Gentle Dew Drop

മേയ് 12, 2021

കൂട്ടായ്മ എന്നത്

 സഭയുടെയും വിശ്വാസത്തിന്റെയും സാർവത്രികത വിശ്വാസം കൊണ്ടോ ധാർമികചിന്ത  കൊണ്ടോ അടക്കി ഭരിച്ചു കൊണ്ടല്ല, മറിച്ച് അതുൾക്കൊള്ളുന്ന എല്ലാറ്റിനെയും തുറവിയോടെ സ്വീകരിച്ചുകൊണ്ടാണ്. അങ്ങനെയാണ് കത്തോലിക മാനം സഭക്കുള്ളത്; പൂർണതയിലേക്ക് തുറവിയുള്ളത്!

വിശ്വാസം, സംസ്കാരം, പാരമ്പര്യം തുടങ്ങിയവയിലെ വ്യത്യസ്തതകൾ ആരെയെങ്കിലും മാറ്റി നിർത്തുവാൻ ഉള്ള കാരണമായി ഊന്നിപ്പറയപ്പെടുമ്പോൾ, കൂട്ടായ്മ ആഗ്രഹിക്കുന്ന സ്വീകാര്യതയിലെ  തുറവിയെക്കാൾ, ഒരുമിച്ചു നടക്കാനും, ഒരുമിച്ചു പ്രവർത്തിക്കാനും ഒരിക്കലും നമ്മൾ ശ്രമിക്കരുത് എന്ന് എടുത്തു പറയുകയാണ്. കൂട്ടായ്മ എന്നത് കൂട്ടിക്കെട്ടിയിടപ്പെടുന്ന ഒരു സമൂഹമല്ല, പരസ്പരം സ്വീകരിക്കുന്ന, കൂടുതൽ സ്വീകരിക്കാൻ തുറവിയുള്ള സമൂഹമാണ്. കൂട്ടായ്മയെ മാറ്റി നിർത്തുന്ന സഭ സഭയല്ലാതാകുന്നു, സഭയല്ലാതെ സഭ പറയുന്ന കാര്യങ്ങൾക്ക് ഒരു ക്ലബ് യോഗത്തിലെ പ്രസ്താവനയുടെ വിലയേയുള്ളു. 

മേയ് 08, 2021

ഇടപെടലിനായി

ദൈവത്തിന്റെ ഇടപെടലിനായി നമ്മൾ പ്രാർത്ഥിച്ചു.
ദൈവം എന്നേ ഇടപെട്ടു കഴിഞ്ഞു!

ആ ഇടപെടലിനെ തടഞ്ഞുവയ്ക്കുന്ന മനുഷ്യർ വേണ്ട ഇടപെടലുകൾ നടത്താൻ ഇനി പ്രാർത്ഥിക്കാം

മേയ് 06, 2021

എപ്പോഴേ നമ്മൾ സ്വർഗ്ഗത്തിലാണ് !

സ്വർഗ്ഗം ഹൃദയത്തിൽ സ്വീകരിച്ചവരും, അനേകർക്ക്‌ പകർന്നു കൊടുക്കുകയും ചെയ്തവർ എത്രയോ പേരുണ്ട്! കുഞ്ഞു നൊമ്പരങ്ങളും പരിഭവങ്ങളും ഉണ്ടെങ്കിലും അവക്കും മീതെ സ്നേഹം നൽകാനും അനേകരെ ചേർത്ത് പിടിക്കാനും കഴിഞ്ഞവർ!

നരകം ഓരോരുത്തരും സൃഷ്ടിക്കുന്നതാണ്; സ്വർഗ്ഗം ദൈവത്തിന്റെ കനിവിന്റെ അനുഭവവും. മരണശേഷം മാത്രം തുറന്നു കിട്ടുന്ന സ്വർഗ്ഗത്തെ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഒരു ജീവരൂപമായിത്തീരാൻ  ദൈവം മനസായ നിമിഷം മുതൽ അവിടുത്തെ കൃപയും എന്നെ വലയം ചെയ്യുന്നു എന്നാണ് എന്റെ വിശ്വാസം. ആ നിമിഷം മുതൽ നമ്മൾ ദൈവരാജ്യത്തിലാണ്. സങ്കീർത്തകൻ പറയും പോലെ ആകാശങ്ങൾക്കു മീതെ ഞാൻ കൂടു വെച്ചാലും ആഴിയുടെ അഗാധങ്ങളിൽ പോയി ഒളിക്കാൻ ശ്രമിച്ചാലും അവിടെ ദൈവം എന്നെ കാണുന്നു എന്നത് നമ്മൾ ആയിരിക്കുന്ന സ്വർഗ്ഗം തന്നെയല്ലേ? സ്വർഗം ഒരു പ്രതിഫലമായികാണുന്നത് ദൈവത്തെക്കുറിച്ചും നമ്മെക്കുറിച്ചും അത്ര നല്ല വീക്ഷണം അല്ല നമുക്ക് നൽകുന്നത്. ഭൂമി ദൈവം നമുക്ക് നൽകിയ ഭവനമാണ്, വെറും സന്ദർശനസ്ഥലമല്ല. ഈ ഭൂമിയിൽ നമുക്ക് രൂപം നൽകിയ ദൈവം, അതേ ഭൗമപ്രക്രിയകളിലൂടെ തന്നെ പരിപാലനവും സാന്നിധ്യവും കനിവും പകർന്നു നൽകുന്നുമുണ്ട്. ദൈവം മനുഷ്യനു വേണ്ടി ഒരുക്കിയ സ്വർഗ്ഗം സൗഭാഗ്യങ്ങളുടെ മറ്റൊരു ദേശമായി മാറിയത് ഭൂമിയെ നിഷ്കൃഷ്ടമായി അകറ്റി നിർത്തിയത് കൊണ്ടാണ്. 

എന്നാൽ എപ്പോഴുമുള്ള ആ ദൈവസാന്നിധ്യം ദൈവികമായ, സ്വർഗ്ഗീയമായ, ദൈവരാജ്യത്തിന്റേതായ മനോഭാവങ്ങൾ നമ്മിലുണ്ടാക്കും. വ്യക്തിപരമോ സാമൂഹികമോ ആയ നമ്മിലെ രൂപഘടനകൾ ഒരു പക്ഷെ ഈ സ്വർഗ്ഗീയാനുഭവത്തെ തടസപ്പെടുത്തിയേക്കാം. അവയെ മാറ്റി നിർത്തി കൃപയിലേക്കു നമ്മെത്തന്നെ തുറക്കുവാൻ നമുക്ക് കഴിയേണ്ടതാണ്. ദൈവം നമ്മെ സഹായിക്കുകയും ചെയ്യും. അതിനു തയ്യാറാകുന്നില്ലെങ്കിൽ നമുക്ക് വേണ്ടി നമ്മൾ തീർക്കുന്നത് നരകം തന്നെയാണ്. കാരണം, അത്തരം സമീപനങ്ങളിലൂടെ ദൈവിക ജീവനെ നമ്മൾ നിരാകരിക്കുകയാണ്. എന്നാൽ സ്നേഹിക്കാൻ പരിശ്രമിക്കുന്നവർ ദൈവഹൃദയത്തെ തന്നിലേക്ക് സന്നിവേശിപ്പിക്കാൻ സ്വയം തുറന്നു കൊടുക്കുന്നു. ഓരോ നിമിഷത്തിന്റെയും വിളിയിൽ നമ്മൾ തുറക്കാത്ത സ്വർഗം മരണശേഷം പ്രതീക്ഷിക്കരുത്.

മരണം എന്താണെന്നു നമുക്കറിയില്ല, നമ്മെ രൂപപ്പെടുത്തിയ ദൈവം തീർച്ചയായും നമ്മെ ഉപേക്ഷിക്കില്ല.  മരണശേഷം എന്തെന്നും നമുക്കറിയില്ല, എന്നാൽ മനുഷ്യസമൂഹത്തിന്റെയും പ്രപഞ്ചസമൂഹത്തിന്റെയും  അംഗങ്ങളായിരിക്കും നമ്മൾ എന്നത് തീർച്ചയാണ്. ആ പരസ്പര കൂട്ടായ്മയിലാണ് നമ്മൾ ഉള്ളത്. ആ കൂട്ടായ്മയാണ് ക്രിസ്തു, ഇപ്പോഴും അന്നേരവും.

മേയ് 04, 2021

നാളേക്കായുള്ള ഒരു ഒരുക്കം

സമൂഹനന്മക്കായും ജീവനോപാധികളുടെ നീതിപൂർവ്വമായ വിതരണത്തിനായും ഉത്തരവാദിത്തപ്പെട്ടവർക്ക് ശുഭേച്ഛയുണ്ടാവട്ടെ എന്നതിനാവാം ദൈവം ഇപ്പോൾ ഏറ്റവുമധികം കൃപ ചൊരിയുന്നത്. ആ ശുഭേച്ഛയാണ് പ്രതീക്ഷിക്കേണ്ട അത്ഭുതം. അതുണ്ടാകുവോളം സമൂഹം കഷ്ടതയിൽ വിഷമിക്കേണ്ടതായി വരും. 

ഉദ്ദേശ്യപൂർവ്വം സൃഷ്ടിക്കപ്പെടുന്ന ക്രമരാഹിത്യം, ദുരഭിമാനങ്ങളെ സംരക്ഷിക്കുവാൻ കാണിക്കുന്ന അമിതതാല്പര്യത്തിന്റെ ഫലം കൂടിയാണ്. സമൂഹത്തിനു മേലും സാമൂഹ്യ-ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരുടെ മേലും അത് കൊണ്ടുവയ്ക്കുന്ന ഭാരം വളരെ വലുതാണ്. വെയിലുകൊണ്ട് തളരുകയും ചിലപ്പോൾ അക്ഷമരാവുകയും ചെയ്യുന്ന പോലീസുകാർ, ഓടിത്തളരുകയും കിതക്കുകയും ചെയ്യുന്ന നഴ്‌സുമാർ, ഓരോ ജീവനും നഷ്ടപ്പെടുമ്പോൾ നിസ്സഹായതയിൽ വാവിട്ടു കരയുന്നവർ... അവരുടെ നിസ്സഹായതയിൽ, ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈവഹൃദയമുണ്ട്. ആശുപത്രികളിൽ ഇടം കിട്ടാതെ എവിടെയൊക്കെയോ ആയി കിടക്കുന്ന രോഗികൾക്കും അടുത്ത് കാത്തിരിക്കുന്നവർക്കും സാധിക്കുന്ന സഹായങ്ങളും ഭക്ഷണവുമായി വരുന്നവരിൽ ദൈവപ്രവൃത്തിയുണ്ട്. രോഗികളുടെ എണ്ണത്തിൽ പോലും പെടാതെ, ചികിത്സ നിഷേധിക്കപ്പെടുന്ന ഹതഭാഗ്യരിൽ തളരുന്ന ദൈവവുമുണ്ട്. പകർച്ചവ്യാധിയെ ചെറുക്കും വിധം ആരോഗ്യപരമായ ഒരു സംവിധാനം നിലവിൽ വരുത്തുകയാണ് നൽകപ്പെടുന്ന കൃപയോട് ക്രിയാത്മകമായി പ്രവർത്തിക്കാനുള്ള വഴി. 

ഓടിച്ചു വിടാവുന്ന ഒന്നല്ല വൈറസ് എന്നതുകൊണ്ട്, ആരോഗ്യപരമായ അവസ്ഥ ഉറപ്പാക്കുക എന്നതാണ് ആവശ്യം. ഈ ആരോഗ്യം ശാരീരികവും വൈകാരികവും ആത്മീയവുമാവണം. ഒറ്റയ്ക്ക് ആർക്കും ഇത് സാധ്യവുമല്ല. ദൈവത്തിന്റെ കൃപ കരുണയായും, ഉത്സാഹമായും, ധൈര്യമായും സാന്ത്വനമായും  പ്രോത്സാഹനമായും പരസ്പരം ബലപ്പെടുത്തട്ടെ.  ഒരു കല്യാണവീട്ടിൽ സദ്യക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ അപ്രതീക്ഷിതമായി വരുന്ന മഴ ... അയൽക്കാരും അതിഥികളും കേട്ടവരും ഒക്കെ സാധിക്കുന്നതുപോലെ പരിശ്രമിച്ച് സദ്യയുടെ ഒരുക്കങ്ങളെ സുരക്ഷിതമാക്കുന്നു. ദൈവപ്രവൃത്തികളും ഇടപെടലുകളും സമാനമാണ്. സാമൂഹിക-മാനുഷിക സംവിധാനക്രമങ്ങളെത്തന്നെയാണ് ദൈവം എന്നൊക്കെ വിളിക്കുന്നത് എന്നല്ല, ഈ ക്രമങ്ങളിലെ മനുഷ്യനന്മകളിലൂടെയാണ് ദൈവം പ്രവർത്തിക്കുന്നത് എന്നതാണ് മനസിലാക്കേണ്ടത്. 

അനുഷ്ഠാനകേന്ദ്രീകൃതമായ വിശ്വസശൈലി പരിചിതമായതുകൊണ്ട് ദൈവകേന്ദ്രീയമായതിനെ ശ്രമിക്കാൻ പോലും പലരും മടിക്കുന്നു. അവയുടെ ഒഴിച്ചുകൂടായ്മക്ക് ഊന്നൽ നൽകി അസ്വസ്ഥത സൃഷ്ടിക്കപ്പെടുമ്പോൾ പ്രതീകാത്മകമാവേണ്ടവ യാഥാർത്ഥ്യവത്കരിക്കപ്പെടുകയാണ്. അനുഷ്ഠാനങ്ങളുടെ അഭാവത്തിലും,  ജീവിക്കുന്നവനും സന്നിഹിതനും പ്രവർത്തിക്കുന്നവനുമായ ദൈവത്തെ അടുത്ത് കാണാൻ മാനുഷികഹൃദയത്തോടെ ദൈവത്തെ കാണാൻ ശ്രമിക്കുക എന്നതാണ് വഴി. അല്ലായെങ്കിൽ, ദൈവം ആരോടുകൂടെ ബുദ്ധിമുട്ടുകളിൽ നിതാന്ത പരിശ്രമം നടത്തുന്നുവോ അവ കാണാതെ പോവുകയും, ആരിലൊക്കെ പ്രവൃത്തിക്കുന്നുവോ അവരുടെ ആത്മാർത്ഥതയെ പുച്ഛിക്കുകയും, ആരൊക്കെ ദൈവപ്രവൃത്തികൾക്ക് എതിര് നിൽക്കുന്നുവോ അവർ പാലിക്കുന്ന സ്വാർത്ഥമോഹങ്ങൾക്കും അനീതിക്കും പരോക്ഷമായി പിന്തുണ നൽകുകയും ചെയ്യുകയാണ് നമ്മൾ ചെയ്യുന്നത്. ഇത്രമാത്രം ദൈർഘ്യതയും തീവ്രതയും കണക്കുകൂട്ടലുകളിൽ ഇല്ലാതിരുന്നതുകൊണ്ടാകാം പരിചിതമായവയിൽത്തന്നെയുള്ള തുടച്ചക്കായുള്ള പരിശ്രമങ്ങളായിരുന്നു ഏറെയും. പുതിയൊരു സാഹചര്യം ക്ഷണിക്കുന്ന ദൈവാനുഭവത്തിലേക്ക് നമ്മെത്തന്നേയും മറ്റുള്ളവരെയും നയിക്കുവാൻ നമുക്ക് കഴിയണം. നിയമിതമായ ചട്ടങ്ങളുടെ തുടർച്ചയിലേ ദൈവത്തിനു തുടർച്ചയുണ്ടാകൂ എന്ന് കരുതരുത്. ആളുകളുടെ കാഴ്ചപ്പാടുകളിൽ വരുന്ന ചോദ്യങ്ങളും, ചിന്തകളും അകൽച്ചയും പോലും പരിശുദ്ധാത്മ പ്രേരിതമായിത്തീരാൻ വേണ്ട മാർഗ്ഗദർശനം ഇന്ന് ആവശ്യമായുണ്ട്. ആത്മാവ് നൽകുന്ന നവീനതയിൽ ഈ അപ്രതീക്ഷിതഘട്ടത്തിലൂടെ കടന്നു പോകുവാനും, അവിടുന്നു നമ്മിൽ നൽകുന്ന പുതുരൂപത്തെ സ്വീകരിക്കുവാനും അപ്പോൾ കഴിയും.

സ്വാർത്ഥതാല്പര്യങ്ങളും, മായിക പ്രതീക്ഷകളുടെ ആസ്വാദ്യതയും നമ്മെ തകർക്കുകയേയുള്ളു. നിത്യസഹായമാതാവിന്റെ നൊവേനയിൽ, ഞങ്ങളുടെ രാജ്യത്തെ എല്ലാ നേതാക്കൾക്കും ജനങ്ങൾക്കും വിജ്ഞാനവും വിവേകവും നൽകേണമേ എന്നു പ്രാർത്ഥനയുണ്ട്. അത്തരത്തിലുള്ള പ്രവൃത്തികളിലേ നമ്മുടെ ലക്ഷ്യങ്ങൾ ഫലം കാണൂ. നമ്മുടെ പ്രാർത്ഥനകളുടെ ലക്‌ഷ്യം പ്രാഥമികമായി കോവിഡ് നിർമ്മാർജ്ജനമല്ല; ദൈവഹിതം യാഥാർത്ഥ്യമാകുവാൻ ആഗ്രഹിക്കുന്ന ഒരു സമൂഹനിര്മിതിയാണ്. അങ്ങനെയേ മഹാമാരികളെ നേരിടുവാൻ നമുക്കാകൂ. ഇത് നാളേക്കായുള്ള ഒരു ഒരുക്കമാണ്, പരിശീലനമാണ്. 

മേയ് 02, 2021

മെയ് മാസത്തിലെ ജപമാല

"സ്നേഹനിധിയായ അമ്മേ, ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു ചേർക്കുന്ന സ്നേഹബന്ധത്തിൽ ഞങ്ങളെല്ലാവരും ഒരു വലിയ കുടുംബത്തിലേതാണെന്ന ബോധ്യം ഞങ്ങൾക്ക് നൽകേണമേ. അങ്ങനെ, സഹോദര്യത്തിലും ഒത്തൊരുമയിലും പാവങ്ങൾക്കും വിവിധദുരിതങ്ങൾക്കിരയായവർക്കും സഹായമാകുവാൻ ഞങ്ങൾക്കാവട്ടെ. വിശ്വാസത്തിൽ ഉറപ്പും, സേവനങ്ങളിൽ സ്ഥിരോത്സാഹവും, നിരന്തരമായി പ്രാർത്ഥിക്കുവാനുള്ള കൃപയും ഞങ്ങളിൽ വളർത്തേണമേ."

മെയ് മാസത്തിലെ ജപമാലക്കു തുടക്കം കുറിച്ച് കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥനയാണിത്. നമ്മുടെ പരസ്പര ബന്ധം, അത് പ്രേരിപ്പിക്കുന്ന പരസ്പരമുള്ള കടമകൾ, ജീവിതത്തിന്റെ പ്രതിബദ്ധത എന്നിവ ഭക്തിയുടെ ഭാഗം തന്നെയാണെന്ന് ഈ പ്രാർത്ഥന ഓർമ്മിപ്പിക്കുന്നു. പ്രാർത്ഥനയിൽ ഈ ദൃഢത നഷ്ടപ്പെടുമ്പോളാണ് എളുപ്പം അത് അനുഷ്‌ഠാനങ്ങളിലുള്ള സംതൃപ്തിയാകുന്നത്. ജപമാല പ്രാർത്ഥിച്ചു ധ്യാനിക്കുമ്പോൾ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിലെ രക്ഷാകര നിമിഷങ്ങളും ധ്യാനിക്കപ്പെടട്ടെ.

മേയ് 01, 2021

സത്യത്തിന്റെയും ജീവന്റെയും സ്പർശമുള്ള പ്രാർത്ഥനകൾ

ജീവന്റെ നാഥനായ ദൈവത്തെ, Deus ex machina യുമായി വച്ചുമാറിയതു മുതൽ ക്രിസ്തീയ വിശ്വാസത്തിന്റെയും ധാർമികതയുടെയും സന്മാർഗബോധത്തിന്റെയും അപചയം സംഭവിച്ചു. ദൈവപരിപാലനയെക്കുറിച്ചും, ദൈവികജീവനെക്കുറിച്ചും ദൈവപ്രവൃത്തിയെക്കുറിച്ചും കേൾക്കുന്നത് വിരളമാണ്. പകരം പ്രതീക്ഷകൾ  മുഴുവൻ അത്ഭുതങ്ങളെക്കുറിച്ചാണ്.

ദൈവപ്രവൃത്തികൾ അത്ഭുതാവഹമാം വിധം നമുക്ക് അനുഭവമാകാറുണ്ട്. അവ പ്രകൃതിയുടെ സ്വാഭാവിക നിയമങ്ങൾക്കു അതീതമാണെന്ന പ്രതീതിയുണ്ടായേക്കാം, എന്നാൽ പ്രകൃതിനിയമങ്ങൾക്കു വിരുദ്ധമായവയല്ല അത്ഭുതങ്ങൾ. അത്ഭുതങ്ങളെ മാജിക്കിന് സമാനമായി കാണുന്നതാണ് ദൈവപ്രവൃത്തികളെ ശരിയായ വിധത്തിൽ മനസിലാക്കാൻ ഏറ്റവും വലിയ തടസം ഉണ്ടാക്കുന്നത്.  അവസാനനിമിഷം കടന്നു വന്നു എല്ലാം ശരിയാക്കുന്ന പ്രത്യേകവേഷക്കാരനല്ല ദൈവം. മനുഷ്യനും ശാസ്ത്രവും പരാജപ്പെട്ടു നിൽക്കുമ്പോൾ Deus ex machina യുടെ റോൾ വരുന്നു. ആശ്ചര്യം സൃഷ്ടിച്ചു കടന്നു പോവുകയും ചെയ്യുന്നു. ആ സ്റ്റേജിൽ നിന്നിറങ്ങി ജീവിതങ്ങളിലേക്ക് Deus ex machina വരാറില്ല. 

ദൈവത്തിന്റെ പ്രസക്തി ശാസ്ത്രത്തിന്റെ പരാജയത്തിൽ മാത്രം കാണുന്നതും വലിയൊരു വീഴ്ചയാണ്. ശാസ്ത്രം മുട്ട് മടക്കുന്നു, ഞെട്ടുന്നു തുടങ്ങിയ പ്രയോഗങ്ങൾ യഥാർത്ഥത്തിൽ ദൈവത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. മനുഷ്യന്റെ ആത്മാർത്ഥമായ സത്യാന്വേഷണത്തെ ലജ്ജിപ്പിക്കാനോ പുച്ഛിക്കാനോ ദൈവം തുനിയാറുമില്ല. എന്നുമാത്രമല്ല അവ ദൈവത്തിന്റെ തന്നെ വെളിപാടിന്റെയും സർഗാത്മകതയുടെയും വഴിയുമാണ്. ശാസ്ത്രത്തെയും മതത്തെയും യുദ്ധരംഗത്തെന്നപോലെ സ്ഥാപിച്ചിരിക്കുന്ന കാഴ്ചപ്പാടുകളാണ് 'ദൈവത്തിനു വിജയമുണ്ടാകണമെന്നത്' ആവശ്യമായി കാണുന്നത്. യുക്തി, ബുദ്ധി തുടങ്ങിയവയെ തനിക്കു വിരുദ്ധമായി ദൈവം കാണുന്നുമില്ല. 

ദൈവപരിപാലനയെക്കുറിച്ചും, ദൈവികജീവനെക്കുറിച്ചും ദൈവപ്രവൃത്തിയെക്കുറിച്ചും കൂടുതൽ ആഴമായ ധ്യാനം നമുക്ക് ആവശ്യമാണ്. ദൈവം മാജിക്കുകാരനല്ല, ജീവന്റെ സ്രോതസ്സാണ്. ഒരുപക്ഷേ, ദൈവത്തെ മനസിലാക്കാൻ ജീവന്റെ പ്രക്രിയകളെ ധ്യാനിക്കുകയാകും കൂടുതൽ ഉചിതം. പ്രാർത്ഥനകളിൽ ആ ജീവന്റെ അനുഭവമാണ് നമുക്കുണ്ടാവേണ്ടത്, മറിച്ച് അത്ഭുതങ്ങളുടെ പ്രതീക്ഷകൾ പ്രത്യാശക്കും ആന്തരിക ജീവനും പകരം പെട്ടെന്നുള്ള ഇടപെടലുകളെക്കുറിച്ചുള്ള മായികലോകത്തു നമ്മെ അടച്ചു കളയും. പ്രാർത്ഥനകൾ സൂത്രവാക്യങ്ങളും, ദൈവത്തെ നിർബന്ധിക്കലുമല്ല, ദൈവാശ്രയത്തിന്റെ അടയാളമാവണം പ്രാർത്ഥന. എങ്ങോ പോയ്മറഞ്ഞ ദൈവത്തെ സമന്വയിപ്പിച്ചു തിരികെകൊണ്ടുവരുന്ന പ്രക്രിയയുമല്ല പ്രാർത്ഥന, ഏതു ജീവിത ഘട്ടത്തിലും ദൈവം കൂടെയുണ്ടെന്നതിന്റെ ഉറപ്പാണ് പ്രാർത്ഥനയുടെ അടിസ്ഥാനം. 

ദൈവം പ്രവർത്തിക്കണമെന്ന ആഗ്രഹം, അത്ഭുതങ്ങളിലുള്ള  പ്രതീക്ഷ സ്വന്തം മതവും നിലപാടുകളും ശരിയാണെന്നുറപ്പിക്കാനുള്ള അവസരമായി കാണുന്ന ഹൃദയാഭിലാഷങ്ങൾ വിശ്വാസമല്ലെന്നു മാത്രമല്ല ദൈവികമായ സമീപനവുമല്ല. അറിവും, ഭക്തിയും, വിശ്വാസവും ഭരണക്രമങ്ങളും വിലയിരുത്തലുകളും വിമർശനങ്ങളും നേരിട്ടെങ്കിലേ അത് മനുഷ്യരെന്ന നിലയിൽ ദൈവികമായ പാത തീർക്കൂ. ദൈവത്തിന്റെ പ്രവൃത്തികൾ അപ്പോഴേ കണ്ടുതുടങ്ങൂ. മുൻവിധികളും അജണ്ടകളുമില്ലാത്ത ശാസ്ത്രാന്വേഷണവും മനുഷ്യന്റെ കൂട്ടായ വിചിന്തനങ്ങളുമേ സത്യം തുറന്നു തരൂ. പൊതുനന്മ ലക്ഷ്യമാക്കുന്ന നിലപാടുകളിലേ ജീവൻ പ്രതിഫലിക്കൂ. സത്യത്തിന്റെയും ജീവന്റെയും സ്പർശമുള്ള പ്രാർത്ഥനകളും അത്തരത്തിലേ ജനിക്കൂ. 

വലിയ കാഴ്ച

കൃതജ്ഞതയിലും, നിറവിലും, എളിമയിലും ജീവിതവും അതിന്റെ കർമ്മങ്ങളും ഉറപ്പിക്കാൻ യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു. 

ഹൃദയത്തിന്റെ നിറവിൽ നിന്ന് നൽകുമ്പോൾ നൽകപ്പെടുന്നത് ജീവിതത്തിന്റെ സത്തയാണ്. നീണ്ട ആയുസ്സും, ജനാവലികൾക്കു മുമ്പിലെ പ്രസംഗങ്ങളും, അസംഖ്യം എഴുത്തുകളും നല്കുന്നവയെക്കാളും  ചെറുതോ വലുതോ ആയ പ്രവൃത്തികളും, കൊച്ചു വാക്കുകളോ, പരിഗണിക്കപ്പെടുക  പോലുമില്ലെങ്കിലും നീതിക്കുവേണ്ടിയുയർത്തുന്ന ചെറുശബ്ദവും ജീവനിൽ ഫലം കണ്ടതാകുമ്പോൾ വലിയ കാഴ്ചയാണ്. 

യൗസേപ്പ് നീതിമാനായിരുന്നു.

ചെയ്യുന്നതിലെല്ലാം, സ്നേഹവും, നന്മയും, ജീവസ്പര്ശവും ഉണ്ടാവട്ടെ. അത് നമുക്കും മറ്റുള്ളവർക്കും രക്ഷയുടെ അനുഭവമാകും, രക്ഷകന്റെ രൂപം നമുക്കും കൈവരികയും ചെയ്യും.