നവയുഗ ഗുരുക്കന്മാരും ഫീൽ ഗുഡ് പ്രഘോഷകരും, 'എളുപ്പം' അനുഗ്രഹം കിട്ടാൻ മാർഗം പറഞ്ഞു തരുന്നവരും, എങ്ങനെ ദൈവാരാധന നടത്തണം എന്നതിനെക്കുറിച്ച് ബലപ്രയോഗം നടത്തുന്നവരും ദൈവത്തിന്റെ ഹൃദയമലിയിപ്പിക്കാനുള്ള പ്രത്യേക പ്രാർത്ഥനകൾ അറിയാവുന്നവരും, 'ഇങ്ങനെ ചെയ്താൽ എന്ത് കിട്ടുമെന്ന് നോക്കൂ എന്ന് പറയുന്ന 'ഫിക്സ് ഇറ്റ് ഈസി' പ്രവാചകരും, കോപം ദൈവത്തിന്റെ സത്തയാക്കിയ തീക്ഷ്ണ പ്രവാചകരും പല കാര്യങ്ങൾ പറയുമ്പോൾ എന്തിനാണ് ക്രിസ്തുവിന്റെ സ്വരം കേൾക്കുന്നത്?
എന്റെ ആടുകൾ എന്റെ സ്വരം കേൾക്കുന്നു, അവർക്കു ഞാൻ ജീവന്റെ സമൃദ്ധി നൽകുന്നു എന്നത് തന്നെ കാര്യം (അവസാനമില്ലാതെ നീണ്ടു കിടക്കുന്ന ജീവിതമാണ് അനന്ത ജീവിതം എന്നത് കൊണ്ട് ക്രിസ്തു ഉദ്ദേശിക്കുന്നതെന്ന് അഭിപ്രായമില്ല). മേല്പറഞ്ഞ സ്വരങ്ങൾ കേട്ട് പിൻചെന്നവരിൽ ജീവന്റെ അടയാളങ്ങൾ ഇല്ല എന്നത് തന്നെയാണ് ക്രിസ്തുവിന്റെ സ്വരം കേൾക്കേണ്ടതിന്റെ അനിവാര്യത. ദൈവത്തെ എങ്ങനെ ഉപയോഗിക്കാം എന്ന് ചിന്തിക്കുന്നവരിൽ ദൈവത്തിനു സ്ഥാനമില്ല.
ഓരോ ജീവിതാനുഭവത്തിലും കേൾക്കപ്പെടുന്ന ക്രിസ്തുസ്വരവും തെളിഞ്ഞു കിട്ടുന്ന ദൈവമുഖവുമുണ്ട്. ഹൃദയത്തിൽ അത് കേൾക്കപ്പെടുകയും, ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് അധരങ്ങൾ സംസാരിക്കുകയും ചെയ്യും. അത് എങ്ങനെയോ നഷ്ടപ്പെടുന്നത് കൊണ്ടാണ് 'മൈക്ക് വെച്ച് പറയുന്ന സുവിശേഷങ്ങൾക്കു' ലാവണ്യം കുറയുകയും ജീവരഹിതമാവുകയും ചെയ്യുന്നത്. നല്ല ഇടയന്റെ സ്വരം ഹൃദയത്തിന്റെ സ്വകാര്യതയിൽ മന്ത്രിക്കപ്പെടുകയും മുള പൊട്ടി വളരുകയും ചെയ്യും. അത് ഒരു സിദ്ധാന്തമല്ല, നമ്മുടെ ജീവിതങ്ങളെക്കുറിച്ചു ഇടയന്റെ പരിഭാഷയാണത്. ജീവന്റെ ഉപ്പോടെ നമുക്ക് പങ്കുവയ്ക്കാനുള്ള സുവിശേഷവും അതാണ്.
ഒത്ത ശരീരമുള്ള ഒരു താടിക്കാരനാണ് നമുക്ക് ക്രിസ്തു. ആവട്ടെ, നമുക്ക് ഭാവന ആവശ്യമാണ്, രൂപകങ്ങളും. എന്നാൽ അവ സത്യത്തോട് അടുപ്പിക്കുന്നതിനു പകരം അകറ്റുന്നതാവരുത്. നമ്മിൽ ഓരോരുത്തരിലും, സമൂഹത്തിലും സഭയിലും വസിക്കുന്ന, ആ ക്രിസ്തു രൂപത്തെ, ആ സത്യത്തെ ഗ്രഹിക്കുവാനും ധ്യാനിക്കുവാനും നമ്മൾ ശ്രമിക്കുന്നില്ല എന്നത് വലിയ പരാജയമാണ്. അത് നമ്മുടെ കൃപാജീവിതത്തിൽ നിന്ന് നമ്മെ ഒരു പാട് അകറ്റി നിർത്തുന്നുണ്ട്. ആകാശത്തിന്റെ ഏറ്റവും ഉയരത്തിൽ എവിടെയൊയുള്ള ദൈവവും ക്രിസ്തുവും നമ്മൾ ഇന്നയിന്ന പ്രാർത്ഥനകളൊക്കെ ചൊല്ലുമ്പോൾ അനുഗ്രഹണങ്ങൾ ചൊരിഞ്ഞു തരുന്നു. ഒരുക്കി വെച്ചിരിക്കുന്ന കലവറയിൽ നിന്നും കുറച്ചെടുത്ത് ദൈവം വേണ്ടപ്പെട്ടവർക്ക് നൽകുന്നു. ഇവ എങ്ങനെയോ നമ്മിൽ നിന്ന് ബാഹ്യമായി നിൽക്കുന്ന യാഥാർത്ഥ്യങ്ങളായി കാണാൻ ആണ് നമ്മൾ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്. അത് എങ്ങനെയാവണം താനും എങ്കിലേ നമുക്ക് വ്യവസ്ഥകൾ വെച്ച് വിശ്വാസത്തെ വളച്ചൊടിക്കാൻ സാധിക്കൂ. ക്രിസ്തു നൽകിയ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയിലേക്കോ സത്യത്തിലും ആത്മാവിലുമുള്ള ആരാധനയിലേക്കോ അത് നയിക്കില്ല. എന്നാൽ, നമ്മുടെ ജീവിതങ്ങളിൽ ഒരു സുവിശേഷാശം ഉണ്ടെന്നും ദൈവ കൃപ നമ്മിൽ നല്കപ്പെട്ടിരിക്കുന്നെന്നും അത് ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സുവിശേഷഭാഷ രൂപപ്പെടുത്തുന്നെന്നും, കൃപയിൽ ഒരുമിക്കുന്ന നമ്മിൽ ആണ് ക്രിസ്തുശരീരമെന്നുമൊക്കെയുള്ള ധ്യാനങ്ങൾ കുറവാണ്. ഇത്തരം അന്തസത്തയെക്കുറിച്ചു ധ്യാനിക്കാതെയുള്ള സമുദായവാദങ്ങൾ പൊള്ളയായതുപോലെ അതിൽ ഏർപ്പെട്ടിരിക്കുന്നവരെ അത് പൊള്ളയാകുകയും ചെയ്യുകയാണ്. അതുപോലെതന്നെയാണ്, ആത്മീയതയെന്ന പേരിൽ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ എളുപ്പ ആത്മീയതകൾ ഇടം പിടിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ