Gentle Dew Drop

ഏപ്രിൽ 23, 2022

സകല സൃഷ്ടികൾക്കും വേണ്ടി

'സകലമാന രോഗങ്ങളും കൊണ്ടാണ് അവർ ജീവിക്കുന്നത്' എന്ന് ചിലരെക്കുറിച്ചു നമ്മൾ പറയാറുണ്ട്. അസുഖങ്ങൾക്കും വ്യഥകൾക്കുമെല്ലാം പിറകിൽ അശുദ്ധാത്മാക്കളാണെന്ന ധാരണ നിലവിലുണ്ടായിരുന്ന ഒരു സമയത്ത് 'ഏഴു പിശാചുക്കൾ നിവസിച്ചിരുന്ന' മറിയം മഗ്ദലേന അത്തരത്തിൽ അനേകം രോഗങ്ങളും വ്യഥകളും സഹിച്ചിരുന്നവളാകണം. അവൾ ജീവന്റെ സമൃദ്ധിയിലേക്ക് നയിക്കപ്പെട്ടു, ക്രിസ്തുവിന്റെ ശുശ്രൂഷകളിൽ ശിഷ്യരോടൊത്തു പങ്കാളിയുമായി. മാത്രമല്ല ക്രിസ്തുവിനോടുള്ള വലിയ സ്നേഹം കൊണ്ട് സ്വന്തം ജീവിതത്തെ നിറച്ചു. ഉത്ഥിതൻ അവൾക്കു നൽകിയ നിർദ്ദേശം ഉത്ഥാന സന്ദേശം മറ്റു ശിഷ്യരെ അറിയിക്കുവാനാണ്.

സുവിശേഷത്തെ സൃഷ്ടിയിലേക്കുള്ള സമഗ്രതയിലേക്കു കൊണ്ട് വരുന്നതിനുള്ള പരാജയം, നമ്മെയും പ്രകൃതിയെയും വ്യഥകളും രോഗങ്ങളും നിറച്ചതാക്കിയിരിക്കുന്നു. ക്രിസ്തു സാന്നിധ്യത്തിന്റെ അനുഭവം, രക്ഷയുടെ സ്വാതന്ത്ര്യവും ആനന്ദവും, സുവിശേഷ സ്വാംശീകരണം എന്നിവ ശിഷ്യരിലെല്ലാം ഉണ്ടാവേണ്ടതാണ്. ഈ സുവിശേഷവും രക്ഷയും സകല സൃഷ്ടികൾക്കും വേണ്ടിയുള്ളതാണ്. അതൊരു കല്പനയായി ശിഷ്യർക്ക് നല്കപ്പെട്ടിട്ടുണ്ട്.

സുവിശേഷം ഒരു മതത്തിലോ പാരമ്പര്യത്തിലോ ഒതുക്കി നിർത്താവുന്നതല്ല എന്ന് ഗ്രഹിക്കുന്നത് ഏറ്റവും ചെറുതായ പാഠമാണ്. സുവിശേഷത്തിനും രക്ഷക്കും ഒരു സാമൂഹിക മാനമുണ്ട്, ഒരു പാരിസ്ഥിതിക മാനമുണ്ട്, അങ്ങനെ ഒരു പ്രാപഞ്ചിക മാനവുമുണ്ട്. പ്രപഞ്ചത്തെയോ പരിസ്ഥിതിയെയോ സുവിശേഷവത്കരിക്കുന്നതോ രക്ഷിക്കുന്നതോ എങ്ങനെ എന്നതല്ല ധ്യാനം; പ്രകൃതിയും പ്രപഞ്ചവും കൂടി എങ്ങനെ സുവിശേഷ സ്വാംശീകരണത്തിനും രക്ഷയുടെ അനുഭവത്തിനും ഹൃദ്യമായ ഭാഷയും ഉചിതമായ ഗർഭപാത്രവുമാണ് എന്നതാണ് വിചിന്തനം. അങ്ങനെ ഉത്ഥാനശോഭയിൽ, പ്രാപഞ്ചികമായി നമ്മുടെ വേരുകളുടെ ആഴവും ഉത്ഥാനത്തിന്റെ പ്രാപഞ്ചിക മാനവും ഗ്രഹിക്കാൻ നമുക്കാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ