ദൈവം എല്ലാം തീരുമാനിച്ചു വെച്ചിട്ടുണ്ടെന്നും ഒരു കഥപോലെ എല്ലാം ചുരുളഴിയുകയാണെന്നും ആണോ ദൈവഹിതത്തിന്റെ അർത്ഥം? സകലതിനും നന്മയും വളർച്ചയും ഉണ്ടാവുക എന്നതാണ് ദൈവഹിതം. സൃഷ്ടികളെന്ന നിലയിൽ പരസ്പരം ഉറപ്പാക്കുന്നതും ഉയർത്തിക്കൊണ്ടു വരുന്നതുമാണ് ഈ നന്മയും വളർച്ചയും. അത് കൊണ്ട് മനുഷ്യരെന്ന നിലയിൽ ഈ ലക്ഷ്യത്തിലേക്ക് ബോധപൂർവ്വമായ നിലപാടുകളും ഇടപെടലുകളും ദൈവഹിതത്തിന്റെ ഭാഗമാണ്.
മനുഷ്യന് ദൈവം നൽകിയിരിക്കുന്ന സ്വാതന്ത്ര്യത്തിനും അന്തസ്സിനും ഒത്തതാണ് ഓരോ ജീവിതസാഹചര്യവും നമ്മിലേക്ക് ചേർത്തു വയ്ക്കുന്ന ഉത്തരവാദിത്തങ്ങൾ. എല്ലാം ദൈവം നിയന്ത്രിക്കുന്നതാവുമ്പോൾ അവിടെ ഇവക്കെല്ലാം സ്ഥാനം നഷ്ടപ്പെടുന്നു. പരിമിതികൾ നിലനിൽക്കെ തന്നേ എത്രമാത്രം ദൈവകൃപയോടൊത്തു സ്വന്തം ജീവിതത്തെ രൂപപ്പെടുത്തുന്നു എന്നത് ഇതേ ഉത്തരവാദിത്തത്തിൽപ്പെട്ടതും ദൈവഹിതവുമാണ്.
നിഷ്ക്രിയരായിരുന്നു കൊണ്ട് ദൈവം എല്ലാം ചെയ്യുന്നു എന്ന് പറയുന്നത്, വെറും ഉപകരണങ്ങൾ മാത്രമാക്കി ചുരുക്കുന്ന പ്രതീക്ഷയാണ്. ദൈവം നിയന്ത്രണത്തിലാക്കി ഒരു കാര്യവും ആരെക്കൊണ്ടും ചെയ്യിക്കുന്നില്ല, ലഭിച്ചിട്ടുള്ള കൃപകളെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ സന്നിവേശിപ്പിക്കുമ്പോഴാണ് ദൈവസ്വരം പ്രചോദനമായി തിരിച്ചറിയപ്പെടുന്നത്. പിന്നീടും, ഓരോരുത്തരുടെയും വിശേഷ ഗുണങ്ങൾക്കനുസൃതമായാണ് ഈ കൃപ നമ്മൾ അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നത്. അവിടെയാണ് ദൈവഹിതത്തിന്റെ പൂർത്തീകരണവും, ദൈവമഹത്വവും. ആയിരം പേർ ചേർന്ന് ദൈവനാമം ഉറക്കെ പറഞ്ഞതു കൊണ്ട് ദൈവമഹത്വം ഉണ്ടാകുന്നില്ലെന്ന് ഇനിയെങ്കിലും ഓരോ വിശ്വാസിയും മനസിലാക്കണം.
ദൈവം അറിയാതെ ഒന്നും നടക്കുന്നില്ലല്ലോ എന്ന ആശ്വാസം ദൈവപരിപാലനയിൽ ഉറച്ചതാണെങ്കിൽ തീർത്തും ദൈവം നയിക്കുന്ന വഴിയിൽ തുടർന്ന് നടക്കാൻ നമ്മെ സഹായിക്കും. നമ്മിൽ പ്രവർത്തിക്കുന്ന ദൈവകൃപ ഒരു കാര്യത്തിനായും നമ്മെ നിർബന്ധിക്കുന്നതല്ലെന്നും ഓരോരുത്തരുടെയും സ്വാഭാവികഗുണങ്ങളിലൂടെ തന്നെ പ്രവർത്തിച്ചു സമ്പുഷ്ടമാക്കിക്കൊണ്ടാണ് കൃപ പ്രവർത്തിക്കുന്നതെന്നും ബോധ്യമുണ്ടാവേണ്ടതും ആവശ്യമാണ്. അല്ലെങ്കിൽ എല്ലാം വിധിയാണെന്ന് പഴിക്കുന്ന സാധാരണ രീതിയിലേക്ക് ദൈവേഷ്ടം എന്ന പേരിൽ വിശ്വാസത്തെയും ചേർത്ത് വയ്കുകയാവും ചെയ്യുക.
മേല്പറഞ്ഞ ദൈവകൃപ നമ്മെ നയിക്കുന്ന രീതികളിൽ, നമ്മൾ ഒന്നും അറിയുന്നില്ല ദൈവം എല്ലാം ചെയ്യുന്നു എന്നതരത്തിലുള്ള യാന്ത്രികതയല്ല. നമ്മിൽ പ്രവർത്തിച്ചുതുടങ്ങുന്ന ദൈവകൃപ വിവിധ വരങ്ങളിലുള്ള വളർച്ചയിൽ നമ്മെ ശക്തിപ്പെടുത്തും. ദൈവഹിതം തിരിച്ചറിയാനും, അതിനോടൊത്ത് പ്രവർത്തിക്കാനും നമ്മെ കരുത്തുള്ളവരാക്കുന്നതാണ് അത്. ഈ വരങ്ങൾ നമ്മുടെ സാഹചര്യങ്ങളെ വിലയിരുത്തുവാനും ക്രിസ്തുവിന്റെ കണ്ണുകളിലൂടെ കാണുവാനും, സമീപിക്കുവാനും നിലപാടുകൾ സ്വീകരിക്കുവാനും നമ്മെ സഹായിക്കും.
സ്നേഹത്തിൽ സമന്വയിപ്പിക്കുന്ന ക്രിസ്‌തുശൈലി നമ്മുടെ ഇടപെടലുകളിലും ഉണ്ടാവണമെന്നതാണ് ദൈവഹിതം. എല്ലാം നന്മക്കായി പരിണമിപ്പിക്കുമെന്നും വിധിയാണെന്നും പറയുന്നതിൽ ദൈവത്തിൽ മതിയായ ആശ്രയം പോലുമില്ല. വരങ്ങൾ പരിപോഷണം നൽകുന്നെങ്കിൽ അത് നിഷ്ക്രിയതക്ക് വേണ്ടിയല്ല, നീതി സമാധാനം, സത്യം, നന്മ എന്നിവ ഉറപ്പാക്കുന്നതിന് കൂടിയാണ്. നമുക്ക് ഉത്തരവാദിത്തമൊഴിയാൻ കഴിയാത്ത യാഥാർഥ്യങ്ങൾ നിരവധിയാണ്. വിവേകവും വിവേചനവരവും, ജ്ഞാനവും ഈ യാഥാർത്ഥ്യങ്ങളെ വേണ്ടവിധം വിലയിരുത്തുവാൻ നമ്മെ പ്രാപ്തരാക്കുന്നവയാണ്. തിക്താനുഭവങ്ങളുണ്ടാകുമ്പോഴും അവയെ വേണ്ടവിധം മനസിലാക്കാനും ഇവ നമ്മെ പ്രാപ്തരാക്കും. അവ ദൈവഹിതമാണെന്നു കരുതാനല്ല, പാപങ്ങളുടെയോ ശാപങ്ങളുടെയോ ഫലമാണെന്ന് സംശയിക്കാനുമല്ല, വന്നു ഭവിച്ച തിന്മയെ കടന്നു പോകുവാനുള്ള കൃപ തേടുവാൻ, പ്രാർത്ഥിക്കാൻ ബലം ലഭിക്കാൻ പ്രാർത്ഥിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
ദൈവഹിതമെന്നു പറഞ്ഞു നിഷ്ക്രിയതയിലേക്കു ചുരുങ്ങുമ്പോൾ ഒരു പക്ഷേ ദൈവഹിതത്തേക്കാൾ, ഉന്നതസ്ഥാനീയരുടെ അപ്രീതി ഒഴിവാക്കി നിർത്തുക മാത്രമാണ്. അത് ദൈവഹിതമല്ല. വളച്ചൊടിക്കപ്പെടുന്ന സത്യവും, പോപ്പുലിസ്റ് തന്ത്രങ്ങളിലേക്കു പൊളിച്ചെഴുതപ്പെടുന്ന വിശ്വാസവും, അതിലേക്കു സ്വയം വിധേയപ്പെടുന്ന നേതൃത്വവും ദൈവഹിതമല്ല അന്വേഷിക്കുന്നത്. ആശയങ്ങളിലും സാമൂഹികപ്രതിസന്ധികളിലും സമ്മിശ്രമായ വിശ്വാസങ്ങൾ ഇഴുകിച്ചേരുന്ന സാംസ്കാരിക സാഹചര്യങ്ങളിലും സംഘർഷങ്ങളോ സംശയങ്ങളോ അനിശ്ചിതത്വങ്ങളോ ഉണ്ടാകുമ്പോൾ സഭയുടെ ഔദ്യോഗിക നിലപാടുകൾക്കും പ്രബോധനങ്ങൾക്കും ചെറിയ ഇടം പോലും നൽകാതെ മേല്പറഞ്ഞ പോപ്പുലിസ്റ് തന്ത്രങ്ങൾക്ക് വിധേയപ്പെട്ടു പോകുന്ന നേതൃത്വം ആത്മാവിനാൽ നയിക്കപ്പെടുന്നവരല്ല. അത്തരക്കാർക്കു താരശോഭ നൽകി വാഴ്ത്തി ശീലിച്ച നമുക്ക് അവരിലെ ക്രിസ്തുരാഹിത്യം തിരിച്ചറിയാനാവണമെന്നില്ല. ആത്മാവിന്റെ സ്വരം നേർത്ത വിങ്ങലായി ഉള്ളിൽ കേൾക്കുമ്പോൾ, ക്രിസ്തുവിനെ ഉപേക്ഷിച്ച സമൂഹം അവന്റെ പേരിൽ ചെയ്യുന്ന അക്രിസ്തീയ മനോഭാവങ്ങൾക്കിടയിലേക്ക് ഒരു ചെറുസ്വരമെങ്കിലും സ്വന്തം നിലപാടുകളിൽ സക്രിയമായിത്തന്നെ ഉണ്ടാവുക എന്നതാണ് ദൈവഹിതം. വെറുപ്പിനെ പരിശുദ്ധമാക്കുന്ന ചൈതന്യം എങ്ങനെ ക്രിസ്തുവിന്റേതാകും? അത് പ്രചരിക്കുക എന്നത് ദൈവഹിതമല്ല.
ദൈവവുമായുള്ള ഐക്യത്തിലേ ദൈവഹിതം ഗ്രഹിക്കാനാകൂ. ആ ബന്ധത്തെ വ്യവസ്ഥയാക്കുകയോ, പ്രകടനപരതയിലേക്കു അടച്ചുനിർത്തുകയോ ആണ് ഇന്നത്തെ പ്രബലമായ വിശ്വാസധാര. ദൈവത്തിൽ ആശ്രയിക്കാനും, പുതിയ തലമുറ അഭിമുഖീകരിക്കുന്ന സംഘർഷങ്ങളിലും, വൈരുദ്ധ്യങ്ങളിലും ദൈവവുമായുള്ള കൂടിക്കാഴ്ച അനുഭവമാക്കാവുന്നതുമായ വഴികളെക്കുറിച്ചു ചിന്തിക്കാനും നമ്മളും തയ്യാറല്ല. കൂട്ടിലിട്ട ദൈവരൂപങ്ങൾ കൈമാറപ്പെടുകയല്ല വിശ്വാസജീവിതത്തിൽ, മറിച്ച് ദൈവത്തെ കണ്ടെത്തുവാനുള്ള പ്രേരണയാവുകയും വഴികാട്ടിയാവുകയുമാണ് വിശ്വാസജീവിതം. അതിനു നമുക്കും മറ്റുള്ളവർക്കും തടസ്സമാകുന്ന ക്രൂരവും പൊള്ളയുമായ സുവിശേഷങ്ങളെ ചെറുക്കേണ്ടതുണ്ട്. അതാണ് ദൈവഹിതം.
നന്മകളിൽ വളരാനും, തിന്മയുടെ സാഹചര്യങ്ങളിൽ അസ്വസ്ഥമാകാതെ സമാധാനത്തിൽ വസിക്കാനും ദൈവാശ്രയത്തിൽ നിന്നുണ്ടാകുന്ന ഉറപ്പു നമുക്ക് വേണം. ക്രിസ്തുശിഷ്യരെന്ന നിലയിൽ ക്രിസ്തുവിന്റെ കണ്ണും ഹൃദയവും സമീപനങ്ങളും ഉണ്ടാവുക എന്നത് വലിയ വെല്ലുവിളിയാണ്. വൈകാരിക പ്രക്ഷുബ്ധത വിശ്വാസതീക്ഷ്ണതയായി അവതരിപ്പിക്കപ്പെടുകയും അതിനെ പ്രവാചകത്വമെന്ന് വാഴ്ത്തുകയും ചെയ്യുന്നത് ദൈവഹിതമല്ല തേടുന്നത്. ദൈവവുമായുള്ള ഐക്യം നന്മയും സമാധാനവും ലക്ഷ്യമാക്കുന്നതും, ദൈവൈക്യത്തിലും സമാധാനത്തിലും നന്മയിലും നിന്ന് പുറപ്പെടുന്നതുമായ നിലപാടുകളിലേക്കു നമ്മെ നയിക്കുന്നതുമാണ്. അവിടെ വേണ്ട പ്രതിബദ്ധതയും ഉത്തരവാദിത്തവും സത്യത്തോടുള്ള ആത്മാർത്ഥതയും, ദൈവഹിതവും ദൈവപ്രചോദിതവുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ