Gentle Dew Drop

മേയ് 05, 2022

സുവിശേഷപാലകർ

എന്നെ എന്തിന് അടിക്കുന്നു എന്ന ചോദ്യത്തിലല്ല സുവിശേഷത്തിന്റെ സത്ത. ദൈവം വ്യവസ്ഥകളില്ലാത്ത സ്നേഹമാണെന്നും, എല്ലാവരും ദൈവമക്കളാണെന്നതുമാണ് സുവിശേഷത്തിന്റെ കാതൽ. മാനസാന്തരവും സുവിശേഷപ്രഘോഷണവും ക്രിസ്ത്വാനുകരണവുമെല്ലാം ഈ അടിസ്ഥാനസത്യത്തെ ആശ്രയിച്ചിരിക്കുന്നു. മറ്റുള്ളവരോടും അവരുടെ വിശ്വാസങ്ങളോടും സംസ്കാരത്തോടും അവരിലെ വ്യത്യസ്തതകളോടും ആദരവും സ്നേഹവുമില്ലാതെ സുവിശേഷത്തെ അവതരിപ്പിക്കാനാവില്ല. അവയിൽ ഇതിനോടകം തന്നെയുള്ള സുവിശേഷത്തെ തിരിച്ചറിയുവാനുമാകില്ല.

നിർബന്ധിച്ചു പഠിക്കാവുന്നതോ പഠിപ്പിക്കാവുന്നതോ അല്ല സുവിശേഷം. 'പിതാവിനാൽ ആകൃഷ്ടരാവുന്നവർ ആണ്' സുവിശേഷത്തിന്റെ അർത്ഥം ഗ്രഹിക്കുന്നത്. ക്രിസ്തുവിന്റെ മനോഭാവങ്ങളെ സ്വന്തമാക്കാനുള്ള ആഗ്രഹവും പരിശ്രമവും പിതാവിന്റെ ഹൃദയത്തിലേക്ക് പതിയെയുള്ള പ്രവേശനമാണ്. അതില്ലാതെ ക്രിസ്തുവിന്റെ നിലപാടുകളെ മനസിലാക്കാൻ ആവില്ല. വന്നു കാണുക എന്ന ക്ഷണം ക്രിസ്തുവിന്റെ സ്വഭാവത്തെ അടുത്തറിയാനുള്ള ക്ഷണമാണ്. അത് സ്വീകരിച്ച് അരികെ ചെല്ലുന്നർ ആരും സിംഹാസനവും പടക്കോപ്പുകളും അല്ല കണ്ടത്.

നന്മ, സത്യം (നീതി), സമാധാനം എന്നിവ നൽകുന്ന ആധികാരികതയാണ് ചായ്‌വുകളില്ലാതെ സ്വാതന്ത്ര്യത്തോടെ സംസാരിക്കുവാനും പ്രവർത്തിക്കാനും ഒരാളെ കഴിവുള്ളതാക്കുന്നത്. ക്രിസ്തുവിന്റെ സന്ദേശങ്ങൾ (സുവിശേഷം) അതിരുകളില്ലാതെ ആരുടെ ഹൃദയത്തെയും സമീപിക്കാൻ കഴിയുന്നതിന്റെ കാരണവും അതാണ്. ചാട്ടയെടുക്കുന്ന ക്രിസ്തുവും, എന്നെ എന്തിന് അടിക്കുന്നു എന്ന് ചോദിക്കുന്ന ക്രിസ്തുവും ഒരു ചൂഷണ-മർദ്ദന വ്യവസ്ഥയെ ചോദ്യം ചെയ്യുമ്പോഴും വെറുപ്പും അക്രമവും അകൽച്ചയും അല്ല പ്രേരണ. പുച്ഛവും ആക്ഷേപവും, വെല്ലുവിളിയുമല്ല സുവിശേഷത്തിന്റെ സംഭാഷണ ശൈലി എന്നതുകൊണ്ട് തന്നെയാണത്.

ക്രിസ്തു സന്ദേശം, നന്മ, സത്യം (നീതി), സമാധാനം, സ്‌നേഹം നിറഞ്ഞ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്നതും നന്മ, സത്യം (നീതി), സമാധാനം സ്നേഹം എന്നിവയിലേക്ക് നയിക്കുന്നതുമാണ്. അടുത്തും അകലെയുമുള്ളവരെ, വ്യത്യസ്തരെയും വിജാതീയരെയും ദൈവമക്കളെന്നു കാണാൻ കഴിയാതെ സുവിശേഷപാലകർ എന്ന് സ്വയം പുകഴ്ത്തുന്നതിൽ ആത്മാർത്ഥതയില്ല. അങ്ങനെ വിശ്വാസത്തിന്റെയോ വിശ്വാസികളുടെയോ സംരക്ഷകരുമാകാനും ആവില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ