ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രത്യക്ഷരൂപത്തെയാണ് ദൈവകരുണയുടെ തിരുനാൾ ധ്യാനിക്കുന്നത്. എന്റെ മുറിവുകൾ നീ കാണുക എന്ന ക്ഷണം ദൈവകരുണയിലേക്കുള്ള ക്ഷണമാണ്.
യുദ്ധഭീതിയും ദാരിദ്ര്യവും അനിശ്ചിതത്വവും നിരീശ്വര ചിന്തകളും ദൈവം ഇല്ലാതായിരിക്കുന്നു എന്ന അവബോധമുണ്ടാക്കിയ സമയത്താണ് കരുണയുടെയും കൃപയുടെയും ധാരകൾ മനുഷ്യനിലേക്ക് പകരുന്ന ദൈവചിത്രം ധ്യാനമാക്കാൻ പ്രേരണ നൽകപ്പെട്ടത്. ദൈവത്തിന്റെ നിരുപാധികമായ കരുണയിൽ സ്വയം സമർപ്പിച്ചു വിശ്വസിക്കുക (എന്റെ കർത്താവെ എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു) എന്നത് വാക്കുകളിൽ ഏറ്റുപറയുന്ന മന്ത്രോച്ചാരണങ്ങളെക്കാൾ ആഴമുള്ള ഏറ്റുപറച്ചിലാകണം.
ദൈവകരുണയുടെ ദിവസം, മറ്റുള്ളവരോട് കരുണ കാണിക്കാൻ നമ്മെ ഓർമ്മിക്കുന്നു എന്നത് അവഗണിച്ചു കളയരുത്. 'മറ്റുള്ളവരുടെ വേദനകൾ എന്നെ അതി തീവ്രമായി വേദനിപ്പിക്കുന്നു' എന്ന അനുഭവം വി. ഫൗസ്റ്റീനയ്ക്ക് ഉണ്ടായിരുന്നു. ചുറ്റും വേദനിക്കുന്നവരെ കരുണയോടെ കാണാൻ, നമുക്ക് ഏറ്റവും അടുത്തുള്ളവരോടും കരുതലോടെ അടുത്ത് നിൽക്കാൻ ഈ തിരുനാൾ പ്രചോദനമാകണം. മൂന്നു മണി എന്ന കണിശതയേക്കാൾ ഈ സഹാനുഭൂതിയാണ് നമ്മെ ഉണർത്തേണ്ടത്.
ജപമാലയുടെയും കരുണക്കൊന്തയുടേയുമൊക്കെ പ്രത്യേക അത്ഭുതങ്ങളിലും മഹനീയ ലാഭങ്ങളിലും ശ്രദ്ധ വയ്ക്കുന്ന നമുക്ക് ദൈവിക ഗുണങ്ങൾക്ക് നമ്മിലുണ്ടാവേണ്ട സമാനതയെക്കുറിച്ച് ധ്യാനിക്കാൻ ഇനിയെങ്കിലും കഴിയേണ്ടതുണ്ട്. 'ദുരിതങ്ങൾ അകലാനും കാര്യസാധ്യത്തിനും ഏറ്റവും നല്ല വഴി ദൈവത്തെ അലിയിപ്പിക്കുക ആണെന്നതുകൊണ്ട്' ആ വഴിക്കു കരുണക്കൊന്തയെ കാണുന്ന എത്രയോ പേരുണ്ട്. കുറവുകളിലും, തകർച്ചയിലും മരണത്തിലും 'എന്റെ ആശ്രയം ദൈവമാണ്' എന്ന ആഴമുള്ള വിശ്വാസമാണ് ദൈവകരുണയുടെ തിരുനാളിന്റെ കൃപ.
അടഞ്ഞ ജീവിതങ്ങളിൽ നമുക്ക് മധ്യേ കരുണയുടെയും കൃപയുടെയും സാന്നിധ്യമായി നിൽക്കുന്ന ക്രിസ്തുവാണ് ധ്യാനിക്കപ്പെടുന്നത് (ഇത് വി. കുർബാനയുടെ ഒരു തിരുനാളല്ല). അവൻ ജീവിക്കുന്ന നമ്മുടെ സമൂഹങ്ങൾ കരുണയുടെയും ജീവന്റെയും സമൂഹങ്ങൾ ആവേണ്ടത് എങ്ങനെയൊക്കെ എന്ന് കൂടി പ്രാർത്ഥനയോടെ ധ്യാനിക്കാം.
നിങ്ങൾക്ക് സമാധാനം. എന്റെ അടുത്തേക്ക് വരുവിൻ, എന്റെ മുറിവുകൾ നിങ്ങൾ കാണുക. നിങ്ങൾ അവരുടെ അടുത്തേക്ക് പോവുക, അവരുടെ മുറിവുകൾ നിങ്ങൾ കാണുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ