Gentle Dew Drop

ഏപ്രിൽ 09, 2022

ഓശാന

കർത്താവിന്റെ നാമത്തിൽ നമ്മുടെ ജീവിതത്തിലേക്ക് വന്നെത്തിയവർ ആരൊക്കെയാണ്? ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് സ്തുതികളോടെ ദൈവത്തെ ഓർക്കാം. ദൈവം രക്ഷിക്കുന്ന അനുഭവം വന്നു ചേർന്ന കുഞ്ഞു നിമിഷങ്ങൾ നന്ദിയുടെ വാക്കുകൾ ഉയർത്തട്ടെ.

ദൈവത്തിന്റെ വലിയ സ്നേഹം ക്രിസ്തുവിൽ കാണാൻ ഒരു വേളകൂടി ശ്രമിക്കുകയാണ്. ആ ജീവിതവും മരണവും ഉൾക്കൊണ്ട ഓരോ ത്യാഗപ്രവൃത്തിയും സ്നേഹവും ആത്മസമർപ്പണവും നമ്മിലും ആവർത്തിക്കണം. കുരിശിന്റെ വഴിയേ നടക്കുമ്പോൾ ആ വേദനകളേക്കാൾ ഈ സ്നേഹവും സമർപ്പണവും ത്യാഗവുമാണ് നാം കാണേണ്ടത്. അപ്പോഴേ നമ്മുടെ ത്യാഗങ്ങളും സഹനങ്ങളും എപ്രകാരമാണ് ക്രിസ്തുവിന്റെ വഴിയോട് ചേർത്ത് വയ്‌ക്കാൻ  നമുക്കാവുന്നതെന്ന് മനസിലാക്കാനാകൂ. പൂർണ്ണമായിരുന്നില്ലെങ്കിലും നമ്മൾ ഓരോരുത്തരും ആ വഴിയേ നടന്നിട്ടുണ്ട്. ആ വഴിയേ ഒന്ന് കൂടി നോക്കുവാൻ ഒരു അവസരമാണ് ഈ ആഴ്ച്ച. 

അതുപോലെ തന്നെ പ്രധാനമാണ് നമ്മുടെ കൂടെ നടക്കുന്നവരുടെ ജീവിതവഴികളെ അടുത്ത് കാണാൻ ശ്രമിക്കുകയെന്നത്. അവർ നടന്ന വഴികളെ നമുക്ക് ലഭ്യമായ അറിവുകൾ വെച്ച് ചിന്തകളിലൂടെയെങ്കിലും നടക്കാൻ ശ്രമിക്കണം. അവർ വഹിച്ച ഭാരങ്ങളും, കൊണ്ട് നടക്കുന്ന മുറിവുകളും അവായിൽ നിന്ന് ഒരു പക്ഷേ നമുക്ക് ലഭിച്ച ക്ഷതങ്ങളും നടന്നു തീർക്കാൻ ശ്രമിക്കുന്ന ഒരു കുരിശിന്റെ വഴിയാണ്. ഒരു ശിമയോനെപ്പോലും വഴിയിൽ ലഭിക്കാതെ ഒറ്റക്കലയുന്ന വഴികളുമുണ്ട് പലർക്കും. ചിലർ നിശബ്ദതയിൽ, ചിലർ വലിയ ക്ഷോഭത്തിൽ നടന്നു നീങ്ങുകയാണ്. ആ വഴിയെ അടുത്ത് കാണാൻ നമുക്ക് കഴിയട്ടെ. 

ഓശാനവിളികളുടെ ആരവത്തിൽ മറന്നുകളയപ്പെടുന്ന യാഥാർത്ഥ്യം അവൻ നമ്മുടെ പാപങ്ങളും ക്ഷതങ്ങളും വഹിക്കുന്ന കുഞ്ഞാടാണ് എന്നതാണ്. അവൻ നടന്നുതീർക്കുന്ന കുരിശിന്റെ വഴി എങ്ങനെയൊക്കെയോ എന്നിലേക്ക്‌ ജീവൻ പകർന്നിട്ടുണ്ട്. അങ്ങനെ വേദനകളും കണ്ണുനീരും പേറി കർത്താവിന്റെ നാമത്തിൽ നമ്മുടെ ജീവിതത്തിലേക്ക് വന്നെത്തിയ എത്രയോ പേർ! അനുഗ്രഹീതരാണവർ, ഹൃദയമുയർത്തി ദൈവരക്ഷയെ വാഴ്ത്താം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ