Gentle Dew Drop

മേയ് 02, 2022

എന്നെക്കാണുന്നവൻ

ദൈവമുഖ ദർശനത്തിനായുള്ള ദാഹം, ഉണർന്നു പ്രദീപ്തമാകുവാനുള്ള ആഗ്രഹം ഏത് ആത്മീയതയിലും ഉള്ളതാണ്. പിതാവിനെ ഞങ്ങൾക്ക് കാണിച്ചു തരിക, ഞങ്ങൾക്ക് അത് മതി എന്ന ശിഷ്യരുടെ ആഗ്രഹം തീർത്തും ആത്മാർത്ഥമാണ്. എന്നെക്കാണുന്നവൻ പിതാവിനെ കാണുന്നു എന്ന ക്രിസ്തു വാക്യവും വളരെ ആഴമുള്ളതാണ്. ക്രിസ്തുവിന്റെ ദൈവാനുഭവം, അതുമായി നമുക്കുള്ള പരിചയം, ക്രിസ്തുവിന്റെ സ്വഭാവത്തിലും സമീപനങ്ങളിലും പ്രകടമായിരുന്നത് ഏതു ദൈവാനുഭവമായിരുന്നോ അതിന്റെ അനുകരണം എന്നിവ ക്രിസ്തുവിൽ പിതാവിനെ കണ്ടെത്തുന്നതിന്റെ ഭാഗമാണ്.
 
ക്രിസ്തു ജീവിക്കുന്നത് നമ്മുടെ സമൂഹത്തിലാണ്. പിതാവിനെ ലോകം കാണേണ്ട ക്രിസ്തു ശരീരമാണത്. നമ്മളും നമ്മുടെ സംഘടനകളും സഭയും സമീപനങ്ങളിൽ ദൈവമുഖം പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിൽ അത് ക്രിസ്‌തുശരീരമാണ്‌. സ്നേഹത്തിലെ തീവ്രതയും തീക്ഷ്ണതയും, നിറവും സായൂജ്യവുമാകുന്നത് സ്നേഹിക്കപ്പെടുന്നയാളോട് ഒന്നാവുന്നതിലാണ്. ക്രിസ്തുവിനോട് ഒന്നായി തീരാൻ ആത്മാർത്ഥത കാണിക്കാത്ത തീവ്രതയും തീക്ഷ്‌ണതയും സ്നേഹശൂന്യമാണ്‌. അത് ദൈവത്തെ കാണിക്കുന്നില്ല. ആ തീക്ഷ്ണത ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നുമില്ല.

എന്നിലേക്ക്‌ നോക്കിയവർ ദൈവത്തിന്റെ മുഖം കണ്ടിട്ടുണ്ടോ? നമ്മുടെ സ്ഥാപനങ്ങളിലേക്കും സംഘടനകളിലേക്കും നോക്കിയവർ ദൈവത്തെ കണ്ടിട്ടുണ്ടോ? പിതാവിനെ കാണുന്നതിനായി ക്രിസ്തുവിനെ അടുത്ത് കാണുവാൻ ശ്രമിച്ചിട്ടുണ്ടോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ