Gentle Dew Drop

മേയ് 01, 2022

നയിക്കപ്പെടുന്ന വഴികളിലൂടെ

നടക്കാൻ ആഗ്രഹിക്കുന്ന വഴികൾ വിട്ട്, നയിക്കപ്പെടുന്ന വഴികളിലൂടെ നടക്കേണ്ടി വരിക. സ്വയം ശൂന്യവത്കരണത്തിന്റെ ചൈതന്യമില്ലാതെ അങ്ങനെ വിട്ടു കൊടുക്കാനാവില്ല. "പ്രായമാകുമ്പോൾ മറ്റൊരാൾ വസ്ത്രമണിയിക്കുകയും മറ്റൊരു വഴിയിലൂടെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യും" അത് ഏതു പ്രകാരമുള്ള മരണമാണ് വരിക്കുന്നതു എന്നതിനെക്കുറിച്ചു മാത്രമല്ല ശിഷ്യത്വത്തെക്കുറിച്ചു തന്നെയാണ്. ആ നടപ്പിൽ നയിക്കേണ്ട പ്രേരണ സ്വന്തം തീക്ഷ്ണത പോലുമല്ല. ആവർത്തിച്ചു ചോദിച്ച ഒരേ ഒരു കാര്യം നീ എന്നെ സ്നേഹിക്കുന്നോ എന്നാണ്. സ്വന്തം പദ്ധതികൾക്ക് മാറ്റം വരുമ്പോഴും പിൻചെല്ലേണ്ട വഴി ക്രിസ്തുവിന്റെ സ്നേഹ മാർഗ്ഗമാണ്. "എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ" പിതാവിലുള്ള പരിപൂർണ്ണ വിശ്വാസവും സ്നേഹവും ആ വാക്കുകളിലുണ്ട്. ആ സ്നേഹം സ്വന്തമാക്കാൻ കൂടിയുള്ള ക്ഷണമാണ് പത്രോസിനു ക്രിസ്തു നൽകിയത്.

മതങ്ങൾ മരണവും ജീർണ്ണതയും രൂപപ്പെടുത്തിത്തുടങ്ങുമ്പോൾ ക്രിസ്തുവിന്റെ പാത കൂടുതൽ അപകടമുള്ളതാണ്. സ്നേഹം ജീവനും സമാധാനവും വിതക്കുന്നു. ദൈവഹിതത്തിനു കാത് കൊടുക്കുന്നത് മരണവക്താക്കളായ മതനേതാക്കളുടെ വഴികളിൽ നിന്ന് വേറിട്ടതാകാം. ക്രിസ്തുവിനെ ഉപേക്ഷിച്ച് അവന്റെ പേരിൽ തന്നെ മരണത്തിനു സേവ ചെയ്യുന്നതിലാണ് ലാഭവും ജനപിന്തുണയും ഏറെയുണ്ടാവുന്നത്. ക്രിസ്തുവിന്റെ നാവായും സഭയുടെ വക്താക്കളായും ക്രിസ്തുവിനു അന്യമായ വഴികളിലൂടെ അനേകർ നിഷ്കളങ്കരെ നയിച്ച് കൊണ്ട് പോകുന്നു.

ഓരോരുത്തരോടുമായി ക്രിസ്തുവിനു ചോദിക്കാൻ ഒന്നേയുള്ളു, "നീ എന്നെ സ്നേഹിക്കുന്നോ?" ആ സ്നേഹം, ക്രിസ്തുവിനെ ജീവിപ്പിക്കാനോ നിലനില്പിനുള്ള രാഷ്ട്രീയചായ്‌വുകൾ രൂപപ്പെടുത്താനോ അല്ല. "എന്നെ അനുഗമിക്കുക" എന്നാൽ ജീവദായകമായ ബലിജീവിതം ജീവിത ശൈലിയാക്കുകയെന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ