ക്രിസ്തു എന്താണെന്നും ആരാണെന്നും സത്യത്തിൽ മനസിലാക്കുവാൻ അവൻ നമുക്കുള്ളിൽ ആവണം. കൂടെ എന്നുള്ള അനുഭവത്തെ എന്നിൽ എന്ന് കൂടി ചേർത്ത് ജീവിതത്തിലേക്ക് കൊണ്ടു വരുമ്പോഴാണ് ക്രിസ്തു നമ്മുടെ ജീവിതങ്ങളുടെ യഥാർത്ഥ നിർവചനമാകുന്നത്. ക്രിസ്തുവിനെ വിശദീകരിക്കുകയോ നിർവചിക്കുകയോ ചെയ്യുന്നതിനേക്കാൾ, നമ്മിലും നമ്മുടെ ജീവിതത്തിലും ക്രിസ്തു സ്വഭാവം ഉണ്ടാവുക എന്നതാണ് എനിക്ക് ക്രിസ്തു ഉണ്ട് എന്നതിന്റെ അർത്ഥം. നമ്മുടെ തന്നെ ജീവിതങ്ങളിലൂടെ എപ്രകാരം ക്രിസ്തു ജീവിക്കുന്നു എന്ന ധ്യാനം നമ്മെ ക്രിസ്തു അവബോധത്തിന്റെ ആഴങ്ങളിലേക്ക് നയിക്കും. അപ്പോൾ വിശ്വാസവും ധാർമ്മികതയും കൂടുതൽ അർത്ഥവും ലാവണ്യവുമുള്ളതാകും. ഇത് ഒരു മാതൃകാവ്യക്തിയുടെ അനുകരണം പോലെയല്ല. പരിശുദ്ധാത്മാവ് വഴി നമ്മുടേതായ ജീവിതങ്ങളിൽ ഒരു ക്രിസ്തുരൂപം വളരുന്നുണ്ട്. നമ്മിൽ ഓരോരുത്തരിലൂടെയുമുള്ള ക്രിസ്തുവിന്റെ വെളിപ്പെടുത്തൽ ആദ്യം പ്രശോഭിക്കുന്നതു നമ്മെത്തന്നെയാണ്. അപ്പോൾ, മറ്റുള്ളവരോട് 'എണീറ്റ് നടക്കുക' എന്ന് പറയുവാനുള്ള ഉൾക്കരുത്ത് നമ്മിലുണ്ടാകും. സകലത്തെയും കീഴടക്കി വിറപ്പിക്കുന്ന സർവ്വശക്തന്റെ അധികാരമല്ല സകലത്തെയും സ്നേഹിക്കുകയും ജീവൻ നിറക്കുകയും ചെയ്യുന്ന ക്രിസ്തുസ്വഭാവമാണ് അതിലേക്കു നമ്മെ നയിക്കുന്നത്.
വിശ്വാസത്തെയും പാരമ്പര്യങ്ങളേയും ആദർശമാക്കുകയും ധാർമികതയെ ക്രൂരമായ വിധിവാചകങ്ങളാക്കുകയും ചെയ്യുന്നതു കൊണ്ട് നമുക്ക് നഷ്ടപ്പെടുന്നത് ക്രിസ്തുവിന്റെ ഈ ലാവണ്യമാണ്. മതവ്യാഖ്യാനങ്ങൾ മുൻവിധികളായി നിൽകുമ്പോൾ ക്രിസ്തുവിന്റെ സ്നേഹവും കരുണയും എങ്ങനെ നമ്മിൽ പ്രകടമാകും. ക്രിസ്തു നൽകിയ സ്നേഹം ആദരവ് കൂടി ഉൾക്കൊണ്ടതാണ്. നമ്മുടെ മുൻവിധികൾക്കനുസരിച്ച് പാപികളും പാവങ്ങളും രോഗികളും ദൈവശിക്ഷ സഹിക്കുന്നവരാണെങ്കിലും, അന്യമതക്കാരും നിരീശ്വരരും സ്വവര്ഗാനുരാഗികളും ഭിന്നലിംഗക്കാരും ധാർമികതയുടെ വിലയിരുത്തലുകളിൽ ദൈവനിഷേധികളാണെന്നു കരുതപ്പെടുന്നെങ്കിലും അവരും ദൈവമക്കൾ എന്ന ആദരവ് അർഹിക്കുന്നു. ആ ആദരവ് അവരുടെ വിശ്വാസങ്ങളോടും സാന്മാര്ഗികതയോടും കൂടിയുള്ളതാണ്. നമ്മിലുള്ള ക്രിസ്തുലാവണ്യം അവരുടെ ജീവിതങ്ങൾക്ക് സ്വാദു നൽകുന്നെങ്കിൽ മാത്രമേ അവരുടെ ജീവിതങ്ങൾക്ക് ക്രിസ്തു നൽകുന്ന അർത്ഥം മനസിലാക്കാൻ അവർക്കാകൂ. മറ്റൊരു തരത്തിൽ ക്രിസ്തു അവരെ പ്രശോഭിപ്പിക്കുന്നെങ്കിൽ അതിനെ സ്വീകരിക്കാനുള്ള തുറവി ക്രിസ്തുവിന്റെ പ്രവൃത്തികളോടുള്ള നമ്മുടെ തുറവിയാണ്.
ക്രിസ്തു 'എന്നിലില്ലാതെ' ക്രിസ്തുവിന്റെ സ്നേഹം പങ്കു വയ്ക്കാനാവില്ല. മറ്റുള്ളവർ എന്താണോ അവരോടു സ്നേഹവും ആദരവും ഇല്ലാതെ സുവിശേഷം വെറും വാക്കുകൾ മാത്രമാകും. അതിൽ ക്രിസ്തുവില്ലാത്തതിനാൽ ജീവനുമില്ല. നമ്മളും നമ്മുടെ ജീവിതാവസ്ഥകളും ചേർത്തുവയ്ക്കാവുന്ന ഒരു സംഭാഷണം ക്രിസ്തുവിനോടൊപ്പം നടന്ന്, ക്രിസ്തുവിനെ ഉള്ളിൽ വെച്ചുകൊണ്ട് പരിശീലിച്ചു തുടങ്ങണം. ക്രിസ്തു നമ്മിൽ വളരുന്നു എന്നതാണ് പ്രധാനം; അവന്റെ പേരിലുള്ള ആയിരക്കണക്കിന് മതവിഭാഗങ്ങളിൽ എണ്ണം എത്രയുണ്ട് എന്നതല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ