ഒരു ദിവസം യേശു നടന്നു പോവുകയായിരുന്നു. വലിയ സന്തോഷത്തോടെ കൂട്ടം കൂടി സംസാരിച്ചു നിൽക്കുന്ന കുറച്ചു സ്ത്രീകൾ അവിടെയുണ്ടായിരുന്നു. എന്താണ് കാര്യം? ഒരാളുടെ ഒരു വിശേഷപ്പെട്ട നാണയം കാണാതെ പോയിരുന്നു. ഇപ്പോൾ തിരിച്ചു കിട്ടിയിരിക്കുന്നു. കേട്ടവരൊക്കെ കൂടെ സന്തോഷിച്ചു. യേശു അവരോടു പറഞ്ഞു: ഇതുപോലെ തന്നെയാണ് പെണ്ണുങ്ങളെ ദൈവരാജ്യവും.
അതുപോലെതന്നെ കുറെ ഇടയന്മാരെയും യേശു കണ്ടു. അവരിൽ ഒരാളുടെ ഒരു ആടിനെ നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ തിരികെ കിട്ടിയിരിക്കുന്നു. കൂട്ടുകാരും കൂടെയുണ്ട്. തിരികെക്കിട്ടിയ ആടിനെ അവരും കൈയിലെടുക്കുകയും തലോടുകയുമൊക്കെ ചെയ്യുന്നുണ്ട്. യേശു അവരോടു പറഞ്ഞു: കൂട്ടുകാരെ, ഇത് പോലെയാണ് ദൈവരാജ്യം.
ആനന്ദത്തിൽ പങ്കു ചേരുന്നതാണ് ആഘോഷം. ആഘോഷമെന്നാൽ പണം ചെലവാക്കിയുള്ള ആഘോഷങ്ങളെക്കുറിച്ചു മാത്രമേ നമ്മൾ ചിന്തിക്കാറുള്ളു. നഷ്ടപ്പെട്ടതെന്ന് കരുതുന്നവ തിരികെ കിട്ടുന്നതിലെ ആനന്ദം. ദൈവത്തിൽ എല്ലാം പുനഃസൃഷ്ടിക്കാമെന്ന ആശ്വാസം, ജീവന്റെ അനുഭവം.
നമ്മുടെ ജീവിതാനുഭവങ്ങളും കൃപയുടെയും ജീവന്റെയും അടയാളങ്ങളായി, സുവിശേഷസൂചകങ്ങളായി യേശു കാണിച്ചു തരുന്നു. അത്തരത്തിൽ അവനിൽ നിന്ന് കേട്ടത് പരസ്പരം പറഞ്ഞു കൊണ്ട് ജീവിക്കുന്ന സുവിശേഷം പങ്കു വയ്ക്കപ്പെടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ