Gentle Dew Drop

ഏപ്രിൽ 08, 2022

ജീവന്റെ വിളനിലം

കയ്യാപ്പാസ് പ്രവചിക്കുകയായിരുന്നെന്നു വിശ്വസിക്കാനാവില്ല. അയാളുടെ ക്രൂരമായ വക്രതയാണ് വലിയ വാക്കുകളിൽ പുറത്തു വരുന്നത്, "ജനം മുഴുവൻ നശിക്കാതിരിക്കേണ്ടതിന് ഒരുവൻ മരിക്കുക ന്യായമാണ്." എന്തുകൊണ്ടാണ് മരിക്കേണ്ടവൻ നമ്മൾ കുറ്റം വിധിക്കുന്ന 'അവൻ' ആകുന്നത്? അവനിൽ ജനം വിശ്വസിക്കുന്നതുകൊണ്ട് എങ്ങനെയാണ് വിശുദ്ധസ്ഥലങ്ങൾ നശിപ്പിക്കപ്പെടുകയും ദേശം ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നത്? റോമാക്കാരെ വെല്ലുവിളിക്കുന്ന ഒന്നും തന്നെ അവൻ ചെയ്തിരുന്നില്ല. കൂടെയല്ലാത്തവരെ ഇല്ലാതാക്കാൻ ഏറ്റവും പോന്ന ആരോപണമാണ് ദേശത്തിന്റെ നാശത്തിനും വിശ്വാസതകർച്ചക്കും കാരണമാകുന്നെന്നത്. വിശ്വാസത്തിന്റെ തലത്തിൽ കൊല ന്യായീകരിക്കപ്പെടുകയും ദേശസംരക്ഷണത്തിന്റെ പേരിൽ അത് നിയമിതമാക്കുകയും ചെയ്യുന്നു. ഒരല്പം പോലും കുറ്റബോധം തോന്നാത്തവിധം  ഗൂഢാലോചനകളും കൊലകളും വിശുദ്ധമാക്കപ്പെട്ടേക്കാം. അതുകൊണ്ടുതന്നെയാണ് കയ്യപ്പസും കൂട്ടരും നടന്നടുത്തത് തലയോട്ടിപ്പറമ്പിലേക്കായത്. 

ആ മരണം പോലും ജീവാർപ്പണമാക്കിയ ക്രിസ്തു സ്വയമർപ്പിക്കുന്ന ആരുടെ ജീവിതവും ജീവന്റെ വിളനിലമാക്കും. 

കയ്യാപ്പാസിന്റെ വിലാപഗീതം

ജീവനറ്റ ശരീരം മടിയിൽ കിടത്തി മറിയം കുരിശിൻചുവട്ടിൽ ഇരുന്നു.

നീളമുള്ള അങ്കിയും തൊങ്ങലുള്ള പുറംകുപ്പായവും ധരിച്ചു കയ്യാപ്പാസ് മുന്നോട്ടു വന്നു. ഗാംഭീര്യത്തോടെ ഭക്തിയോടെ കയ്യാപ്പാസ് പറഞ്ഞുതുടങ്ങി:

"ഏറ്റവും ധന്യത നിറഞ്ഞ ഒരു മരണമെന്നേ ഈ മരണത്തെ വിളിക്കാനാകൂ. ഈ ത്യാഗം ഉദാത്തമാണ്, ദൈവികമാണ്, തികഞ്ഞ അർപ്പണബോധമുള്ളതാണ്. ദൈവത്തെ അന്വേഷിക്കുന്ന ഏതൊരുവനും പ്രചോദനമാണ് ഇയാളുടെ ജീവിതവും മരണവും.

ആദർശങ്ങളിൽ വ്യത്യസ്തതകളുണ്ടായിരുന്നെങ്കിലും യേശു നല്ലൊരു പ്രേരണയായിരുന്നു ആർക്കും. നമ്മളൊക്കെ ദൈവമക്കളാണെന്നും, ദൈവം നമ്മുടെ പിതാവാണെന്നും അവൻ പറഞ്ഞതിൽ എത്രയോ ആഴങ്ങളാണുള്ളത്! ദേവാലയത്തെ കച്ചവടസ്ഥലമാക്കാതെ ദൈവാരാധനയുടെ പവിത്രസ്ഥാനമായിക്കണ്ട ആ തീക്ഷ്‌ണത എത്രയോ ധീരമാണ്! ഇത് പോലുള്ളവർ മരിക്കരുത്, എങ്കിലും വന്നു ഭവിച്ച ഒരു ദൈവഹിതമായി കണ്ട് ആശ്വസിക്കാൻ നമുക്കാവൂ. വേദനകളിലൂടെ നടന്ന നീതിമാനെ ദൈവം ഉപേക്ഷിച്ചു കളഞ്ഞിട്ടില്ല.

ഈ അമ്മയെ എന്ത് പറഞ്ഞാണ് നമ്മൾ ആശ്വസിപ്പിക്കുക? ഇസ്രയേലിന്റെ ധന്യരായ സ്ത്രീകളിൽ ഒന്നായി ഇവൾ കരുതപ്പെടും. ഈ കണ്ണുനീർ ഇസ്രയേലിന്റെ വിലാപങ്ങളുടെ പ്രതീകമാണ്. അവളുടെ ആശ്വാസം ദൈവം മാത്രമാണ്. അമ്മേ, നിന്റെ മകൻ മരിക്കുന്നില്ല."

"അപ്പോൾ നിങ്ങൾ ഇയാളെ കൊന്നത് എന്തിനാണ്?" ഏതോ ഒരു ലാസർ ആണ് അത് ചോദിച്ചത്.
"നിയമത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ച് അറിവില്ലാത്ത നിങ്ങൾ ഈ പറഞ്ഞതിലെ അർത്ഥം ഗ്രഹിക്കില്ല. പ്രവാചകരെ വധിക്കുകയും പിന്നീട് കല്ലറകളുണ്ടാക്കുകയുമാണ് പാലിച്ചു പോരുന്ന പാരമ്പര്യം. അവരുടെ യാതനകളെയും വിലാപങ്ങളെയും ഉദാത്തവൽക്കരിച്ചു പറയുകയെന്നത് ദൈവികമായി കല്പിച്ചു നൽകിയിരിക്കുന്ന കർത്തവ്യമാണ്. 'അവനെ ആക്രമിച്ചും അടിച്ചമർത്തിയും അവനെ ഇല്ലാതാക്കാം, അവൻ നീതിമാനാണെങ്കിൽ ദൈവം അവനെ രക്ഷിച്ചുകൊള്ളും' എന്നതാണ് പ്രമാണം."

ഏപ്രിൽ 06, 2022

ദൈവമായിരുന്നു നിങ്ങളുടെ പിതാവെങ്കിൽ ...

ജീവിതാനുഭവങ്ങളോട് ചേർത്ത് സുവിശേഷം ധ്യാനിക്കുകയും പുനർവായന ചെയ്യുകയും ചെയ്യുമ്പോൾ ആശ്വാസമായും ശക്തിയായും അർത്ഥമായും വെളിച്ചമായും അതു മാറുന്നു. ഏറ്റവും ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ചു സുവിശേഷം സൂചിപ്പിക്കുന്നത് ഉപ്പിന് ഉറ കെട്ടുപോയാൽ എന്തു പ്രയോജനം എന്ന ലളിതമായ വാക്കുകളിലാണ്. ലോകം മുഴുവൻ നേടിക്കഴിഞ്ഞവൻ സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തുന്നതും, വിനാശകാലത്തിന്റെ അടയാളങ്ങൾ ഗ്രഹിക്കാതിരിക്കുന്നതും ഉറ കെട്ടു പോകുന്നത് അറിയാത്തതുകൊണ്ടാണ്. ക്രിസ്തുശിഷ്യന്‌ ക്രിസ്തു നഷ്ടപ്പെടുന്നതിനേക്കാൾ എന്താണ് നഷ്ട്ടപ്പെടാനുള്ളത്?

വ്യക്തിയായും സമൂഹമായും, ക്രിസ്തുവുണ്ടെങ്കിലേ ദൈവശബ്ദത്തിന്റെ പൊരുൾ നയിക്കുന്ന സ്വാതന്ത്ര്യം നമുക്ക് അനുഭവിക്കാനാകൂ. ഈ സ്വാതന്ത്ര്യം തന്നെയാണ് നമ്മെ ക്രിസ്തുവിനോട് ചേർത്ത് നിർത്തുന്ന സംരക്ഷണ വലയം. കഠിനതകളെ അധികാര ദണ്ഡുകൊണ്ട് തടഞ്ഞു നിർത്തുന്ന സംരക്ഷണത്തേക്കാൾ ക്രിസ്തുവിൽ നിന്ന് വിട്ടകന്നു പോകാതിരിക്കാനുള്ള, ഉപ്പുരസം നഷ്ടപ്പെടുത്തിക്കളയാതിരിക്കാനുള്ള, ആഴമുള്ള ബന്ധമാണ് ഈ സ്വാതന്ത്യം.

ക്രിസ്തുവിനെ അകറ്റി നിർത്താൻ ശ്രമിക്കുന്ന ജനത്തിന് അവരുടെ ആധികാരികമായ പ്രതിരോധങ്ങളുണ്ടായിരുന്നു, (ദൈവികജീവനെതിരെയുള്ള പ്രതിരോധങ്ങൾ!) അവർക്കു വേണ്ടി മലമുകളിലേക്ക് കയറിപ്പോയി പ്രാർത്ഥിച്ച മോശ അവരെ രക്ഷിക്കുമെന്ന് അവർ കരുതി. എന്നാൽ മോശ തന്നെക്കുറിച്ചാണ് സാക്ഷ്യം നൽകിയതെന്നും ആ സാക്ഷ്യം സ്വീകരിക്കുവാൻ അവർ പരാജയപ്പെട്ടിരിക്കുന്നെന്നും ക്രിസ്തു ചൂണ്ടിക്കാട്ടി. അബ്രാഹത്തിന്റെ സന്തതികളാണ് അവർ എന്ന് അവർ പറഞ്ഞു. അങ്ങനെയങ്കിൽ അബ്രാഹമർപ്പിച്ച വിശ്വാസം സന്താനങ്ങളെന്ന നിലയിൽ അവരിൽ ഫലമണിയുമായിരുന്നെന്ന് ക്രിസ്തു പറഞ്ഞു. ദൈവമാണ് തങ്ങളുടെ പിതാവെന്ന് അവർ പറഞ്ഞു. അങ്ങനെയെങ്കിൽ പിതാവിൽ നിന്ന് വന്ന തന്നെ അവർ സ്നേഹിക്കുമായിരുന്നെന്ന് ക്രിസ്തു പറഞ്ഞു. ക്രിസ്തുവിനെ നഷ്ടപ്പെടുത്തിക്കൊണ്ട് ഏതു പ്രവാചകനിലും പിതാമഹനിലും ദൈവാരാധനയിലും പൈതൃകത്തിലും ആണ് ക്രിസ്തുശിഷ്യൻ അഭിമാനിക്കുക?

ഉറ കെട്ടു പോയ ക്രിസ്തീയ സമൂഹം തിരഞ്ഞിറങ്ങേണ്ടത് മൺമറഞ്ഞുപോയ സമ്പ്രദായങ്ങളെയല്ല, ക്രിസ്തുവിനെത്തന്നെയാണ്. ക്രിസ്തുസാന്നിധ്യം ഉറപ്പുണ്ടെങ്കിൽ ഭ്രമിക്കാത്ത ചുവടുവയ്പുകൾ നമുക്കുണ്ടാകും. തീച്ചൂളയിലും സമുദ്രത്തിലും കൂടെനടക്കുന്നവനായി ക്രിസ്തുവുണ്ട്. അധികാരവും ആൾബലവും തന്ത്രവും കൊണ്ട് കൊണ്ട് പ്രതിരോധിക്കുന്ന ക്രിസ്തുവും ദൈവവും വിഗ്രഹങ്ങളാണ്. ജനമധ്യേ വചനമായി സ്വാതന്ത്ര്യം നൽകാനോ തന്റെ സ്വരൂപമായി ആ സമൂഹത്തെ രൂപപ്പെടുത്താനോ അതിന് ആകില്ല. പിതാവിനെ അറിയുന്നെന്ന അവകാശവാദം ക്രിസ്തുസ്വഭാവം ഇല്ലാത്ത മനോഭാവങ്ങൾ കൊണ്ട് ഇല്ലാതാകുന്നു.

അവനെപ്പോലെ നടക്കാൻ ശ്രമിച്ചവർക്ക് അവൻ ദൈവമക്കളാകാൻ കൃപ നൽകി.

ഏപ്രിൽ 03, 2022

ഞാൻ ഒരു പുതിയ കാര്യം ചെയ്യുന്നു

നിയമത്തിലും പാരമ്പര്യങ്ങളിലും കണിശക്കാരായിരുന്ന ഒരു കൂട്ടം ആളുകളാണ് ആ സ്ത്രീയെ മുമ്പിലേക്ക് തള്ളിയിട്ടത്. അവർ ആവശ്യപ്പെടുന്നത് നിയമമനുസരിച്ചുള്ള നീതി നടത്താനാണ്. അവൾ കല്ലെറിയപ്പെടുന്നത് കൊണ്ട് നീതിനിർവഹണം നടക്കുമ്പോൾ സന്തോഷിക്കുന്നത് നിയമം നൽകിയ ദൈവവും. അയൽക്കാരുടെ വീഴ്ചകൾ അവരെ ചൂഷണം ചെയ്യാനും ക്രിസ്തുവിൽ കുറ്റമാരോപിക്കാനുമുള്ള ഉപാധിയായി മാറുന്ന നീതിവ്യവസ്ഥയിൽ, ക്രിസ്തു നൽകാൻ വന്ന ജീവന്റെ സമൃദ്ധിയെക്കുറിച്ച് ധ്യാനിക്കാൻ സമയമില്ല. അതിരുകളെ  സ്നേഹിക്കുമ്പോൾ ദൈവം കാണിക്കുന്ന കരുണ പോലും തെറ്റായി കാണപ്പെടും.

ക്രിസ്തു സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ആ സ്ത്രീയെപ്പോലുള്ളവരെ നിയമാനുസൃതമായ ശിക്ഷകൾ പൂർത്തിയാക്കിയേ മതിയാകൂ എന്ന് ഉപദേശിക്കുന്നവരുണ്ട്. കൊള്ളാത്ത കല്ലേറ് സ്വയം ഏറ്റു സ്വയം ശിക്ഷിച്ചു നിയമം പൂർത്തിയാക്കുന്നവരുമുണ്ട്. മരുഭൂവിലും തടാകങ്ങളും നദികളും രൂപപ്പെടുത്തുമെന്ന് ദൈവം പറഞ്ഞത് വരണ്ട ജീവിതങ്ങളിൽ ജീവൻ നിറക്കുമെന്ന ഉറപ്പാണ്. ദൈവം  ഒരു പുതിയ കാര്യം ചെയ്യുകയാണെന്ന് അവിടുന്ന് പറഞ്ഞു. ആ പ്രവൃത്തി ഇതിനോടകം തന്നെ നിങ്ങൾ കാണുന്നില്ലേ എന്ന് അവിടുന്ന് ചോദിക്കുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും ദൈവത്തിന്റെ പ്രവൃത്തിയാണ്. എന്നാൽ അതിന്റെ അനുഭവം തുടങ്ങുന്നത് നമ്മുടെ തന്നെ ജീവിത യാഥാർത്ഥ്യങ്ങളിലാണ്. 

വാക്കുകളിൽ ഒരുപാട് പറയാറുണ്ടെങ്കിലും സത്യത്തിൽ, ദൈവം നമ്മുടെ ജീവിതത്തിലേക്ക് ജീവൻ പകരുമെന്ന് ഉറപ്പായും നമ്മൾ വിശ്വസിക്കുന്നുണ്ടോ? വേദനകളിലേക്കും, ക്ലേശങ്ങളിലേക്കും, ഭാരങ്ങളിലേക്കും ആ ജീവൻ ഒഴുക്കി പുതിയ കരുത്ത് ദൈവം നൽകുമെന്ന് വിശ്വസിക്കുന്നുണ്ടോ? ജീവിക്കുന്ന, ജീവദായകനായ ദൈവത്തിലേക്ക് നമ്മെയും നമ്മുടെ വേദനകളെയും നൽകുന്നത് പരിപൂർണ്ണമായ ഒരു സ്നേഹബന്ധമുണ്ടാകുമ്പോൾ മാത്രമാണ്. എങ്കിലേ സുഖകരമല്ലാത്ത സമയത്തും നമുക്ക് ദൈവത്തിൽ പ്രത്യാശ വയ്ക്കുവാൻ കഴിയൂ. പ്രത്യാശ ജീവനുള്ളതാണ്, നമ്മുടെ ഉള്ളിൽ നിന്നും ജീവന്റെ  ഉറവകൾ പുറപ്പെടുവിക്കുവാൻ അതിനു കഴിയും, അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും പ്രലോഭിതരുമായ നമ്മുടെ ജീവിതങ്ങളിൽ നിന്ന് തന്നെ. ജീവസ്പർശമനുഭവിച്ച നമ്മുടെ സമീപനങ്ങൾ ഏറ്റവും പരമാവധി ജീവൻ പ്രതിഫലിപ്പിക്കുന്നതാകും. ബുദ്ധിമുട്ടുകളിൽനിന്ന് ഓടിയൊളിക്കാനുള്ള ഓരോ ആന്തരികപ്രലോഭനത്തെയും അത് അതിജീവിക്കുകയും ചെയ്യും. 

മാർച്ച് 29, 2022

അരൂപികളും നമ്മളും

വ്യത്യസ്തങ്ങളായ അരൂപികളാണ് നല്ലതോ ചീത്തയോ ആയ മാനസിക, വൈകാരിക ശാരീരിക അവസ്ഥകൾക്ക്‌  കാരണം എന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു. ഇന്നും അത്തരം കാഴ്ചപ്പാട് നമ്മെ പലവിധേന നമ്മെ സ്വാധീനിക്കുന്നുണ്ട്. മരണം സംഭവിക്കുന്നത് മരണത്തിന്റെ അരൂപി വന്നു ചേരുന്നത് കൊണ്ടാണെന്ന കാഴ്ചപ്പാടിന്റെ ഉദാഹരണമാണ് ഈ അടുത്ത് ഒരു  വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെട്ടത്. 

വളരെ ആയാസമായി പല പ്രശ്നങ്ങളെയും വ്യാഖ്യാനിക്കാനും പരിഹാരം നിർദ്ദേശിക്കാനും അതിലൂടെ തന്നെ ചൂഷണം ചെയ്യാനും വരെ കെൽപുള്ള നരവംശശാസ്ത്രമാണിത്. നമ്മെത്തന്നെ സത്യസന്ധമായി അഭിമുഖീകരിക്കുന്നതിനെ ഒഴിവാക്കി അരൂപികളെ ഉത്തരവാദിത്തപ്പെടുത്തുന്ന കാഴ്ചപ്പാട് നമ്മിൽ പുതിയ മനുഷ്യനെ വളർത്തില്ല. 

മാർച്ച് 28, 2022

ജീവനിലുള്ള പ്രത്യാശ

മാനുഷികമോ ദൈവികമോ ആയ കരുണ, ദയ, നന്മ എന്നിവക്കൊന്നും ഒരു സ്ഥാനവുമില്ലാത്തതാണ് രാഷ്ട്രീയവത്കരിക്കപ്പെട്ട മതവും, വാണിജ്യവത്കരിക്കപ്പെട്ട് ചൂഷണോപാധിയാകുന്ന മതവും. അത്തരം അനീതിയെ നേരിട്ട് മനുഷ്യന്റെയും ദൈവത്തിന്റെയും സ്നേഹത്തെയും ആലിംഗനങ്ങളെയും ഉയർത്തിപ്പിടിച്ചവർ ആരും ബലിയിലേക്ക് നടന്നടുത്തിട്ടുണ്ട്. രക്ഷയുടെ സുവിശേഷത്തിന് കച്ചവടമൂല്യമില്ല, ജീവനെക്കുറിച്ചുള്ള പ്രത്യാശയാണ് അതിലുള്ളത്. മോചനദ്രവ്യത്തിന്റെ സുവിശേഷത്തിന് വലിയ വാണിജ്യസാധ്യതയുണ്ട്. പാപത്തിന്റെയും ശാപത്തിന്റെയും ചുമടുകളും പരിഹാരങ്ങളും സുവിശേഷത്തിന്റെ സന്ദേശമേയല്ല. സുവിശേഷം തുറന്നു നൽകുന്ന സ്വാതന്ത്ര്യത്തെ വ്യക്തമാക്കാൻ അതിന്റെ മറുവശം കൂടി സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ മറുപുറം സുവിശേഷത്തെ മറച്ചുകളയുന്നതാവരുത്. 

ജീവന്റെ ഉറവിടവും പൂർണ്ണതയും ആയ ദൈവം, ജീവന്റെ വൃക്ഷം, അതിൽ നമുക്കുള്ള പങ്കുചേരൽ ഇവയൊക്കെ ധ്യാനിച്ചു ഹൃദയം തുറക്കുമ്പോൾ ദൈവം അകലെയല്ല എന്ന് മനസിലാകും. നിരാശ തളർത്തിക്കളഞ്ഞ കിടപ്പിൽ നിന്നെണീറ്റു നടക്കാൻ ശക്തി പകരുന്നത് ആ ജീവനിലുള്ള പ്രത്യാശയാണ്. ഉണർവും, നടപ്പും കുതിപ്പും പതിയെയാവാം. എങ്കിലും ക്ഷതവും, മുറിവും, വ്രണവും, മരപ്പും ആ ജീവന്റെ സ്പർശത്തിൽ പുതിയ നിറവ് കാണും. 

ഫെബ്രുവരി 24, 2022

ഏതാനം ചില വീട്ടുകാര്യങ്ങൾ

ഈ അടുത്ത് കേൾക്കാനിടയായ ഏതാനം കുടുംബ പ്രശ്നങ്ങളെ ആധാരമാക്കിയാണിത്.

കുടുംബത്തെ നിർവചിക്കുന്നതിലും ബന്ധങ്ങളെ നിയന്ത്രിതമാക്കുന്നതിലും മതങ്ങൾ ഇന്നും ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസങ്ങൾ ഉൾക്കൊള്ളുന്ന സാംസ്‌കാരിക പ്രതിച്ഛായയിലേക്ക് അനുരൂപരാക്കാൻ ശ്രമിക്കുന്നതിനേക്കാൾ ജീവിതസംഘർഷങ്ങളിലെ മനുഷ്യന് ജീവിക്കാനുള്ള ശക്തി നൽകും വിധം കാലോചിതമായ പുനർവായനകളും സമീപനങ്ങളും സ്വീകരിക്കേണ്ടത് മതങ്ങൾ വിശ്വാസികളോട് കാണിക്കേണ്ട ദൈവിക സമീപനമാണ്.

വിവാഹബന്ധങ്ങൾക്കായി നിരവധി പേർ matrimonials ആശ്രയിക്കുന്നവരാണ്. അതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബങ്ങൾപരസ്പരം ബന്ധപ്പെടുകയും വിവാഹം നിശ്ചയിക്കുകയും ചെയ്യുന്നു. കുടുംബങ്ങളുടെ പരസ്പരമുള്ള ഇഷ്ടം, ജോലികളുടെ പൊരുത്തം തുടങ്ങിയവയൊക്കെ ഒത്തു നോക്കാൻ അവർക്കു കഴിഞ്ഞേക്കും. എന്നാൽ വിവാഹിതരാവേണ്ടവരുടെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ചോ കൂട്ടുകെട്ടുകളെക്കുറിച്ചോ അറിയാനോ അന്വേഷിക്കാനോ വേണ്ടത്ര കഴിയാറുണ്ടോ എന്നത് പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. അവരുടെ വീഡിയോ സംഭാഷണങ്ങൾ വേണ്ടത്ര സത്യം വിനിമയം ചെയ്യാറുമില്ല. വിവാഹിതരായി ജീവിതത്തിലേക്ക് കടക്കുമ്പോൾ മാസങ്ങൾക്കുള്ളിൽത്തന്നെ രൂപപ്പെടുന്ന പൊരുത്തക്കേടുകളിൽ ചിലത് പരിഹരിക്കാനാവാത്തത് തന്നെയാണ്. ചിലതിലെങ്കിലും പറയപ്പെട്ടവയിൽ സത്യത്തിന്റെ അഭാവം മൂലം വഞ്ചിക്കപ്പെട്ടെന്നും, സ്വാർത്ഥതാല്പര്യങ്ങൾ വച്ചുകൊണ്ടുള്ള ആലോചനകൾ ആയിരുന്നെന്നും തിരിച്ചറിയുന്നത് പതിയെയാണ്. ആ ബന്ധങ്ങളുടെ തുടർച്ച ദമ്പതികളുടെ നന്മയെ ഉറപ്പാക്കുന്നില്ലെങ്കിൽ, ഒരു കുടുംബ നിർമിതി തീർത്തും അസാധ്യമാണെകിൽ ഏതു വിധേനയാണ് വ്യക്തികളായും ദമ്പതികളായും അവർ മുമ്പോട്ട് പോകേണ്ടത്?

വ്യക്തിത്വത്തിന്റെ പക്വതയിൽ നിന്ന് പരസ്പരം പങ്കുവയ്ക്കുന്ന അനുഭവത്തിൽ ലൈംഗികതയെ കാണാൻ ഉള്ള മനസൊരുക്കം ഇനിയും പലർക്കും ലഭിക്കാറില്ല. അസംതൃപ്തമായ ബന്ധങ്ങളും, മാറ്റിനിർത്തപ്പെടുന്ന അഭിലാഷങ്ങളും, പങ്കാളിയോടുള്ള ആദരവിന്റെയും അറിവിന്റെയും അഭാവവും, പങ്കാളിയുടെ താല്പര്യങ്ങളെ അറിയാൻ പോലും താല്പര്യപ്പെടാതിരിക്കുകയും ഒക്കെ ചെയ്യുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നു എന്നത് സത്യമാണ്. മതങ്ങളുടെ അതിരുകളും അരുതുകളും മനുഷ്യാന്തസ്സിനെ തളർത്തും വിധമുള്ള നിർവ്വചനങ്ങൾ കുടുംബത്തിനോ വ്യക്തിബന്ധങ്ങൾക്കോ ലൈംഗികതക്കോ നൽകരുത്. അസംതൃപ്തവും അനാരോഗ്യകരവുമായ ബന്ധങ്ങൾ വ്യത്യസ്തമായ പല രീതികളിലാവാം പ്രകടമാകുന്നത്. അവയെ മനസിലാക്കുകയും വിശകലനം ചെയ്യുകയും ചെയ്യേണ്ടത് മതപരമായ വ്യാഖ്യാനങ്ങൾ വച്ചുകൊണ്ടല്ല. പങ്കു വയ്ക്കാനും പരിഹാരം തടയാനും കഴിയുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ വളരെ നന്നാണ്. കൗൺസിലിംഗ് ലഭ്യമാക്കേണ്ട സാഹചര്യങ്ങളിൽ അതിനായി പ്രോത്സാഹിപ്പിക്കുകയും വേണം. വേണ്ടവിധം മനസിലാക്കിക്കഴിഞ്ഞതിനു ശേഷം അർത്ഥപൂര്ണമായി മുന്നോട്ടു നടക്കാനുള്ള കരുത്തിനായി മതങ്ങളും കൂടെയുണ്ടാവണം. വികലമായ ഉപദേശങ്ങളും വിവേകശൂന്യമായ പ്രസംഗങ്ങളും ഒഴിവാക്കപ്പെടണം.

ജോലിക്കായി വിദേശരാജ്യങ്ങളിലായിരിക്കുന്ന കുടുംബാംഗങ്ങളെ കേൾക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാതെ ധൂർത്തിൽ ജീവിക്കുകയും പണത്തിനായി അവരെ ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. കടം തീർക്കാനും വീടുവയ്ക്കാനുമായി വിവാഹാലോചന നടത്തുന്നവരുമുണ്ട്. സ്വഭാവദൂഷ്യമുള്ള മക്കൾക്ക് കുടുംബമുണ്ടാക്കുവാൻ ലഹരി നൽകി നശിപ്പിച്ചു വിവാഹം നടത്തുകയും, അത് സ്വീകരിക്കാനാവാതെ മാനസിക അസ്വസ്ഥതയിൽ ജീവിക്കുകയും ചെയ്യുന്നവരുണ്ട്. ആദിമുതലേ നിശ്ചയിക്കപ്പെടുകയും അന്ത്യം വരെ തുടരേണ്ടതുമായ ദൈവനിശ്ചയം അല്ല ഇവിടെയൊക്കെ പ്രവർത്തിക്കുന്നത്.

നാടുവിടുന്ന യുവതലമുറയും അവശേഷിക്കുന്ന ഒരു വൃദ്ധസമൂഹവും എന്നതിനെക്കുറിച്ച് ഒരു കുറിപ്പ് കുറച്ചു നാൾക്കു മുമ്പ് ശ്രദ്ധിക്കപ്പെട്ടതാണ്. അതുപോലെ തന്നെ സത്യമായ കാര്യമാണ്, ഇതേ പ്രവണതയിൽ സങ്കല്പിക്കപ്പെടുന്ന വിദേശത്തെ പറുദീസാ എന്ന മിഥ്യാലോകം. വലിയ കടവും ഭാരമുള്ള പ്രതീക്ഷകളും  വഹിച്ചു കൊണ്ടാണ് ഈ സ്വപ്നലോകത്തേക്ക് അവർ പോകുന്നത്. പ്രായോഗികമായ കണക്കുകൂട്ടലുകളോ സ്വന്തം പശ്ചാത്തലത്തിന്റെ യാഥാർത്ഥ്യങ്ങളോ വിവേകത്തോടെ പരിഗണിക്കാതെ ആരുടെയൊക്കെയോ വർണ്ണനകളിൽ പ്രേരിതരായി നിലവിലുള്ള ജോലികൾ പോലും ഉപേക്ഷിച്ച്  പുറത്തു പോകുന്നവർ കടന്നു പോകുന്ന സംഘർഷങ്ങളും സമ്മർദ്ദങ്ങളും വലുതാണ്.  

ഈ മേഖലകളിലൊക്കെയും ആദരിക്കപ്പെടാത്ത, കേൾക്കപ്പെടാത്ത, കാണപ്പെടാത്ത ജീവിതങ്ങൾ പലപ്പോഴും സ്ത്രീകളുടേതാണ്. നിസ്സഹായതയും 'അപമാനവും' അവർക്ക് ഭാരമായി ജീവിതത്തിനർഹമായ ചുവടുവയ്പുകൾക്കു കെൽപ്പില്ലാതാവുന്നെങ്കിൽ അതേ നിസ്സഹായതയും 'അപമാനവും' നിലനിർത്തുന്ന സംവിധാനങ്ങളായല്ല മതങ്ങൾ പ്രവർത്തിക്കേണ്ടത്.

സാമൂഹിക പ്രശ്നങ്ങളായ ഇവയെ എന്തിനാണ് മതങ്ങളുടെ ശ്രദ്ധയിലേക്കെടുക്കേണ്ടത്? മതങ്ങൾ മുന്നോട്ടു വയ്ക്കുകയും പരിശീലിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ധാർമികതയിൽ ഈ സാഹചര്യങ്ങളോടുള്ള വ്യക്തവും മനുഷ്യത്വപൂര്ണവുമായ നിലപാടുകൾക്ക് ശക്തമായ സ്ഥാനം ലഭിച്ച മതിയാകൂ. ആദർശരൂപികളായ മതധാര്മികതകൾക്കു മുമ്പിൽ ജീവിതങ്ങൾ എരിഞ്ഞും വിങ്ങിയും തീരേണ്ടതല്ല. സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കാനുള്ള അവകാശം മനുഷ്യാന്തസ്സിന്റെ ഭാഗം തന്നെയാണ്. മനുഷ്യന് ലഭിക്കേണ്ട അടിസ്ഥാന നീതിയായി മതങ്ങൾ അവയെ വായിച്ചെടുക്കുകയും വ്യക്തികളുടെ നന്മക്കായി പൊളിച്ചെഴുതു നടത്തുകയും വേണം. വ്യക്തികളുടെ പരസ്പരമുള്ള ബഹുമാനത്തിനും സ്നേഹത്തിനും അവർക്കാവശ്യമായ ഒരുക്കം നൽകാൻ മതങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ അവ അതിന്റെ ധർമ്മം നിർവഹിക്കുന്നുണ്ട്. അല്ലെങ്കിൽ, നിര്വചനങ്ങളിലേക്കൊതുക്കി നിർത്തപ്പെടുന്ന വിശ്വാസമാണെങ്കിൽ അത് സമൂഹമെന്ന നിലയിലോ കുടുംബമെന്ന നിലയിലോ അവരെ സഹായിക്കില്ല.  വ്യക്തികളുടെ ജീവിത പശ്ചാത്തലങ്ങളിലെ രൂപവത്കരണം മനസിനേക്കാൾ ബൃഹത്തായ രൂപീകരണം വ്യക്തികളിൽ നടത്തുന്നതുകൊണ്ട്, മതങ്ങൾ സമഗ്രമായ ഒരു സംവിധാനമായി പരിപോഷിപ്പിക്കുന്നതാവണം.

ശ്രദ്ധാർഹമായ ഏതാനം ചില മേഖലകൾ കൂടി:

ഒരേ മതങ്ങൾക്കുള്ളിൽത്തന്നെ പങ്കാളികളെ കണ്ടെത്തുന്നവരാണ് കൂടുതൽ എങ്കിലും മതങ്ങൾക്കതീതമായി സ്ഥായിയായ ബന്ധങ്ങൾ കണ്ടെത്തുന്നവരുണ്ട്. അവരുടെ ദൈവാനുഭവങ്ങൾക്കൂടി പങ്കുവയ്ക്കുവാനും പരസ്പരം വളർത്തുവാനും കഴിയുന്ന വിധം മതനേതൃത്വങ്ങൾ എങ്ങനെ സ്വയം ഒരുക്കുന്നു? മതങ്ങളുടെ വേർതിരിവുകളേക്കാൾ മനുഷ്യരെന്ന അടിസ്ഥാന യാഥാർത്ഥ്യത്തിൽ നിന്ന് കുടുംബങ്ങളുടെ രൂപീകരണ സാധ്യതകൾ ഭാവന ചെയ്യാനാകുമോ? ഒരു വ്യക്തിയെന്ന നിലയിൽ പരസ്പരം സ്വീകരിക്കുവാനും ശാരീരികവും വൈകാരികവുമായ വ്യത്യസ്തതകളെ മനസിലാക്കുവാറും വിലമതിക്കുവാനും വേണ്ട പരിശീലനം ചെറുപ്പം മുതലേ നൽകുവാൻ മതങ്ങൾക്ക് ആരോഗ്യപരമായ സംവിധാനങ്ങൾ സാധ്യമാണോ.

മക്കൾ ലഹരിക്കോ തെറ്റായ പ്രവണതകൾക്കോ വിധേയമാണെന്ന് അറിഞ്ഞാൽ അവരെ സ്വീകരിക്കാനും വേണ്ട കരുതൽ നൽകുവാനും മാതാപിതാക്കളെ പ്രാപ്തരാക്കുവാൻ മതങ്ങൾ എത്ര മാത്രം ഒരുങ്ങിയിട്ടുണ്ട്? അതേപോലെ തന്നെ വ്യത്യസ്തമായ ലൈംഗിക അഭിവാഞ്ജ പ്രകടിപ്പിക്കുന്ന ഒരു കുഞ്ഞിനെ വിധിച്ച് ഉപേക്ഷിച്ചു കളയാതെ കൂടെ നടക്കാനുള്ള പരിശീലനം മാതാപിതാക്കൾക്ക് കൊടുക്കാൻ മതങ്ങൾ ഒരുങ്ങിയിട്ടുണ്ടോ? 

മതങ്ങൾക്ക് താല്പര്യം അവയുടെ പ്രതീകങ്ങളും ആചാരങ്ങളുമാണ്. എന്നാൽ അവ മനുഷ്യാവസ്ഥകളെ പ്രത്യേകിച്ച് സ്വന്തം മതവിഭാഗത്തിനുള്ളിലെ അനീതികളെ കാര്യമായെടുക്കുന്നില്ലെങ്കിൽ 'നദിയിലൊഴുകുന്ന പൊങ്ങുതടി പോലെ' മതങ്ങളും അർത്ഥശൂന്യമായി മാറും.