Gentle Dew Drop

മേയ് 04, 2022

നന്മ തിന്മകൾ

കുറ്റങ്ങളും തിന്മകളും എന്ത് കൊണ്ടാണ് 'അവരിലേക്ക്‌' ആരോപിക്കപ്പെടുന്നത്? ഈ അവർ മറ്റു സമൂഹങ്ങളാകാം, രാജ്യങ്ങളാകാം, വ്യക്തികളാകാം, മതങ്ങളാകാം. ഉത്തരം ലളിതവും സ്വന്തം ആത്മാർത്ഥതയെ വെല്ലുവിളിക്കുന്നതുമാണ്. കുറ്റങ്ങളേയും തിന്മകളെയുമാണ് ആത്മാർത്ഥമായി എതിർക്കുന്നതെങ്കിൽ, നമ്മിലുമുള്ള അതേ തിന്മകളെ കണ്ടെത്തുവാനും ഉപേക്ഷിക്കുവാനും ആദ്യം തയ്യാറാവേണ്ടതുണ്ട്. മാത്രമല്ല അവിടെ വേണ്ടതായ നന്മയെ വളർത്തി പരിപോഷിപ്പിക്കേണ്ടതായുമുണ്ട്. ഇവ രണ്ടും തീർത്തും ശ്രമകരമാണ്. വ്യക്തികളെയോ സമൂഹങ്ങളെയോ കുറ്റക്കാരാക്കി ഇല്ലായ്മ ചെയ്യുകയാണ് എളുപ്പം.


ആത്മീയരെന്നു അവകാശപ്പെട്ടുകൊണ്ട്, നീതി ആഗ്രഹിക്കാതെ വിശന്ന് മരിച്ചവർ അനേകരുണ്ട്. എല്ലാ മതത്തിലുമുണ്ട്. സ്നേഹത്തെ വ്യവസ്ഥകൾ കൊണ്ട് ബന്ധിക്കുന്ന കപടപ്രവാചകരാണ് മതങ്ങളെ നിർവചിക്കുന്നത്, രാഷ്ട്രീയശക്തിയെ മതസ്വാധീനത്തിനും, മത വിശ്വാസങ്ങളെ രാഷ്ട്രീയലാഭത്തിനും വേണ്ടി ഉപയോഗപ്പെടുത്തുന്നവരാണ് മതങ്ങളിൽ വക്താക്കളാകുന്നത്. അവരാണ് നന്മ തിന്മകളെ നിർവചിക്കുന്നത്. അവരാണ് നീതി വ്യാഖ്യാനിക്കുന്നത്.
-----------------------------------------
പെരുന്നാളിന് വിളിച്ച അയൽക്കാരുടെ വീട്ടിൽ യേശു പോയിരുന്നു.
തിരിച്ചു വന്ന ഉടനെ യൂദാസ് പറഞ്ഞു, "സൂക്ഷിക്കണം, എല്ലാം മതം മാറ്റാനുള്ള ശ്രമം ആണ്."
യേശു അവനോടു പറഞ്ഞു, "നീ എന്നെ സ്നേഹിക്കുന്നുവോ? എന്നെ അനുഗമിക്കുക."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ