ത്യാഗങ്ങൾ അനുഷ്ഠാനമായി അനുവർത്തിക്കപ്പെടുമ്പോൾ അവ ഫരിസേയൻ്റെ ന്യായപ്പട്ടികയിലെ എണ്ണം കൂട്ടുകയേയുള്ളു. ജീവദായകമായ ആത്മശൂന്യവത്കരണമാകുമ്പോഴാണ് ത്യാഗം ക്രിസ്തുവിന്റെ കുരിശുകളാവുന്നത്. ആ കുരിശുമെടുത്തുകൊണ്ട് അനുദിനം അവനെ അനുഗമിക്കുന്നത് 'അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു എന്ന് പറയാൻ മാത്രമുള്ള ദൈവാശ്രയബോധം പരിശീലിക്കുവാനാണ്.
ഫെബ്രുവരി 23, 2023
ഫെബ്രുവരി 21, 2023
മണ്ണിന്റെ സാധ്യത
നശ്വരതയെക്കുറിച്ചുള്ള വിലാപകാലമല്ല നോമ്പ്. വിത്തെറിഞ്ഞിട്ടുള്ള ഒരാളുടെ പ്രത്യാശയുടെ കാലമാണ് നോമ്പ്. സുവിശേഷത്തിന്റെ വിത്ത് സ്വീകരിച്ച് അത് ഒരാളിൽ ക്രിസ്തുരൂപമായി വളരുന്നതിനായുള്ള പ്രത്യാശ. സ്വയവും മറ്റുള്ളവരെയും മുറിപ്പെടുത്തുന്ന മുള്ളുകൾ സൃഷ്ടിക്കുന്ന ആത്മനൊമ്പരങ്ങൾ കൃപയുടെ തെളിനീരാൽ സ്നാപനം ചെയ്യപ്പെട്ട് ക്രിസ്തുവായി ഉയരുന്ന പുതുമനുഷ്യൻ.
ഫെബ്രുവരി 20, 2023
നീതിമാന്റെ അധരങ്ങൾ
തീവ്രമായ ആഗ്രഹം, സുതാര്യമായ പ്രാർത്ഥന, ആത്മാർത്ഥമായ പ്രയത്നം എന്നിവ ഒരുമിച്ചുണ്ടെങ്കിലേ ആത്മീയവരങ്ങളുടെ വളർച്ച സാധ്യമാകൂ. ഒരു നിമിഷം ഒരു വെള്ളിവെളിച്ചം പോലെ വന്നെത്തുന്നതല്ല ആത്മീയവരങ്ങൾ.
ജ്ഞാനം മറ്റു പല വരങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. വിവേകം ബുദ്ധി, അറിവ്, ആലോചന, വിവേചനം, വ്യാഖ്യാനം, പ്രബോധനം, ഉപദേശം, സംഭാഷണം (ഭാഷ) എന്നിവയിലെല്ലാം ജ്ഞാനത്തിന്റെ പങ്ക് പ്രകടമാണ്. ഈ പുണ്യങ്ങളുടെ വളർച്ചയിലാണ് ആ മേഖലകളിലുള്ള തിന്മകൾ (വ്യക്തിരൂപം നല്കപ്പെട്ടിട്ടുള്ളതും അല്ലാത്തവയും) അകലുന്നത്. കഠിനമായി ഉറച്ചു പോയിട്ടുള്ള തിന്മകൾക്ക് ഇളക്കം വരുത്താനും അലിയിച്ചു കളയാനും മാനസികവും ആത്മീയവുമായ കൗൺസിലിംഗ് പ്രക്രിയകൾ സഹായകവുമായേക്കാം. ശരിയായ പശ്ചാത്താപം ഈ കാഠിന്യങ്ങളെ വേണ്ടവിധം കണ്ടെത്താനും നീക്കിക്കളയാനും കഴിയുന്നെങ്കിലേ സാധിക്കൂ. പുണ്യങ്ങളിൽ, ആത്മീയ വരങ്ങളിൽ വളരുന്നതിനുള്ള പ്രാധാന്യം എങ്ങനെയോ നമുക്കു അന്യമായി. പകരം തിന്മ-അവബോധം കേന്ദ്രീകരിച്ചുള്ള ഭക്തിപ്രക്രിയകളാണ് നമുക്ക് പരിചിതം. അവിടെ തീവ്രമായ ആഗ്രഹം, സുതാര്യമായ പ്രാർത്ഥന, ആത്മാർത്ഥമായ പ്രയത്നം എന്ന പ്രക്രിയക്ക് പ്രാധാന്യം കുറവും ശാപങ്ങളുടെയും പിശാചുക്കളുടെയും പങ്കിന് പ്രാധാന്യം കൂടുതലുമാണ്. പുണ്യങ്ങൾ ആഗ്രഹിക്കാത്ത ഒരാൾ കലഹം സൃഷ്ടിക്കും. അത്തരം ജീവിതങ്ങളിൽ ജ്ഞാനം കുടികൊള്ളാത്തതിനാൽ മൈത്രിയും സമാധാനവും അവരിൽ നിന്ന് പുറപ്പെടില്ല.
വളരുന്ന ഒരാൾ ദൈവജ്ഞാനം അയാളുടെ ദൃഷ്ടിയും മനസും ചിന്തയുമാക്കും. അയാളുടെ വാക്കുകളും തീരുമാനങ്ങളും സൗഖ്യവും ശക്തിയും പകരുന്നതാകും. അതുകൊണ്ടാണ്, "നീതിമാന്റെ അധരങ്ങൾ ജ്ഞാനം പ്രഘോഷിക്കുന്നു; അവരുടെ നാവുകൾ ന്യായവിധി നൽകുന്നു" എന്ന് സങ്കീർത്തകൻ എഴുതിയത്.
ഫെബ്രുവരി 16, 2023
പ്രാർത്ഥന
പ്രാർത്ഥന ഒരു സംഭാഷണമാണ്. എങ്കിലും അതിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്. എങ്ങനെ പ്രാർത്ഥിക്കണം എന്നത് നമ്മുടെ മാനവികദർശനത്തെയും സഭാശാസ്ത്രത്തെയും കൂടി അടിസ്ഥാനപ്പെടുത്തിയേ മനസിലാക്കാനാകൂ. ഏതൊരു മതത്തിലും മിത്തുകൾക്കുള്ള സ്വാധീനം പോലെ ഈ രണ്ടു മേഖലകളെ നിർവചിക്കുന്ന തത്വങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിലേ പ്രാർത്ഥനയുടെ അർത്ഥവും മൂല്യവും ലക്ഷ്യവും എങ്ങനെ കാണപ്പെടുന്നു എന്ന് മനസിലാക്കാനാകൂ. താലോലിച്ചു പോരുന്ന ഭക്തിഗീതങ്ങൾ, 'വചനപ്രഘോഷണങ്ങൾ,' ഭക്തിരൂപങ്ങൾ തുടങ്ങിയവ ദൈവാനുഗ്രഹത്തെ ഏതുവിധേനയാണ് അവതരിപ്പിക്കുന്നത്? സ്വന്തം കാര്യങ്ങളും സ്വന്തം രക്ഷയും സ്വന്തം പാപമോചനവുമൊക്കെയല്ലേ? അതിൽ പ്രതിഫലം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഭക്തിരൂപങ്ങൾക്കൊപ്പം, 'personal salvation' എന്ന (അമേരിക്കൻ വചന [രാഷ്ട്രീയ] പ്രഘോഷത്തിലെ പ്രധാന ഘടകം) ഊന്നൽ കൂടിയുണ്ട്. ദേഹീ-ദേഹ സംഘർഷങ്ങൾ, ഉടുപ്പൂരി വീട്ടിൽ പോകുന്ന ആത്മാവ്, ലോകവും ബന്ധങ്ങളുമൊക്കെ മായയെന്നറിഞ്ഞു നിത്യതമാത്രം ലക്ഷ്യമാക്കി നടക്കുന്ന ഏകാന്ത സഞ്ചാരി ഇവയൊക്കെ വെറും സങ്കല്പങ്ങളായി നിൽക്കുന്നില്ല. അവ പ്രാർത്ഥനയേയും വിശ്വാസത്തെയും സ്വാധീനിക്കുന്നുണ്ട്.
വ്യക്തികൾ വ്യത്യസ്തരാണെങ്കിലും ആരും അവരിൽത്തന്നെ പൂർണ്ണരല്ല. മറ്റുള്ളവരോടും സകല സൃഷ്ടികളോടും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ എല്ലാവരും ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരെയും പൂർണ്ണരാക്കുന്ന തും ആ പൂർണ്ണതയും വചനമാണ്. അത് കൊണ്ട് തന്നെ ക്രിസ്തുവിൽ ഏകശരീരമെന്ന ദർശനം സത്യവും യഥാർത്ഥവുമാണ്. അതുണ്ടെങ്കിലേ ഒരാളുടെ മഹത്വം ശരീരം മുഴുവന്റെയും മഹത്വവും ആനന്ദവും, ഒരാളുടെ വേദന ശരീരം മുഴുവനെയും സഹനവുമാകുന്നത്. അവിടെയേ മാനവദര്ശനവും സഭാദര്ശനവും ശരിയായ ദിശയിലാകുന്നുള്ളു. പ്രാർത്ഥനയും ഭക്തിയും ഇതിനെ അടിസ്ഥാനപ്പെടുത്തിയാകുമ്പോൾ എങ്ങനെ എന്ത് എന്നിവയെല്ലാം വ്യക്തമാകും. വ്യക്തിപരമായ അർത്ഥനകൾ ദൈവത്തിനു മുൻപിൽ തുറന്നു വയ്ക്കുന്നത്, നമുക്ക് ദൈവത്തിലുള്ള ആശ്രയബോധവും, ദൈവത്തിന്റെ പരിപാലനയിലും കരുണയിലും നീതിയിലും നമ്മൾ കാണുന്ന ഉറപ്പും ഉൾക്കൊണ്ടുകൊണ്ടാണ്.
സമൂഹത്തിൽ നിന്നോ കുടുംബത്തിൽ നിന്നോ സ്വയം മുറിച്ചു മാറ്റിക്കൊണ്ട് ഒരാൾക്ക് പ്രാർത്ഥിക്കാനാവില്ല. സ്വന്തം അഭിവൃദ്ധിയോ ആത്മസാക്ഷാത്കാരമോ ആഗ്രഹിക്കുന്ന ഭക്തിരൂപങ്ങൾ ക്രിസ്തുകേന്ദ്രീകൃതമോ ക്രിസ്തുവിനെ ആഗ്രഹിക്കുന്നതോ അല്ല. ഒരാൾ ഒറ്റയ്ക്ക് പ്രാർത്ഥിക്കുമ്പോൾ അയാളുടെ ആന്തരികതയിൽ സമൂഹം മുഴുവന്റെയും ആനന്ദവും അഭിമാനവും വേദനയും അപമാനവും വീഴ്ചകളും പാപഭാരവും ഉണ്ടാവണം. കുടുംബത്തിലോ ദേവാലയത്തിന്റെ പ്രാർത്ഥിക്കുമ്പോൾ, സ്വന്തം ജീവിതത്തെ വീട്ടിൽ അടച്ചിട്ടു വരാനുമാവില്ല. അവയൊക്കെ ദേവാലയത്തിലെ അർപ്പണത്തിലുമുണ്ടാവണം. ഈ പശ്ചാത്തലങ്ങൾ നമുക്കുണ്ടോ എന്ന് ആത്മശോധന ചെയ്യേണ്ടത് നമ്മളാണ്. കൂട്ടായ്മയും പങ്കുവയ്പ്പും ഭാവനാസൃഷ്ടിയായി സൂക്ഷിക്കുമ്പോൾ അത് ദേവാലയസങ്കല്പത്തിലെ കപടതയാണ്. അത് സമ്മേളനം മാത്രമാണ്. ക്രിസ്തുവെന്ന ദേവാലയമോ, ബലിപീഠമോ, അർപ്പണമോ അവിടെയില്ല.
ക്രിസ്തുവിലാണ് ഒരാൾ പ്രാർത്ഥിക്കുന്നത്, ക്രിസ്തുവിലൂടെയാണ് ഒരാൾ പ്രാർത്ഥിക്കുന്നത്. ഈ ക്രിസ്തുഅവബോധമാണ് നമ്മുടെ പ്രാർത്ഥനകൾക്കും, ധ്യാനങ്ങൾക്കും ആരാധനാക്രമങ്ങൾക്കും നഷ്ടമായിരിക്കുന്നത്.
ഫെബ്രുവരി 14, 2023
പഴയ പുളിമാവ്
അധികാരത്തെ ബീഭത്സമായ അവസ്ഥയിൽ നിവർത്തിച്ച ഒരാളാണ് ഹേറോദേസ്. ചീഞ്ഞളിഞ്ഞ സ്വത്വബോധത്തിൽ അയാളിൽ പുളിച്ച മാവ് ജീർണിച്ച സിംഹാസനവും, ഹേറോദിയായ്ക്കു മുമ്പിൽ അടിയറവു പറഞ്ഞ നീതിബോധവുമാണ്. ദൈവത്തിന്റെ പരിപാലനയുടെയും കരുണയുടെയും സ്നേഹത്തിന്റെയും അടയാളങ്ങളായിരുന്ന യേശുവിന്റെ സൗഖ്യപ്രവൃത്തികളെ ആസ്വാദ്യമായ ഒരു കലാപരിപാടി പോലെ നോക്കിക്കാണാൻ അയാൾ ആഗ്രഹിച്ചു.
അടയാളമന്വേഷിച്ചു നടക്കുന്നവർ അത് കണ്ടിട്ടും പുറംതിരിഞ്ഞു നിൽക്കുന്നത് അവരുടെ കപടതകൊണ്ടാണ്. ദൈവത്തെക്കാൾ അവർക്കു പ്രധാനം അവരുടെ വിശുദ്ധിയാണ്. അവരെക്കാൾ നീതിമാനായി ദൈവം പോലുമില്ല.
പുളിമാവ്, യീസ്റ്റ് ചേർത്ത് പുളിപ്പിച്ചെടുത്തതല്ല. പുളിച്ച മാവിൽ നിന്ന് അല്പം മാറ്റി വെച്ച് അത് പുതിയ മാവിൽ കലർത്തി അത് പുളിപ്പിച്ചെടുക്കുന്നു. പിതാക്കന്മാരുടെ പാരമ്പര്യങ്ങൾ എന്ന് പറഞ്ഞു കൊണ്ട് ദൈവപുത്രനെ മാറ്റിനിർത്തിയ ഫരിസേയരുടെ പുളിമാവിനെ സൂക്ഷിക്കേണ്ടതാണ്. അതുപോലെ തന്നെ, ദൈവത്തിന്റെ കരുണയെ മായാജാലങ്ങളാക്കുന്ന, അതുവഴി ജീർണിച്ച അധികാരങ്ങളുടെ താൽപര്യങ്ങൾക്കു സ്തോത്രം പാടുന്ന പുളിമാവും ജാഗ്രതയോടെ നിരീക്ഷിക്കപ്പെടണം. വിശ്വാസമെന്നത് ജീവബന്ധമെന്നതിനു പകരം കൺകെട്ടുവിദ്യകളാക്കപ്പെടുന്നിടത്ത്, സ്വയം നീതീകരിക്കാവുന്ന ന്യായവ്യവസ്ഥകൾ ഭക്തിയുടെയും മതചര്യകളുടെയും പേരിൽ നിർമ്മിക്കപ്പെടുന്നിടത്ത് പഴയ പുളിമാവ് സജീവമാണ്. ദൈവികശുശ്രൂഷകൾ മാസ്മരികത നിറച്ച ആസ്വാദ്യകലകളാക്കപ്പെടുന്നതും, സ്വയം നീതീകരിക്കാവുന്ന ഒരു വിശുദ്ധ ഗണമുണ്ടാവുന്നതും അധികാരവും ധനവും ധ്രുവീകരിക്കാനുതകുന്ന സംവിധാനങ്ങളാണെന്നതിലാണ് ദൈവം മാറ്റിനിർത്തപ്പെടുന്നത്.
പെസഹായുടെ കടന്നു പോകൽ അനുഭവം അവിടെ തീർത്തും അന്യമാണ്, അനാവശ്യകടമ്പയാണ്.
ഫെബ്രുവരി 13, 2023
ഞങ്ങൾക്കുവേണ്ടി മാത്രം മരിച്ച മിശിഹാ
അക്കാലത്ത്, അവിടെ വലിയ ഒരു ഭൂകമ്പമുണ്ടായി. ഒറ്റപ്പെട്ടവരും, മുറിവേറ്റവരും, തളർന്നു പോയവരും നിരവധിയായി. കമ്പിളിയും കൂടാരവും അവർ പങ്കു വെച്ചു. കിട്ടിയ പൊതിച്ചോറൊക്കെ പരസ്പരം കരുതലോടെ നൽകി. കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ചു. അവിടേക്ക് മിശിഹാ കടന്നു വന്നു. നമ്മുടെ സമുദായത്തെ മാത്രം കണ്ടു കൊണ്ട് നമ്മൾ സഹായങ്ങൾ സമാഹരിക്കുന്നുണ്ട്. അത് നമ്മുടെ ആളുകൾക്ക് മാത്രമേ നൽകാവൂ. തെരഞ്ഞെടുക്കപ്പെടാത്തവരായ മറ്റെല്ലാവരും നശിക്കേണ്ടവരാണ്.
--- ഞങ്ങൾക്കുവേണ്ടി മാത്രം മരിച്ച മിശിഹായുടെ സുവിശേഷം.
നസ്രത്തിലെ യേശുവും അവന്റെ അമ്മയായ മറിയവും ആരുമറിയാതെ, നാശത്തിനു ഇട്ടുകൊടുക്കപ്പെട്ടവർക്കിടയിൽ അപ്പവും വെള്ളവും കൊണ്ടുകൊടുത്തു. അപ്പം വർദ്ധിപ്പിക്കാനോ വെള്ളം വീഞ്ഞാക്കാനോ അവർ തുനിഞ്ഞില്ല. അവർ അവരിലൊന്നായി. സന്മനസുള്ളവരുടെ സമാധാനം അവർ കണ്ടു.
ഫെബ്രുവരി 12, 2023
നിയമവും പുണ്യവും
നിയമത്തിന്റെ പോരായ്മ അതിന്റെ പഴുതുകളാണ്. ലംഘനമാകാതെ എത്രത്തോളം പോകാമെന്നത് അതിനെ കപടമാക്കുന്നു. കൗശലക്കാർ നല്ല മുഖമണിയുകയും ശുദ്ധർ കുരുക്കപ്പെടുകയും ചെയ്യുന്നു. നിയമത്തിന്റെ പരിരക്ഷ അത് തീർക്കുന്ന അതിരുകളിലാണ്. ആ അതിരുകൾക്കപ്പുറം നിയമം സ്വതന്ത്രമല്ല. നിയമവും പുണ്യവും
കൊല്ലാതെ ഒരാളെ എങ്ങനെ ജീവനറ്റതാക്കാം? അസത്യത്തിന് എങ്ങനെ നല്ലമുഖം നൽകാം? അധർമ്മകളെയും ചൂഷണങ്ങളെയും എങ്ങനെ നിയമപരമാക്കാം? ദൈവത്തിന്റെ പേരിൽ എങ്ങനെ മേധാവിത്വം കാണിക്കാം? ആരാധനയുടെ പേരിൽ എങ്ങനെ തേർവാഴ്ച നടത്താം? നന്മകളുടെ മറവിൽ എങ്ങനെ കൊള്ള ചെയ്യുകയും പാവങ്ങളെ ഓടിച്ചകറ്റുകയും ചെയ്യാം?
എല്ലാവർക്കും നന്മ ചെയ്യുക എന്നത് നിയമമല്ല, പുണ്യമാണ്. അതിനെ നിയമിതമാക്കി നിർവചിക്കാനാവില്ല. അത് കൊണ്ട് പുണ്യങ്ങളെക്കാൾ നിയമത്തെ പുൽകുന്നതാണ്, നീതീകരിക്കുവാനുള്ള എളുപ്പമാർഗം. നിയമങ്ങൾ ഉൾക്കൊള്ളുന്ന പുണ്യങ്ങളെപ്പോലും അത് ഏറ്റം ചുരുങ്ങിയ അളവിലേക്കു കൊണ്ടെത്തിക്കും.
വ്യക്തിയിലും സമൂഹത്തിലും പുണ്യങ്ങൾ കാണപ്പെടുമ്പോഴാണ് വികാസവും വളർച്ചയും ഉണ്ടെന്നറിയുന്നത്. അവ ഒരു അത്ഭുതം പോലെ ഒട്ടിച്ചു ചേർക്കാവുന്നതല്ല. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയിൽ പതിയെ വളർന്നു രൂപപ്പെടേണ്ടതാണ്. ഉള്ളിലുള്ള ദുഷ്ടാരൂപികളുടെയും പിശാചുക്കളുടെയും സാന്നിധ്യഫലമായി ഉണ്ടാകുന്നതാണ് തിന്മകളും ദുർഗുണങ്ങളും എന്ന കാഴ്ചപ്പാട് ഒരുകാലത്ത് ഉണ്ടായിരുന്നു (ഇന്നും പലരും ആ കാഴ്ചപ്പാട് ഇഷ്ടപ്പെടുന്നു). ആർത്തിയും, കലഹവും, കോപവുമൊക്കെ അകലാൻ പിശാചുക്കളെ ഓടിക്കുന്ന രീതികൾ ഉണ്ടായിരുന്നത് അതിനാലാണ്. ശാരീരികമോ മാനസികമോ ആയ ദുർഗുണങ്ങൾക്കും നിർബലതകൾക്കും അടിസ്ഥാനപരമായ കാരണങ്ങളെ കൂടുതൽ വ്യക്തമായി മനസിലാക്കാൻ ഇന്ന് കഴിയുമ്പോൾ, നമ്മുടെ വ്യക്തിപരമായതും സാമൂഹികമായുമുള്ള വലിയ ഉത്തരവാദിത്തതോട് കൂടിയേ വളർച്ചയും വികാസവും യാഥാർത്ഥ്യമാകൂ എന്ന് ബോധ്യപ്പെടുത്തുന്നു. ദുർവ്വാസനകൾക്കു കാരണമായി വർത്തിക്കുന്ന ഭാരങ്ങളെയും നൊമ്പരങ്ങളെയും സാന്ത്വനവും സൗഖ്യവും നൽകി സ്വയം ശക്തി നേടാൻ മാനുഷികവും ആത്മീയവുമായ പ്രയത്നം നടത്തിക്കൊണ്ടാണ് വളർച്ചയുടെ വഴി നടന്നു പുണ്യങ്ങൾ സ്വായത്തമാക്കുന്നത്. തീവ്രവും ആത്മാർത്ഥവുമായ ഈ ആഗ്രഹം നമ്മിൽ കൊണ്ടുവരുന്ന രൂപാന്തരത്തെ ആത്മാഭിഷേകമെന്നും ക്രിസ്തുരൂപീകരണമെന്നും ഒക്കെ വിളിക്കാം.
നിയമങ്ങളുടെ സുരക്ഷകളിലേക്കു ചുരുങ്ങുകയും ക്രിസ്തുരൂപീകരണം അപ്രധാനമാവുകയും ചെയ്യുന്നിടത്ത് സുവിശേഷം സദ്വാർത്ത ആയിരിക്കില്ല. അസ്വസ്ഥതയും അപകടവുമാവും സുവിശേഷത്തിൽ കാണുക. സ്നേഹിക്കുക എന്ന പ്രമാണം പോലും, നിയമ സുരക്ഷയുടെ അതിരുകൾ കടന്നാൽ അപവിത്രവും അശുദ്ധവും ആചാരവിരുദ്ധവുമാകും. കുഷ്ഠരോഗിയെ സ്വീകരിച്ച ക്രിസ്തു അശുദ്ധനായതും, പുരോഹിതനും ലെവായനും മരണാസന്നനായവനെ ശുശ്രൂഷിക്കേണ്ടതായി തോന്നാതിരുന്നതും അതുകൊണ്ടാണ്. നിയമപ്രകാരം പുരോഹിതനും ലെവായനും ഒരു തെറ്റും ചെയ്തിട്ടില്ല. ദേവാലയത്തിൽ സ്വയം പുകഴ്ത്തിയ ഫരിസേയനും നിയമപ്രകാരം നീതിമാൻ തന്നെയാണ്. ചെറുപ്പം മുതൽ നിയമങ്ങൾ എല്ലാം കണിശമായി പാലിച്ച ധനികനായ ചെറുപ്പക്കാരനും തെറ്റൊന്നും ചെയ്തിട്ടില്ല. അവരിലെ കുറവ്, ക്രിസ്തുരൂപത്തിലേക്ക് സ്വയം തുറക്കാൻ നിയമപാലനത്തിന്റെ സംതൃപ്ത പരിധി അവരെ അനുവദിച്ചില്ല എന്നതാണ്.
അത് അത്ര കാര്യമാക്കാനുള്ള കുറവാണോ?