Gentle Dew Drop

ഏപ്രിൽ 08, 2022

കയ്യാപ്പാസിന്റെ വിലാപഗീതം

ജീവനറ്റ ശരീരം മടിയിൽ കിടത്തി മറിയം കുരിശിൻചുവട്ടിൽ ഇരുന്നു.

നീളമുള്ള അങ്കിയും തൊങ്ങലുള്ള പുറംകുപ്പായവും ധരിച്ചു കയ്യാപ്പാസ് മുന്നോട്ടു വന്നു. ഗാംഭീര്യത്തോടെ ഭക്തിയോടെ കയ്യാപ്പാസ് പറഞ്ഞുതുടങ്ങി:

"ഏറ്റവും ധന്യത നിറഞ്ഞ ഒരു മരണമെന്നേ ഈ മരണത്തെ വിളിക്കാനാകൂ. ഈ ത്യാഗം ഉദാത്തമാണ്, ദൈവികമാണ്, തികഞ്ഞ അർപ്പണബോധമുള്ളതാണ്. ദൈവത്തെ അന്വേഷിക്കുന്ന ഏതൊരുവനും പ്രചോദനമാണ് ഇയാളുടെ ജീവിതവും മരണവും.

ആദർശങ്ങളിൽ വ്യത്യസ്തതകളുണ്ടായിരുന്നെങ്കിലും യേശു നല്ലൊരു പ്രേരണയായിരുന്നു ആർക്കും. നമ്മളൊക്കെ ദൈവമക്കളാണെന്നും, ദൈവം നമ്മുടെ പിതാവാണെന്നും അവൻ പറഞ്ഞതിൽ എത്രയോ ആഴങ്ങളാണുള്ളത്! ദേവാലയത്തെ കച്ചവടസ്ഥലമാക്കാതെ ദൈവാരാധനയുടെ പവിത്രസ്ഥാനമായിക്കണ്ട ആ തീക്ഷ്‌ണത എത്രയോ ധീരമാണ്! ഇത് പോലുള്ളവർ മരിക്കരുത്, എങ്കിലും വന്നു ഭവിച്ച ഒരു ദൈവഹിതമായി കണ്ട് ആശ്വസിക്കാൻ നമുക്കാവൂ. വേദനകളിലൂടെ നടന്ന നീതിമാനെ ദൈവം ഉപേക്ഷിച്ചു കളഞ്ഞിട്ടില്ല.

ഈ അമ്മയെ എന്ത് പറഞ്ഞാണ് നമ്മൾ ആശ്വസിപ്പിക്കുക? ഇസ്രയേലിന്റെ ധന്യരായ സ്ത്രീകളിൽ ഒന്നായി ഇവൾ കരുതപ്പെടും. ഈ കണ്ണുനീർ ഇസ്രയേലിന്റെ വിലാപങ്ങളുടെ പ്രതീകമാണ്. അവളുടെ ആശ്വാസം ദൈവം മാത്രമാണ്. അമ്മേ, നിന്റെ മകൻ മരിക്കുന്നില്ല."

"അപ്പോൾ നിങ്ങൾ ഇയാളെ കൊന്നത് എന്തിനാണ്?" ഏതോ ഒരു ലാസർ ആണ് അത് ചോദിച്ചത്.
"നിയമത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ച് അറിവില്ലാത്ത നിങ്ങൾ ഈ പറഞ്ഞതിലെ അർത്ഥം ഗ്രഹിക്കില്ല. പ്രവാചകരെ വധിക്കുകയും പിന്നീട് കല്ലറകളുണ്ടാക്കുകയുമാണ് പാലിച്ചു പോരുന്ന പാരമ്പര്യം. അവരുടെ യാതനകളെയും വിലാപങ്ങളെയും ഉദാത്തവൽക്കരിച്ചു പറയുകയെന്നത് ദൈവികമായി കല്പിച്ചു നൽകിയിരിക്കുന്ന കർത്തവ്യമാണ്. 'അവനെ ആക്രമിച്ചും അടിച്ചമർത്തിയും അവനെ ഇല്ലാതാക്കാം, അവൻ നീതിമാനാണെങ്കിൽ ദൈവം അവനെ രക്ഷിച്ചുകൊള്ളും' എന്നതാണ് പ്രമാണം."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ