Gentle Dew Drop

മേയ് 22, 2021

പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത്

ദൈവമോ മാലാഖമാരോ ആകുവാനല്ല, മനുഷ്യരായി ഫലദായകരാകുവാനാണ് ആത്മാവ് നമ്മിൽ പ്രവർത്തിക്കുന്നത്. സ്വയം തുറക്കാനുള്ള മനഃസ്ഥിതി മാത്രമാണ് ആത്മാവ് പ്രവർത്തിച്ചു തുടങ്ങുവാനായി നമുക്ക് വേണ്ടത്. നമ്മിലുള്ള പരിശുദ്ധാത്മാവ് ജീവിതത്തിന്റെ പരിപൂര്ണതയിലേക്കു നമ്മെ നയിക്കട്ടെ.

വരദാനങ്ങൾ നമ്മെ അതിമാനുഷരാക്കുന്നവയല്ല, തികഞ്ഞ മനുഷ്യരാക്കുന്നവയാണ്. മനുഷ്യരായി വളരാനും മനുഷ്യരായി പരസ്പരം ഇടപെടാനുമുള്ള ഗുണങ്ങളാണ് അവയൊക്കെയും. അവയിൽ വളർന്നു ഫലം നൽകാൻ നമുക്ക് കഴിഞ്ഞിരുന്നെങ്കിൽ ദൈവരാജ്യത്തിന്റെ യഥാർത്ഥ അനുഭവം എന്നേ നമുക്കുണ്ടാകുമായിരുന്നു. ജീവിതത്തിന്റെ സമഗ്രതക്കായി പരിശ്രമിക്കാതെ ആത്മാവിന്റെ പ്രവർത്തനങ്ങളെ പ്രതീക്ഷിക്കരുത്. വ്യക്തിപരവും, വൈകാരികവും ബൗദ്ധികവും സാമൂഹികവുമായ യാഥാർത്ഥ്യങ്ങളെ ചേർത്തു പിടിക്കാൻ ആയെങ്കിലേ ആത്മാവിന്റെ യഥാർത്ഥ ഫലങ്ങൾ നമ്മിൽ കണ്ടു തുടങ്ങൂ.

അതുപോലെ തന്നെ, സഭയെന്ന ശരീരം ഈ ആത്മാവിനാൽ പരസ്പരം പരിപോഷിപ്പിക്കേണ്ടതാണ്. പരിശുദ്ധാത്മാവ് നൽകപ്പെടുന്നത് ആ സമൂഹത്തിലേക്കാണ്. നൽകപ്പെട്ടിരിക്കുന്ന പ്രത്യേക വരങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമാണ്. ഓരോരുത്തർക്കുമുള്ള സ്വകാര്യവസ്തുവായി ആർക്കും പരിശുദ്ധാത്മാവിനെ സ്വീകരിക്കാനാവില്ല. പരസ്പരം ഐക്യപ്പെട്ടിരിക്കുന്നിടത്തേ ക്രിസ്തുവിലുള്ള വളർച്ചയുണ്ടാകൂ. ഓരോ ജീവിതാന്തസിനും ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തങ്ങൾക്കും തൊഴിലിനും വേണ്ട ആന്തരിക ചൈതന്യം പരിശുദ്ധാത്മാവ് പകർന്നു നൽകും. കൂടുതൽ മേന്മയുള്ള വരങ്ങൾ എന്ന് ഒന്നിനെയും കരുതാനാവില്ല. ഓരോരുത്തരിലുമുള്ള ആത്മദാനങ്ങൾ പരസ്പരം പരിപോഷിപ്പിക്കുവാനുള്ളതാണ്. "പരസ്പരം ഓരോരുത്തരെയും, എല്ലാവരും ആത്മാവിനെയും കേൾക്കുമ്പോൾ" മാത്രം ആത്മാവ് രൂപപ്പെടുത്തുന്ന ക്രിസ്തുസാന്നിധ്യം സഭയിൽ ദൃശ്യമാകും.

പരിശുദ്ധാത്മാവിന്റെ അടയാളങ്ങളായ വെള്ളവും, കാറ്റും, തീയുമൊക്കെ നമ്മിലെ ജീവന്റെ സമൃദ്ധിയും, പ്രപഞ്ചത്തിന്റെ സൃഷ്ടിവൈഭവം നമ്മിൽ തുടരേണ്ട മനുഷ്യധർമ്മവും ഓർമ്മിപ്പിക്കുന്നു.

ആത്മാവിന്റെ പ്രവർത്തനത്താൽ അനുഭവവേദ്യമാകുന്ന കമനീയത/ രമണീയത 'പ്രാവിൽ' കാണപ്പെടുന്നു. ദൈവത്താൽ ആഗ്രഹിക്കപ്പെടുന്നവൻ/ൾ ആണ് ഓരോരുത്തരും; അനന്തമായ വാത്സല്യത്തിന് അർഹർ, ദൈവഹൃദയത്തിനു കമനീയമായവർ. അതാണ് രണ്ടാം ജനനവും ആത്മാവിലുള്ള വളർച്ചയുടെ ആരംഭവും. പിതൃ/മാതൃസഹജമായ വാത്സല്യവും, പുത്ര/പുത്രീ സഹജമായ പരിപൂർണ്ണ വിശ്വാസവും അവിടെയുണ്ട്.

പരാജയവും, തിരുത്തലും പാഠങ്ങളും വളർച്ചയിലെ ഏതു ഘട്ടത്തിലുമുണ്ടാകും. കാലുറപ്പോടെ നടന്നു ശീലിക്കുമ്പോഴേ ആന്തരികമായി പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവ് വരദാനങ്ങളിൽ നമ്മെ പുഷ്ടിപ്പെടുത്തുകയും മനുഷ്യന്റെ തികവിലേക്കു നമ്മൾ വളരുകയും ചെയ്യൂ. നമുക്കുള്ള ദൈവാശ്രയബോധമെന്നത് ഈ ഉറപ്പാണ്. നിരന്തരം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു മായികശക്തിയെക്കുറിച്ചുള്ള സങ്കൽപ്പമല്ല ദൈവാശ്രയബോധമെന്നത്. ക്രിസ്തുവിനെപ്പോലെയുള്ള മനുഷ്യരാക്കാനാണ് നമുക്ക് ദൈവം ആത്മാവിനെ നൽകിയിരിക്കുന്നത്.

തീയോ, കാറ്റോ, വെള്ളമോ, എണ്ണയോ നമുക്ക് അപരിചിതമല്ല. എന്നാൽ അവ സ്പർശനീയമാകുന്ന സാധാരണ നിമിഷങ്ങളിൽ ഈ അടയാളങ്ങളുടെ അനുഭവങ്ങളിലേക്ക് നമ്മുടെ ചിന്തകളെയോ ഓർമ്മകളെയോ നമ്മൾ തുറന്നു നൽകാറില്ല. ആചാരങ്ങളിലേക്കും അസ്വാഭാവികമായ സങ്കല്പങ്ങളിലേക്കും ചുരുക്കുന്നതുകൊണ്ട് ദിവ്യാരൂപിയുടെ ദൃശ്യമായ അടയാളങ്ങളെ, ചുറ്റുമുള്ളപ്പോൾ നമ്മൾ കാര്യമായെടുക്കാറുമില്ല. ഉള്ളിലും ചുറ്റിലും എപ്പോഴുമുള്ള ആത്മചൈതന്യം നമ്മെ നയിക്കട്ടെ.
.................................
ചില വീഡിയോ ഗെയിമുകളിൽ താക്കോലുകൾ ലഭിക്കാറുണ്ട്. ചില ഷോപ്പിംഗ് മാളുകളിലും ഓൺലൈൻ പർച്ചേസിലും പ്രത്യേക കൂപ്പണുകളോ വൗച്ചറുകളോ ലഭിക്കാറുണ്ട്. ഈ താക്കോലുകൾ/ കൂപ്പണുകൾ പോലെ തിരുഗ്രന്ഥഭാഗങ്ങളോ പ്രത്യേകസിദ്ധിയുള്ള പ്രാത്ഥനകളോ ഉപയോഗിച്ച് പരിശുദ്ധാത്മാവിനെ ബാഗിലാക്കാനാവില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ