Gentle Dew Drop

മേയ് 15, 2022

സ്വർഗ്ഗം: ദൈവത്തോടുള്ള സൗഹൃദം

സ്നേഹം ഒരു ബന്ധമാണ്. ദൈവത്തോടുള്ള ആ സ്നേഹാനുഭവത്തെയാണ്, ആ സൗഹൃദത്തെയാണ് സ്വർഗ്ഗമെന്നു നമ്മൾ വിളിക്കുന്നത്. ആ സൗഹൃദം മായികമല്ല, ഇന്നിന്റെ യാഥാർത്ഥ്യമാണ്. പരസ്പര സ്നേഹത്തിലാണ് ആ അനുഭവം അനുഭവമാകുന്നതും പകർന്നു നൽകുന്നതും.

നന്മയിലുള്ള വളർച്ച തേടുന്നതാണ് സ്നേഹത്തിന്റെ പ്രാഥമികമായ ഗുണം. ആദരവും, സ്വാതന്ത്ര്യവും, വിട്ടുവീഴ്ചകളും ത്യാഗങ്ങളും അത് ഉൾകൊള്ളുന്നു. ഓരോരുത്തരുടെയും പ്രത്യേകമായ നിധിയെ അതിന്റെ പാരമ്യത്തിലേക്കു നയിക്കുക എന്നതാണ് സ്നേഹം. നമ്മുടെ തന്നെ ഒരു ഭാഗമാണ് സ്നേഹിക്കപ്പെടുന്നവരും. നമ്മൾ അവരുടെയും.

സ്നേഹത്തിൽ പൂർണ്ണത പ്രാപിച്ചവരല്ല നമ്മളാരും. ആവുന്നത് പോലെ സ്നേഹിക്കുക. ആരെക്കുറിച്ചാണെങ്കിലും, സ്നേഹിക്കില്ല എന്ന് തീർത്തു പറയാതിരിക്കുക. സ്നേഹിക്കാൻ ബുദ്ധിമുട്ടുള്ളവരെക്കുറിച്ച്‌ അല്പസമയമെങ്കിലും ആത്മാർത്ഥമായി പ്രാർത്ഥിക്കുക. ഇവയൊക്കെയും പരസ്പര സ്നേഹത്തിന്റെ വഴികളാണ്.

നമ്മിലേക്കെത്തി നിൽക്കുന്നതും നമ്മിലൂടെ തുടർന്നും കടന്നു പോകുന്ന സ്നേഹവലയത്തിലെ സംഗമബിന്ദുക്കളാണ് ഓരോരുത്തരും. ആത്മാർഥമായി ചേർത്ത് വെച്ച ഓരോ ബന്ധവും ദൈവത്തോടുള്ള ബന്ധത്തിലെ വെളിപാടുകളാണ്. എന്നു വെച്ചാൽ, ആത്മാർത്ഥമായ ഓരോ സ്നേഹബന്ധവും ഒരു സ്വർഗ്ഗ അനുഭവവും വെളിപാടുമാണ്.

--------------------------
പ്രവചനങ്ങൾ നിലക്കുകയും രാജാവും പുരോഹിതരും ഇല്ലാതാവുകയും ചെയ്തപ്പോൾ, വിദേശശക്തികൾ ജീവിതം പൊറുതിമുട്ടിച്ചപ്പോൾ, ശത്രുക്കളിൽ നിന്ന് സ്വന്തം രാജ്യത്തെ രക്ഷിക്കുന്ന പ്രതാപവാനായ രാജാവായിട്ടാണ് മിശിഹാ പ്രതീക്ഷിക്കപ്പെട്ടത്. എല്ലാവരെയും സ്നേഹിക്കുകയും, അങ്ങനെ ചെയ്യാൻ പഠിപ്പിച്ചു കൊണ്ടുമാണ് യഥാർത്ഥ മിശിഹാ വന്നത്. ക്രിസ്തുവിനെ വീണ്ടും സ്വജനത്തെ രക്ഷിക്കുന്ന പ്രതാപവനാക്കുന്ന ആധുനിക സുവിശേഷങ്ങൾ രൂപപ്പെട്ടു പ്രചരിക്കുന്നുണ്ട്. ഏറെക്കുറെ ആ ക്രിസ്തുവിനെ വിശ്വസിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുമുണ്ട്. സ്നേഹത്തിന്റെ 'ഭാരം' ആ സുവിശേഷം ആവശ്യപ്പെടുന്നില്ല എന്നത് കൊണ്ട് തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ