Gentle Dew Drop

മേയ് 01, 2021

സത്യത്തിന്റെയും ജീവന്റെയും സ്പർശമുള്ള പ്രാർത്ഥനകൾ

ജീവന്റെ നാഥനായ ദൈവത്തെ, Deus ex machina യുമായി വച്ചുമാറിയതു മുതൽ ക്രിസ്തീയ വിശ്വാസത്തിന്റെയും ധാർമികതയുടെയും സന്മാർഗബോധത്തിന്റെയും അപചയം സംഭവിച്ചു. ദൈവപരിപാലനയെക്കുറിച്ചും, ദൈവികജീവനെക്കുറിച്ചും ദൈവപ്രവൃത്തിയെക്കുറിച്ചും കേൾക്കുന്നത് വിരളമാണ്. പകരം പ്രതീക്ഷകൾ  മുഴുവൻ അത്ഭുതങ്ങളെക്കുറിച്ചാണ്.

ദൈവപ്രവൃത്തികൾ അത്ഭുതാവഹമാം വിധം നമുക്ക് അനുഭവമാകാറുണ്ട്. അവ പ്രകൃതിയുടെ സ്വാഭാവിക നിയമങ്ങൾക്കു അതീതമാണെന്ന പ്രതീതിയുണ്ടായേക്കാം, എന്നാൽ പ്രകൃതിനിയമങ്ങൾക്കു വിരുദ്ധമായവയല്ല അത്ഭുതങ്ങൾ. അത്ഭുതങ്ങളെ മാജിക്കിന് സമാനമായി കാണുന്നതാണ് ദൈവപ്രവൃത്തികളെ ശരിയായ വിധത്തിൽ മനസിലാക്കാൻ ഏറ്റവും വലിയ തടസം ഉണ്ടാക്കുന്നത്.  അവസാനനിമിഷം കടന്നു വന്നു എല്ലാം ശരിയാക്കുന്ന പ്രത്യേകവേഷക്കാരനല്ല ദൈവം. മനുഷ്യനും ശാസ്ത്രവും പരാജപ്പെട്ടു നിൽക്കുമ്പോൾ Deus ex machina യുടെ റോൾ വരുന്നു. ആശ്ചര്യം സൃഷ്ടിച്ചു കടന്നു പോവുകയും ചെയ്യുന്നു. ആ സ്റ്റേജിൽ നിന്നിറങ്ങി ജീവിതങ്ങളിലേക്ക് Deus ex machina വരാറില്ല. 

ദൈവത്തിന്റെ പ്രസക്തി ശാസ്ത്രത്തിന്റെ പരാജയത്തിൽ മാത്രം കാണുന്നതും വലിയൊരു വീഴ്ചയാണ്. ശാസ്ത്രം മുട്ട് മടക്കുന്നു, ഞെട്ടുന്നു തുടങ്ങിയ പ്രയോഗങ്ങൾ യഥാർത്ഥത്തിൽ ദൈവത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. മനുഷ്യന്റെ ആത്മാർത്ഥമായ സത്യാന്വേഷണത്തെ ലജ്ജിപ്പിക്കാനോ പുച്ഛിക്കാനോ ദൈവം തുനിയാറുമില്ല. എന്നുമാത്രമല്ല അവ ദൈവത്തിന്റെ തന്നെ വെളിപാടിന്റെയും സർഗാത്മകതയുടെയും വഴിയുമാണ്. ശാസ്ത്രത്തെയും മതത്തെയും യുദ്ധരംഗത്തെന്നപോലെ സ്ഥാപിച്ചിരിക്കുന്ന കാഴ്ചപ്പാടുകളാണ് 'ദൈവത്തിനു വിജയമുണ്ടാകണമെന്നത്' ആവശ്യമായി കാണുന്നത്. യുക്തി, ബുദ്ധി തുടങ്ങിയവയെ തനിക്കു വിരുദ്ധമായി ദൈവം കാണുന്നുമില്ല. 

ദൈവപരിപാലനയെക്കുറിച്ചും, ദൈവികജീവനെക്കുറിച്ചും ദൈവപ്രവൃത്തിയെക്കുറിച്ചും കൂടുതൽ ആഴമായ ധ്യാനം നമുക്ക് ആവശ്യമാണ്. ദൈവം മാജിക്കുകാരനല്ല, ജീവന്റെ സ്രോതസ്സാണ്. ഒരുപക്ഷേ, ദൈവത്തെ മനസിലാക്കാൻ ജീവന്റെ പ്രക്രിയകളെ ധ്യാനിക്കുകയാകും കൂടുതൽ ഉചിതം. പ്രാർത്ഥനകളിൽ ആ ജീവന്റെ അനുഭവമാണ് നമുക്കുണ്ടാവേണ്ടത്, മറിച്ച് അത്ഭുതങ്ങളുടെ പ്രതീക്ഷകൾ പ്രത്യാശക്കും ആന്തരിക ജീവനും പകരം പെട്ടെന്നുള്ള ഇടപെടലുകളെക്കുറിച്ചുള്ള മായികലോകത്തു നമ്മെ അടച്ചു കളയും. പ്രാർത്ഥനകൾ സൂത്രവാക്യങ്ങളും, ദൈവത്തെ നിർബന്ധിക്കലുമല്ല, ദൈവാശ്രയത്തിന്റെ അടയാളമാവണം പ്രാർത്ഥന. എങ്ങോ പോയ്മറഞ്ഞ ദൈവത്തെ സമന്വയിപ്പിച്ചു തിരികെകൊണ്ടുവരുന്ന പ്രക്രിയയുമല്ല പ്രാർത്ഥന, ഏതു ജീവിത ഘട്ടത്തിലും ദൈവം കൂടെയുണ്ടെന്നതിന്റെ ഉറപ്പാണ് പ്രാർത്ഥനയുടെ അടിസ്ഥാനം. 

ദൈവം പ്രവർത്തിക്കണമെന്ന ആഗ്രഹം, അത്ഭുതങ്ങളിലുള്ള  പ്രതീക്ഷ സ്വന്തം മതവും നിലപാടുകളും ശരിയാണെന്നുറപ്പിക്കാനുള്ള അവസരമായി കാണുന്ന ഹൃദയാഭിലാഷങ്ങൾ വിശ്വാസമല്ലെന്നു മാത്രമല്ല ദൈവികമായ സമീപനവുമല്ല. അറിവും, ഭക്തിയും, വിശ്വാസവും ഭരണക്രമങ്ങളും വിലയിരുത്തലുകളും വിമർശനങ്ങളും നേരിട്ടെങ്കിലേ അത് മനുഷ്യരെന്ന നിലയിൽ ദൈവികമായ പാത തീർക്കൂ. ദൈവത്തിന്റെ പ്രവൃത്തികൾ അപ്പോഴേ കണ്ടുതുടങ്ങൂ. മുൻവിധികളും അജണ്ടകളുമില്ലാത്ത ശാസ്ത്രാന്വേഷണവും മനുഷ്യന്റെ കൂട്ടായ വിചിന്തനങ്ങളുമേ സത്യം തുറന്നു തരൂ. പൊതുനന്മ ലക്ഷ്യമാക്കുന്ന നിലപാടുകളിലേ ജീവൻ പ്രതിഫലിക്കൂ. സത്യത്തിന്റെയും ജീവന്റെയും സ്പർശമുള്ള പ്രാർത്ഥനകളും അത്തരത്തിലേ ജനിക്കൂ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ