Gentle Dew Drop

ഏപ്രിൽ 03, 2022

ഞാൻ ഒരു പുതിയ കാര്യം ചെയ്യുന്നു

നിയമത്തിലും പാരമ്പര്യങ്ങളിലും കണിശക്കാരായിരുന്ന ഒരു കൂട്ടം ആളുകളാണ് ആ സ്ത്രീയെ മുമ്പിലേക്ക് തള്ളിയിട്ടത്. അവർ ആവശ്യപ്പെടുന്നത് നിയമമനുസരിച്ചുള്ള നീതി നടത്താനാണ്. അവൾ കല്ലെറിയപ്പെടുന്നത് കൊണ്ട് നീതിനിർവഹണം നടക്കുമ്പോൾ സന്തോഷിക്കുന്നത് നിയമം നൽകിയ ദൈവവും. അയൽക്കാരുടെ വീഴ്ചകൾ അവരെ ചൂഷണം ചെയ്യാനും ക്രിസ്തുവിൽ കുറ്റമാരോപിക്കാനുമുള്ള ഉപാധിയായി മാറുന്ന നീതിവ്യവസ്ഥയിൽ, ക്രിസ്തു നൽകാൻ വന്ന ജീവന്റെ സമൃദ്ധിയെക്കുറിച്ച് ധ്യാനിക്കാൻ സമയമില്ല. അതിരുകളെ  സ്നേഹിക്കുമ്പോൾ ദൈവം കാണിക്കുന്ന കരുണ പോലും തെറ്റായി കാണപ്പെടും.

ക്രിസ്തു സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ആ സ്ത്രീയെപ്പോലുള്ളവരെ നിയമാനുസൃതമായ ശിക്ഷകൾ പൂർത്തിയാക്കിയേ മതിയാകൂ എന്ന് ഉപദേശിക്കുന്നവരുണ്ട്. കൊള്ളാത്ത കല്ലേറ് സ്വയം ഏറ്റു സ്വയം ശിക്ഷിച്ചു നിയമം പൂർത്തിയാക്കുന്നവരുമുണ്ട്. മരുഭൂവിലും തടാകങ്ങളും നദികളും രൂപപ്പെടുത്തുമെന്ന് ദൈവം പറഞ്ഞത് വരണ്ട ജീവിതങ്ങളിൽ ജീവൻ നിറക്കുമെന്ന ഉറപ്പാണ്. ദൈവം  ഒരു പുതിയ കാര്യം ചെയ്യുകയാണെന്ന് അവിടുന്ന് പറഞ്ഞു. ആ പ്രവൃത്തി ഇതിനോടകം തന്നെ നിങ്ങൾ കാണുന്നില്ലേ എന്ന് അവിടുന്ന് ചോദിക്കുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും ദൈവത്തിന്റെ പ്രവൃത്തിയാണ്. എന്നാൽ അതിന്റെ അനുഭവം തുടങ്ങുന്നത് നമ്മുടെ തന്നെ ജീവിത യാഥാർത്ഥ്യങ്ങളിലാണ്. 

വാക്കുകളിൽ ഒരുപാട് പറയാറുണ്ടെങ്കിലും സത്യത്തിൽ, ദൈവം നമ്മുടെ ജീവിതത്തിലേക്ക് ജീവൻ പകരുമെന്ന് ഉറപ്പായും നമ്മൾ വിശ്വസിക്കുന്നുണ്ടോ? വേദനകളിലേക്കും, ക്ലേശങ്ങളിലേക്കും, ഭാരങ്ങളിലേക്കും ആ ജീവൻ ഒഴുക്കി പുതിയ കരുത്ത് ദൈവം നൽകുമെന്ന് വിശ്വസിക്കുന്നുണ്ടോ? ജീവിക്കുന്ന, ജീവദായകനായ ദൈവത്തിലേക്ക് നമ്മെയും നമ്മുടെ വേദനകളെയും നൽകുന്നത് പരിപൂർണ്ണമായ ഒരു സ്നേഹബന്ധമുണ്ടാകുമ്പോൾ മാത്രമാണ്. എങ്കിലേ സുഖകരമല്ലാത്ത സമയത്തും നമുക്ക് ദൈവത്തിൽ പ്രത്യാശ വയ്ക്കുവാൻ കഴിയൂ. പ്രത്യാശ ജീവനുള്ളതാണ്, നമ്മുടെ ഉള്ളിൽ നിന്നും ജീവന്റെ  ഉറവകൾ പുറപ്പെടുവിക്കുവാൻ അതിനു കഴിയും, അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും പ്രലോഭിതരുമായ നമ്മുടെ ജീവിതങ്ങളിൽ നിന്ന് തന്നെ. ജീവസ്പർശമനുഭവിച്ച നമ്മുടെ സമീപനങ്ങൾ ഏറ്റവും പരമാവധി ജീവൻ പ്രതിഫലിപ്പിക്കുന്നതാകും. ബുദ്ധിമുട്ടുകളിൽനിന്ന് ഓടിയൊളിക്കാനുള്ള ഓരോ ആന്തരികപ്രലോഭനത്തെയും അത് അതിജീവിക്കുകയും ചെയ്യും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ