ക്രിസ്തു എന്നത് ഒരു 'ദൈവനാമത്തേ'ക്കാൾ വിസ്തൃതമാണ് എന്ന് കരുതാവുന്നതാണ്. ഒരാൾ തനിക്കു വേണ്ടിയല്ലാതെ പ്രവർത്തിച്ചു തുടങ്ങുന്ന നന്മയിൽ തകർക്കപ്പെടുന്ന സ്വാർത്ഥമതിൽ തുറക്കുന്ന ചക്രവാളം അങ്ങനെയുള്ള ഓരോ നന്മയിലും വികസിക്കുന്നതാണ്. അങ്ങനെ, നിങ്ങൾ എനിക്ക് വേണ്ടിയാണ് ചെയ്തത് എന്നതിന് പരോപകാരപ്രവൃത്തികളെക്കാൾ നിലപാടുകളെയും മൈത്രീഭാവങ്ങളെയും കൂടി ഉൾക്കൊള്ളുന്നു. വ്യത്യസ്തതകൾ (വൈരുദ്ധ്യങ്ങൾ പോലും) സംഘർഷങ്ങളാവാതെ ഉൾക്കൊള്ളുന്ന ക്രിസ്തുഭാവം ദൈവരാജ്യത്തിന്റെ സൗന്ദര്യമാണ്. ചെയ്യേണ്ടത് എന്നതിനുപരി ഉൾക്കൊണ്ടിരിക്കേണ്ടതായ ഹൃദ്യത.
ക്രിസ്തുവിനെ എത്രമാത്രം ചുരുക്കിക്കളഞ്ഞു എന്നാണ് മറ്റൊരു ചിന്ത. മനുഷ്യാവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ക്രിസ്തുവാണ് ഭക്തിയിലും വിശ്വാസത്തിലും ഭാവനയിലുമെല്ലാം. അതിനു മുമ്പും ശേഷവുമുള്ള ക്രിസ്തുവിന്റെ സാന്നിധ്യം എങ്ങനെയെന്ന് ഓർക്കുന്നത് നല്ലതല്ലേ. ക്രിസ്തുധ്യാനത്തിന്റെ സാധ്യതകൾ എത്രയോ കൂടുതൽ തലങ്ങളിൽ കാണുവാൻ കഴിയും! സർഗ്ഗസൗന്ദര്യത്തിൽ, പ്രപഞ്ചപരിണാമത്തിൽ, സാംസ്കാരികനന്മകളിൽ, ഹൃദയനൈര്മല്യങ്ങളിൽ വചനം ജീവഗന്ധമായി എന്നുമുണ്ട്. ആ ധ്യാനം ഹൃദയങ്ങൾ വിസ്തൃതമാക്കുകയും ആർദ്രതയണിയിക്കുകയും ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ