Gentle Dew Drop

മേയ് 25, 2021

മധ്യസ്ഥപ്രാർത്ഥനയുടെ കാതൽ

മധ്യസ്ഥപ്രാർത്ഥനയുടെ കാതൽ കൃതജ്ഞതയും സ്നേഹവുമാണ്. സ്വീകരിച്ചിട്ടുള്ള നന്മകൾക്കായും, നിരന്തരമായ സാന്നിധ്യത്തിനായും ദൈവത്തോടുള്ള കൃതജ്ഞതയും സ്നേഹവും; നല്ല കാലത്തും ദുരിതകാലത്തും. അതേപോലെ തന്നെ മറ്റുള്ളവർക്കായി പ്രാർത്ഥിക്കുമ്പോഴും (ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആകട്ടെ) അവരോടുള്ള കൃതജ്ഞതയും സ്നേഹവും തന്നെയാണ് പ്രാർത്ഥിക്കുവാനുള്ള പ്രേരണ.  നമ്മൾ സ്വീകരിച്ചിട്ടുള്ളവ നേരിട്ടറിയാവുന്നവരുടെ പരിധിക്കുമപ്പുറം അനേകരുടെ ത്യാഗത്തിന്റെ ഫലമാണെന്ന തിരിച്ചറിവ് കൃതജ്ഞതയോടെ ഹൃദയത്തെ വളരെയധികം വളർത്തും. അതേ ഹൃദയത്തിൽ സ്നേഹവും അതിരുകൾ ലംഘിച്ചുകൊണ്ട് അനേകരെ സ്വീകരിക്കും. എങ്കിലേ നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കുവാനാകൂ. വേദനിക്കുകയും, ഇല്ലായ്മകളിൽ കഷ്ടപ്പെടുകയും യുദ്ധത്തിനും അനീതിക്കും ഇരയാക്കിയവരെയും സ്വന്തമെന്നു കണ്ടു കൊണ്ട് പ്രാർത്ഥിക്കണമെങ്കിൽ ഈ സ്നേഹം ഉള്ളിലുണ്ടാവണം. 

ഇതേ സ്നേഹമാണ് പ്രാർത്ഥനയുടെ ഭാഗമായി അനുഷ്ഠിക്കുന്ന ത്യാഗപ്രവൃത്തികളുടെയും അടിസ്ഥാന പ്രേരണ. ഉപവാസം പാലിക്കപ്പെടുന്ന അതേ വഴിയിൽ വിശക്കുന്നവരെ കാണുവാനും ഭക്ഷണം പങ്കുവച്ചു നൽകുവാനും പറയുന്നതിന്റെ അർത്ഥവും അതാണ്. ഒരാൾ വിശന്നിരിക്കുന്നതു ദൈവത്തിനു പ്രിയങ്കരമാണെന്നതല്ല ഉപവാസത്തിന്റെ മൂല്യം. അനേകരുടെ നിർധനതയിലും സഹനത്തിലും, അവരോടുള്ള സ്നേഹത്തെപ്രതി താദാത്മ്യപ്പെടാനുള്ള ഇച്ഛയാണ് ഉപവാസത്തിലൂടെ നമ്മൾ പ്രകടമാക്കുന്നത്. അങ്ങനെ യഥാർത്ഥ ഉപവാസം സഹാനുഭൂതിയും സേവനവും ഉൾച്ചേർന്നതാണ്. ശരീരം തിന്മയാണെന്നും അതിനെ ഏതൊക്കെ തരത്തിൽ അവഗണിക്കാമോ അതൊക്കെ ചെയ്യുക എന്ന രീതിയിൽ ഉപവാസത്തെ അതിനൊരു വഴിയായി കണ്ട ഒരു സമയമുണ്ടായിരുന്നു. ക്രിസ്തീയത അതിലെ തെറ്റിനെ തിരിച്ചറിഞ്ഞു തിരുത്തിയിട്ടുണ്ട്; അത്തരം സമീപനങ്ങൾ ഇന്ന് പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.

ദൈവാനുഗ്രഹങ്ങൾക്കുള്ള ഉപാധിയായി ഉപവാസത്തെ കാണുന്നത്, ദൈവത്തെ പ്രതിഫലദൈവശാസ്ത്രവുമായി  കെട്ടിയിടുകയാണ്. വ്യവസ്ഥ വച്ചുകൊണ്ടല്ല  ദൈവം അനുഗ്രഹം നൽകുന്നത്, മാത്രമല്ല നമ്മുടെ വിശപ്പും വേദനയും കണ്ടാൽ മാത്രം കനിയുന്ന ദൈവം, ഏറ്റെടുക്കുന്ന വേദനകൾ അനുസരിച്ചു കൂടുതൽ അനുഗ്രഹിക്കുന്ന ദൈവം ഒക്കെയും  ദൈവത്തെക്കുറിച്ചുള്ള സത്യമല്ല പറയുന്നതും. ദൈവാനുഗ്രഹങ്ങൾ സ്വീകരിക്കുവാനായി നമുക്ക് വേണ്ടത് ആത്മാർത്ഥമായ ഹൃദയമാണ്. എത്രയൊക്കെ അനുഷ്ഠാനങ്ങളുണ്ടായാലും അടച്ചു കളഞ്ഞ ഹൃദയത്തിൽ കൃപ സ്വീകരിക്കാനാവില്ല. 

പരിഹാരപ്രവൃത്തികളെ ഊന്നിപ്പറയുന്നു പല ഭക്തിരൂപങ്ങളും വിശ്വാസങ്ങളും ദൈവസ്നേഹത്തെയും പരിപാലനയേയുംകാൾ ഊന്നൽ നൽകുന്നത് ശിക്ഷ, പരിഹാരം, പാപം, തീർത്തും നാശത്തിലായ ലോകം എന്നിവയൊക്കെയാണ്. എന്തിലും ഏതിലും  പാപം കാണുന്ന പ്രവണതകൾ വളരെ ശക്തമായി പരിശീലിക്കപ്പെട്ടിട്ടുണ്ട്. ജീവിതം  എന്നതു തന്നെ പരിഹാരം ചെയ്യാൻ മാത്രമുള്ളതാണെന്നു തെറ്റിദ്ധരിച്ച് ക്രിസ്തു നൽകിയ രക്ഷയെത്തന്നെ സ്വയം അപ്രാപ്യമാക്കിയവരും ഉണ്ട്. റൊട്ടിയും വെള്ളവും മാത്രം കഴിച്ചുകൊണ്ട് ദിവസം മുഴുവൻ കഴിയുന്നതാണ് ദൈവത്തിനും മാതാവിനും ഏറ്റവും പ്രിയകരമായ നല്ല ഉപവാസം എന്ന് പറഞ്ഞു പഠിപ്പിക്കുന്നവർ വരെയുണ്ട്. പരിഹാരത്തിനുള്ള ഊന്നലും മേല്പറഞ്ഞതുപോലെ പ്രതിഫലദൈവശാസ്ത്രത്തിന്റെ ഇടുങ്ങിയ കാഴ്ചപ്പാടാണ്. 

അനുഗ്രഹത്തിന് വ്യവസ്ഥയായി ദൈവം നമ്മിൽ നിന്ന് 'ആവശ്യപ്പെടുന്നതല്ല' ഉപവാസവും ത്യാഗപ്രവൃത്തികളും. ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത് സ്നേഹവും വിശ്വസ്തതയുമാണ്. ആ സ്നേഹം പരസ്നേഹവും, മറ്റുള്ളവരോടുള്ള കടമകളും കൂടി ഉൾച്ചേർക്കുന്നതിനാൽ,  രോഗികളുടെയും യുദ്ധത്തിനിരയാവുന്നവരുടെയും അനീതി സഹിക്കുന്നവരുടെയും വിശക്കുന്നവരുടെയും വേദനകളിൽ ആരെയും ഒഴിവാക്കാതെ ഒന്നു ചേരുന്നതിനായി ഉപവാസവും ത്യാഗപ്രവൃത്തികളും പ്രാർത്ഥനയുടെ ഭാഗമായി കൊണ്ട് വരാം. സ്നേഹമില്ലാത്ത മധ്യസ്ഥപ്രാർത്ഥന ശുഷ്ക്കമാണ്. നിലവിളിച്ചും ഉപവസിച്ചും പ്രാർത്ഥിച്ചാലും സ്നേഹരാഹിത്യം അതിനെ ഒരു ആചാരം മാത്രമാക്കും. 

ആർക്കുവേണ്ടി പ്രാർത്ഥിക്കുന്നോ അവരുടെ നന്മയാവട്ടെ പ്രാർത്ഥനയുടെ ആത്മാവ്. അല്ലാതെ, മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതുകൊണ്ടു ദൈവം നമുക്ക് എന്ത് നൽകും എന്ന് കരുതിയാകുമ്പോൾ അവിടെ ആത്മാർത്ഥതയും സ്നേഹവും കുറവാണ്. നമ്മുടെ ആഗ്രഹങ്ങൾ പ്രാർത്ഥനയിൽ തുറന്നു പ്രകടിപ്പിക്കാമല്ലോ! ആത്മാർത്ഥമായ മധ്യസ്ഥപ്രാർത്ഥന ചെയ്യണമെന്നുണ്ടെങ്കിൽ വെറുപ്പ് പൂർണമായും അകറ്റി നിർത്തണം. സകലർക്കും നന്മയുണ്ടാവട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ