മതനിരപേക്ഷതക്കും മുമ്പേ ആവശ്യമായിരിക്കുന്നത് മതസാക്ഷരതയാണ്. ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങളിൽ നിന്നു തന്നെ തുടങ്ങട്ടെ. അധികാരപ്രീണനവും ജനപ്രിയതയും ലക്ഷ്യമാക്കി വിശ്വാസങ്ങൾ എക്കാലവും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അത്തരം വ്യാഖ്യാനങ്ങളിൽ നിന്ന് മാറി നിന്ന് ആന്തരിക പ്രചോദനങ്ങളെ കണ്ടെത്തുവാനും ഗ്രന്ഥങ്ങളെ വിവേകപൂർണ്ണമായും കാലികമായും വായിച്ചെടുക്കുവാനും നമുക്ക് കഴിയണം. അതേ പോലെ തന്നെ മറ്റുള്ളവരുടെ യഥാർത്ഥ വിശ്വാസങ്ങളെയും ഗ്രന്ഥങ്ങളെയും അറിയാൻ ശ്രമിക്കുകയും വേണം. ഇവ രണ്ടും അന്യമാകുമ്പോഴാണ് പുച്ഛവും വെറുപ്പും അധിക്ഷേപവും മുൻവിധികളും സമീപനരീതിയാകുന്നതും രാഷ്ട്രീയ ഉപകരണമാകുന്നതും.
വൈകാരികതയെ ചൂഷണം ചെയ്ത് സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രസംഗങ്ങളും വീഡിയോകളും ഏതു മതത്തെ ഉയർത്തിക്കാണിക്കാനും പ്രതിരോധിക്കാനും ഉള്ളതാണോ അത്തരം സമീപനങ്ങൾ അവരുടേതാവരുത് എന്ന് ജനത്തെ ബോധ്യപ്പെടുത്തേണ്ടത് അതേ മതത്തിന്റെ ഗുരുക്കന്മാരുടെയും ആത്മീയ ആചാര്യന്മാരുടെയും കടമയാണ്. പകരം ജനപ്രിയതയിലും സമൂഹത്തിന്റെ വൈകാരികതയിലും സ്വയം മൗനം പാലിക്കുന്നത് മാനവികതക്കും ആത്മീയതക്കും അപകടമാണ്. മറ്റുള്ളവരോടും അവരുടെ വിശ്വാസങ്ങളോടും സ്നേഹവും ആദരവും ഇല്ലാതെ സ്വയം ഉണ്ടെന്നു കരുതുന്ന വിശ്വാസം ഫലരഹിതമാണ്.
ദൈവത്തെ സംരക്ഷിക്കുന്നവർ ആദ്യം സ്വയം ദൈവമാക്കിയവരാണ്. അതുകൊണ്ടുതന്നെ ദൈവത്തിന്റെ പേരിൽ വിഭാഗീയതയും വർഗീയതയും രൂപപ്പെടുത്തുന്നത് പൈശാചികമാണ്, അത് ഏതു ദൈവദൂതൻ വഴിയാണെങ്കിലും. അത് വിഗ്രഹാരാധനയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ