Gentle Dew Drop

ഫെബ്രുവരി 16, 2023

പ്രാർത്ഥന

പ്രാർത്ഥന ഒരു സംഭാഷണമാണ്. എങ്കിലും അതിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്. എങ്ങനെ പ്രാർത്ഥിക്കണം എന്നത് നമ്മുടെ മാനവികദർശനത്തെയും സഭാശാസ്ത്രത്തെയും കൂടി അടിസ്ഥാനപ്പെടുത്തിയേ മനസിലാക്കാനാകൂ. ഏതൊരു മതത്തിലും മിത്തുകൾക്കുള്ള സ്വാധീനം പോലെ ഈ രണ്ടു മേഖലകളെ നിർവചിക്കുന്ന തത്വങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിലേ പ്രാർത്ഥനയുടെ അർത്ഥവും മൂല്യവും ലക്ഷ്യവും എങ്ങനെ കാണപ്പെടുന്നു എന്ന് മനസിലാക്കാനാകൂ. താലോലിച്ചു പോരുന്ന ഭക്തിഗീതങ്ങൾ, 'വചനപ്രഘോഷണങ്ങൾ,' ഭക്തിരൂപങ്ങൾ തുടങ്ങിയവ ദൈവാനുഗ്രഹത്തെ ഏതുവിധേനയാണ് അവതരിപ്പിക്കുന്നത്? സ്വന്തം കാര്യങ്ങളും സ്വന്തം രക്ഷയും സ്വന്തം പാപമോചനവുമൊക്കെയല്ലേ? അതിൽ പ്രതിഫലം ലക്‌ഷ്യം വെച്ചുകൊണ്ടുള്ള ഭക്തിരൂപങ്ങൾക്കൊപ്പം, 'personal salvation' എന്ന (അമേരിക്കൻ വചന [രാഷ്ട്രീയ] പ്രഘോഷത്തിലെ പ്രധാന ഘടകം) ഊന്നൽ കൂടിയുണ്ട്. ദേഹീ-ദേഹ സംഘർഷങ്ങൾ, ഉടുപ്പൂരി വീട്ടിൽ പോകുന്ന ആത്മാവ്, ലോകവും ബന്ധങ്ങളുമൊക്കെ മായയെന്നറിഞ്ഞു നിത്യതമാത്രം ലക്ഷ്യമാക്കി നടക്കുന്ന ഏകാന്ത സഞ്ചാരി ഇവയൊക്കെ വെറും സങ്കല്പങ്ങളായി നിൽക്കുന്നില്ല. അവ പ്രാർത്ഥനയേയും വിശ്വാസത്തെയും സ്വാധീനിക്കുന്നുണ്ട്. 

വ്യക്തികൾ വ്യത്യസ്തരാണെങ്കിലും ആരും അവരിൽത്തന്നെ പൂർണ്ണരല്ല. മറ്റുള്ളവരോടും സകല സൃഷ്ടികളോടും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ എല്ലാവരും ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരെയും പൂർണ്ണരാക്കുന്ന തും ആ പൂർണ്ണതയും വചനമാണ്. അത് കൊണ്ട് തന്നെ ക്രിസ്‍തുവിൽ ഏകശരീരമെന്ന ദർശനം സത്യവും യഥാർത്ഥവുമാണ്. അതുണ്ടെങ്കിലേ ഒരാളുടെ മഹത്വം ശരീരം മുഴുവന്റെയും മഹത്വവും ആനന്ദവും, ഒരാളുടെ വേദന ശരീരം മുഴുവനെയും സഹനവുമാകുന്നത്. അവിടെയേ മാനവദര്ശനവും സഭാദര്ശനവും ശരിയായ ദിശയിലാകുന്നുള്ളു. പ്രാർത്ഥനയും ഭക്തിയും ഇതിനെ അടിസ്ഥാനപ്പെടുത്തിയാകുമ്പോൾ എങ്ങനെ എന്ത് എന്നിവയെല്ലാം വ്യക്തമാകും. വ്യക്തിപരമായ അർത്ഥനകൾ ദൈവത്തിനു മുൻപിൽ തുറന്നു വയ്ക്കുന്നത്, നമുക്ക് ദൈവത്തിലുള്ള ആശ്രയബോധവും, ദൈവത്തിന്റെ പരിപാലനയിലും കരുണയിലും നീതിയിലും നമ്മൾ കാണുന്ന ഉറപ്പും ഉൾക്കൊണ്ടുകൊണ്ടാണ്. 

സമൂഹത്തിൽ നിന്നോ കുടുംബത്തിൽ നിന്നോ സ്വയം മുറിച്ചു മാറ്റിക്കൊണ്ട് ഒരാൾക്ക് പ്രാർത്ഥിക്കാനാവില്ല.  സ്വന്തം അഭിവൃദ്ധിയോ ആത്മസാക്ഷാത്കാരമോ ആഗ്രഹിക്കുന്ന ഭക്തിരൂപങ്ങൾ ക്രിസ്തുകേന്ദ്രീകൃതമോ ക്രിസ്തുവിനെ ആഗ്രഹിക്കുന്നതോ അല്ല. ഒരാൾ ഒറ്റയ്ക്ക് പ്രാർത്ഥിക്കുമ്പോൾ അയാളുടെ ആന്തരികതയിൽ സമൂഹം മുഴുവന്റെയും ആനന്ദവും അഭിമാനവും വേദനയും അപമാനവും വീഴ്ചകളും പാപഭാരവും ഉണ്ടാവണം. കുടുംബത്തിലോ ദേവാലയത്തിന്റെ പ്രാർത്ഥിക്കുമ്പോൾ, സ്വന്തം ജീവിതത്തെ വീട്ടിൽ അടച്ചിട്ടു വരാനുമാവില്ല. അവയൊക്കെ ദേവാലയത്തിലെ അർപ്പണത്തിലുമുണ്ടാവണം. ഈ പശ്ചാത്തലങ്ങൾ നമുക്കുണ്ടോ എന്ന് ആത്മശോധന ചെയ്യേണ്ടത് നമ്മളാണ്. കൂട്ടായ്മയും പങ്കുവയ്പ്പും ഭാവനാസൃഷ്ടിയായി സൂക്ഷിക്കുമ്പോൾ അത് ദേവാലയസങ്കല്പത്തിലെ കപടതയാണ്. അത് സമ്മേളനം മാത്രമാണ്. ക്രിസ്തുവെന്ന ദേവാലയമോ, ബലിപീഠമോ, അർപ്പണമോ അവിടെയില്ല.

ക്രിസ്തുവിലാണ് ഒരാൾ പ്രാർത്ഥിക്കുന്നത്, ക്രിസ്തുവിലൂടെയാണ് ഒരാൾ പ്രാർത്ഥിക്കുന്നത്. ഈ ക്രിസ്തുഅവബോധമാണ് നമ്മുടെ പ്രാർത്ഥനകൾക്കും, ധ്യാനങ്ങൾക്കും ആരാധനാക്രമങ്ങൾക്കും നഷ്ടമായിരിക്കുന്നത്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ