Gentle Dew Drop

മേയ് 18, 2022

വിശ്വാസത്യാഗം

വിശ്വാസത്തിനുള്ളിലും വിശ്വാസത്തിന് അതീതമായും, സ്വതന്ത്രമായി ചിന്തിക്കാനും ക്രിയാത്മകമായ വിമര്ശനങ്ങൾ നടത്താനും കുട്ടികൾക്കും മുതിർന്നവർക്കും കഴിയണം എന്നാണ് വ്യക്തിപരമായ അഭിപ്രായം. അതിനുവേണ്ടി ആവശ്യമായ പരിശീലനം സ്‌കൂളുകളിലും മതപഠനങ്ങളിലും ലഭ്യമാക്കുകയും വേണം. ഒരു സംശയവുമില്ലാത്ത, ഏറ്റവും വ്യക്തമായ ആദർശങ്ങളും വിശ്വാസങ്ങളുമാണ് ഏറ്റവും എളുപ്പം വേദനിക്കുന്നതും മുറിപ്പെടുന്നതും. കാരണം, അവർ ഉറപ്പിച്ചതിൽ നിന്നും വ്യത്യസ്തമായതൊന്നും കാണാനോ കേൾക്കാനോ അവർക്കാവില്ല. 

വിവേകത്തോടെ സാഹചര്യങ്ങളെ സമീപിക്കുവാനും പക്വതയോടെ തീരുമാനങ്ങളിൽ എത്തുവാനും കഴിയാതെ ഒരു തലമുറ ബുദ്ധിമുട്ടുകയോ, ആ അസ്വസ്ഥത കൊണ്ട് അകന്നു പോവുകയോ ചെയ്യുന്നെങ്കിൽ അതിനർത്ഥം നിശ്ചിതമായ വിവരണങ്ങളിലേക്കു വിശ്വാസം ചുരുക്കപ്പെടുകയോ, സ്വതന്ത്രചിന്ത ഒരു പേടിസ്വപ്നമാവുകയോ ചെയ്യുന്നത് കൊണ്ടാണ്. ശരികളെയും പോരായ്മകളെയും ഒരു പോലെ കൂടെക്കൂടെ നിരൂപണവിധേയമാക്കപ്പെടണം, ദൈവസങ്കല്പങ്ങളും, സാമൂഹികഘടനയും, നേതൃത്വശൈലികളും, ആചാരങ്ങളും, ജീവിതസാഹചര്യങ്ങളെ ഇവയുമായി ചേർത്തുവയ്ക്കാനുതകുന്ന രീതികളുമെല്ലാം അതിലുൾപ്പെടണം. ശിഥിലീകരണത്തെ നേരിടാൻ കഴിയാതെ ഭയന്നും അപരവത്കരണത്തിലും പരിഹാരം കണ്ടുകൊണ്ടാണ് മൗലികവാദങ്ങൾ രൂപപ്പെടുന്നത്. അതിതീവ്രമായ സാമൂഹികസാന്നിധ്യം മതങ്ങളുടെ അടയാളങ്ങളിലൂടെയോ അനുഷ്ഠാനങ്ങളിലൂടെയോ ഉറപ്പിക്കാൻ കഴിഞ്ഞാലും അംഗങ്ങൾക്ക് വളർച്ച നൽകാൻ കഴിയാതെ ആ വിശ്വാസങ്ങൾ യഥാർത്ഥത്തിൽ ജീർണിക്കുകയാണ്, മതമെന്ന രീതിയിൽ ശക്തിയാർജ്ജിക്കുന്നതായോ, വളരുന്നതായോ കാണപ്പെടുന്നെങ്കിൽക്കൂടി.

സ്വതന്ത്രമായ ചിന്തകൾ എന്തിനു നമ്മെ അസ്വസ്ഥരാക്കണം? അത്തരം ചിന്തകളെ ആദരിക്കുകയും അവയിലുള്ള മൂല്യങ്ങളെ കാണുകയും, അവ ഉയർത്തുന്ന സംഘർഷങ്ങളെ സംവാദസാധ്യതകളാക്കുകയും വേണം. അങ്ങനെ യുവതലമുറയിലെ വിശാലമായ 'തകർച്ചകളെയും, ക്രമരാഹിത്യങ്ങളെയും' അവ കാണിക്കുന്ന പുതിയ വെളിച്ചത്തിലേക്കു കൈപിടിച്ച് നടത്തുവാൻ പക്വതയും ദീർഘദർശനവുമുള്ള മുതിർന്നവരെയും ആവശ്യമുണ്ട്. നേതാക്കളും ഗുരുക്കളും അതിന് സജ്ജമായ വികാസം തങ്ങളിൽത്തന്നെ വരുത്തുകയും വേണം.

സാമ്പത്തിക ലാഭങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും മുൻനിർത്തിയുള്ള ശാസ്ത്രഗവേഷണഫലങ്ങൾ തീർച്ചയായും ശാസ്ത്രത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. എന്നാൽ ശാസ്ത്രം പകർന്നു നൽകുന്ന അറിവുകൾ യാഥാർത്ഥ്യബോധത്തോടെ സ്വീകരിക്കാനും വിശ്വാസത്തിൽ സമഗ്രതയോടെ ഉൾപ്പെടുത്തുവാനുമുള്ള ഒരുക്കവും ധൈര്യവും നമുക്കാവശ്യമാണ്. പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്പത്തിയെക്കുറിച്ചും വികാസത്തെയും കുറിച്ച് ലഭ്യമായ അറിവുകളെ എങ്ങനെ സ്വീകരിക്കാമെന്ന് ഇനിയും നമ്മൾ അന്വേഷിച്ചിട്ടില്ല. 'വിശ്വാസിയായ' കുട്ടി നിരീശ്വരനായ അധ്യാപകനെ വായടപ്പിക്കുന്നതിലുള്ള ഹുങ്കാണ് പ്രശസ്തമായ നമ്മുടെ പല പ്രസിദ്ധീകരണങ്ങളുടെയും ശാസ്ത്രത്തോടുള്ള സമീപനം. അതിനപ്പുറത്തേക്ക് പഠിക്കാനോ വേണ്ടവിധത്തിൽ അവതരിപ്പിക്കാനോ ശ്രമങ്ങൾ ഉണ്ടായിട്ടില്ല. അതേപോലെ തന്നെയാണ്, സാമൂഹിക-സാംസ്കാരികരംഗങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ആശയങ്ങളുടെ മത്സരങ്ങളും സൃഷ്ടിക്കുന്ന സംഘർഷങ്ങൾ. ഇങ്ങനെയൊരു അവസ്ഥയിലാണ് പുതു തലമുറയുള്ളത്. അവർക്ക് ഉത്തരങ്ങളല്ല ആവശ്യം. വിശ്വാസത്തെ ഉപേക്ഷിക്കാൻ ഗതികെട്ട് നടക്കുന്നവരും അല്ല അവർ. മൂല്യങ്ങളെ തിരയാനും യാഥാർത്ഥ്യബോധവും വിശ്വാസവും എങ്ങനെ ഒരുമിച്ചു ഉൾക്കൊണ്ടുകൊണ്ട് നടക്കാം എന്ന ഒരു രീതിശാസ്ത്രമാണ് അവർക്കാവശ്യം. നമ്മുടെ ഉത്തരങ്ങൾ കൊണ്ട് അവരെ ഭാരപ്പെടുത്താതിരിക്കുന്നതാണ് ഉചിതം. പുതിയ വീഞ്ഞിനു പുതിയ തോൽക്കുടങ്ങൾ തന്നെ വേണം. നമ്മൾ നൽകുന്ന പഴയ തോൽക്കുടങ്ങൾ തകർന്നു പോവുകയും അവർ അവരുടെ വഴി തിരയുകയും ചെയ്യും.

ദൈവമുണ്ടെന്നോ ഇല്ലെന്നോ ഉള്ള പ്രസ്താവന തർക്കങ്ങളെക്കാൾ ഏതു തരം പ്രപഞ്ചസത്യത്തെയാണ് അവതരിപ്പിക്കുന്നത് എന്നതാണ് പ്രധാനം. മാറ്റമില്ലാതെ നിലനിൽക്കുന്ന പ്രപഞ്ചം, നിരന്തരം പരിണാമമുള്ള പ്രപഞ്ചം, ഊർജ്ജാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന പ്രപഞ്ചം, .... അതേ പോലെതന്നെ ഏതു ദൈവസങ്കല്പത്തെയാണ് ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കുന്നത്? പ്രപഞ്ചത്തിലായിരിക്കുന്ന, പ്രപഞ്ചത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന, പ്രപഞ്ചത്തെ നയിക്കുന്ന ... അങ്ങനെ ഏതിനെ? ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ ഉള്ള കാരണങ്ങൾ മതിയായവയാണോ? അമിതമായ ഈ 'തെളിയിക്കൽ' ഉദ്യമങ്ങൾ ദൈവശാസ്ത്രത്തിൽ അടിഞ്ഞു കൂടിയതാണ് ആധുനിക നിരീശ്വരവാദത്തിനു കാരണമായതെന്ന ഒരു നിരീക്ഷണമുണ്ട്. താത്വികമായ വാദങ്ങളിലേക്കു ദൈവത്തെ തെളിയിക്കാൻ ഇറക്കിയപ്പോൾ യഥാർത്ഥത്തിൽ ദൈവം കാണേണ്ടിയിരുന്ന സാഹചര്യങ്ങളിൽ വിശ്വാസികളിൽ ദൈവം കാണപ്പെട്ടില്ല എന്നതാണ് തകർച്ച. അങ്ങനെ അത്തരം സാഹചര്യങ്ങളിൽ സുവിശേഷമൂല്യങ്ങളെ ചേർത്ത് പിടിച്ചു നടന്ന ചുരുക്കം പേരിൽ ദൃശ്യമായ ദൈവസാന്നിധ്യം ആദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആകാശങ്ങളിലെ ദൈവസാനിധ്യത്തെക്കുറിച്ചാണ് തർക്കം മുഴുവനും. മനുഷ്യഹൃദയത്തിൽ പരസ്പര സ്നേഹത്തിൽ, സാമൂഹിക പ്രതിബദ്ധതയിൽ, വസിക്കുന്ന ദൈവത്തെ ലൗകിക ആശയങ്ങളെന്നു ആക്ഷേപിക്കുന്ന കപട ആത്മീയർ വിശ്വാസരാഹിത്യത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

സ്വയം സജ്ജമാക്കുകയോ, സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി പല കോണുകളിൽ നിന്ന് പഠിക്കുകയും ചെയ്യുന്നതിന് പകരം കല്പിതമായ ശത്രുക്കളിലേക്കു ആരോപിച്ചുകൊണ്ട് സ്വന്തം ജീര്ണതകളെ മറച്ചു വെച്ചതുകൊണ്ട് സ്വന്തം പോരായ്മകളെത്തന്നെയാണ് വെളിപ്പെടുത്തുന്നത്.

ശാസ്ത്രത്തെയും സാമൂഹിക സാംസ്‌കാരിക പശ്ചാത്തലങ്ങളെയും മാറ്റി നിർത്തി യുവതലമുറക്ക് വിശ്വാസം നഷ്ടപ്പെടുന്നു എന്നതിലേക്ക് തന്നെ വരാം. ഉപേക്ഷിക്കപ്പെടുന്ന അല്ലെങ്കിൽ ബോധ്യപ്പെടാത്ത വിശ്വാസങ്ങൾ എന്തൊക്കെയാണ്? വിശ്വാസം പാടെ മാറ്റി നിർത്തപ്പെടുന്നുണ്ടോ അതോ ഏതാനം ചില മത ഘടനകളും ആചാരങ്ങളുമാണോ അവർ അകറ്റി നിർത്തുന്നത്? എന്താവാം കാരണം? അത്തരം കാര്യങ്ങൾ അപ്രധാനമോ അലോസരമുണ്ടാക്കുന്നതോ ആയിതീർന്നതെങ്ങനെയാണ്? ബൈബിളിനെക്കുറിച്ചാണോ സംഘർഷങ്ങൾ ? ബൈബിൾ വായിക്കേണ്ടതെങ്ങനെയെന്ന് സഭ നിർദ്ദേശിക്കുന്ന രീതികൾ അവരെ പരിശീലിപ്പിക്കാൻ ധൈര്യമോ ഒരുക്കമോ നമുക്കുണ്ടോ? ന്യൂന്യതകളോ ആശയവൈരുദ്ധ്യങ്ങളോ ഉണ്ടെങ്കിൽ അവ എങ്ങനെ കാണണമെന്ന് ആ പരിശീലനത്തിനേ പഠിപ്പിക്കാനാകൂ. പകരം നൂറു തവണ ബൈബിൾ പകർത്തിയെഴുതുന്ന വിശ്വാസ സാഹസികതകൾ കൊണ്ട് വചനപാരായണമോ വിശ്വാസരൂപീകരണമോ സാധ്യമാവില്ല.

Virtually യഥാർത്ഥമായവയും യഥാർത്ഥത്തിൽ യഥാർത്ഥമായവയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? കൂദാശകളുടെ ഡിജിറ്റൽ ലഭ്യത എന്തുകൊണ്ട് നമ്മുടെ സ്വകാര്യതയിൽ കൂടുതൽ അർത്ഥവത്തായി ഉപയോഗിച്ചുകൂടാ? പുതു തലമുറയുടെ ചോദ്യങ്ങളാണ്, പ്രത്യേകിച്ച് ക്‌ളാസ്സുകളും പരിശീലനങ്ങളും ധ്യാനങ്ങളും ആരാധനകളും പ്രസംഗങ്ങളും ഗ്രൂപ്പ് പ്രാർത്ഥനകളും ഓൺലൈൻ ആയി ശീലിച്ചവർ. viewers നു വേണ്ടി ആഞ്ഞു പിടിച്ചവർ എത്രമാത്രം ഈ വ്യത്യസ്തതകളെക്കുറിച്ച് ബോധവത്കരണശ്രമം നടത്തിയിട്ടുണ്ട്?

അവർ വഴി തെറ്റി നടക്കുന്നു എന്നതല്ല, നമ്മൾ അവരുടെ അന്വേഷണങ്ങളെ അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. എഴുതി ഭദ്രമാക്കിയ റെഡി മെയ്ഡ് ചോദ്യോത്തര വേദികൾ കൊണ്ട് അത് പരിഹരിക്കാനാവില്ല. തിന്മകളെന്നു വിളിക്കപ്പെടുന്ന വ്യത്യസ്തതകളെപ്പോലും അറിയാനും കേൾക്കാനും ശ്രമം നടത്തുന്നെങ്കിലേ അത് സാധിക്കൂ.

മുഖവും ഭാഷയും അതിരുകളുമില്ലാത്ത ദൈവത്തെ അന്വേഷിക്കന്നവരാണ് അവരെങ്കിൽ അവരോടു സംവദിക്കേണ്ടത് അത്തരം ഭാഷയും മനോഭാവങ്ങളും രൂപപ്പെടുത്തിക്കൊണ്ടാണ്. മനഃസാക്ഷി, മാനവികത, സേവനസന്നദ്ധത തുടങ്ങിയവ ആ അന്വേഷണത്തിന്റെ പ്രകടഭാഷയാണ്. തുല്യതയോടും ആദരവോടും കൂടെ മതങ്ങളുടെ ചട്ടക്കൂടുകൾക്ക് ഈ ഭാവങ്ങൾക്ക് ഇടം നൽകാൻ കഴിയുന്നുണ്ടോ എന്നത് പ്രധാനമാണ്. ഇല്ലെങ്കിൽ അവർക്കു മുമ്പിൽ വെളിപ്പെടുന്ന ഈശ്വരരൂപത്തെ ഉൾക്കൊണ്ട് നമ്മുടെ ഉത്തരങ്ങളിലെ ദൈവരൂപങ്ങളെ അവർ തീർച്ചയായും തള്ളിക്കളയും.
 
സ്വതന്ത്രമായ ചിന്തകൾ എന്തിനു നമ്മെ അസ്വസ്ഥരാക്കണം? അത്തരം ചിന്തകളെ ആദരിക്കുകയും അവയിലുള്ള മൂല്യങ്ങളെ കാണുകയും, അവ ഉയർത്തുന്ന സംഘർഷങ്ങളെ സംവാദസാധ്യതകളാക്കുകയും വേണം. അങ്ങനെ യുവതലമുറയിലെ വിശാലമായ 'തകർച്ചകളെയും, ക്രമരാഹിത്യങ്ങളെയും' അവ കാണിക്കുന്ന പുതിയ വെളിച്ചത്തിലേക്കു കൈപിടിച്ച് നടത്തുവാൻ പക്വതയും ദീർഘദർശനവുമുള്ള മുതിർന്നവരെയും ആവശ്യമുണ്ട്. നേതാക്കളും ഗുരുക്കളും അതിന് സജ്ജമായ വികാസം തങ്ങളിൽത്തന്നെ വരുത്തുകയും വേണം.

സാമ്പത്തിക ലാഭങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും മുൻനിർത്തിയുള്ള ശാസ്ത്രഗവേഷണഫലങ്ങൾ തീർച്ചയായും ശാസ്ത്രത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. എന്നാൽ ശാസ്ത്രം പകർന്നു നൽകുന്ന അറിവുകൾ യാഥാർത്ഥ്യബോധത്തോടെ സ്വീകരിക്കാനും വിശ്വാസത്തിൽ സമഗ്രതയോടെ ഉൾപ്പെടുത്തുവാനുമുള്ള ഒരുക്കവും ധൈര്യവും നമുക്കാവശ്യമാണ്. പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്പത്തിയെക്കുറിച്ചും വികാസത്തെയും കുറിച്ച് ലഭ്യമായ അറിവുകളെ എങ്ങനെ സ്വീകരിക്കാമെന്ന് ഇനിയും നമ്മൾ അന്വേഷിച്ചിട്ടില്ല. 'വിശ്വാസിയായ' കുട്ടി നിരീശ്വരനായ അധ്യാപകനെ വായടപ്പിക്കുന്നതിലുള്ള ഹുങ്കാണ് പ്രശസ്തമായ നമ്മുടെ പല പ്രസിദ്ധീകരണങ്ങളുടെയും ശാസ്ത്രത്തോടുള്ള സമീപനം. അതിനപ്പുറത്തേക്ക് പഠിക്കാനോ വേണ്ടവിധത്തിൽ അവതരിപ്പിക്കാനോ ശ്രമങ്ങൾ ഉണ്ടായിട്ടില്ല. അതേപോലെ തന്നെയാണ്, സാമൂഹിക-സാംസ്കാരികരംഗങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ആശയങ്ങളുടെ മത്സരങ്ങളും സൃഷ്ടിക്കുന്ന സംഘർഷങ്ങൾ. ഇങ്ങനെയൊരു അവസ്ഥയിലാണ് പുതു തലമുറയുള്ളത്. അവർക്ക് ഉത്തരങ്ങളല്ല ആവശ്യം. വിശ്വാസത്തെ ഉപേക്ഷിക്കാൻ ഗതികെട്ട് നടക്കുന്നവരും അല്ല അവർ. മൂല്യങ്ങളെ തിരയാനും യാഥാർത്ഥ്യബോധവും വിശ്വാസവും എങ്ങനെ ഒരുമിച്ചു ഉൾക്കൊണ്ടുകൊണ്ട് നടക്കാം എന്ന ഒരു രീതിശാസ്ത്രമാണ് അവർക്കാവശ്യം. നമ്മുടെ ഉത്തരങ്ങൾ കൊണ്ട് അവരെ ഭാരപ്പെടുത്താതിരിക്കുന്നതാണ് ഉചിതം. പുതിയ വീഞ്ഞിനു പുതിയ തോൽക്കുടങ്ങൾ തന്നെ വേണം. നമ്മൾ നൽകുന്ന പഴയ തോൽക്കുടങ്ങൾ തകർന്നു പോവുകയും അവർ അവരുടെ വഴി തിരയുകയും ചെയ്യും.

ദൈവമുണ്ടെന്നോ ഇല്ലെന്നോ ഉള്ള പ്രസ്താവന തർക്കങ്ങളെക്കാൾ ഏതു തരം പ്രപഞ്ചസത്യത്തെയാണ് അവതരിപ്പിക്കുന്നത് എന്നതാണ് പ്രധാനം. മാറ്റമില്ലാതെ നിലനിൽക്കുന്ന പ്രപഞ്ചം, നിരന്തരം പരിണാമമുള്ള പ്രപഞ്ചം, ഊർജ്ജാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന പ്രപഞ്ചം, .... അതേ പോലെതന്നെ ഏതു ദൈവസങ്കല്പത്തെയാണ് ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കുന്നത്? പ്രപഞ്ചത്തിലായിരിക്കുന്ന, പ്രപഞ്ചത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന, പ്രപഞ്ചത്തെ നയിക്കുന്ന ... അങ്ങനെ ഏതിനെ? ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ ഉള്ള കാരണങ്ങൾ മതിയായവയാണോ? അമിതമായ ഈ 'തെളിയിക്കൽ' ഉദ്യമങ്ങൾ ദൈവശാസ്ത്രത്തിൽ അടിഞ്ഞു കൂടിയതാണ് ആധുനിക നിരീശ്വരവാദത്തിനു കാരണമായതെന്ന ഒരു നിരീക്ഷണമുണ്ട്. താത്വികമായ വാദങ്ങളിലേക്കു ദൈവത്തെ തെളിയിക്കാൻ ഇറക്കിയപ്പോൾ യഥാർത്ഥത്തിൽ ദൈവം കാണേണ്ടിയിരുന്ന സാഹചര്യങ്ങളിൽ വിശ്വാസികളിൽ ദൈവം കാണപ്പെട്ടില്ല എന്നതാണ് തകർച്ച. അങ്ങനെ അത്തരം സാഹചര്യങ്ങളിൽ സുവിശേഷമൂല്യങ്ങളെ ചേർത്ത് പിടിച്ചു നടന്ന ചുരുക്കം പേരിൽ ദൃശ്യമായ ദൈവസാന്നിധ്യം ആദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആകാശങ്ങളിലെ ദൈവസാനിധ്യത്തെക്കുറിച്ചാണ് തർക്കം മുഴുവനും. മനുഷ്യഹൃദയത്തിൽ പരസ്പര സ്നേഹത്തിൽ, സാമൂഹിക പ്രതിബദ്ധതയിൽ, വസിക്കുന്ന ദൈവത്തെ ലൗകിക ആശയങ്ങളെന്നു ആക്ഷേപിക്കുന്ന കപട ആത്മീയർ വിശ്വാസരാഹിത്യത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

സ്വയം സജ്ജമാക്കുകയോ, സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി പല കോണുകളിൽ നിന്ന് പഠിക്കുകയും ചെയ്യുന്നതിന് പകരം കല്പിതമായ ശത്രുക്കളിലേക്കു ആരോപിച്ചുകൊണ്ട് സ്വന്തം ജീര്ണതകളെ മറച്ചു വെച്ചതുകൊണ്ട് സ്വന്തം പോരായ്മകളെത്തന്നെയാണ് വെളിപ്പെടുത്തുന്നത്.

ശാസ്ത്രത്തെയും സാമൂഹിക സാംസ്‌കാരിക പശ്ചാത്തലങ്ങളെയും മാറ്റി നിർത്തി യുവതലമുറക്ക് വിശ്വാസം നഷ്ടപ്പെടുന്നു എന്നതിലേക്ക് തന്നെ വരാം. ഉപേക്ഷിക്കപ്പെടുന്ന അല്ലെങ്കിൽ ബോധ്യപ്പെടാത്ത വിശ്വാസങ്ങൾ എന്തൊക്കെയാണ്? വിശ്വാസം പാടെ മാറ്റി നിർത്തപ്പെടുന്നുണ്ടോ അതോ ഏതാനം ചില മത ഘടനകളും ആചാരങ്ങളുമാണോ അവർ അകറ്റി നിർത്തുന്നത്? എന്താവാം കാരണം? അത്തരം കാര്യങ്ങൾ അപ്രധാനമോ അലോസരമുണ്ടാക്കുന്നതോ ആയിതീർന്നതെങ്ങനെയാണ്? ബൈബിളിനെക്കുറിച്ചാണോ സംഘർഷങ്ങൾ ? ബൈബിൾ വായിക്കേണ്ടതെങ്ങനെയെന്ന് സഭ നിർദ്ദേശിക്കുന്ന രീതികൾ അവരെ പരിശീലിപ്പിക്കാൻ ധൈര്യമോ ഒരുക്കമോ നമുക്കുണ്ടോ? ന്യൂന്യതകളോ ആശയവൈരുദ്ധ്യങ്ങളോ ഉണ്ടെങ്കിൽ അവ എങ്ങനെ കാണണമെന്ന് ആ പരിശീലനത്തിനേ പഠിപ്പിക്കാനാകൂ. പകരം നൂറു തവണ ബൈബിൾ പകർത്തിയെഴുതുന്ന വിശ്വാസ സാഹസികതകൾ കൊണ്ട് വചനപാരായണമോ വിശ്വാസരൂപീകരണമോ സാധ്യമാവില്ല.

Virtually യാഥാർത്ഥമായവയും യഥാർത്ഥത്തിൽ യാഥാർത്ഥമായവയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? കൂദാശകളുടെ ഡിജിറ്റൽ ലഭ്യത എന്തുകൊണ്ട് നമ്മുടെ സ്വകാര്യതയിൽ കൂടുതൽ അർത്ഥവത്തായി ഉപയോഗിച്ചുകൂടാ? പുതു തലമുറയുടെ ചോദ്യങ്ങളാണ്, പ്രത്യേകിച്ച് ക്‌ളാസ്സുകളും പരിശീലനങ്ങളും ധ്യാനങ്ങളും ആരാധനകളും പ്രസംഗങ്ങളും ഗ്രൂപ്പ് പ്രാർത്ഥനകളും ഓൺലൈൻ ആയി ശീലിച്ചവർ. viewers നു വേണ്ടി ആഞ്ഞു പിടിച്ചവർ എത്രമാത്രം ഈ വ്യത്യസ്തതകളെക്കുറിച്ച് ബോധവത്കരണശ്രമം നടത്തിയിട്ടുണ്ട്?

അവർ വഴി തെറ്റി നടക്കുന്നു എന്നതല്ല, നമ്മൾ അവരുടെ അന്വേഷണങ്ങളെ അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. എഴുതി ഭദ്രമാക്കിയ റെഡി മെയ്ഡ് ചോദ്യോത്തര വേദികൾ കൊണ്ട് അത് പരിഹരിക്കാനാവില്ല. തിന്മകളെന്നു വിളിക്കപ്പെടുന്ന വ്യത്യസ്തതകളെപ്പോലും അറിയാനും കേൾക്കാനും ശ്രമം നടത്തുന്നെങ്കിലേ അത് സാധിക്കൂ.

മുഖവും ഭാഷയും അതിരുകളുമില്ലാത്ത ദൈവത്തെ അന്വേഷിക്കന്നവരാണ് അവരെങ്കിൽ അവരോടു സംവദിക്കേണ്ടത് അത്തരം ഭാഷയും മനോഭാവങ്ങളും രൂപപ്പെടുത്തിക്കൊണ്ടാണ്. മനഃസാക്ഷി, മാനവികത, സേവനസന്നദ്ധത തുടങ്ങിയവ ആ അന്വേഷണത്തിന്റെ പ്രകടഭാഷയാണ്. തുല്യതയോടും ആദരവോടും കൂടെ മതങ്ങളുടെ ചട്ടക്കൂടുകൾക്ക് ഈ ഭാവങ്ങൾക്ക് ഇടം നൽകാൻ കഴിയുന്നുണ്ടോ എന്നത് പ്രധാനമാണ്. ഇല്ലെങ്കിൽ അവർക്കു മുമ്പിൽ വെളിപ്പെടുന്ന ഈശ്വരരൂപത്തെ ഉൾക്കൊണ്ട് നമ്മുടെ ഉത്തരങ്ങളിലെ ദൈവരൂപങ്ങളെ അവർ തീർച്ചയായും തള്ളിക്കളയും.

ദൈവം മൃതമായി കാണപ്പെടുന്നെങ്കിൽ തീർച്ചയായും വിശ്വാസവും മരിക്കും. സംഹിതകളിലേക്കു ചുരുക്കപ്പെടുകയും, ആചാരാനുഷ്ഠാനങ്ങൾ മനുഷ്യൻ ജീവിക്കുന്ന സാഹചര്യങ്ങളുമായി സംവദിക്കാതെ ശൂന്യമാകുമ്പോഴുമാണ് ജീവനില്ലായ്മ അനുഭവപ്പെട്ടു തുടങ്ങുന്നത്. ഇല്ലാത്ത വിശപ്പുകൾ ഉണ്ടാക്കി അമിതമായി തീറ്റിക്കുന്ന വാണിജ്യതന്ത്രം ഇന്ന് മതത്തിൽ ഉപയോഗിക്കപ്പെടുന്നതും മതങ്ങളിലും വിശ്വാസങ്ങളിലും ദൈവരാഹിത്യത്തിനു കാരണമാകുന്നു.  

തകർച്ച ക്രമരാഹിത്യം സൃഷ്ടിക്കുന്നു. അതേപോലെതന്നെ, നവീനതകളുടെ ഭംഗിയോടെയാണ് അത് പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്. ഈ കടന്നു പോകലിനെ അനുവദിക്കാത്ത സംവിധാനങ്ങൾ പുഴുക്കളെപ്പോലെ അവയുടെ കവചത്തിനുള്ളിൽ ഇല്ലാതാകുന്നു. മനുഷ്യൻറെ അസ്തിത്വത്തിന്റെ അവസ്ഥയുമായി പരിചിതമായ രീതിയിൽ സംവദിക്കാൻ, ദൈവചിന്തകൾക്കും മതങ്ങൾക്കും കഴിയുന്നില്ലെകിൽ അവ മരിക്കുകയാണ്. അതേ അവസ്ഥകളെ ചൂഷണം ചെയ്ത് മതതീവ്രതകൾ ജനിപ്പിക്കുന്ന പ്രവണതകളും കൂടുതൽ ഹീനമായ മരണപ്രക്രിയ തന്നെയാണ്. പ്രപഞ്ചത്തിനും മനുഷ്യനും അതീതനായി നിൽക്കുന്ന ദൈവം കൂടുതൽ അപ്രാപ്യനാകും തോറും കൂടുതൽ പ്രതിരോധവും സംരക്ഷണവും ആവശ്യമുള്ളതാകും. അകത്തു മനുഷ്യ മനഃസാക്ഷിയുടെ പ്രചോദനങ്ങളിലാണ് ദൈവം വെളിപ്പെടുന്നതും പ്രവർത്തിക്കുന്നതും. അവിടെയാണ് ദൈവിക ജീവൻ കാണപ്പെടുന്നതും അനുഭവവേദ്യമാകുന്നതും. 

ദൈവം മരിച്ചെന്ന് ഉറപ്പാക്കിയ ഒരു കാലഘട്ടത്തിലാണ് ഉത്ഥിതനെ ദൈവകരുണയുടെ രൂപത്തിലും അർത്ഥത്തിലും ധ്യാനിക്കപ്പെട്ടത്. തകർക്കപ്പെടുന്ന മനുഷ്യന്റെയും മാനവികതയുടെയും സൗഖ്യം പരസ്പരമുള്ള  കരുണയിലാണെന്ന് അത് ഓർമ്മിപ്പിക്കുന്നു. ആഘോഷമാക്കാവുന്ന ഭക്തിയായി അത് സ്വീകരിക്കപ്പെട്ടെങ്കിൽ, കരുണയാണ് ദൈവത്തിന്റെ മുഖമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രസ്താവനയേൽപിക്കുന്ന ജീവിതമാനം ഭാരമുള്ളതായ്കയാൽ അതിനു വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. 

സാമൂഹിക സാംസ്‌കാരിക പ്രതിഭാസങ്ങൾ വേണ്ടപോലെ ഗ്രഹിക്കുവാനും തുടർ നടപടികൾ സ്വീകരിക്കുവാനും സാമൂഹിക ശാസ്ത്രത്തിന്റെയും സാമൂഹിക മനഃശാസ്ത്രത്തിന്റെയും സാംസ്കാരികചരിത്രത്തിന്റെയും വൈദഗ്ധ്യം നമുക്ക് ലഭ്യമാണ്. അത്തരം വിശകലനങ്ങളെ വിമർശിക്കുകയും രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരു സാമൂഹിക അവലോകനം മാത്രമാണെന്ന് ആരോപിക്കുകയും ചെയ്യുന്നവരൊക്കെ വീണു പോകുന്ന ചതിക്കുഴി പരിശുദ്ധാത്മാവിന്റെ പ്രവൃത്തികളെ അഭൗമികമായ മായിക സങ്കല്പങ്ങളിലേക്കു ചേർത്ത് വയ്ക്കുന്നതാണ്. തങ്ങളുടെ നിയന്ത്രണത്തിലാണ് ആത്മാവ് സംസാരിക്കുന്നതെന്ന് കരുതുന്നവരും ഉണ്ട്. സഭയിലെ പ്രതിസന്ധികളെ മനസ്സിലാക്കാൻ അവയെ ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

social സ്പേസ് ഇൽ സ്ത്രീകൾക്കോ പുരുഷന്മാർക്കോ ലഭ്യമാകുന്ന ഇടം എത്രയാണ് എങ്ങനെയാണ്? വിശ്വാസമോ മതമോ അതിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്നുണ്ടോ? അവരുടെ അറിവിനും പക്വതക്കുമനുസരിച്ച് അഭിപ്രായങ്ങൾ അവതരിപ്പിക്കാനോ  വ്യത്യസ്തതകൾ തുറന്നു പറയാനോ ഉള്ള ഇടം ലഭ്യമാണോ? യോജിക്കുന്ന sharing companions ലഭ്യമാക്കാൻ 'സമൂഹം' ശ്രദ്ധിക്കുന്നുണ്ടോ? 'ആകർഷിതരാവുകയോ' 'വഴിതെറ്റിപ്പോവുകയോ' എന്ന പ്രയോഗങ്ങൾക്കപ്പുറത്ത് 'സമൂഹത്തിന്' പുറത്ത് 'തിരഞ്ഞെടുക്കുന്നത്' കൂടുതൽ നല്ലതായി അവർ കണക്കാക്കുന്നത് എന്തുകൊണ്ടാണ്? കുട്ടികളുടെ എണ്ണം കുറയുന്നതിൽ കുടുംബപരവും സാമൂഹികവും സാമ്പത്തികവും മൂല്യസംബന്ധിതവുമായ ഘടകങ്ങൾ എന്തൊക്കെയാണ്? തിന്മയിൽ ജീവിക്കുന്നവരെന്നും ലൗകികരെന്നും വിളിക്കാതെ, അവയെ ഒരു സമൂഹമെന്ന നിലയിൽ മനസ്സിലാക്കുവാനും ആരോഗ്യപരമായി സമീപിക്കുവാനും എങ്ങനെ സാധിക്കുന്നു? വർദ്ധിക്കുന്ന വിവാഹമോചനങ്ങളുടെ കാരണം നിരീശ്വരരിലേക്കു ആരോപിക്കുന്നതിനും മുമ്പേ വിവാഹ ആലോചനകളുടെ പ്രക്രിയകൾ എത്ര പ്രാധാന്യത്തോടെ നടക്കുന്നെന്നും അവയിൽ സ്വീകരിക്കപ്പെടുന്ന യഥാർത്ഥ പ്രേരകഘടകങ്ങൾ എന്തൊക്കെയെന്നും അന്വേഷിക്കുകയും സമൂഹത്തിന്റെ ഏതൊക്കെ ഘടകങ്ങളെ ഉപയോഗിക്കാമോ അതൊക്കെ ഉപയോഗിച്ചുകൊണ്ട് വേണ്ട സാമൂഹിക അവബോധം കൈവരിക്കുന്നതിനായി പരിശ്രമങ്ങളുണ്ടാവുക അത്യാവശ്യമാണ്. 

ജീര്ണതയുള്ളിടത്ത് എല്ലാം ഭദ്രമെന്നു പറഞ്ഞ് മറ്റുള്ളവരെ ചീത്തപറയുന്നതിനു പകരം ആത്മാർത്ഥമായ ആത്മവിചിന്തനമാണ് വേണ്ടത്. തെളിഞ്ഞു വരുന്ന ദൈവരൂപം തുടർന്ന് കാലത്തെ  നയിക്കും. ഭൂതകാലത്തെവിടെയോ കൂട്ടിലടച്ച ദൈവത്തെയാണ് കൂടെക്കൂട്ടാനായി നൽകുന്നതെങ്കിൽ അത് തീർച്ചയായും മൃതമാണ്. ആത്മാവിന്റെ പ്രവൃത്തികൾ നവീനവും കാലികവുമാണ്. പ്രതിസന്ധികളിൽ സമൂഹത്തിനു പുതിയ വെളിച്ചവും നന്മയും അവ കാണിച്ചു തരും. അവയെപോലും ദൈവരാഹിത്യമെന്ന് വിളിക്കുന്നവരുണ്ടാകും എന്നതാണ് പരാജയം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ