മണ്ണിൽ നിന്നുള്ളവരാണ് മനുജർ. ഫലഭൂയിഷ്ഠമായ മണ്ണ് എന്ന് തന്നെയാണ് ബൈബിൾ ധ്യാനിക്കുന്നത്, നിർജ്ജീവമായ പൊടിയല്ല. മണ്ണിനെ അറിയാത്തവരാണ് മണ്ണിന് അശുദ്ധി കല്പിക്കുന്നത്. മതത്തിന്റെ ചട്ടക്കൂടുകൾ തീർത്ത ആത്മീയ പാരമ്യത്തിലെ പവിത്രത തീർച്ചയായും മണ്ണിനെ അശുദ്ധമെന്നു വിധിക്കും. എത്ര നാളുകളായി മണ്ണിന്റെ അഴുക്കെന്ന പുറം ചട്ട ധരിച്ചവരെന്ന പൈശാചികആത്മീയത നമ്മെ നയിക്കുന്നു!
ജീവന്റെ നിർമ്മിതികൾ മണ്ണിന്റെ ലാവണ്യമാണ്. മണ്ണിനെ അപൂര്ണതയായി കരുതി, പൂർണ്ണതകളിൽ സ്വയം അവരോധിച്ചവരാണ് സ്വർഗ്ഗങ്ങളുടെ പ്രതീക്ഷയിൽ ദൈവരാജ്യത്തെ നിരാകരിച്ചത്. മണ്ണും പ്രകൃതിയും ബലഹീനരും അവർക്കു അവകാശങ്ങളായി. മണ്ണിനെ സ്പർശിക്കാതെ എളിമയുണ്ടാവില്ല. ജീവന്റെ നിർമ്മലതകൾ തൊട്ടറിയുവാൻ നമുക്കാവണം. ദൈവത്തിന്റെ ജീവശ്വാസം സുഗന്ധമായും, സൗന്ദര്യമായും, വർണങ്ങളായും സംഗീതമായും മനുഷ്യനിലേക്ക് വന്നെത്തിയതും മണ്ണിന്റെ ജീവപ്രക്രിയകളിലൂടെ തന്നെ.
മണ്ണിൽ നിന്ന് ആയതു കൊണ്ട് ഒരാൾ എങ്ങനെ അപൂര്ണതയിലോ അശുദ്ധിയിലോ ആകും? പവിത്രമാണ് മണ്ണ്. അശുദ്ധമാക്കണമോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുമാണ്. മനുഷ്യരിൽ നിന്ന് പുറപ്പെടുന്നതെന്തോ അതാണ് അവരെ അശുദ്ധരാക്കുന്നത്.
ഉല്പ 2:4-9,15-17; മർക്കോ 7:14-23
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ