Gentle Dew Drop

ഏപ്രിൽ 20, 2022

ഭൂതങ്ങൾ കാണപ്പെടാറുള്ളത്

സമുദ്രയാത്രികരെ വഴി തെറ്റിക്കുന്ന ഭൂതങ്ങളെക്കുറിച്ച് പൊതുവെ കഥകളുണ്ടെങ്കിലും കടൽ ഭൂതങ്ങൾ യഹൂദകഥകളിൽ അന്യമാണ്. നിഴലുകൾ ഉള്ളിടത്താണ് കൂടുതലും ഭൂതങ്ങൾ കാണപ്പെടാറുള്ളത്. ശിഷ്യന്മാർക്ക് നടുവിൽ നിന്ന ക്രിസ്തുവിനെ കണ്ടപ്പോൾ അവർ ഒരു ബോധത്തെ കാണുകയാണെന്നു വിചാരിച്ചു. മീൻ പിടിക്കാൻ പോയ ശിഷ്യന്മാർ "അവർ ഒരു ഭൂതത്തെ കാണുകയാണെന്ന് വിചാരിച്ചു." അവരുടെ സംഭ്രമം ഇനിയും വ്യക്തമല്ലാത്ത ഒരു ക്രിസ്തുരൂപമാണ് അവർക്കു നൽകുന്നത്. ക്രിസ്തു ആരാണ് എന്ന സന്ദേഹത്തിന്റെ പ്രതിഫലനം തുടരുകയാണ്. ഹെർക്കുലീസ്, ജൂപ്പിറ്റർ, നെപ്ട്യൂൺ തുടങ്ങിയ ഗ്രീക്ക് ദേവന്മാരെപ്പോലെയോ അതികായരായ മനുഷ്യരെപ്പോലെയുമൊ അതിസാധാരണ സ്വഭാവങ്ങളിൽ ക്രിസ്തുവിനെ ചേർത്ത് വയ്ക്കുവാനാണ് അവർക്ക് ഇഷ്ടം. നിങ്ങൾ എന്നെ അടുത്ത് കാണൂ, ഞാൻ നിങ്ങളെപ്പോലെ മാംസരക്തങ്ങൾ ഉള്ളവനാണ് എന്ന ക്ഷണം ശിഷ്യർ മാത്രമല്ല നമ്മളും സ്വീകരിക്കാൻ മടിക്കുന്നു. ദൈവത്തെ സൂപ്പർ താരമാക്കുന്നത് വിശ്വാസത്തിന്റെ പരാജയമാണ്. വിശ്വാസം, സഹനം, മരണം, പുനരുത്ഥാനം, പ്രഘോഷണം, സാക്ഷ്യം എന്നിവയെല്ലാം ക്രിസ്തുവും നമ്മളും മാംസരക്തങ്ങളിലാണ് ജീവിച്ചു ഫലമണിയുന്നത്. അതിലേക്കിറങ്ങുന്നതിനാണ് നമ്മുടെ ഏറ്റവും വലിയ സംഭ്രമം. മാംസരക്തങ്ങളിലെ അസാന്മാര്ഗിക കാമസാധ്യതകളുടെ അപകടങ്ങളെക്കുറിച്ചല്ലാതെ, ഇതാ നിങ്ങൾക്ക് വേണ്ടി അർപ്പിക്കുന്ന എന്റെ ശരീരം എന്നോ, ദൈവരാജ്യം ഞാൻ അനുഭവിക്കുന്ന എന്റെ കൈകാലുകൾ എന്നോ ശരീരത്തെക്കുറിച്ച് ധ്യാനിക്കുവാൻ പ്രേരിപ്പിക്കുന്ന ചിന്താശകലങ്ങൾ നമുക്ക് ലഭിക്കാറുണ്ടോ? സനാതനം, നിത്യം, അനന്തം തുടങ്ങിയ രൂപകങ്ങളിലേക്കു ഓടിയൊളിക്കുവാൻ ധൃതി കാണിക്കുകയാണ് നമ്മൾ. ദൈവമാഗ്രഹിക്കാത്തിടത്തു നമ്മെയും ദൈവത്തെയും ക്രിസ്തുവിനെയും പ്രതിഷ്ഠിച്ചു തൃപ്തിയാകാൻ ആഗ്രഹിക്കുന്ന നമ്മൾ സൃഷ്ടിക്കുന്നത് ഹൃദയശൂന്യതയാണ്. ദൈവം ആഗ്രഹിക്കാത്ത ആത്മീയവത്കരണം മാംസരക്തങ്ങളിൽ തളിർക്കുകയും ജീവിക്കുകയും ഉയിർക്കുകയും ചെയ്യുന്ന ദൈവരാജ്യത്തെ തീർത്തും മാറ്റി നിർത്തിയിട്ടുണ്ട്. 

ഭൂതങ്ങളും പ്രേതങ്ങളും ആത്മാക്കളും എളുപ്പം വന്നുചേരുന്ന സംഭ്രമങ്ങളാണ്. അവയുള്ളത് സകല പ്രശ്നങ്ങൾക്കും ഉത്തരം കിട്ടാൻ എളുപ്പമാക്കുന്നുണ്ട്.  ക്രിസ്തു നൽകുന്ന സമാധാനം സ്വീകരിക്കുന്നെങ്കിൽ നമ്മുടെ മാംസരക്തങ്ങളുടെ സാദൃശ്യത്തിൽ നമ്മിലും നമുക്കിടയിലും ക്രിസ്തുവിനെത്തന്നെ വ്യക്തമായി നമ്മൾ കാണും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ