ദൈവം പരിഹാരം ചോദിക്കുന്നില്ല. എന്നാൽ പരിഹാരം നമ്മിൽ നിന്ന് ആവശ്യമായിട്ടുണ്ട്. പലതരത്തിലുള്ള അനീതികൾക്ക് ഇരയാക്കപ്പെട്ട നിസ്സഹായർ നമുക്കിടയിലുണ്ട്. അനീതിയുടെ അത്തരം സാമൂഹിക സംവിധാനങ്ങളിൽ സ്ഥാപിതമാക്കപ്പെട്ട തിന്മകളെ നിസ്സഹായരായി സഹിക്കുന്നവരാണവർ (നമ്മളും). അവിടെ നീതിയുടെ പ്രവൃത്തികളാണ് ദൈവം ആഗ്രഹിക്കുന്ന പരിഹാരം. കരുണയുടെ അടയാളങ്ങളായി തിളങ്ങേണ്ടവയാണ് യഥാർത്ഥ പരിഹാരം. അത്, മനുഷ്യരുടെ, ഭൂമിയുടെ നന്മയും ജീവനും ഉറപ്പു വരുത്തുന്നു. ത്യാഗങ്ങൾ ഉൾപ്പെടുന്ന യഥാർത്ഥ ബലികളാണവ. നീതി തേടാത്ത, നീതി ഉറപ്പാക്കാൻ പ്രയത്നിക്കാത്ത ഒരു പരിഹാരപ്രവൃത്തിയും ദൈവത്തിനു മുമ്പിൽ സ്വീകാര്യമല്ല. ഏതു തിന്മ കണ്ടുകൊണ്ടാണോ പരിഹാരമർപ്പിക്കാൻ ശ്രമിക്കുന്നത്, ആ തിന്മക്കു പകരമായുള്ള നന്മകളുടെ വളർച്ചയാണ് അനുയോജ്യമായ പരിഹാരം. _________________________
കുറ്റബോധത്തിന്റെ ഒരു മനഃസാക്ഷിയിൽ നിന്നാണ് ഒരു ആത്മീയത വളർത്തിയെടുക്കേണ്ടത് എന്ന് ദൈവം ആഗ്രഹിക്കുന്നുണ്ടെന്നു കരുതാനാവില്ല. തെറ്റുകുറ്റങ്ങൾ നോക്കിയിരുന്നു നിഷ്ഠയോടെ ശിക്ഷ വിധിക്കുന്ന 'ദൈവമാണ്' ജീവിതത്തെ നിയന്ത്രിക്കുന്നതെങ്കിൽ തീർച്ചയായും കുറ്റബോധമാകും 'ആത്മീയതയുടെ' അടിസ്ഥാന ഘടകം. കോടതിയാണ് അപ്പോൾ സ്വർഗ്ഗത്തിന് അനുയോജ്യമായ രൂപകം. പരിഹാരം ചെയ്യുകയെന്നതാവും ജീവിതക്രമം. മോചനദ്രവ്യവും ജാമ്യവുമൊക്കെ കോടതിയുടെ ക്രമങ്ങളാണ്. പ്രതിഫല- ദൈവശാസ്ത്രവും സമാനമായ ജീവിതക്രമമുണ്ടാക്കും. ചെയ്തികൾക്കനുസൃതമാകും അനുഗ്രഹങ്ങൾ. പ്രാർത്ഥന, കർമ്മങ്ങൾ, വി. ബലി, നന്മപ്രവൃത്തികൾ എന്നിവയൊക്കെയും പരിഹാരമായോ അനുഗ്രഹങ്ങൾക്ക് വേണ്ടിയോ ആയി മാറുന്നത് പെട്ടെന്നാകും. മേല്പറഞ്ഞ രണ്ടു കാര്യങ്ങളും ഭയം നിറക്കുന്നതായതു കൊണ്ട് ഇവയൊന്നും ചെയ്തില്ലെങ്കിൽ എന്തെങ്കിലും അനിഷ്ടങ്ങൾ ദൈവം വരുത്തിയേക്കുമോ എന്ന ഭീതിയും ഈ ചെയ്തികൾക്ക് പിറകിൽ വന്നുചേരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ