Gentle Dew Drop

മേയ് 04, 2021

നാളേക്കായുള്ള ഒരു ഒരുക്കം

സമൂഹനന്മക്കായും ജീവനോപാധികളുടെ നീതിപൂർവ്വമായ വിതരണത്തിനായും ഉത്തരവാദിത്തപ്പെട്ടവർക്ക് ശുഭേച്ഛയുണ്ടാവട്ടെ എന്നതിനാവാം ദൈവം ഇപ്പോൾ ഏറ്റവുമധികം കൃപ ചൊരിയുന്നത്. ആ ശുഭേച്ഛയാണ് പ്രതീക്ഷിക്കേണ്ട അത്ഭുതം. അതുണ്ടാകുവോളം സമൂഹം കഷ്ടതയിൽ വിഷമിക്കേണ്ടതായി വരും. 

ഉദ്ദേശ്യപൂർവ്വം സൃഷ്ടിക്കപ്പെടുന്ന ക്രമരാഹിത്യം, ദുരഭിമാനങ്ങളെ സംരക്ഷിക്കുവാൻ കാണിക്കുന്ന അമിതതാല്പര്യത്തിന്റെ ഫലം കൂടിയാണ്. സമൂഹത്തിനു മേലും സാമൂഹ്യ-ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരുടെ മേലും അത് കൊണ്ടുവയ്ക്കുന്ന ഭാരം വളരെ വലുതാണ്. വെയിലുകൊണ്ട് തളരുകയും ചിലപ്പോൾ അക്ഷമരാവുകയും ചെയ്യുന്ന പോലീസുകാർ, ഓടിത്തളരുകയും കിതക്കുകയും ചെയ്യുന്ന നഴ്‌സുമാർ, ഓരോ ജീവനും നഷ്ടപ്പെടുമ്പോൾ നിസ്സഹായതയിൽ വാവിട്ടു കരയുന്നവർ... അവരുടെ നിസ്സഹായതയിൽ, ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈവഹൃദയമുണ്ട്. ആശുപത്രികളിൽ ഇടം കിട്ടാതെ എവിടെയൊക്കെയോ ആയി കിടക്കുന്ന രോഗികൾക്കും അടുത്ത് കാത്തിരിക്കുന്നവർക്കും സാധിക്കുന്ന സഹായങ്ങളും ഭക്ഷണവുമായി വരുന്നവരിൽ ദൈവപ്രവൃത്തിയുണ്ട്. രോഗികളുടെ എണ്ണത്തിൽ പോലും പെടാതെ, ചികിത്സ നിഷേധിക്കപ്പെടുന്ന ഹതഭാഗ്യരിൽ തളരുന്ന ദൈവവുമുണ്ട്. പകർച്ചവ്യാധിയെ ചെറുക്കും വിധം ആരോഗ്യപരമായ ഒരു സംവിധാനം നിലവിൽ വരുത്തുകയാണ് നൽകപ്പെടുന്ന കൃപയോട് ക്രിയാത്മകമായി പ്രവർത്തിക്കാനുള്ള വഴി. 

ഓടിച്ചു വിടാവുന്ന ഒന്നല്ല വൈറസ് എന്നതുകൊണ്ട്, ആരോഗ്യപരമായ അവസ്ഥ ഉറപ്പാക്കുക എന്നതാണ് ആവശ്യം. ഈ ആരോഗ്യം ശാരീരികവും വൈകാരികവും ആത്മീയവുമാവണം. ഒറ്റയ്ക്ക് ആർക്കും ഇത് സാധ്യവുമല്ല. ദൈവത്തിന്റെ കൃപ കരുണയായും, ഉത്സാഹമായും, ധൈര്യമായും സാന്ത്വനമായും  പ്രോത്സാഹനമായും പരസ്പരം ബലപ്പെടുത്തട്ടെ.  ഒരു കല്യാണവീട്ടിൽ സദ്യക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ അപ്രതീക്ഷിതമായി വരുന്ന മഴ ... അയൽക്കാരും അതിഥികളും കേട്ടവരും ഒക്കെ സാധിക്കുന്നതുപോലെ പരിശ്രമിച്ച് സദ്യയുടെ ഒരുക്കങ്ങളെ സുരക്ഷിതമാക്കുന്നു. ദൈവപ്രവൃത്തികളും ഇടപെടലുകളും സമാനമാണ്. സാമൂഹിക-മാനുഷിക സംവിധാനക്രമങ്ങളെത്തന്നെയാണ് ദൈവം എന്നൊക്കെ വിളിക്കുന്നത് എന്നല്ല, ഈ ക്രമങ്ങളിലെ മനുഷ്യനന്മകളിലൂടെയാണ് ദൈവം പ്രവർത്തിക്കുന്നത് എന്നതാണ് മനസിലാക്കേണ്ടത്. 

അനുഷ്ഠാനകേന്ദ്രീകൃതമായ വിശ്വസശൈലി പരിചിതമായതുകൊണ്ട് ദൈവകേന്ദ്രീയമായതിനെ ശ്രമിക്കാൻ പോലും പലരും മടിക്കുന്നു. അവയുടെ ഒഴിച്ചുകൂടായ്മക്ക് ഊന്നൽ നൽകി അസ്വസ്ഥത സൃഷ്ടിക്കപ്പെടുമ്പോൾ പ്രതീകാത്മകമാവേണ്ടവ യാഥാർത്ഥ്യവത്കരിക്കപ്പെടുകയാണ്. അനുഷ്ഠാനങ്ങളുടെ അഭാവത്തിലും,  ജീവിക്കുന്നവനും സന്നിഹിതനും പ്രവർത്തിക്കുന്നവനുമായ ദൈവത്തെ അടുത്ത് കാണാൻ മാനുഷികഹൃദയത്തോടെ ദൈവത്തെ കാണാൻ ശ്രമിക്കുക എന്നതാണ് വഴി. അല്ലായെങ്കിൽ, ദൈവം ആരോടുകൂടെ ബുദ്ധിമുട്ടുകളിൽ നിതാന്ത പരിശ്രമം നടത്തുന്നുവോ അവ കാണാതെ പോവുകയും, ആരിലൊക്കെ പ്രവൃത്തിക്കുന്നുവോ അവരുടെ ആത്മാർത്ഥതയെ പുച്ഛിക്കുകയും, ആരൊക്കെ ദൈവപ്രവൃത്തികൾക്ക് എതിര് നിൽക്കുന്നുവോ അവർ പാലിക്കുന്ന സ്വാർത്ഥമോഹങ്ങൾക്കും അനീതിക്കും പരോക്ഷമായി പിന്തുണ നൽകുകയും ചെയ്യുകയാണ് നമ്മൾ ചെയ്യുന്നത്. ഇത്രമാത്രം ദൈർഘ്യതയും തീവ്രതയും കണക്കുകൂട്ടലുകളിൽ ഇല്ലാതിരുന്നതുകൊണ്ടാകാം പരിചിതമായവയിൽത്തന്നെയുള്ള തുടച്ചക്കായുള്ള പരിശ്രമങ്ങളായിരുന്നു ഏറെയും. പുതിയൊരു സാഹചര്യം ക്ഷണിക്കുന്ന ദൈവാനുഭവത്തിലേക്ക് നമ്മെത്തന്നേയും മറ്റുള്ളവരെയും നയിക്കുവാൻ നമുക്ക് കഴിയണം. നിയമിതമായ ചട്ടങ്ങളുടെ തുടർച്ചയിലേ ദൈവത്തിനു തുടർച്ചയുണ്ടാകൂ എന്ന് കരുതരുത്. ആളുകളുടെ കാഴ്ചപ്പാടുകളിൽ വരുന്ന ചോദ്യങ്ങളും, ചിന്തകളും അകൽച്ചയും പോലും പരിശുദ്ധാത്മ പ്രേരിതമായിത്തീരാൻ വേണ്ട മാർഗ്ഗദർശനം ഇന്ന് ആവശ്യമായുണ്ട്. ആത്മാവ് നൽകുന്ന നവീനതയിൽ ഈ അപ്രതീക്ഷിതഘട്ടത്തിലൂടെ കടന്നു പോകുവാനും, അവിടുന്നു നമ്മിൽ നൽകുന്ന പുതുരൂപത്തെ സ്വീകരിക്കുവാനും അപ്പോൾ കഴിയും.

സ്വാർത്ഥതാല്പര്യങ്ങളും, മായിക പ്രതീക്ഷകളുടെ ആസ്വാദ്യതയും നമ്മെ തകർക്കുകയേയുള്ളു. നിത്യസഹായമാതാവിന്റെ നൊവേനയിൽ, ഞങ്ങളുടെ രാജ്യത്തെ എല്ലാ നേതാക്കൾക്കും ജനങ്ങൾക്കും വിജ്ഞാനവും വിവേകവും നൽകേണമേ എന്നു പ്രാർത്ഥനയുണ്ട്. അത്തരത്തിലുള്ള പ്രവൃത്തികളിലേ നമ്മുടെ ലക്ഷ്യങ്ങൾ ഫലം കാണൂ. നമ്മുടെ പ്രാർത്ഥനകളുടെ ലക്‌ഷ്യം പ്രാഥമികമായി കോവിഡ് നിർമ്മാർജ്ജനമല്ല; ദൈവഹിതം യാഥാർത്ഥ്യമാകുവാൻ ആഗ്രഹിക്കുന്ന ഒരു സമൂഹനിര്മിതിയാണ്. അങ്ങനെയേ മഹാമാരികളെ നേരിടുവാൻ നമുക്കാകൂ. ഇത് നാളേക്കായുള്ള ഒരു ഒരുക്കമാണ്, പരിശീലനമാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ