വാക്ക്-സൃഷ്ടി എന്ന ക്രമത്തിൽ ക്ഷണനേരം കൊണ്ടുള്ള സൃഷ്ടി മാസ്മരികമാണ്. വാക്ക്-ജീവൻ-സൃഷ്ടി-വളർച്ച എന്ന ക്രമം ധ്യാനം, ഭാവന, കൃതജ്ഞത എന്നിവ കൂടുതൽ ആവശ്യപ്പെടുന്നു. സൃഷ്ടി ജനിച്ചതും വളർന്നതും പുഷ്പിച്ചതും പെരുകിയതും എല്ലാം നല്ലതെന്നു ദൈവം കണ്ടതുമാണ്. എങ്കിലും സാബത്താനുഷ്ഠാനത്തിന്റെ സാധുതക്കായി ഏഴാം ദിവസത്തെ 'പരിശുദ്ധ' ദിനമാക്കി. നിരന്തരം പ്രവർത്തിക്കുന്നവനായ ദൈവത്തിനു വിശ്രമ ദിനമൊരുക്കി. തുടർന്നു പോകുന്ന സൃഷ്ടിപ്രക്രിയയെ ആറാം ദിനത്തിൽ നിശ്ചലമാക്കി. 'പരിശുദ്ധി' ചേർക്കപ്പെടുന്ന ദിനങ്ങളും അതിന്റെ പ്രത്യേക പ്രവൃത്തികളും മറ്റു ദിനങ്ങളെയും അവയിലെ പ്രവൃത്തികളെയും 'സാധാരണമാക്കും,' അശുദ്ധമാക്കും, അപൂർണ്ണമാക്കും.
നിങ്ങളുടെ പാരമ്പര്യം പാലിക്കുവാൻ വേണ്ടി നിങ്ങൾ കൗശലപൂർവ്വം ദൈവത്തിന്റെ നന്മകൾ പോലും അവഗണിക്കപ്പെടുന്നു.
ദൈവകല്പനയെ അവഗണിക്കുവാൻ ആരെങ്കിലും മനഃപൂർവ്വം ശ്രമിക്കുന്നുണ്ടാവില്ല. പാരമ്പര്യങ്ങളെ നിലനിർത്തുവാനായി ആദ്യം ചെയ്യപ്പെടുന്നത് ഒരു 'പ്രപഞ്ച'സൃഷ്ടിയാണ്. ആ പ്രപഞ്ചത്തെയും അതിന്റെ പ്രക്രിയകളെയും എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് പാരമ്പര്യങ്ങൾ ഉറപ്പിച്ചു നിർത്തുന്നത്. പ്രതീകങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അർത്ഥം നൽകുന്നതും ഈ പ്രപഞ്ചമാണ്. അത് കാലത്തെയോ, സംഭവങ്ങളെയോ, പ്രതിഭാസങ്ങളെയോ, സാമൂഹികപ്രവണതകളെയോ പുതിയ വിവരണങ്ങൾ നൽകി വ്യാഖ്യാനിച്ചു കൊണ്ടാകാം.
സൃഷ്ടിയുടെ മാസ്മരികത, ഭക്തിയിലും മാസ്മരികത പ്രതീക്ഷിക്കാവുന്ന ദൈവത്തെ സൃഷ്ടിക്കുന്നു. കൃപയുടെ, വാക്ക്-ജീവൻ-സൃഷ്ടി-വളർച്ച എന്ന ക്രമം മാറ്റി നിർത്തുന്നു. അനുദിനജീവിതത്തിന്റെ നൈർമല്യങ്ങളെ 'വെറും സാധാരണവും' 'അശുദ്ധ'വുമാക്കുന്നു. 'പരിശുദ്ധമായ' അനുഷ്ഠാനങ്ങൾക്കു വേണ്ടി ദൈവസാന്നിധ്യം മറച്ചു കളയുന്നു.
... ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ