Gentle Dew Drop

ഫെബ്രുവരി 12, 2023

നിയമവും പുണ്യവും

നിയമത്തിന്റെ പോരായ്മ അതിന്റെ പഴുതുകളാണ്. ലംഘനമാകാതെ എത്രത്തോളം പോകാമെന്നത് അതിനെ കപടമാക്കുന്നു. കൗശലക്കാർ നല്ല മുഖമണിയുകയും ശുദ്ധർ കുരുക്കപ്പെടുകയും ചെയ്യുന്നു. നിയമത്തിന്റെ പരിരക്ഷ അത് തീർക്കുന്ന അതിരുകളിലാണ്. ആ അതിരുകൾക്കപ്പുറം നിയമം സ്വതന്ത്രമല്ല. നിയമവും പുണ്യവും 

കൊല്ലാതെ ഒരാളെ എങ്ങനെ ജീവനറ്റതാക്കാം? അസത്യത്തിന് എങ്ങനെ നല്ലമുഖം നൽകാം? അധർമ്മകളെയും ചൂഷണങ്ങളെയും എങ്ങനെ നിയമപരമാക്കാം? ദൈവത്തിന്റെ പേരിൽ എങ്ങനെ മേധാവിത്വം കാണിക്കാം? ആരാധനയുടെ പേരിൽ എങ്ങനെ തേർവാഴ്ച നടത്താം? നന്മകളുടെ മറവിൽ എങ്ങനെ കൊള്ള ചെയ്യുകയും പാവങ്ങളെ ഓടിച്ചകറ്റുകയും ചെയ്യാം?

എല്ലാവർക്കും നന്മ ചെയ്യുക എന്നത് നിയമമല്ല, പുണ്യമാണ്. അതിനെ നിയമിതമാക്കി നിർവചിക്കാനാവില്ല. അത് കൊണ്ട് പുണ്യങ്ങളെക്കാൾ നിയമത്തെ പുൽകുന്നതാണ്, നീതീകരിക്കുവാനുള്ള എളുപ്പമാർഗം. നിയമങ്ങൾ ഉൾക്കൊള്ളുന്ന പുണ്യങ്ങളെപ്പോലും അത് ഏറ്റം ചുരുങ്ങിയ അളവിലേക്കു കൊണ്ടെത്തിക്കും. 

വ്യക്തിയിലും സമൂഹത്തിലും പുണ്യങ്ങൾ കാണപ്പെടുമ്പോഴാണ് വികാസവും വളർച്ചയും ഉണ്ടെന്നറിയുന്നത്.  അവ ഒരു അത്ഭുതം പോലെ ഒട്ടിച്ചു ചേർക്കാവുന്നതല്ല. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയിൽ പതിയെ വളർന്നു രൂപപ്പെടേണ്ടതാണ്. ഉള്ളിലുള്ള ദുഷ്ടാരൂപികളുടെയും പിശാചുക്കളുടെയും സാന്നിധ്യഫലമായി ഉണ്ടാകുന്നതാണ് തിന്മകളും ദുർഗുണങ്ങളും എന്ന കാഴ്ചപ്പാട് ഒരുകാലത്ത് ഉണ്ടായിരുന്നു (ഇന്നും പലരും ആ കാഴ്ചപ്പാട് ഇഷ്ടപ്പെടുന്നു). ആർത്തിയും, കലഹവും, കോപവുമൊക്കെ അകലാൻ പിശാചുക്കളെ ഓടിക്കുന്ന രീതികൾ ഉണ്ടായിരുന്നത് അതിനാലാണ്. ശാരീരികമോ മാനസികമോ ആയ ദുർഗുണങ്ങൾക്കും നിർബലതകൾക്കും അടിസ്ഥാനപരമായ കാരണങ്ങളെ കൂടുതൽ വ്യക്തമായി മനസിലാക്കാൻ ഇന്ന് കഴിയുമ്പോൾ, നമ്മുടെ  വ്യക്തിപരമായതും സാമൂഹികമായുമുള്ള വലിയ ഉത്തരവാദിത്തതോട് കൂടിയേ വളർച്ചയും വികാസവും യാഥാർത്ഥ്യമാകൂ എന്ന് ബോധ്യപ്പെടുത്തുന്നു. ദുർവ്വാസനകൾക്കു കാരണമായി വർത്തിക്കുന്ന ഭാരങ്ങളെയും നൊമ്പരങ്ങളെയും സാന്ത്വനവും സൗഖ്യവും നൽകി സ്വയം ശക്തി നേടാൻ മാനുഷികവും ആത്മീയവുമായ പ്രയത്നം നടത്തിക്കൊണ്ടാണ് വളർച്ചയുടെ വഴി നടന്നു പുണ്യങ്ങൾ സ്വായത്തമാക്കുന്നത്. തീവ്രവും ആത്മാർത്ഥവുമായ ഈ ആഗ്രഹം നമ്മിൽ കൊണ്ടുവരുന്ന രൂപാന്തരത്തെ ആത്മാഭിഷേകമെന്നും ക്രിസ്തുരൂപീകരണമെന്നും ഒക്കെ വിളിക്കാം. 

നിയമങ്ങളുടെ സുരക്ഷകളിലേക്കു ചുരുങ്ങുകയും ക്രിസ്തുരൂപീകരണം അപ്രധാനമാവുകയും ചെയ്യുന്നിടത്ത് സുവിശേഷം സദ്വാർത്ത ആയിരിക്കില്ല. അസ്വസ്ഥതയും അപകടവുമാവും സുവിശേഷത്തിൽ കാണുക. സ്നേഹിക്കുക എന്ന പ്രമാണം പോലും, നിയമ സുരക്ഷയുടെ അതിരുകൾ കടന്നാൽ അപവിത്രവും അശുദ്ധവും ആചാരവിരുദ്ധവുമാകും. കുഷ്ഠരോഗിയെ സ്വീകരിച്ച ക്രിസ്തു അശുദ്ധനായതും, പുരോഹിതനും ലെവായനും മരണാസന്നനായവനെ ശുശ്രൂഷിക്കേണ്ടതായി തോന്നാതിരുന്നതും അതുകൊണ്ടാണ്. നിയമപ്രകാരം പുരോഹിതനും ലെവായനും  ഒരു തെറ്റും ചെയ്തിട്ടില്ല. ദേവാലയത്തിൽ സ്വയം പുകഴ്ത്തിയ ഫരിസേയനും നിയമപ്രകാരം നീതിമാൻ തന്നെയാണ്. ചെറുപ്പം മുതൽ നിയമങ്ങൾ എല്ലാം കണിശമായി പാലിച്ച ധനികനായ ചെറുപ്പക്കാരനും തെറ്റൊന്നും ചെയ്തിട്ടില്ല. അവരിലെ കുറവ്, ക്രിസ്തുരൂപത്തിലേക്ക് സ്വയം തുറക്കാൻ നിയമപാലനത്തിന്റെ സംതൃപ്ത പരിധി അവരെ അനുവദിച്ചില്ല എന്നതാണ്. 

അത് അത്ര കാര്യമാക്കാനുള്ള കുറവാണോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ