Gentle Dew Drop

ഏപ്രിൽ 14, 2022

ബലിയായി

യുദ്ധങ്ങൾ മലീമസമാക്കുകയും തകർക്കുകയും ചെയ്ത മണ്ണിൽ നിന്നാണ് നമ്മൾ നാളേക്കുള്ള അപ്പം പ്രതീക്ഷിക്കുന്നത്. കുഞ്ഞുങ്ങളും ആട്ടിയിറക്കപ്പെട്ട അനേകരും അതിൽ ബലിയാക്കപ്പെട്ടവരാണ്. കലഹവും വെറുപ്പും മലീമസമാക്കിയ ഹൃദയങ്ങളിൽ നിന്ന് നമുക്ക് എങ്ങനെ ക്രിസ്തുവിനെ പ്രതീക്ഷിക്കാം? 

ബലിയെക്കുറിച്ചും ത്യാഗത്തെക്കുറിച്ചും ഇന്ന് വേണ്ടുവോളം കേട്ടിട്ടുണ്ടാവും. ക്രിസ്തുവിന്റെ ജീവാർപ്പണം ജീവിക്കാൻ ശ്രമിക്കുന്ന ആരും അവന്റെ പൗരോഹിത്യം ജീവിക്കുകയും ബലിയുടെ ഫലമായ ജീവൻ പകരുകയും ചെയ്യുന്നുണ്ട്. ക്രിസ്തുവിന്റെ പൗരോഹിത്യത്തെ ലേവായ പൗരോഹിത്യത്തോടു ചേർക്കാതെ മെൽക്കിസെദേക്കിന്റെ പൗരോഹിത്യത്തോടാണ് ഹെബ്രായർക്കുള്ള ലേഖനം ചേർത്തു ധ്യാനിക്കുന്നത്. ഏതെങ്കിലും വംശത്തോടോ ജാതിയോടോ മതത്തോടോ ബന്ധപ്പെടുത്താത്ത നിത്യപൗരോഹിത്യം. എങ്കിലും ലേവായ  ചട്ടക്കൂടുകളിലേക്ക് ക്രിസ്തുവിനെയും പൗരോഹിത്യത്തെയും ബലിയെയും ഒതുക്കി വയ്ക്കുവാൻ നമ്മൾ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? അനുഷ്ഠാനങ്ങളിലെ എളുപ്പം കൊണ്ടായിരിക്കാം. അർപ്പകൻ അർപ്പണമാകേണ്ടതിലെ ത്യാഗം അർപ്പകൻ അർപ്പണമാകേണ്ടതിലെ ത്യാഗം അവിടെ സൗകര്യപൂർവ്വം ഒഴിവാക്കപ്പെടാവുന്നതാണ്. 

ജീവൻ നൽകുന്ന യഥാർത്ഥ ബലിയിൽ ക്രിസ്തുവാണ് പുരോഹിതൻ. നമ്മൾ ക്രിസ്തുവിലായിരുന്നുകൊണ്ട് ആ ബലി തുടരുകയാണ്. ജീവദായകമായ ത്യാഗാർപ്പണത്തിലെല്ലാം ആ ബലിയുണ്ട്. ദൈവജനത്തിലായിരുന്നു കൊണ്ട് ക്രിസ്തുവാണ് ബലിയർപ്പിക്കുന്നത്. അതിവിശുദ്ധ സ്ഥലത്തുള്ള അപ്രാപ്യമായ ദൈവത്തിനല്ല, നമുക്കിടയിൽ വസിക്കുന്ന ദൈവത്തിനാണ് ഈ ബലിയർപ്പണം. ദൈവജനം ഒരുമിച്ചു ചേരുമ്പോൾ കൂദാശയുടെ പരികർമ്മത്തിന്റെ ശുശ്രൂഷകനാണ് പുരോഹിതൻ. ആ വ്യക്തിയിൽ ആ പൗരോഹിത്യം  കൂദാശയാണെങ്കിലും സ്വഭാവത്തിൽ ശുശ്രൂഷയാണത്. ദൈവത്തിനും ജനത്തിനുമിടയിൽ അല്ല അയാളുടെ സ്ഥാനം, മറിച്ച് ദൈവജനത്തിനിടയിലാണ്. ആ ശുശ്രൂഷ ജീവദായകമാകുവാൻ തീർച്ചയായും അർപ്പകൻ  അർപ്പണമായേ തീരൂ. 

ത്യാഗമില്ലാത്ത 'ശുശ്രൂഷ' ആചാരസംപുഷ്ടമായ പൗരോഹിത്യത്തിന്റെ കർത്തവ്യ നിർവഹണത്തിലേക്കു പുരോഹിതനെ ബന്ധിക്കും. നിലനില്പും ആധിപത്യവും ധ്രുവീകരണവും അയാളുടെ പ്രധാന വിഷയങ്ങളാകും. ക്രിസ്തു വെറുമൊരു വാക്കു മാത്രമായിത്തീരും. ക്രിസ്തുവില്ലാതെ ബലിയെക്കുറിച്ചോ പൗരോഹിത്യത്തെക്കുറിച്ചോ സഭയെക്കുറിച്ചോ എന്ത് പറയാനാണ്? എന്നാൽ അത്തരം ഒരു നിർമ്മിതിയിൽ അറിഞ്ഞും അറിയാതെയും നമ്മൾ വിജയിച്ചിരിക്കുന്നു എന്നതാണ് സത്യം. 

ഒരു ബലിയായി ക്രിസ്തുവിൽ നമ്മെത്തന്നെ നമ്മൾ അർപ്പിക്കുന്നു, ഫലമായി നമ്മിൽ വിളയുന്നതും ക്രിസ്‌തുതന്നെ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ