Gentle Dew Drop

ഫെബ്രുവരി 02, 2023

മാനവിക സൗഹാർദ്ദങ്ങൾ

മാനവസഹോദര്യത്തെ നിർവ്വാഹമില്ലാതെയുള്ള അവസാന പോംവഴിയായിട്ടാണ് കാണുന്നതെങ്കിൽ അതൊരു പരാജയമാണ്. മാറ്റി നിർത്തപ്പെട്ട, എന്നാൽ തിരികെ നേടേണ്ട ആന്തരികവെളിച്ചമായാണ് മാനവികസാഹോദര്യത്തെ കാണേണ്ടത്. സുഖകരമായ സമ്മേളനവേദികൾ കൊണ്ടോ ദീപം തെളിക്കുന്നതിൽ നിന്നോ പ്രാപ്യമായ ഒരു കാര്യമല്ല ഇന്നത്. 

വേദികൾ പങ്കിടുകയും ദീപം തെളിക്കുകയും ചെയ്യുന്നവർ സ്വയം അംഗീകരിക്കേണ്ടതും തങ്ങളുടെ ജനത്തിന് പറഞ്ഞു കൊടുക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. സാഹോദര്യവും സഹവർത്തിത്വവും വിട്ട് അകൽച്ചകളെ സ്വീകരിക്കാനായുള്ള കാരണങ്ങളും സാഹചര്യങ്ങളും എന്തൊക്കെയാണ്? സാഹോദര്യം ആഗ്രഹിക്കുന്നെങ്കിൽ അത് യാഥാർത്ഥ്യമാണെന്നും അതിന്റെ അനുഭവ തലങ്ങൾ കർമ്മപഥങ്ങളാകാവുന്ന ഏതൊക്കെ മേഖലകളാണെന്നും അന്വേഷിക്കുവാനും അതിനെ ആത്മീയ പാതയായിക്കാണാനും ഉതകും വിധം സംഭാഷണങ്ങളും ഉത്ബോധനങ്ങളും എന്ന് നടക്കും?

പല സംസ്കാരങ്ങളിലായി രൂപപ്പെട്ട മതങ്ങളിലെ ആചാരങ്ങളും സമ്പ്രദായങ്ങളും, പല ജനതകൾ ഒരുമിച്ചു വരുന്ന കാലഘട്ടത്തിൽ അകൽച്ചകൾ സൃഷ്ടിക്കുന്നതാണെങ്കിൽ അവ കാലഹരണപ്പെട്ടിരിക്കുന്നെന്നും, എന്നാൽ അടിസ്ഥാന വിശ്വാസത്തെ നിലനിർത്തിക്കൊണ്ടുതന്നെ കൂടെ ഒരുമിച്ചു നടക്കാനാവും വിധമുള്ള പ്രതീകങ്ങളും അനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളും രൂപപ്പെടുത്താനുള്ള ഭാവനയും ക്രിയാത്മകതയും ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും മനസ്സിലാക്കികൊണ്ട് കൂട്ടായ ഒരു ശ്രമം നടത്താൻ മതനേതൃത്വങ്ങൾക്ക് കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്? 

സാമുദായിക ചിന്തകളിൽ നിന്ന് രൂപപ്പെടുന്ന ഐക്യം ഒരു മതത്തിനുള്ളിലോ പൊതു സമൂഹത്തിലോ ഒരുമയോ സഹോദര്യമോ നിർമ്മിക്കുന്നതല്ല. സാമുദായിക സങ്കുചിതത്വങ്ങൾ മാനസിക വൈകല്യമായും പകർന്നു പിടിക്കുന്ന രോഗമായും നമ്മുടെ സമൂഹങ്ങളിൽ കണ്ടു തുടങ്ങുമ്പോൾ അതിനെ ആ സമൂഹങ്ങൾ തന്നെ അപലപിക്കുകയാണ് ആ തിന്മയെ ചെറുക്കാനുള്ള ആദ്യ പടി. ഒരു സമൂഹവും ഈ രോഗാവസ്ഥയിൽ നിന്ന് ഇന്ന് വിമുക്തമല്ല. ഞങ്ങളിൽ വലിയ ലക്ഷണങ്ങൾ കാണുന്നില്ല എന്നത് രോഗത്തെ മറച്ചു പിടിക്കുന്നതാണ്. പരിഹാസവും പുച്ഛവും നിറഞ്ഞ അക്രമങ്ങളും പ്രതിരോധങ്ങളും സാമുദായിക സങ്കുചിതത്വത്തിന്റെ ബീഭത്സമായ ഭാവമാണ്. മതമെന്ന വികാരം ഉപയോഗപ്പെടുത്തി വെറുപ്പ് പടർത്തുകയാണവിടെ.

മാനവികസഹോദര്യം ദൈവികമാണോ? അത് മാനവിക വാദത്തിൽ നിന്ന് ഉടലെടുത്ത ദൈവവിരുദ്ധ പ്രവണതകളല്ലേ? ഇതര മതവിഭാഗങ്ങളിലെ ആളുകളോടൊത്തു നടക്കാനും പ്രവർത്തിക്കാനും ശ്രമിക്കുന്നത് ഒന്നാം പ്രമാണത്തിനു വിരുദ്ധമല്ലേ? ഒരു കാര്യം ചെയ്തിട്ടു കിട്ടേണ്ട ക്രെഡിറ്റ് നമുക്ക് കിട്ടാതെ പോവില്ലേ? നന്മയ്ക്കായി ഒരുമിച്ചു ചേരുന്നവരിൽ ഉള്ള പൊതുനന്മക്കായുള്ള ആഗ്രഹവും ഹൃദയൈക്യവും ദൈവസാന്നിധ്യമല്ലേ? അല്ല എന്ന് കരുതുന്ന മത നിർവ്വചനങ്ങൾ ഇതിനോടകം തന്നെ പുതിയ തലമുറയെ നഷ്ടപ്പെടുത്തിക്കഴിഞ്ഞു. 

മാനവിക സാഹോദര്യം യഥാർത്ഥമാണെങ്കിൽ അതിൽ അതിരുകൾക്കു സ്ഥാനമില്ല. വേർതിരിവുകളെയും സംശയങ്ങളെയും രൂപപ്പെടുത്തുന്ന മതിലുകളെ തുറന്നു കാട്ടുവാൻ, അതിനെ ശാസ്ത്രീയമായി അപഗ്രഥിക്കാനും സാമൂഹികവും സാംസ്കാരികവുമായ പ്രവണതകളിലേക്കു ചേർത്തുവെച്ചുകൊണ്ട് ചൂണ്ടിക്കാണിക്കാനും വേദിയിലുള്ളവർക്കു ആത്മാർത്ഥതയുണ്ടെങ്കിൽ അത് സമൂഹത്തിന് മുതൽക്കൂട്ടാകും. 

നേർച്ചകാഴ്ചകളും ഉടമ്പടികളും പ്രാർത്ഥനകളും ധ്യാനങ്ങളും, ബലിപീഠത്തിന്മേൽ താണ്ഡവമാടാനുള്ള തരം തീക്ഷ്ണതയാകുമ്പോൾ അത് വെറും രോഗലക്ഷണങ്ങൾ മാത്രമല്ല. ആൾദൈവങ്ങളോടുള്ള ആരാധനയും വിധേയത്വവും ദൈവത്തെ മറച്ചുകളയും. വേദികളിൽ സൗഹാർദം ഉയർത്തിപ്പിടിക്കുമ്പോഴും സത്യം അജ്ഞമാകും. സത്യം നീതി നന്മ എന്നിവ നയിക്കുന്ന വെളിച്ചമാകാത്ത മാനവിക സൗഹാർദ്ദങ്ങൾ ശിഥിലമാണ്. വേദികൾക്കപ്പുറത്തേക്കു അതിന് എത്താൻ  കഴിയില്ല.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ