Gentle Dew Drop

ഏപ്രിൽ 17, 2022

എന്തിനാണ് നീ കരയുന്നത്?

ശൂന്യമായ പ്രഭാതം

ക്രിസ്തുവില്ലാത്ത ആ പ്രഭാതം ശൂന്യമായിരുന്നു. കണ്ണുനീരോടെയാണ് മഗ്‌ദലീന മറിയം കല്ലറക്കരികെ വന്നത്. എങ്കിലും സ്നേഹം ശൂന്യമായിരുന്നില്ല. നഷ്ടബോധത്തിന്റെ ശൂന്യതയിലേക്ക് ഒന്നുകൂടി കുനിഞ്ഞുനോക്കുവാൻ അവളെ പ്രേരിപ്പിക്കുന്നതും ഉള്ളിലുണ്ടായിരുന്ന സ്നേഹത്തിന്റെ വിരഹവേദനയാവണം. അതുകൊണ്ടുതന്നെയാണ് രക്ഷകന്റെ ഉത്ഥിതസാന്നിധ്യം തന്റെ ശൂന്യതക്കുമേൽ ആശ്വാസമായി അവൾ തിരിച്ചറിഞ്ഞത്.

താൻ സ്നേഹിച്ചിരുന്നവൻ നഷ്ടപ്പെട്ടിരിക്കുന്നു എന്നതായിരുന്നു ആദ്യ സന്ദേഹമെങ്കിൽ താൻ കർത്താവിനെ കണ്ടു എന്നതായിരുന്നു അവൾക്ക് നല്കാനുണ്ടായിരുന്ന യഥാർത്ഥ സന്ദേശം. ശിഷ്യർ ഗുരുവിന്റെ അപഹരണസത്യം ഉറപ്പാക്കി തിരിച്ചു പോയപ്പോഴും അവൾ കല്ലറയിങ്കൽ കരഞ്ഞുകൊണ്ട് കാത്തുനിന്നു. സ്ത്രീക്കും സ്ത്രീയുടെ സാക്ഷ്യത്തിനും മൂല്യമില്ലായിരുന്ന ഒരു കാലത്ത് ഒരു സ്ത്രീയുടെ വാക്കുകൾക്ക് വില നൽകുകയും വിശ്വസിക്കുകയും ചെയ്തവരായിരുന്നു അപ്പസ്തോല ഗണം. അവരുടെ ശൂന്യതയും പിന്നീട് ഉത്ഥാനവാർത്തയും അവർക്കിടയിൽ വ്യക്തമായ സംഭാഷണങ്ങൾക്ക് വഴിയാവുകയാണ്.

ഇനി മുതൽ നമുക്കു മധ്യേ

ഈ കാര്യങ്ങൾ സംഭവിക്കുന്നത് "ആഴ്ചയുടെ ഒന്നാം ദിവസം ഇരുട്ടായിരിക്കുമ്പോൾ..." ആണ്. ഉത്ഥാനപ്പുലരി ഒരു പുതിയ കാലമാണ് എങ്കിലും അവ നൽകുന്നത് വ്യക്തമല്ലാത്ത അനുഭവങ്ങളാണ്. ക്രിസ്തു തോട്ടക്കാരനെപ്പോലെ കാണപ്പെട്ടു, എമ്മാവൂസിലേക്കു പോയ ശിഷ്യർക്ക് അവനെ തിരിച്ചറിയാനായില്ല, മീൻ പിടിക്കാൻ പോയവർ അവനെ കണ്ടു ഭയപ്പെട്ടു. എങ്കിലും അവനെ തിരിച്ചറിയുമ്പോൾ അവർ ഈ പുതിയ കാലത്തെ പുതിയ മനുഷ്യരാക്കപ്പെടുകയാണ്. ഉത്ഥിതൻ നമുക്ക് മധ്യേ വസിച്ചുകൊണ്ട് കൃപയിൽ നവീകരിച്ചുകൊണ്ട് നമ്മെ പുതുസൃഷ്ടിയാക്കുകയാണ്. ഈ ക്രിസ്തുവാസവും ഏകശരീര അനുഭവവും സഭയിലും ഉണ്ടെങ്കിലേ നമ്മെ അലങ്കരിക്കുകയും ഫലദായകമാക്കുകയും ചെയ്യുന്ന ഉത്ഥാന അനുഭവത്തിലേക്ക് നമുക്ക് പ്രവേശിക്കുവാനാകൂ. സഭയുടെ ശിരസാണ് ക്രിസ്തു എന്നതിനെ സഭയുടെ മനസ് ക്രിസ്തുവാണ്, അവിടുത്തെ മനോഭാവങ്ങളാണ് നമ്മെ നയിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോഴേ, നമ്മളൊരുമിച്ച് എന്തായിത്തീരാൻ ആഗ്രഹിച്ചു പ്രയത്നിക്കുന്നെന്നും, ഓരോ അംഗത്തിലും പ്രകടമാക്കുന്ന വ്യത്യസ്തമായ വരദാനങ്ങളിലൂടെ ദൈവജനമധ്യേ വെളിപ്പെടുന്ന ക്രിസ്തുവിനെ ഒന്ന് ചേർന്ന് ആരാധിക്കുന്നെന്നും നമുക്ക് ഗ്രഹിക്കാനാകൂ.

നിങ്ങൾക്ക് സമാധാനം

ഉത്ഥാന അനുഭവത്തിന്റെ അടയാളമാണ് സമാധാനം. ഉത്ഥിതനെ ആരാധിക്കുകയും ഉത്ഥിതനിൽ ആയിരിക്കുകയും ചെയ്യുന്ന ആരും ഈ സമാധാനം പ്രതിഫലിപ്പിക്കുകയും ചെയ്യും. അംഗങ്ങൾക്കിടയിലും അവരുടെ പ്രവൃത്തികളിലും ജീവന്റെ വളർച്ച ഉറപ്പാക്കാനാകുന്നെങ്കിലെ ഉത്ഥിതന്റെ സമാധാനം നമുക്കിടയിൽ ഉണ്ടെന്ന് നമുക്ക് പറയാനാകൂ. അച്ചടക്കം, അനുസരണം, ക്രമപാലനം തുടങ്ങിയവ സമാധാനം മുൻനിർത്തിയും സമാധാനത്തിൽ നിന്ന് ഉത്ഭവിക്കുന്നതും ആവേണ്ടതാണ്. നമുക്ക് മധ്യേയുള്ള ഉത്ഥിതന്റെ സാന്നിധ്യത്തിന്റെ അനുഭവവും സമാധാനത്തിന്റെയും ജീവന്റെയും പരിപോഷണവുമുണ്ടെങ്കിലേ ഉത്ഥിതനിലുള്ള വിശ്വാസത്തിൽ ജീവിക്കുന്നവരാകാൻ നമുക്ക് കഴിയൂ. അത് സംഭവിക്കാത്തപ്പോഴാണ് നിരർത്ഥകമായവക്ക് അമിതപ്രാധാന്യം നൽകുകയും വിശ്വാസത്തെ പ്രകടനപരതയിലേക്ക് ചുരുക്കിക്കളയുകയും ചെയ്യുന്നത്. ഉത്ഥിതൻ നമുക്കിടയിൽ സന്നിഹിതനായിരിക്കുമ്പോഴും കല്ലറയുടെ അലങ്കാരപ്പണികളിൽ നമ്മൾ തീക്ഷ്ണരായി തീർന്നേക്കാം.

എന്റെ കർത്താവിനെ അവർ എടുത്തു കൊണ്ട് പോയി

നമ്മുടെ പരിചിതത്വങ്ങൾക്ക് അന്യമായ ദൈവികവെളിപാടുകൾ ദൈവം അനുവദിക്കാറുണ്ട്. കാരണം, ക്രിസ്തു ജീവിക്കുന്നു. നമ്മുടെ കാഴ്ചപ്പാടുകൾക്ക് സ്വീകാര്യമല്ലാത്തതിനെയെല്ലാം പാപവും ദൈവനിന്ദയും ആക്കിത്തീർക്കുന്ന പ്രവണതകൾ ക്രിസ്തു പ്രതിഫലിക്കുന്ന ഉത്ഥാനശോഭയെ അവഗണിച്ചുകളയുന്നു. വ്യക്തിപരമോ സാമൂഹികമോ ആയ യഥാർത്ഥ ദൈവാനുഭവങ്ങളെ തിരിച്ചറിയാനും, മതമോ ദൈവമോ അവയിൽ പ്രകടമല്ല എങ്കിൽക്കൂടി അവയിലെ പ്രചോദനങ്ങളെ കാര്യമായെടുക്കാനും നമുക്ക് കഴിയണം. സാംസ്കാരികമായ പരിചിതത്വങ്ങളിൽ ക്രിസ്തുവിനെ കുടുക്കിയിടാൻ ശ്രമിക്കരുത്. അത് നഷ്ടബോധത്തിന്റെ ശൂന്യതയിൽ നമ്മെ തളർത്തിക്കളയുകയേയുള്ളു.

ഇനിയൊരു തോട്ടക്കാരനായി ക്രിസ്തു കാണപ്പെടില്ല. ദൈവസ്വഭാവത്തെപ്പോലും നിര്വചിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നത് മനുഷ്യരക്ഷയെ കേന്ദ്രീകരിച്ചുകൊണ്ടാണ്. ക്രിസ്തുരഹസ്യവും ഉത്ഥാനവും പ്രപഞ്ചത്തെ ബന്ധപ്പെടുത്തി ധ്യാനിക്കാൻ കഴിയുമ്പോൾ കുറേക്കൂടി വെളിച്ചമുള്ള നല്ല പ്രഭാതങ്ങൾ നമുക്ക് ലഭിച്ചേക്കാം, ക്രിസ്തുവിൽ തങ്ങൾ ആരായിരിക്കണമെന്നതിന്റെ വ്യക്തമായ രൂപങ്ങൾ ഉള്ളിൽ തെളിഞ്ഞേക്കാം. ശൂന്യവും ക്രമരഹിതമായ ഭൂമിയും കരഞ്ഞു കൊണ്ട് നിൽക്കുന്ന സ്ത്രീയും പുതുസൃഷ്ടിയാക്കപ്പെടുന്നു. ഒന്നാം ദിവസമാണ്, ഇരുട്ട് ഇനിയും മാറിയിട്ടില്ല, എങ്കിലും കല്ലുരുട്ടി മാറ്റപ്പെട്ടിരിക്കുന്നു. അവൻ ജീവിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ