പെടുന്നിടം ശിഥിലമാക്കും,
ജീവൻ ഊറ്റിക്കുടിക്കും
ഭൂമി പിളരുകയും,
ആളുകൾ ചിതറിക്കപ്പെടുകയും ചെയ്യും.

ഹൃദയകോവിലിന്റെ സകലവാതിലുകളും അടച്ചുകൊണ്ടാണ് ദാർഷ്ട്യം എന്ന ദുർഭൂതത്തിന് പൂജ ചെയ്യപ്പെടുന്നത്.
അവിടെ കെട്ടിനിൽക്കുന്ന കരിമ്പുക കല്ലായിത്തീർന്ന ഹൃദയത്തിനു മീതെ കരിമഷിയായി ഒഴുകിത്തുടങ്ങും.
അടക്കപ്പെട്ട വാതില്പടിക്കടിയിലൂടെ ആ വിഷം ചുറ്റും മലിനമാക്കും. അനേകർ പിടഞ്ഞു വീണാലും ദാർഷ്ട്യം അതിന്റെ താണ്ഡവനൃത്തം തുടരും. തിമിരമുള്ള കുഴലൂത്തുകാർ തപ്പിത്തടഞ്ഞെങ്കിലും ആ വാതിലുകൾ തുറക്കാൻ ശ്രമിക്കട്ടെ. വെളിച്ചം ചെന്നാൽ ഉള്ളിലെ കണ്ണാടി തിളങ്ങിയേക്കും...

ധാന്യവും പതിരും!

ദൈവവും ദൈവമെന്നു കരുതപ്പെടുന്നതും,
ക്രിസ്തുവും ക്രിസ്തുവെന്നു കരുതപ്പെടുന്നതും,
സഭയും സഭയെന്നു കരുതപ്പെടുന്നതും,
വിശ്വാസവും വിശ്വാസമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടവയും,
ആത്മീയതയും, ആത്മീയതയെന്നു തെറ്റിദ്ധരിക്കപ്പെട്ടവയും,
ധ്യാനവും ധ്യാനമെന്നു കരുതപ്പെടുന്നവയും
ധാന്യവും പതിരും!

കലവറകളിൽ നിറഞ്ഞതു ധാന്യമോ പതിരോ?
ചുങ്കക്കാരും പാപികളും ദൈവരാജ്യത്തിൽ മുമ്പേ ഭക്ഷണത്തിനിരിക്കും എന്ന് ഗുരു പറഞ്ഞതും ഭക്തരെന്ന് സ്വയം കരുതിയവർ പതിരുകൾ ശേഖരിച്ചതുകൊണ്ടാവാം.

പല്ലുകടിയും വിലാപവും 'വിശ്വാസിയുടെ' ഭാഷയാകുന്നതിന്റെയും കാരണം അതു തന്നെ.

ജൂൺ 25, 2020

പഠനം: ധ്യാനം

വൈദികർ കൂടുതൽ പ്രാർത്ഥനയിലേക്കും വായനയിലേക്കും ശ്രദ്ധിക്കുവാൻ, പള്ളികൾ തുറക്കുവാൻ വൈകിയേക്കുമെന്ന സാഹചര്യത്തിൽ കർദിനാൾ ഗ്രേഷ്യസ് പറഞ്ഞിരുന്നു. കൂടുതൽ അറിയുവാനും, സ്വയം കണ്ടെത്തുവാനും, ഈ രണ്ടു തലങ്ങളും ധ്യാനപൂർണ്ണമായി പ്രാർത്ഥനയിലേക്ക്‌ ഉയർത്തുവാനും കഴിഞ്ഞെങ്കിൽ ഒരുപാട് നന്നായിരുന്നു. അത് സാമൂഹികമായ മൂല്യത്തിനപ്പുറം ഓരോരുത്തർക്കുമുള്ള വ്യക്തിപരമായ മൂല്യത്തെ മനസിലാക്കാനും വഴിയൊരുക്കും. മേല്പറഞ്ഞ സാമൂഹിക മൂല്യത്തെ നിലനിർത്തുവാനും ഉയർത്തിക്കാണിക്കുവാനുമുതകുന്ന ഉദ്യമങ്ങളാണ് പലവിധത്തിലും നടന്നുവന്നത്‌. ആഴങ്ങളിലേക്ക് അവനോടൊപ്പം ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴേ സ്വയം നവീകരിക്കാനാവും വിധം വിളിയും ദൗത്യവും ഒന്നു കൂടി കേട്ട് ബോധ്യപ്പെടാനാകൂ. ജെറുസലെമിന്റെ പ്രൗഢികളിൽനിന്നും ഗലീലിയിലേക്ക് ഒരു മടക്കയാത്രയാണത്.

പൗരോഹിത്യത്തിന്റെ പ്രതിച്ഛായ തുടർന്നും വിലകല്പിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുവെങ്കിലും, ഈ കാലഘട്ടത്തിൽ ഒരു സമൂഹത്തെ നയിക്കാനുള്ള അവരുടെ കഴിവിൽ സമൂഹത്തിനുള്ള ആത്മവിശ്വാസം കുറയുന്നുണ്ട്. സാമൂഹികമായ തരംഗങ്ങളെ മനസ്സിലാക്കുവാനോ, അവയിലെ പ്രതികരണങ്ങളെ ഉൾകൊള്ളുവാനോ, സാംസ്‌കാരികമാറ്റങ്ങളെ വേണ്ടവിധം വിശകലനം ചെയ്യുവാനോ താല്പര്യം കാണിക്കാത്ത നിലപാടുകൾ പലപ്പോഴും ഉണ്ട്. അവ ആവശ്യം മാത്രമല്ല ഉത്തരവാദിത്തമാണെന്നത് പരിശീലനകാലഘട്ടം മുതലേ ബോധ്യപ്പെടേണ്ടതാണ്. എന്നാൽ അതിതീവ്രഭക്തി, പാരമ്പര്യം, സംവിധാനം ഉറപ്പാക്കുന്ന സുരക്ഷ എന്നീ ത്രിമാന ചട്ടക്കൂടിനുള്ളിൽ സ്വയം അടച്ചുകളയുമ്പോൾ സമകാലീനയാഥാർത്ഥ്യങ്ങളെ വേണ്ടവിധം കാണേണ്ടതിലുള്ള പ്രസക്തി പാടെ അവഗണിക്കപ്പെടുന്നു എന്നതാണ് ആശങ്കപ്പെടേണ്ട വസ്തുത. വായനയും ധ്യാനവും അർഹിക്കുന്ന ഒരു മേഖല കൂടിയാണിത്.

ജ്ഞാനം ദൈവം നൽകുന്ന വരദാനമാണ്. എന്നാൽ അത് ഒറ്റനിമിഷത്തിൽ പകർന്നുനൽകപ്പെടുന്ന ഒന്നല്ല. അനുഭവങ്ങളുടെയും ആശയങ്ങളുടെയും ആത്മാർത്ഥമായ സംവാദ സംഘർഷ മല്പിടുത്തതിൽ ദൈവകൃപയാൽ തെളിഞ്ഞുവരുന്ന ആത്മബോധമാണത്.

വാക്കുകൾക്കപ്പുറത്തേക്ക് വചനത്തിന് സാധ്യത നിഷേധിക്കുന്ന ചില 'ആത്മീയ' പ്രവണതകൾ മാറ്റിവയ്ക്കുവാൻ കഴിയണം. ബൈബിളല്ലാതെ മറ്റെല്ലാം ലൗകികമാണെന്ന ധാരണകൾ ഒഴിവാക്കിയേ തീരൂ. സമൂഹത്തിലും ചരിത്രത്തിലും ദൈവം സംസാരിക്കുന്നതിനെ കേൾക്കാൻ, അവയെ വേണ്ടവിധം മനസിലാക്കി ചിന്തിക്കാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. സാങ്കേതികവിദ്യകളുമായുള്ള പ്രത്യേകിച്ച് അതിനൂതന ഡിജിറ്റൽ സാങ്കേതിക വിദ്യകളുമായുള്ള ഇടപെടലുകളിൽ അവക്ക് പിറകിലെ തത്വസംവിധാനങ്ങളുമായും മനുഷ്യൻ സംവദിക്കുന്നുണ്ട്. അത് മനുഷ്യന്റെ സ്വത്വബോധത്തെ സ്വാധീനിക്കുന്നുമുണ്ട്. ആധുനിക ലോകത്തിന്റെ സങ്കീര്ണതകളുമായി ബന്ധപ്പെടുത്തുന്നതാണ് അവയിൽ പലതും. അത്തരം തത്വങ്ങളെയും അവയുണ്ടാക്കുന്ന സ്വാധീനങ്ങളെയും മനസിലാക്കി ചിന്തിക്കാൻ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുള്ള വായനയെങ്കിലും അത്യാവശ്യമാണ്. സാങ്കേതികവളർച്ചയും സാംസ്കാരികപ്രവണതകളും ഏതൊക്കെ തരത്തിലുള്ള അർത്ഥവ്യാപ്തി നൽകുന്നുണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞെങ്കിലെ അവയിൽനിന്നുണ്ടാകുന്ന വെല്ലുവിളികളെയും അവയിലെ നന്മകളെയും കാണാനാകൂ. അല്ലെങ്കിൽ 'അപരിചിതമായതെല്ലാം' തിന്മയെന്നു വിധി കല്പിക്കുന്ന എളുപ്പവഴികളും അവയെ അലങ്കരിക്കുന്ന ആത്മീയവിവരണങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കും. 

വിശ്വാസപരമായതു മാത്രമേ താല്പര്യമുള്ളു എന്ന് നിർബന്ധമാണെങ്കിൽ അതുമായി ബന്ധപ്പെട്ട എത്രയോ കാര്യങ്ങളിൽ ഇനിയും അറിയാനുള്ളതുണ്ട്? പുരാതനകാലത്തെ ഏതോ നിമിഷങ്ങളിൽ മരവിച്ചുനിൽക്കുന്ന നിർവചനങ്ങളല്ല പാരമ്പര്യ ങ്ങൾ. ഈ കാലഘട്ടങ്ങളിൽ നല്കപ്പെട്ടിട്ടുള്ള പ്രബോധനങ്ങളെയും അവയിലെ പ്രചോദനങ്ങളെയും ധ്യാനിക്കുവാൻ മനസുതുറക്കേണ്ടതുണ്ട്. പഠനം അദ്ധ്വാനവും ധ്യാനവുമാണ്. അത് പ്രചോദനവും ഉൾകാഴ്ചയുമാവേണ്ടതിന് തുറന്ന മനസ്സു സൂക്ഷിക്കുകയും, യാഥാർത്ഥ്യബോധം ശീലിക്കുകയും, സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും, മതവിശ്വാസങ്ങളുടെയും, പ്രകൃതിയുടെയും മാറ്റങ്ങളോട് വേണ്ട വിവേകപൂർണ്ണമായ പ്രതികരണങ്ങൾ തേടുകയും ബോധ്യങ്ങളിലേക്കു കൊണ്ടുവരികയും വേണം. അത്തരം ജിജ്ഞാസയും ഉത്‌സാഹവും ഹൃദയത്തെ പരിപോഷിപ്പിക്കുകയും വളർച്ചയുള്ള ആത്മീയത നൽകുകയും ചെയ്യും. ആഴത്തിലുള്ള ധ്യാനത്തിനും, സാഹചര്യങ്ങൾ അറിഞ്ഞു പ്രാർത്ഥിക്കുന്നതിനും അത് സഹായിക്കും.

ജൂൺ 22, 2020

കോവിഡ് സംഭാഷണങ്ങൾ ആത്മശക്തിക്കായ്

കോവിഡ് ഉണ്ടാക്കിയ വ്യത്യസ്തമായ സാഹചര്യവുമായി ഇനിയും പൂർണ്ണമായി പൊരുത്തപ്പെടാനായില്ലെങ്കിലും, ഏതാണ്ട് പരിചയപ്പെട്ടു കഴിഞ്ഞു. ദിവസങ്ങൾ കഴിഞ്ഞെങ്കിലും രോഗബാധിതരാകുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ജോലിയെക്കുറിച്ചും, വിദ്യാഭാസത്തെക്കുറിച്ചും, സാമ്പത്തികസ്ഥിതിയെക്കുറിച്ചും മുന്നോട്ടെന്ത് എന്ന പ്രശ്നം വലിയ കാർമേഘങ്ങളാണ്‌ രൂപപ്പെടുത്തുന്നത്. ആന്തരിക സംഘർഷങ്ങളും സമ്മർദ്ദങ്ങളും ഇതിനോടകം പല കുടുംബങ്ങളെയും ഉലച്ചു കഴിഞ്ഞു. നമ്മുടെ മാത്രമല്ല നമ്മുടെ ചുറ്റുപാടുകളിലും എന്ത് സംഭവിക്കുന്നു എന്നത് വേണ്ടവിധം തിരിച്ചറിഞ്ഞ് പ്രതികരിക്കുവാൻ നമുക്ക് കഴിയേണ്ടതുണ്ട്. ആശയങ്ങളുടെ സമാഹരണത്തിനും, സന്നദ്ധപ്രവർത്തകരുടെ ഒത്തൊരുമക്കും ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തന ശൈലികൾക്കുമായി സംഭാഷണങ്ങൾ നടന്നേ തീരൂ.

വ്യത്യസ്തമായ രീതിയിൽ കൂടുതൽ ദയനീയവും ഭീതിതവുമായ ജീവിതാവസ്ഥകൾ പല തുറകളിൽ നിന്ന്  പറഞ്ഞു കേൾക്കുന്നുണ്ട്. അവയെ വേണ്ടവിധം മനസിലാക്കുകയും അതിനെ അഭിമുഖീകരിക്കാൻ തയ്യാറാവുകയും ചെയ്യേണ്ടത് രോഗബാധയെ ചെറുക്കാനുള്ള പ്രയത്നം പോലെ തന്നെ പ്രധാനമാണ്. ഓരോ പശ്ചാത്തലത്തിന്റെയും ആവശ്യമനുസരിച്ച് അത്തരം മേഖലകളിൽ നിപുണരായവർ നേതൃത്വം ഏറ്റെടുക്കുകയും കൂട്ടായ പരിശ്രമത്തിന് അർപ്പണശ്രദ്ധരാവുകയും വേണം. സമൂഹം ഏതുതരത്തിൽ ഒരു സാഹചര്യത്തെ സ്വീകരിക്കുന്നെന്നും എങ്ങനെ പ്രതികരിക്കുന്നെന്നും വിദഗ്ദരായവർക്ക് പെട്ടെന്ന് മനസ്സിലാക്കാനാകും. മത സമുദായ രാഷ്ട്രീയ വേർതിരിവുകൾ മാറ്റിവെച്ചുകൊണ്ട് പരസ്പരം താങ്ങിനിർത്തുവാനുള്ള ഒരു കൂട്ടായ പ്രയത്‌നം നാളെകളിലേക്ക് ആവശ്യമായി വരും. പെട്ടെന്നുള്ള ഒരാവശ്യത്തിലേക്കു പ്രതികരിക്കുവാൻ നമ്മുടെ ഉള്ളിലുള്ള വലിയ നന്മയെ പലപ്പോഴും കണ്ടറിഞ്ഞിട്ടുള്ളവരാണ് നമ്മൾ. അതേ  നന്മയെ കൂട്ടായ ആലോചനകളിലേക്കും പദ്ധതി രൂപീകരണങ്ങളിലേക്കും കൊണ്ടുവരുവാൻ കഴിഞ്ഞെങ്കിലേ അത് വലിയൊരു കാഴ്ചപ്പാടായി വികസിക്കുകയുള്ളു. ഈ പറഞ്ഞവയ്ക്ക് ആഴത്തിലുള്ള പഠനവും ആവശ്യമായി വന്നേക്കാം.

വൈകാരികാവസ്ഥകളിലും, സാമ്പത്തികാവസ്ഥകളിലും സമൂഹമായി അതിന്റെ ആവശ്യങ്ങളെ സ്വന്തം പോലെ ഏറ്റെടുത്ത് മുന്നോട്ട് നടക്കുക എന്നതേ വഴിയുള്ളു. ആരുടെയെങ്കിലും വേദനനിറഞ്ഞ മുഖം നമ്മുടെ കഴിവുകേടോ നിരുത്തരവാദിത്തത്തിന്റെ ഫലമോ ആയിക്കൂടാ എന്ന നിർബന്ധം ഹൃദയത്തിലെ പുതിയ ബലമാവട്ടെ. ആര് ഇതിനൊക്കെ നേതൃത്വവും പ്രചോദനവും നൽകും? ആവശ്യം മനസിലാക്കി നന്മയിൽ നിന്ന് പ്രവർത്തിക്കുക എന്നതേ പ്രചോദനത്തിനു ആവശ്യമായുള്ളു. സമൂഹത്തിന്റെ ഏതു ചെറു സംവിധാനത്തിനു പോലും ഇതിന് നേതൃത്വം നൽകാൻ കടമയുണ്ട്.

ലളിതമായ ജീവിതക്രമങ്ങളിൽ ചില ശ്രദ്ധകൾ നല്ലതാണ്. വീട്ടിൽ തന്നെയുള്ളവരാവട്ടെ, മറ്റാരെങ്കിലുമാവട്ടെ ആരോടെങ്കിലും പലവിധത്തിലുള്ള കോവിഡ് വികാരങ്ങൾ (CoVid Feelings) പറയുക എന്നതാണ് ഒന്ന്. കുട്ടികളാണെങ്കിലും അവരുടെ കൂട്ടുകാരുമായി ഗുണപരമായ അല്പം സമയം സംഭാഷണത്തിനായി നല്കപ്പെടണം. പരിഹാരങ്ങൾക്കു വേണ്ടിയല്ല ഈ സംഭാഷണം, കേൾക്കപ്പെടാനായി മാത്രം. അതിന്റെ ആത്മീയവശവും മനസിലാക്കി പരസ്പരം പ്രോത്സാഹിപ്പിക്കുകയും വേണം.  വൈകാരികപ്രകടനങ്ങളിലും ഇടപെടലുകളിലും വന്നു പോയിട്ടുള്ള പ്രലോഭനങ്ങളെയും  വീഴ്ചകളെയും പോലും സംഭാഷണവിഷയമാക്കണം. ആ തുറന്നുപറച്ചിലിൽ നിന്നുള്ള തുറവിയും തെളിമയിൽനിന്നുള്ള ധൈര്യവും വലുതാണ്. പരസ്പരം തെറ്റുകൾ ഏറ്റുപറയാൻ കഴിയുമെങ്കിൽ  ഓരോരുത്തരും മറ്റുള്ളവർക്കായി ജീവിക്കുന്ന കൂദാശയാവുകയാണ്.

ഉള്ളിൽ നിന്നുള്ള നന്മ തന്നെ ഭീതിഭാരം നീക്കിക്കളയും. സ്വയം ബലപ്പെടുത്തുകയും പരസ്പരം ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിചിന്തനങ്ങൾ ശീലിക്കണം. അനാവശ്യമായ യാത്രകളും ഒത്തുചേരലുകളും ഒഴിവാക്കുവാൻ നമുക്ക് കഴിഞ്ഞു. ഭക്ഷണത്തിന്റെയും മറ്റുസാധനങ്ങളുടെയും ഉപയോഗം വിനോദവും ആസ്വാദനവുമായിരുന്നത് കണ്ടറിഞ്ഞു ചെയ്യുവാനും നമുക്ക് കഴിഞ്ഞു. ആരോഗ്യകാര്യങ്ങളിലെ അമിതശ്രദ്ധയും മരുന്നുകളുടെ ഉപയോഗവും ഉപകാരമില്ലാത്തതായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്തു. അതുപോലെതന്നെ മതപരമായ വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ആസ്വാദന-ഉപഭോഗ ശൈലിയിൽനിന്നും മാറി പ്രധാനമായവയിലെ അർത്ഥം കണ്ടെത്താൻ നമുക്ക് കഴിയണം.

ലാളിത്യത്തിന്റെയും  ഒരുമയുടെയും, സഹവർത്തിത്തത്തിന്റെയും കൂട്ടുത്തരവാദിത്തത്തിന്റെയും നല്ല പാഠങ്ങൾ അറിയുവാൻ കഴിയുന്നെങ്കിൽ അത് വിനീതമായി സ്വീകരിക്കാം. അവയിൽ വളരാൻ കൃപ തേടാം. ദൈവം പതിവ് പോലെതന്നെ നമ്മുടെ കൂടെയുണ്ട്. ചമയങ്ങളിട്ട് നമ്മുടെ ഉപയോഗത്തിന് വേണ്ടി നിർമ്മിക്കപ്പെട്ട സൂപ്പർദൈവങ്ങളാണ് കോവിഡ് സമയത്ത് കാണാതായത്. തിരുത്തലിന് വേണ്ടി കോവിഡ് വടി ഉപയോഗിക്കുന്ന പോലീസ് ദൈവങ്ങളെ പാടെ ആട്ടിയോടിക്കണം. ഡ്യൂട്ടി കഴിയുമ്പോൾ അകന്നു പോകുന്ന വെറും മായയാണത്. സങ്കടങ്ങൾ ഒഴിവാക്കി മാറിനടക്കുവാനല്ല, സങ്കടങ്ങളിലൂടെ കൈപിടിച്ച് നടത്താനാണ് ദൈവം കൂടെയുള്ളത്. കൂടെയുള്ള, മുന്നോട്ടു നടക്കാൻ കരുത്തു നൽകുന്ന ദൈവത്തിൽ ആശ്രയം വയ്ക്കാനാണ് പരിശ്രമിക്കേണ്ടത്, അതിനു വേണ്ട കൃപക്കു വേണ്ടിയും പ്രാർത്ഥിക്കാം. ജോലിയിലും ആശങ്കയിലും ഉറക്കത്തിലും ഉണർവിലും ആ ആശ്രയബോധം ആഴമുള്ള പ്രാർത്ഥനാനുഭവമാകും.

എന്താണ് ദൈവം ആഗ്രഹിക്കുന്നത്? അവരവരുടേതായ ഭാരങ്ങൾ വഹിക്കുന്നവരാണ് ഓരോരുത്തരും. പട്ടിണിയുടെയും ഹൃദയത്തകർച്ചയുടെയും അനാഥത്വത്തിന്റെയും നിലവിളികൾ നമുക്കു കേൾക്കേണ്ടി വന്നേക്കാം. പരസ്പരം ഭാരം വഹിക്കുക എന്നതാണ് സ്നേഹം ഏല്പിച്ചു തരുന്ന ചുമതല. വിശക്കുന്നവന് ആഹാരവും, രോഗികൾക്ക് ആശ്വാസവും അലയുന്നവന് അല്പം ഇടവും നൽകേണ്ടി വന്നേക്കാം. അനീതി സഹിക്കുന്നവർക്ക് ആശ്വാസം ലഭിക്കുന്നത് അങ്ങകലെ മേഘങ്ങളിലെ സ്വർഗ്ഗത്തിലല്ല. അവർക്കുള്ള നീതി, അതിനു വേണ്ടി വിശക്കുകയും ദാഹിക്കുകയും, ശബ്ദിക്കുകയും എഴുതുകയും ചെയ്തുകൊണ്ട് ദൈവകൃപ നമ്മിലൂടെ ഉറപ്പു വരുത്തുകയാണ്. അതല്ലേ ദൈവം ആഗ്രഹിക്കുന്ന ആരാധന. നിസ്സഹായരായി നിശബ്ദതയിൽ മരിച്ച ആരോഗ്യപരിപാലകരുണ്ട്. അവരുടെ കനിവിൽ രക്തസാക്ഷികളായവരാണ് അവർ. ചുറ്റുപാടുകളിൽ സാമ്പത്തിക പരാധീനതകൾ ഉള്ളവരും പഠനം നിർത്തുന്നവരും ഉണ്ടെങ്കിൽ അവരെ ചേർത്ത് നിർത്തുന്നതല്ലേ ദൈവം ആഗ്രഹിക്കുന്ന ഉപവാസം? ജീവനും ഉപരിയായി പണം വിലമതിക്കപ്പെടുന്നതും ലാഭം സംരക്ഷിക്കപ്പെടുന്നതായും കാണുമ്പോൾ ദുഷ്ടതയും അഹന്തയും എതിർക്കപ്പെടേണ്ടതിന് നീതിബോധത്തോടെ നിവർന്നുനില്കുന്നതല്ലേ ദൈവത്തിനു മഹത്വം. അല്ലെങ്കിൽ അവിടുത്തേക്കു വേണ്ടി കുന്തിരിക്കം പുകയുമ്പോൾ അവിടുത്തെ നിസഹായരായ മക്കൾ ചുട്ടെരിയപ്പെടുകയാവും. അപ്പോൾ നമ്മൾ അർപ്പിക്കുന്ന ദഹനബലിക്കു മുമ്പിൽ അത് സ്വീകരിക്കാനായി ദൈവം ഉണ്ടാകുമോ? അവിടുന്ന് ആ വെണ്ണീറിൽ ജീവൻ തിരയുകയാവില്ലേ?

നമ്മിലെ വേദനയെയും, അതുപോലെതന്നെ വലിയ ഭാരങ്ങളുള്ളവരെയും ഒരുപോലെ ഓർക്കാം. കൈകൾ എത്താത്തിടത്ത് ആശ്വാസമായി അവരെയൊക്കെ ഹൃദയത്തിൽ താങ്ങാം. ഒറ്റക്ക് മരിച്ചവരും, ആരുമില്ലാതെ സംസ്കരിക്കപ്പെട്ടവരും, ജീവിതം അവസാനിപ്പിക്കുന്നവരും, റെയിൽ പാളങ്ങളിൽ ഉറങ്ങിത്തീർന്നവരും, വിശന്നു മരിച്ചവരും നമ്മളും പരസ്പരം സഹോദരങ്ങളാണ്.

'നിങ്ങൾക്കു വേണ്ടി അർപ്പിക്കപ്പെടുന്ന എന്റെ ശരീരം, എന്റെ ജീവൻ എന്റെ വാക്ക്, എന്റെ കണ്ണുനീർ; നിങ്ങൾക്കായി സ്വീകരിക്കുവിൻ' പരസ്പരം നൽകപ്പെടുന്ന ഈ കൂദാശവചനങ്ങളിൽ നമ്മൾ പരസ്പരം ദൈവത്തെ കാണും. പച്ച മനുഷ്യരായി വികാരങ്ങൾ പങ്കു വെച്ചുകൊണ്ട് തുടങ്ങാം, ഹൃദയം തകർന്നു പോകാതിരിക്കാൻ, സങ്കടങ്ങളുടെ കാലത്ത് ഇരുളിൽ നമ്മുടെ ശബ്ദങ്ങൾ പരിചിതമായിരിക്കാൻ.

Ref ഏശയ്യാ 58 

ജൂൺ 21, 2020

സ്വർഗ്ഗരാജ്യത്തിലെ നഴ്സറി പാഠങ്ങൾ: ലൗദാത്തോ സി-users' guide

നമുക്ക് എന്ത് ചെയ്യുവാൻ കഴിയും എന്ന് ചോദിച്ചു കൊണ്ടാണ് ലൗദാത്തോ സി (2015) അവസാനിക്കുന്നത്. അതിനുള്ള ഉത്തരവും, അങ്ങയുടെ രാജ്യം വരണമേ എന്ന പ്രാർത്ഥനയുടെ പ്രവൃത്തിപഥത്തിലെ ചുവടുവെയ്പുകളും നിർദ്ദേശിക്കുന്നതാണ് അഞ്ചു വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പുറത്തു വന്ന “On the Path to Caring for the Common Home: Five Years after Laudato Si.” ഇന്നിനുവേണ്ട ക്രിസ്തീയജീവിതക്രമത്തിന് ജീവന്റെ വെളിച്ചതിൽ തുടർന്നും ലൗദാത്തോ സി വഴി തേടുകയാണ്. ഇത് ക്രമേണ വിശ്വാസത്തിന്റെയും ആത്മീയതയുടെയും സാന്മാര്ഗികതയുടെയും ഭാഗമായി മാറേണ്ടതുണ്ട്.

പരിസ്ഥിതി വാദങ്ങളിലോ പാരിസ്ഥിതിക രാഷ്ട്രീയത്തിലോ ചുരുങ്ങാതെ സമഗ്രമായ ഒരു പരിസ്ഥിതീകരണമാണ് ഇവിടെ ലക്‌ഷ്യം വയ്ക്കുന്നത്. അതുകൊണ്ടാണ് ജീവിതക്രമമായി മാറേണ്ട ആത്മീയതയായി ഇത് അവതരിപ്പിക്കപ്പെടുന്നത്. തുടർന്നുള്ള ജീവിതത്തിലേക്ക് നമ്മുടെ ഓരോ തിരഞ്ഞെടുപ്പിലും ഉണ്ടാകേണ്ട നീതിബോധം കൂടിയാണിത്. കാരണം,  ദരിദ്ര്യനിർമ്മാർജ്ജനം,  അസന്തുലിതമായ ജനസംഖ്യാവിതരണത്തെ നേരിടുന്നതിനായി കുടുംബസൗഹാർദ്ദപരമായ നയരൂപീകരണം, ജയിൽശിക്ഷയെയും ആരോഗ്യപരിപാലനമേഖലകളെയും കുറിച്ച് പുനഃവിചിന്തനം, ഗർഭധാരണം മുതൽ സ്വാഭാവികമരണം വരെയുള്ള മനുഷ്യജീവന്റെ സംരക്ഷണം തുടങ്ങിയവ ഒറ്റക്കും കൂട്ടായുമുള്ള ഉത്തരവാദിത്തങ്ങളാവണമെന്നാണ് ഈ മാർഗരേഖ നിർദ്ദേശിക്കുന്നത്.
സമഗ്രമായ പരിസ്ഥിതീകരണവും, മനുഷ്യരുടെ സമഗ്രമായ വളർച്ചയും ലക്ഷ്യമാക്കുമ്പോൾ അവയിലേക്കെത്തിച്ചേരാൻ, വിദ്യാഭാസത്തിലും പാരിസ്ഥിക മാനസാന്തരത്തിലും വലിയ ഊന്നൽ നൽകിയിരിക്കുന്നു. ഇത് പരാമര്ശ വിധേയമാക്കുന്ന  വിഷയങ്ങൾ ജീവിതത്തിന്റെ നാനാതുറകളെ സ്പർശിക്കുന്നതാണ്.

കുടുംബങ്ങളുടെയും മനുഷ്യജീവന്റെയും വളർച്ചക്കായി നിലകൊള്ളുവാൻ പ്രോത്സാഹിപ്പിക്കുമ്പോൾ ജീവനെതിരെയുള്ള എല്ലാ തിന്മകൾക്കുതിരെ ശക്തമായി പോരാടുവാനും ഉത്ബോധിപ്പിക്കുന്നു. പാവങ്ങൾ, ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നവർ, രോഗികൾ വയോധികർ പാവങ്ങൾ ഭ്രൂണാവസ്ഥയിലുള്ളവർ തുടങ്ങി ജീവൻ നിരസിക്കപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ജീവനുവേണ്ടിയുള്ള നിലപാടാവണം ഇത്. രാഷ്ട്രീയ മുതലെടുപ്പ് സാധ്യതകളുള്ള ജീവസംരക്ഷണ ആദര്ശങ്ങൾക്കപ്പുറത്തേക്ക് ജീവനുവേണ്ടിയുള്ള നിലപാടുകൾ വളരണം എന്നർത്ഥം.

വിദ്യാഭാസത്തെ ആത്മീയമാർഗമായി ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാഭാസത്തിന് വലിയ ഊന്നൽ നൽകുന്നതാണ് ഈ പ്രമാണരേഖ. കുട്ടികൾക്കും കൗമാരപ്രായത്തിലുള്ളവർക്കും അവരുടെ വിദ്യാഭാസകാലഘട്ടത്തിൽ അവരെ പ്രകൃതിയോട് കൂടുതൽ പരിചയപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉറപ്പാക്കണം. പരിസ്ഥിതിയുമായി അവരെ ബന്ധപ്പെടുത്തുന്ന പ്രവൃത്തിപരിചയപരിപാടികൾ ആലോചിക്കുകയും, ദാരിദ്ര്യം, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യം, സ്ത്രീകൾ അഭിമുഖീകരിക്കുന്ന ചൂഷണങ്ങളും വെല്ലുവിളികളും എന്നിവയെക്കുറിച്ച് വേണ്ടവിധം അവബോധം സൃഷ്ടിക്കുവാനുള്ള പ്രയത്നങ്ങളുമുണ്ടാവണം. ബിരുദബിരുദാനന്തരവിദ്യാർത്ഥികളെ, നമുക്ക് പരിചിതമായിരിക്കുന്ന ചൂഷിത സംസ്കാരത്തിന് ഇതരമാർഗ്ഗങ്ങൾ തുറക്കാൻ കഴിയുന്ന സാംസ്കാരികമാതൃകകൾ നിർദ്ദേശിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അതിലേക്ക് ലക്ഷ്യം വച്ച് സൃഷ്ടിക്കെതിരെയുള്ള തിന്മകളെക്കൂടി പരിഗണിക്കുന്ന 'സൃഷ്ടിയുടെ ദൈവശാസ്ത്രം' വിചിന്തനം ചെയ്യപ്പെടണം. തലമുറകൾക്കിടയിലുള്ള പരസ്പരവിനിമയം ദുർവ്യയത്തിന്റെയും വലിച്ചെറിയലിന്റെയും സംസ്കാരത്തെ നേരിടുന്നതിനുള്ള ഉപാധിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പരസ്പരവിനിമയം കുട്ടികളും, മുതിർന്നവരും,പ്രായമായവരും, പ്രകൃതിയുമടങ്ങുന്ന സമൂഹത്തിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാവണം.

ആത്മീയതയെ, മതാത്മകതയോ  അനുഷ്ടാനങ്ങളോ ആയി ചുരുക്കുന്നതിൽനിന്ന് മാറി ഈ പുതിയ കാഴ്ചപ്പാട് മനുഷ്യന് ചെയ്യാനാവുന്ന ദൈവികകാര്യങ്ങളെ തുറന്ന് വയ്ക്കുന്നു. വിദ്യാഭാസം, ജീവന്റെ മൂല്യം, മറ്റുസഭാവിഭാഗങ്ങളും ഇതരമതങ്ങളുമായുള്ള സംഭാഷണങ്ങൾ, സാമ്പത്തികരംഗം, വനനശീകരണത്തിനെതിരെയുള്ള ചെറുത്തുനിൽപ്പ്, ഭക്ഷണം, ജലം, ഊർജ്ജസ്രോതസുകൾ, ധനവിനിയോഗം, ആരോഗ്യപരിപാലനം, വാർത്താവിനിമയം, എന്നിങ്ങനെ വിവിധ മേഖലകളെ ദൈവരാജ്യപ്രവൃത്തിയിലെ ചുമതലകളായി കണ്ടുകൊണ്ട് വ്യക്തിപരമായി പരിശീലിക്കുവാനും അജപാലനദൗത്യത്തിൽ ഉയർന്ന പ്രാധാന്യം നൽകി വളർത്തിയെടുക്കുവാനും ഉള്ളതാണ് ഈ ക്ഷണം.

പ്രബലമായ ആത്മീയവിവരണങ്ങളനുസരിച്ച് ഇവയൊക്കെയും ലൗകികവ്യഗ്രതയാണ് എന്ന് മുദ്രകുത്തി ആക്ഷേപിക്കപ്പെട്ടേക്കാം. ലൗദാത്തോ സി നല്കപ്പെട്ടപ്പോഴും അത്തരം കപടആത്മീയ പ്രചരണങ്ങളുണ്ടായിരുന്നു. അത്തരക്കാരുടെ ദൈവരാജ്യം ഇന്നും പ്ലേറ്റോയുടെ ഗുഹയും അരിസ്റ്റോട്ടിലിന്റെ സ്വർഗ്ഗവുമാണെന്നേ പറയേണ്ടതുള്ളൂ. ക്രിസ്തു പഠിപ്പിച്ച നീതിയുടെയും ധന്യതയുടെയും ദൈവരാജ്യം അവർക്ക് അന്യമായിരിക്കും. പ്ലേറ്റോയുടെ വെളിച്ചം അവരെ ആശ്വസിപ്പിക്കട്ടെ.
Ref Elise Ann Allen, "At five-year mark for ‘Laudato Si,’ Vatican offers a ‘users guide’" (June 18, 2020).