Gentle Dew Drop

ഏപ്രിൽ 15, 2022

ക്രിസ്തുവിന്റെ സ്നേഹം

ക്രിസ്തുവിന്റെ സ്നേഹം എന്തായിരുന്നു? അന്ധനും, തളർവാത രോഗിക്കും, പാപിനിക്കും, കുഷ്ഠരോഗിക്കും അവരിലെ യഥാർത്ഥ മനുഷ്യനിലേക്കുള്ള വാതിൽ ആയിത്തീർന്നു ക്രിസ്തു. സ്നേഹം യഥാർത്ഥത്തിൽ നൽകുന്നത് ആ വളർച്ചയാണ്. മനുഷ്യൻ ആവേണ്ടതിലെ അഭാവം വലിയ വിങ്ങലാണ്. അവിടെയുള്ള നഷ്ടബോധം ക്രിസ്തുവിന്റെ തന്നെ അഭാവമാണ്. "എന്തിനാണ് നീ കരയുന്നത്" എന്ന ചോദ്യം നമ്മുടെയും തേങ്ങലുകളോടുകൂടിയാണ്. 

സ്നേഹത്തിന്റെ ഗുണങ്ങൾ പറഞ്ഞ പട്ടികയോടു കൂടെ പറയേണ്ട ഒന്നാണ് സ്നേഹം മാജിക്ക് കാണിക്കുന്നില്ല എന്നത്. എപ്പോഴും മധുരം മാത്രമുള്ള സ്നേഹം സങ്കല്പം മാത്രമാണ്. എന്നാൽ, സ്നേഹം സ്വീകാര്യതയെക്കുറിച്ചാകുമ്പോൾ സ്നേഹത്തിന്റെ ആലിംഗന സ്വഭാവം കൂടുതൽ വ്യക്തമാകുന്നു. സ്നേഹിക്കുന്നു എന്ന് മാത്രമല്ല സ്നേഹാനുഭവം, സ്നേഹം സ്വീകരിക്കപ്പെടുന്നു എന്നതിലാണ് സ്നേഹിക്കുന്നതിന്റെ നിറവ്. വീഴ്ചകളോടും അസ്വസ്ഥതകളോടും കൂടെ തന്നെത്തന്നെ മറ്റൊരാളിൽ ചേർത്തുവയ്ക്കാൻ കഴിയുന്നു എന്നതിലാണ് സ്നേഹത്തിന്റെ തുറവി. അത്തരം ഒരു ആത്മവിശ്വാസത്തിലാണ് സ്നേഹത്തിന്റെ ഉറപ്പ്.

"ക്രിസ്തു എന്നെ സ്നേഹിക്കുകയും തന്നെത്തന്നെ എനിക്കുവേണ്ടി അർപ്പിക്കുകയും ചെയ്തിരിക്കുന്നു." 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ