Gentle Dew Drop

ഏപ്രിൽ 12, 2022

പിതാവ് എനിക്ക് നൽകിയ പാനപാത്രം

പിതാവ് എനിക്ക് നൽകിയ പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ
 
സ്നേഹം കരുണ സമഭാവന സൗഹാർദ്ദം തുടങ്ങിയവ നല്ല വാക്കുകളാണെങ്കിലും അവ പ്പോഴും സുഖകരമാകാറില്ല. അവ കൂടുതൽ ആളുകളെ ഉൾക്കൊള്ളും തോറും അതിരുകൾ വെല്ലുവിളിക്കപ്പെടുകയും സുരക്ഷിതത്വം പകരുന്ന അകൽച്ചകൾ നീക്കേണ്ടതായി വരികയും ചെയ്യും. അതുകൊണ്ട് തന്നെ അവ കഠിനവുമാണ്. എന്തിന് എന്ന ഒരു ന്യായം അവക്ക് എതിരെ നിൽകുമ്പോൾ തീർച്ചയായും അവ അകൽച്ചകൾക്കു സാധൂകരണമാകും. കലഹങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും ലാഭം നേടുന്ന സ്ഥാപിതസംവിധാനങ്ങൾ തീർച്ചയായും ശത്രുക്കളാകും. കരുണയും സ്നേഹവും പ്രസംഗിക്കുന്നവർ ശത്രുപക്ഷത്തിന്റെ ഉപജ്ഞാതാക്കളായി മുദ്രകുത്തപ്പെടും. സ്നേഹവും ജീവനും അനുകമ്പയും പ്രസംഗിച്ച ക്രിസ്തുവിനു തന്റെ സന്ദേശങ്ങൾക്ക് വിലയായി നൽകേണ്ടി വന്നത് തന്റെ ജീവൻ തന്നെയായത് അത് കൊണ്ടാണ്.

ഓരോ മനുഷ്യനും നടന്ന വഴി വ്യത്യസ്തമാണ്. അവർ നേരിട്ട വേദനകളും വെല്ലുവിളികളും വ്യത്യസ്തമാണ്. ആത്മാർത്ഥ സ്നേഹത്തിലൊക്കെയും ക്രിസ്തുവിന്റെ പാനപാത്രം കുടിക്കേണ്ടതായ വിളിയുണ്ട്. വേദനയുള്ളതാണെങ്കിൽക്കൂടി അവയെ ക്രിസ്തുവിന്റേതാക്കാൻ കഴിയുന്നത് നമുക്ക് ലഭിച്ച പാനപാത്രത്തിന് ആ ത്യാഗത്തിന്റെ പുനരവതരണം നൽകാൻ കഴിയുമ്പോഴാണ്.

വിലയായി നല്കപ്പെടേണ്ട ജീവൻ ആയാണ് ഈ പാനപാത്രത്തെ കാണാൻ ശ്രമിച്ചത്. ജീവിതത്തിന്റെ ഓരോ അവസ്ഥയിലും നമ്മിലേക്ക് വന്നുചേർന്ന എത്രയോ അടയാളങ്ങൾ നമ്മിലുണ്ട്!

ഒറ്റയാക്കപ്പെട്ടവരും, ഉപേക്ഷിക്കപ്പെട്ടവരും ഉപദ്രവിക്കപ്പെട്ടവരും, മുറിപ്പെട്ടവരുമാണ് നമ്മൾ ഓരോരുത്തരും. അവ നമ്മെ രൂപപ്പെടുത്തുന്നുമുണ്ട്. അവയുമായി മല്പിടുത്തം നടത്താനാണ് പല ആചാര്യന്മാരും പഠിപ്പിക്കുന്നത്. നമ്മുടെ പ്രലോഭനങ്ങളും, ക്ഷോഭവും നിരാശയും അസൂയയുമൊക്കെയായി മൽപ്പിടുത്തം നടത്തി കൂടുതൽ വേദനിക്കുകയോ തളരുകയോ നിരാശപ്പെടുകയോ ആണ് പതിവ്. ജയപരാജയങ്ങൾ 'എന്റേതായത്' കൊണ്ട് എന്നിലേക്കാണ് ശ്രദ്ധയും. ഈ അടയാളങ്ങൾ പേറി നടക്കുന്ന നമ്മെ ദൈവത്തിനു സ്വീകരിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ നമ്മൾ തയ്യാറല്ല. എല്ലാ ശുദ്ധീകരണവും നടത്തി, പരിഹാരം ചെയ്ത് പൂർണരായ നമ്മെ മാത്രമേ ദൈവം സ്വീകരിക്കൂ എന്നാണ് 'ഇഷ്ടമുള്ള' ആത്മീയദര്ശനം. കുറ്റബോധം നിയന്ത്രിക്കുന്ന ഒരു ആത്മീയസംസ്കാരം ആ കുറ്റബോധം നീക്കിക്കളയാനുള്ള വേദനകളെ സ്വയം നൽകി ശിക്ഷിച്ചെങ്കിലേ ആത്മീയപാതയിൽ ആണെന്ന ഉറപ്പു നൽകൂ.

എന്റെ അരികെ വരിക ഞാൻ നിങ്ങനെ ആശ്വസിപ്പിക്കാം എന്നാണ് ക്രിസ്തു പറഞ്ഞത്. വീഴ്ചകളെക്കുറിച്ചും സന്തോഷങ്ങളെക്കുറിച്ചും സ്വീകാര്യതയുടെ അനുഭവത്തോടെ ദൈവത്തോട് പറയാൻ കഴിയുമോ? ഇതാണ് ഞാൻ. ഇങ്ങനെയാണ് ഞാൻ നടക്കുന്നത്, ഇങ്ങനെയാണ് എനിക്ക് തോന്നുന്നത്, പലപ്പോഴും ഞാൻ തളരുന്നു, ആരോടും പറയുവാൻ കഴിയാറില്ല... ഈ സംഭാഷണം തുടർച്ചയാകുമ്പോൾ, ദൈനികജീവിതവും ദൈവസാന്നിധ്യവും അകന്നു നില്കാതെ, നമ്മുടെ ജീവിതാനുഭവങ്ങളിൽ ദൈവസ്പർശം അനുഭവിക്കാം. വീഴ്ചകളിലും പ്രലോഭനങ്ങളിലും അസ്വസ്ഥരും നിരാശരുമാകാതെ ദൈവം കരം പിടിച്ചിരിക്കുന്നതായും മുന്നോട്ടു നടക്കാൻ പ്രോത്സാഹിപ്പിക്കുന്നതായും കാണാം. ദൈവം പകരുന്ന കൃപയിൽ ആശ്രയിക്കുമ്പോൾ അത് ദൈവത്തിന്റെ നിരന്തര സാന്നിധ്യത്തിന്റെ അനുഭവം നൽകും. ക്രിസ്തുവിന്റേത് പോലെ, വഹിക്കുന്ന ഭാരങ്ങളിലും മുറിവുകളിലും ആശ്വാസം നിറയും, രൂപപ്പെട്ട മുള്ളുകൾക്കു പകരം അഭിഷേകതൈലമുണ്ടാകും. ഈ സംഭാഷണം തുടങ്ങി വെച്ചെങ്കിലേ, ഇവയൊക്കെയും കുടിക്കേണ്ടതായ പാനപാത്രമായി സ്വീകരിക്കാനാകൂ.

ആദ്യപരാമർശം, വിലയായി വന്ന പാനപാത്രമാണ്, രണ്ടാമത്തേത് ജീവിതം പകർന്നു നൽകിയതാണ്. "ഞാൻ കുടിക്കേണ്ടതായ പാനപാത്രം നിങ്ങൾക്ക് കുടിക്കാൻ കഴിയുമോ?" ക്രിസ്തുവിന്റെ ഈ ചോദ്യം നമുക്ക് നല്കപ്പെട്ടിരിക്കുന്ന പാനപാത്രങ്ങൾ, ക്രിസ്തു ഏറ്റെടുക്കുന്ന നമ്മുടെ പാനപാത്രങ്ങളെക്കുറിച്ചു കൂടിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ