Gentle Dew Drop

ഏപ്രിൽ 11, 2022

'എന്റെ ഓർമ്മക്കായി'

അപ്പം മുറിക്കലിൽ പങ്കുചേരുന്നവരിൽ സംഭവിക്കേണ്ട കൂട്ടായ്മയും അതിൽ ഉൾക്കൊള്ളുന്ന ത്യാഗവും ജീവിതാർപ്പണവും ക്രിസ്തുസമാനമാകുന്നത് 'എന്റെ ഓർമ്മക്കായി' ചെയ്യുന്നതിൽ ഉൾക്കൊള്ളുന്നു. ഇവിടെ ഓർമ്മ എന്നത് തുടർന്ന് പോകുന്ന ക്രിസ്തുസാന്നിധ്യമാണ്. ഓർമ്മയില്ലാതാകുമ്പോഴാണ് ജീവിതമില്ലാതെ അനുഷ്ഠാനങ്ങൾ മാത്രമാകുന്നതും ബലിക്ക് പകരം കൊലയാകുന്നതും. ആത്മശോധന ചെയ്യാതെ അപ്പം ഭക്ഷിക്കുന്നവർ മരണമാണ് പ്രഖ്യാപിക്കുന്നത് എന്നതും പ്രസക്തമാണ്. വിശക്കുന്നവരെ മാറ്റി നിർത്തി സുഭിക്ഷമായി ഭക്ഷിച്ചിട്ട് വന്നവരോട് ക്രിസ്തുവിന്റെ മേശയിൽ ഭാഗഭാഗിത്വമുണ്ടോ എന്ന് ആത്മശോധന ചെയ്യുക എന്നതായിരുന്നു അന്നത്തെ അർത്ഥം. ശൂന്യത തീർക്കുകയും മരണം പ്രഖ്യാപിക്കുകയും ചെയ്യുന്ന നിയമിതമായ തിന്മകളെക്കുറിച്ച് ആത്മശോധന നടത്തേണ്ടതിന്റെ ആവശ്യം ബോധ്യപ്പെട്ടിട്ടില്ല എന്നതാണ് അപ്പം മുറിക്കാൻ ഒരുമിച്ചു കൂടുന്നവരുടെ വീഴ്ച. കൈക്കൂലി കൊടുത്താൽ അനുഗ്രഹം തരുന്ന ദൈവത്തിന് ഈ ആത്മശോധനയുടെ ആത്മാർഥത ആവശ്യമില്ല. എന്നാൽ സ്നേഹരാഹിത്യം, അസമത്വം, കപടത, അന്യായം, പ്രീണനസ്വഭാവമുള്ള വിധേയത്തം  തുടങ്ങിയവ ക്രിസ്തുവിന്റെ അത്താഴമേശയിൽ അശുദ്ധിയാണ്. സ്ത്രീകളോ ഗ്രീക്കുകാരോ സമരിയാക്കാരോ അവിടെ സന്നിഹിതരായിരുന്നെങ്കിൽ കൂടി അവ അശുദ്ധിയാകുമായിരുന്നില്ല താനും. ചുരുക്കത്തിൽ ഓർമ്മ എന്നത് തുടരെ നടക്കുന്ന ഒരു താദാത്മ്യപ്പെടലാണ്.

ക്രിസ്തുവിന്റെ ബലിയെയും ക്രിസ്തു ലോകത്തെ പിതാവുമായി അനുരഞ്ജിപ്പിച്ചത് വഴി ദൈവവും മനുഷ്യർ പരസ്പരവും ഉണ്ടാകുന്ന കൂട്ടായ്മയെയും വിശുദ്ധബലി ഉൾച്ചേർത്തിരിക്കുന്നത് ഒരു അപ്പം മുറിക്കൽ ശുശ്രൂഷയിലേക്കും അതിന്റെ പ്രകീർത്തനത്തിലേക്കുമായി ഇടുങ്ങിപ്പോകുന്നുണ്ടോ എന്ന് സംശയമുണ്ട്. കൂട്ടായ്മ ത്യാഗവും കൃതജ്ഞതയും ആവശ്യപ്പെടുന്നു. ക്രിസ്ത്വാനുകരണം മാത്രമേ യഥാർത്ഥ ബലിയും കൂട്ടായ്മയും അനുഭവവേദ്യമാക്കൂ. ക്രിസ്തുവിന്റെ ത്യാഗവും ജീവാർപ്പണവും ഉയിർപ്പും, ആ സത്യങ്ങൾ നമ്മെ ഒരുമിച്ചു ചേർക്കുന്നതും സ്സ്വജീവിതത്തിൽ മാംസരൂപം നൽകുന്നെങ്കിലെ 'കുർബാന സ്വീകരണം' നടക്കുന്നുള്ളൂ. ക്രിസ്തുശരീരത്തിൽ യോജിച്ചിരിക്കുന്ന അവസ്ഥ തന്നെയാണ് സ്വർഗ്ഗരാജ്യ അവസ്ഥ. അത് ജീവിതത്തിൽ വാക്കിലും പ്രവൃത്തിയിലും പ്രകടമായ സാക്ഷ്യവുമാകും. അതാണ് സ്വർഗ്ഗരാജ്യത്തിലെ പ്രഘോഷണം. മരണശേഷം മാത്രം കടന്നു ചെല്ലുന്ന സ്ഥലമായി സ്വർഗ്ഗത്തെ കാണുന്നതു കൊണ്ടുള്ള അപാകതയാണ് ഇവിടെ നിഴലുകളെപ്പോലെ യാഥാർഥ്യങ്ങളെ കണ്ടുകൊണ്ട് മുന്നാസ്വാദനം മാത്രമേ കഴിയൂ എന്ന കാഴ്ചപ്പാട്. 'ക്രിസ്തുവിൽ ആയിരിക്കുക' എന്ന സത്യം വിളിയായും ജീവിതക്രമമായും പാലിക്കപ്പെടുന്നെങ്കിലെ സ്വർഗീയജീവിതത്തിന്റെ അനുഭവവും, വിശുദ്ധ ബലി ജീവിതത്തിന്റെ ഉറവിടവും സാക്ഷാത്കാരവും ആയിത്തീരുകയുള്ളു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ