പ്രധാനമെന്ന് കരുതപ്പെടുന്ന ഏതെങ്കിലുമൊരു ചരിത്രബിന്ദുവിലാണ് 'ചരിത്രം' തുടങ്ങുന്നത്. അതുവരെയുള്ള കാലവും സംഭവങ്ങളും തീർത്തും അപ്രധാനമാകും. ഉത്പത്തിയിൽ 'പ്രപഞ്ചസൃഷ്ടി'ക്കു മുമ്പ് ലോകം ക്രമരഹിതവും ശൂന്യവുമായിരുന്നു എന്ന നിലയിൽത്തന്നെ ആ സമയവും തീർത്തും നിർബന്ധിതമായി അവ്യക്തമാക്കപ്പെടുന്നു.
അധിനിവേശം, കടന്നുകയറ്റം, കുടിയേറ്റം എന്നിവയെക്കുറിച്ചൊക്കെ തിരഞ്ഞെടുക്കപ്പെടുന്ന ചരിത്രസൃഷ്ടികളുണ്ട്. ചരിത്രം 'തുടങ്ങുന്ന' സമയത്തിനുമപ്പുറത്തേക്കുള്ളത് അറിഞ്ഞുകൊണ്ടുതന്നെ മറന്നുകളയുവാനാണ് സ്വതേഷ്ടപ്രകാരം ചരിത്രനിർമ്മിതി ചെയ്യുന്നവർ ശ്രമിക്കാറ്. ആ തുടക്കത്തിനപ്പുറത്തേക്കു ശ്രദ്ധ ക്ഷണിക്കപ്പെടുന്നത് അവരുടെ സങ്കുചിതമായ ലക്ഷ്യങ്ങളെ മാറ്റി നിർത്തുവാനും മാനവികതയോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുവാനും അവർക്ക് വെല്ലുവിളിയാകും. മാത്രമല്ല വേരുകളിലേക്കു ആഴത്തിൽ കടക്കും തോറും സൃഷ്ടിക്കപ്പെടുന്ന ചരിത്രത്തിനുമപ്പുറം എങ്ങനെ ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനുഷ്യർ മനസിലാക്കുകയും ചെയ്യും.
ആരാണ് ഭൂമിയുടെ അവകാശികൾ? ചരിത്രത്തിന്റെ ഉടമസ്ഥാവകാശം ആർക്കാണ്? സ്വന്തം ഭൂമിയെന്ന ആശയം പോലും വന്നത് എന്ന് മുതലാണ്? ഭൂമിക്കു തന്നെയോ, വായുവിനോ, ജലത്തിനോ അതിരുകളില്ല. അതിരുകൾ നിർമിച്ച നമുക്കാണ് ചരിത്രം ആവശ്യമായിത്തീരുന്നത്. കുറച്ചു നേരത്തെ ഒരിടത്തു എത്തിച്ചേർന്നവർ എന്ന സത്യം മാത്രമേ ഓരോരുത്തരെയുംകുറിച്ചുള്ളു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ