Gentle Dew Drop

മേയ് 17, 2022

വി. ദേവസഹായം

വി. ദേവസഹായം എന്ത് വലിയ കാര്യം ചെയ്തിട്ടാണ് വിശുദ്ധനായത് എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. എടുത്തു പറയാൻ ഒന്നും തന്നെ ഇല്ലാത്തവരുടെ ജീവിതങ്ങളിൽ ഒരു പക്ഷെ ശ്രദ്ധിക്കപ്പെടാതെ, വണങ്ങപ്പെടാതെ മറന്നു പോകുന്ന വലിയ വിശുദ്ധിയുണ്ടെന്ന് കൂടി ഓർമ്മപ്പെടുത്തുന്നതാവണം വി. ദേവസഹായത്തിന്റെ വിശുദ്ധ പദവി.

ദേവസഹായത്തിന്റെ ജീവിതത്തെ ഏതെങ്കിലും പ്രത്യേക ഭക്തിയോടൊ ഉജ്വല പ്രഘോഷങ്ങളോടോ ചേർത്ത് വെച്ച് അവതരിപ്പിച്ചിട്ടില്ല. ഏതാനം ചരിത്രകാരന്മാരുടെ വേറിട്ട അഭിപ്രായം മാറ്റിനിർത്തിയാൽ തികച്ചും സാധാരണമായ സാഹചര്യത്തിൽ വിശ്വാസത്തിൽ ജീവിക്കുകയും മരണം വരിക്കുകയും ചെയ്തത് നമുക്കും പ്രചോദനമാണ്. ഒരു വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുമോ എന്നതല്ല കാര്യം. തികഞ്ഞ ആത്മാർത്ഥതയിലും പരസ്പരമുള്ള കരുതലിലും എത്രമാത്രം ക്രിസ്തുസമാനമായ ഒരു ജീവിതം നയിക്കാം എന്നതാണ് കാര്യം. ജീവിതവിശുദ്ധിയെന്നത് അനുദിനജീവിതത്തിൽ നിന്ന് മാറ്റി എന്തോ അസാമാന്യപ്രവൃത്തികളിലേക്കു ചുരുക്കി ചിന്തിക്കുന്നത് കൊണ്ടാണ് ജീവിത വിശുദ്ധിയെന്നത് അസാധ്യമാണെന്ന തോന്നലുണ്ടാക്കുന്നതെന്ന്, ചട്ടിക്കും കലത്തിനുമിടയിലാണ് വിശുദ്ധി അന്വേഷിക്കേണ്ടതെന്ന ആവിലയിലെ വി. ത്രേസ്യയുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

ഇരുണ്ട നിറത്തിൽ വിശുദ്ധി കാണാൻ കഴിയാത്ത മലിനത, അൽഫോൻസാമ്മയുടെയും റാണി മരിയയുടെയും രൂപങ്ങളും ചിത്രങ്ങളും കാണിച്ചു തരുന്നുണ്ട് (അവരുടെ ഫോട്ടോകളും വണങ്ങപ്പെടുന്ന രൂപങ്ങളും ചിത്രങ്ങളും ഒത്തുവെച്ചുനോക്കിയാൽ വ്യക്തമാവും). അതുപോലെതന്നെ, കസവുമുണ്ടും കുറിയും അണിയിച്ചു വരേണ്യതയിലേക്കുയർത്തി നിർത്തപ്പെട്ട വി. ദേവസഹായത്തിൽ വാഴ്ത്തപ്പെടുന്നത് വിശുദ്ധൻ ജീവിച്ച പുണ്യങ്ങളെക്കാൾ നമ്മുടെ ഹുങ്കുകളായി മാറുകയാണ്. അദ്ദേഹത്തിന്റെ സാംസ്‌കാരിക സമ്പ്രദായങ്ങളുടെ ഭാഗമാണ് അതെന്ന് വാദിക്കാമെങ്കിലും ഒന്നാം പ്രമാണത്തെ അസഹിഷ്ണുവായ ദൈവത്തിന്റെ നിർബന്ധമായ കല്പനയായി ദുർവ്യാഖ്യാനം ചെയ്തവർക്ക് അത് സ്വീകാര്യമാകുമോ. കുറിയും കസവുമുണ്ടുമുള്ള വിശുദ്ധനെ അവർക്കു വണങ്ങാൻ കഴിയുമോ? (പൊട്ടും, കുറിയും, എണ്ണവിളക്കും, സിന്ദൂരവും ഒന്നാം പ്രമാണ ലംഘനമായിരുന്നല്ലോ).

ജാതി വ്യവസ്ഥക്കെതിരെ വി. ദേവസഹായം ശക്തമായ നിലപാടെടുത്തിരുന്നു എന്ന് സാക്ഷ്യമുണ്ട്. നൂറ്റാണ്ടുകളുടെ വിശ്വാസപരമ്പര്യത്തിൽ അഭിമാനിക്കുമ്പോഴും ജാതിചിന്തകൾ വേർതിരിവുകൾ സൃഷ്ടിക്കുന്ന ഇടങ്ങളിൽ വി. ദേവസഹായം വെല്ലുവിളിക്കുന്ന സാക്ഷ്യമാണ്. വരേണ്യത അഹങ്കാരമാക്കി അധികാര മാത്സര്യവും ആരാധനാക്രമ ആധിപത്യങ്ങളും ജീവിതക്രമമായി മാറുന്നിടങ്ങളിലും അതേപോലെതന്നെ ദേവസഹായം വെല്ലുവിളിയാണ്. സാമൂഹിക പ്രശ്നങ്ങൾ വിശ്വാസത്തിന്റെ ഭാഗമല്ല എന്ന് ചിന്തിക്കുന്നവരുണ്ട്. ദൈവജനമായി, ക്രിസ്തു ശരീരത്തിലെ ഭാഗഭാഗിത്വം ജീവിക്കണമെങ്കിൽ സകല മനുഷ്യരുടെയും തുല്യതയെ അംഗീകരിക്കുവാനും ബഹുമാനിക്കുവാനും കഴിഞ്ഞെങ്കിലേ സാധിക്കൂ. അതെങ്ങനെ ആത്മീയതയുടെ ഭാഗമല്ലാതാകും?

രൂപക്കൂടുകളിൽ ഇരുത്തി വണക്കം മാത്രം നൽകി വിശുദ്ധരുടെ പ്രസക്തി നഷ്ടപ്പെടുത്തുകയാണ്. അവർ നമുക്കിടയിൽ ജീവിച്ചവരും, നമുക്കിടയിലുള്ളവരുമാണ്. അവർ പ്രചോദനമാകേണ്ടവരാണ്.

-------------------------------------- 
വി. ദേവസഹായത്തിന്റെ പേരിലെ ജാതിസൂചകമായിരുന്ന ഭാഗം വത്തിക്കാൻ ഒഴിവാക്കിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ