ദൈവവചനം ചൊല്ലി ശത്രു സംഹാരം ആഗ്രഹിക്കുന്നവർ, സ്നേഹമായ ദൈവത്തിനു പകരം വെറുപ്പിന്റെയും പ്രതികാരത്തിന്റെയും ദൈവത്തെ കുടിയിരുത്തി ഉപാസന ചെയ്യുന്നുണ്ട്. അത് ഒന്നാം പ്രമാണ ലംഘനമാകാത്തതെന്തേ എന്ന് ഞാൻ ഓർത്തുപോകുന്നു.
യുദ്ധവും കൊലയും ഭീകരാന്തരീക്ഷവും തലമുറകളുടെ മനസാക്ഷി രൂപീകരണത്തെ സ്വാധീനിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ സമാധാനത്തിന്റെ വക്താക്കളാകുവാനാണ് ക്രിസ്തുചൈതന്യം ക്ഷണിക്കുന്നത്. പകരം ചേരിതിരിഞ്ഞ് പോർ വിളിച്ചുകൊണ്ട് മനുഷ്യരല്ലാതായിത്തീരുന്ന കാഴ്ചയാണ് കാണേണ്ടി വരുന്നത്. യുദ്ധത്തിന്റെയും കൊലകളുടെയും വാർത്തകൾ ചിലരെയൊക്കെ ആഹ്ലാദിപ്പിക്കുന്നുണ്ട്, പകയുടെയും വിദ്വേഷത്തിന്റെയും കെട്ടടങ്ങാത്ത കനലുകൾ ഉള്ളിലുണ്ടെങ്കിൽ ഒന്നുകൂടെ ആളിക്കത്തിക്കാനുള്ള ഒരു അവസരം അവർക്ക് ലഭിക്കുന്നു.
ഇറാഖിലോ സിറിയയിലോ പാലസ്തീനിലോ ഇസ്രായേലിലോ ആവട്ടെ, ഇരയാക്കപ്പെടുന്നത് മനുഷ്യരാണ്, പേടിച്ചരണ്ടു ഹൃദയം മരവിച്ചു പോകുന്ന കുഞ്ഞുങ്ങളാണ്. മുറിവേറ്റ ഏങ്ങലുകൾക്ക് യഹൂദന്റെയോ ക്രിസ്ത്യാനിയുടെയോ മുസ്ലിമിന്റെയോ സ്തുതിഗീതങ്ങളുടെ ഈണങ്ങളല്ല. വേദനയുടെയും ഭീതിയുടെയും ഭാവങ്ങളാണ്. അവയിൽനിന്ന് ലാഭമുണ്ടാക്കുന്നവർ മാലാഖയുടെ ചിറകുകൾ അണിഞ്ഞ കഴുകന്മാരാണ്.
സമാധാനമാഗ്രഹിക്കാത്ത നീതി മറുതലിപ്പിനുള്ള മുറവിളി മാത്രമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ