ജീവിതാനുഭവങ്ങളോട് ചേർത്ത് സുവിശേഷം ധ്യാനിക്കുകയും പുനർവായന ചെയ്യുകയും ചെയ്യുമ്പോൾ ആശ്വാസമായും ശക്തിയായും അർത്ഥമായും വെളിച്ചമായും അതു മാറുന്നു. ഏറ്റവും ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ചു സുവിശേഷം സൂചിപ്പിക്കുന്നത് ഉപ്പിന് ഉറ കെട്ടുപോയാൽ എന്തു പ്രയോജനം എന്ന ലളിതമായ വാക്കുകളിലാണ്. ലോകം മുഴുവൻ നേടിക്കഴിഞ്ഞവൻ സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തുന്നതും, വിനാശകാലത്തിന്റെ അടയാളങ്ങൾ ഗ്രഹിക്കാതിരിക്കുന്നതും ഉറ കെട്ടു പോകുന്നത് അറിയാത്തതുകൊണ്ടാണ്. ക്രിസ്തുശിഷ്യന് ക്രിസ്തു നഷ്ടപ്പെടുന്നതിനേക്കാൾ എന്താണ് നഷ്ട്ടപ്പെടാനുള്ളത്?
വ്യക്തിയായും സമൂഹമായും, ക്രിസ്തുവുണ്ടെങ്കിലേ ദൈവശബ്ദത്തിന്റെ പൊരുൾ നയിക്കുന്ന സ്വാതന്ത്ര്യം നമുക്ക് അനുഭവിക്കാനാകൂ. ഈ സ്വാതന്ത്ര്യം തന്നെയാണ് നമ്മെ ക്രിസ്തുവിനോട് ചേർത്ത് നിർത്തുന്ന സംരക്ഷണ വലയം. കഠിനതകളെ അധികാര ദണ്ഡുകൊണ്ട് തടഞ്ഞു നിർത്തുന്ന സംരക്ഷണത്തേക്കാൾ ക്രിസ്തുവിൽ നിന്ന് വിട്ടകന്നു പോകാതിരിക്കാനുള്ള, ഉപ്പുരസം നഷ്ടപ്പെടുത്തിക്കളയാതിരിക്കാനുള്ള, ആഴമുള്ള ബന്ധമാണ് ഈ സ്വാതന്ത്യം.ക്രിസ്തുവിനെ അകറ്റി നിർത്താൻ ശ്രമിക്കുന്ന ജനത്തിന് അവരുടെ ആധികാരികമായ പ്രതിരോധങ്ങളുണ്ടായിരുന്നു, (ദൈവികജീവനെതിരെയുള്ള പ്രതിരോധങ്ങൾ!) അവർക്കു വേണ്ടി മലമുകളിലേക്ക് കയറിപ്പോയി പ്രാർത്ഥിച്ച മോശ അവരെ രക്ഷിക്കുമെന്ന് അവർ കരുതി. എന്നാൽ മോശ തന്നെക്കുറിച്ചാണ് സാക്ഷ്യം നൽകിയതെന്നും ആ സാക്ഷ്യം സ്വീകരിക്കുവാൻ അവർ പരാജയപ്പെട്ടിരിക്കുന്നെന്നും ക്രിസ്തു ചൂണ്ടിക്കാട്ടി. അബ്രാഹത്തിന്റെ സന്തതികളാണ് അവർ എന്ന് അവർ പറഞ്ഞു. അങ്ങനെയങ്കിൽ അബ്രാഹമർപ്പിച്ച വിശ്വാസം സന്താനങ്ങളെന്ന നിലയിൽ അവരിൽ ഫലമണിയുമായിരുന്നെന്ന് ക്രിസ്തു പറഞ്ഞു. ദൈവമാണ് തങ്ങളുടെ പിതാവെന്ന് അവർ പറഞ്ഞു. അങ്ങനെയെങ്കിൽ പിതാവിൽ നിന്ന് വന്ന തന്നെ അവർ സ്നേഹിക്കുമായിരുന്നെന്ന് ക്രിസ്തു പറഞ്ഞു. ക്രിസ്തുവിനെ നഷ്ടപ്പെടുത്തിക്കൊണ്ട് ഏതു പ്രവാചകനിലും പിതാമഹനിലും ദൈവാരാധനയിലും പൈതൃകത്തിലും ആണ് ക്രിസ്തുശിഷ്യൻ അഭിമാനിക്കുക?
ഉറ കെട്ടു പോയ ക്രിസ്തീയ സമൂഹം തിരഞ്ഞിറങ്ങേണ്ടത് മൺമറഞ്ഞുപോയ സമ്പ്രദായങ്ങളെയല്ല, ക്രിസ്തുവിനെത്തന്നെയാണ്. ക്രിസ്തുസാന്നിധ്യം ഉറപ്പുണ്ടെങ്കിൽ ഭ്രമിക്കാത്ത ചുവടുവയ്പുകൾ നമുക്കുണ്ടാകും. തീച്ചൂളയിലും സമുദ്രത്തിലും കൂടെനടക്കുന്നവനായി ക്രിസ്തുവുണ്ട്. അധികാരവും ആൾബലവും തന്ത്രവും കൊണ്ട് കൊണ്ട് പ്രതിരോധിക്കുന്ന ക്രിസ്തുവും ദൈവവും വിഗ്രഹങ്ങളാണ്. ജനമധ്യേ വചനമായി സ്വാതന്ത്ര്യം നൽകാനോ തന്റെ സ്വരൂപമായി ആ സമൂഹത്തെ രൂപപ്പെടുത്താനോ അതിന് ആകില്ല. പിതാവിനെ അറിയുന്നെന്ന അവകാശവാദം ക്രിസ്തുസ്വഭാവം ഇല്ലാത്ത മനോഭാവങ്ങൾ കൊണ്ട് ഇല്ലാതാകുന്നു.
അവനെപ്പോലെ നടക്കാൻ ശ്രമിച്ചവർക്ക് അവൻ ദൈവമക്കളാകാൻ കൃപ നൽകി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ