Gentle Dew Drop

മേയ് 13, 2022

ക്രിസ്തു തന്നെയാണ് വഴി

ദൈവം തന്നെയാണ് ഭവനം. സകലരും ജീവിക്കുന്നതും ചലിക്കുന്നതും ദൈവത്തിലാണ്. ദൈവം ഒരു ഭവനത്തിലോ ആലയത്തിലോ വസിക്കുന്നില്ല. ഒരു ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷ്യം ദൈവത്തിൽ ആയിരിക്കുക എന്നതാണ്. മനുഷ്യർ എങ്ങനെ ദൈവത്തിലായിരിക്കാം എന്നത് കാണിച്ചു തന്നത് ക്രിസ്തുവാണ്. ക്രിസ്തുവിലൂടെയാണ് ദൈവത്തിൽ ആയിരിക്കുന്നത് നമുക്ക് സാധ്യമാകുന്നതും. അതുകൊണ്ടാണ് ക്രിസ്തു 'വഴി' ആകുന്നതും നമുക്കായി പിതാവിൽ വാസസ്ഥലം ഒരുക്കുന്നതും. 

ക്രിസ്തു തന്നെയാണ്  വഴി. അവന്റെ മനുഷ്യാവതാരം, ജീവിതം, സഹനം, മരണം ഉത്ഥാനം എന്നിവയൊക്കെ നമ്മെയും അവനിൽ ഒരുമിച്ചു ചേർത്തവയാണ്. നമ്മോടൊത്തു ചേർന്നാണ് പൂണ്ണമായ ക്രിസ്തുവിനെ മനസിലാക്കേണ്ടത്.  ജീവദായകമായ ഒരു ത്യാഗജീവിതത്തിലൂടെയാണ് നമ്മൾ ആ വഴി ജീവിക്കുന്നതും അവനിൽ ആയിരിക്കുന്നതും. ക്രിസ്തുവിന്റെ പേരെടുത്തു പറയാതെ അവനിൽ ആയിരിക്കുന്നവരുമുണ്ട്. അങ്ങനെ അവനിൽ ആയിരുന്നുകൊണ്ടാണ് നമ്മൾ ദൈവത്തിൽ ആയിരിക്കുന്നത്.  അവൻ ദൈവത്തിലേക്ക് ഉറപ്പായ വഴിയാണെന്ന് അപ്പോൾ നമുക്ക് അറിയാം, നമുക്ക് നമ്മെത്തന്നെ ദൈവത്തിൽ കണ്ടെത്തുകയും ചെയ്യാം. ദൈവത്തിലേക്ക് പോവുക എന്നത് നമ്മുടെ രൂപാന്തരണമാണ്, ക്രിസ്തുരൂപത്തിലേക്കുള്ള നമ്മുടെ രൂപാന്തരണം. ജീവിതത്തിലും മനോഭാവങ്ങളിലും നടക്കുന്ന പരിശുദ്ധാത്മ പ്രവൃത്തികളിലൂടെ ക്രമേണ സംഭവിക്കേണ്ട വളർച്ചയാണത്. ഈ വളർച്ചയാണ് ക്രിസ്തു ശരീരത്തിന് യോജിച്ചവിധം നമ്മെ അവനോടു ചേർത്ത് നിർത്തുന്നത്. സകല മനുഷ്യരോടുമൊത്ത് ക്രിസ്തു ദൈവത്തിങ്കലേക്കു 'പോകുന്നു.' (The difficulty here to see Christ like is probably because we are too familiar with the image of the self as an isolated individual). നമ്മൾ എന്താണെന്നു കാണുന്നോ, അത് മാത്രമല്ല നമ്മൾ. ക്രിസ്തുവിലേക്ക് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന സൃഷ്ടികൾക്കിടയിൽ, അവക്കിടയിൽ പരസ്പരബന്ധത്തിനുള്ളിൽ നമുക്ക് നമ്മെത്തന്നെ കണ്ടെത്താം. 


വിശ്വാസം വഴി ഒരു ക്രിസ്തു സപ്പോർട്ടർ ആയാൽ സ്വർഗത്തിലേക്ക് കടത്തി വിടുന്ന ഒരു ക്രിസ്തുരൂപം നമുക്കുള്ളിലുണ്ട്. ക്രിസ്തു ഒരു വഴികാട്ടിയല്ല, നമ്മുടെ കടങ്ങളെല്ലാം അടച്ചുതീർത്ത ഒരു മാന്യവ്യക്തിയെപ്പോലെയുമല്ല, ദൈവത്തെ പ്രസാദിപ്പിച്ചതുകൊണ്ട് തനിക്കിഷ്ടമുള്ളവർക്ക് ഒരു ഈസി പാസ് നൽകുന്ന ഗേറ്റ് കീപ്പറും അല്ല.   വഴികാട്ടിയും, അകത്തേക്ക് കടത്തിവിടുന്ന ഏജന്റ് ക്രിസ്തുവും നമ്മെ വഞ്ചിക്കുന്നു. രാഷ്ട്രീയവത്കരിക്കപ്പെടുന്ന വ്യക്തിപരമായ രക്ഷകനും നാഥനുമിലെ അർത്ഥമില്ലായ്മയും അതുകൊണ്ടു തന്നെ.

ഒരു ക്രിസ്തുരാജ്യ സ്ഥാപനമല്ല ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷ്യം. ക്രിസ്തുവിന്റെ പേരിൽ അധികാരം കൊണ്ട് സ്ഥാപിക്കപ്പെട്ട രാഷ്ട്രീയ സാമൂഹിക സംവിധാനങ്ങൾ നമ്മെത്തന്നെ നഷ്ടപ്പെടുത്തുകയായിരുന്നു. ക്രിസ്തുവിനെ മാറ്റിനിർത്തിക്കൊണ്ടു പോലും സാമൂഹികവും രാഷ്ട്രീയവുമായ ആധിപത്യം നേടിയെടുക്കുവാനുള്ള ശ്രമങ്ങൾ സുരക്ഷയുടെയും വിശ്വാസസംരക്ഷണത്തിന്റെയും പേരിൽ ആവർത്തിക്കപ്പെടുന്നു. അങ്ങനെ ശക്തമായ ഭരണകൂടങ്ങളിലും അസാമാന്യ രാജാക്കന്മാരിലും പ്രഘോഷകരിലും 'രക്ഷ' ഉറപ്പാക്കാനും ശ്രമം നടക്കുന്നു. 'കാറ്റും വെള്ളപ്പൊക്കവും' വരുമ്പോൾ നാശം വലുതായിരിക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ