Gentle Dew Drop

ഫെബ്രുവരി 10, 2023

വിശുദ്ധരുടെ കൂട്ടായ്മയും നേർച്ചകാഴ്ചകളും

"ഇത് ഏഴു തവണ ചൊല്ലിയാൽ കടബാധ്യതകൾ മാറും," "ഇത് ഏഴു തവണ ചൊല്ലിയാൽ ബന്ധനങ്ങൾ അകലും" തുടങ്ങിയ അത്യാധുനിക ആത്മീയതയുള്ളപ്പോൾ പുണ്യവാന്മാരുടെ ഐക്യത്തിനും ദൈവപരിപാലനക്കും സിനഡൽ പാതക്കുമൊക്കെ പ്രസക്തി എന്താണ്? 

വിശുദ്ധരുടെ ഐക്യം, ക്രിസ്തുവിൽ ഒന്നായിരുന്ന സകലരുടെയും കൂട്ടായ്മയാണ്. ഓരോരുത്തരുടെയും നന്മ മറ്റുള്ളവരിലേക്ക് പകരപ്പെടുന്നു. ക്രിസ്തു തന്നെയാണ് ഏറ്റവും വലിയ നന്മ. ആ നന്മ സ്വീകരിക്കുവാനും ആ നന്മരൂപത്തിലേക്കു രൂപാന്തരപ്പെടുവാനുമാണ് കൂട്ടായ്മ.  വിശ്വാസത്തിലും, കൂദാശകളിലും പങ്കുചേരുന്നതുപോലെ, വരദാനങ്ങളും പരസ്പരം പടുത്തുയർത്താനുള്ളതാണ്. അനേകരെങ്കിലും വിവിധമായ വരങ്ങളിലൂടെ ഒരേ ആത്മാവ് പ്രവർത്തിച്ചുകൊണ്ട് ക്രിസ്തുരൂപം സ്വായത്തമാക്കുവാൻ ആത്മാർത്ഥമായ പ്രയത്നം നമ്മിലുമുണ്ടാവണം. ചുറ്റുമുള്ളവരെ ആവശ്യങ്ങളിൽ സഹായിക്കുന്നതും വിശുദ്ധരുടെ ഐക്യത്തിന്റെ അടയാളമാണ്. സഹനവും മഹത്വവും എല്ലാവരുടേതുമാണ്. വിശുദ്ധഗണത്തിലേക്കു ഉയർത്തി വാഴ്ത്തപ്പെട്ടവർ മാധ്യസ്ഥം വഹിക്കുന്നതും ക്രിസ്തുവിലുള്ള ഐക്യത്തിലാണ്. എല്ലാവരും ആ കൂട്ടായ്മയിൽ ഒന്നാകുന്നതാണ് ഓരോ വിശുദ്ധരുടെയും പരിപൂർണ്ണ സ്വർഗ്ഗീയാനന്ദം.

വാഴ്ത്തപ്പെട്ടവരുടെ ജീവിതമാതൃകകളും പാലിച്ചു പോന്ന പുണ്യങ്ങളും സ്വജീവിതങ്ങളിൽ അനുവർത്തിക്കപ്പെടേണ്ടതിനാണ് പ്രത്യേക മധ്യസ്ഥരായും മറ്റും അവർ കാണപ്പെടുന്നത്. അവരുടെ സഹായം ക്രിസ്തുവിലുള്ള കൂട്ടായ്മയിൽ പൊതുവായുള്ള നന്മയെക്കരുതിയാണ് നൽകപ്പെടുന്നത്. നമ്മളോരോരുത്തരുടേയും ആഗ്രഹങ്ങളും പ്രാർത്ഥനകളും അർപ്പിക്കുന്നത് ദൈവപരിപാലനയിലുള്ള സമ്പൂർണ വിശ്വാസത്തിൽ നിന്നാണ്. അവർക്കു മുമ്പിൽ പൂക്കളോ അർച്ചനകളോ കാഴ്ചകളോ അർപ്പിക്കുന്നത് കൃതജ്ഞതയിൽ നിന്നാണ്. പണമായോ ഭോജനമായോ അർപ്പിക്കുന്നപ്പെടുന്നവ നിരാലംബർക്ക് നീതിയായി തയ്യാറാക്കപ്പെടേണ്ടതാണ്. അത് ദൈവപ്രസാദത്തിനായുള്ളതല്ല. നിരാലംബരും നിർധനരും അദൃശ്യമായ വിഭാഗമാണ് ആധുനിക സംസ്കൃതികൾക്കും, ഭരണകൂടങ്ങൾക്കും, മതങ്ങൾക്കും. നമുക്കിടയിൽ പാവങ്ങൾ ഉണ്ട് എന്ന അവബോധം ദൈവരാജ്യത്തിന്റെ പൂർണ്ണത വരെ സഭാദര്ശനത്തിലെയും വിശുദ്ധരുടെ ഐക്യത്തിലെയും വെല്ലുവിളിയാണ്.

വിശുദ്ധർ കാര്യലാഭത്തിനായുള്ള മാര്ഗങ്ങളാണെന്നതിൽ നിന്നും മാറി അവരുടെ മാതൃക ഏറ്റെടുക്കുന്നത് എപ്പോഴാണ്? പുണ്യങ്ങൾക്കും ആത്മീയ വരങ്ങൾക്കും അവിടെ പ്രാധാന്യമെവിടെയാണ്? നാനാതുറകളിലുള്ളവരെ അവരുടെ ആശയങ്ങളിലും സാഹചര്യങ്ങളിലും സഹനങ്ങളിലും അറിയാനും കേൾക്കാനും കൂടെ നടക്കാനും കഴിയുക എന്നത് വിശുദ്ധരുടെ കൂട്ടായ്മയുടെ ഭാഗമാണെന്നു വിശ്വസിക്കാനാകുമോ? മാന്ത്രികമായ അത്ഭുതസിദ്ധികൾ കുടികൊള്ളുന്ന ധ്യാനകേന്ദ്രങ്ങളും ചാനലുകളും മാതാവുമാരും ഉണ്ണീശോമാരും, സുവിശേഷ മൂല്യങ്ങൾ ജീവിതക്രമമാക്കുന്ന ദൈവകൃപയുടെ ജീവിതത്തിലേക്ക് എന്ന് വഴിമാറും. ഉപകാരങ്ങൾക്കായുള്ള നേർച്ചകാഴ്ചകൾക്കപ്പുറം, സഹാനുഭൂതിയും സാഹോദര്യവും പരോപകാരപ്രവൃത്തികളും വിശുദ്ധരുടെ ഐക്യത്തിലും വിശുദ്ധരോടുള്ള വണക്കത്തിലും ഭാഗമാകും?  അർപ്പിക്കപ്പെട്ട കാഴ്ചകളിലും നേർച്ചകളിലും സംപ്രീതരായി, നിക്ഷേപിച്ചിട്ടുള്ള പണത്തെ കണക്കാക്കി അനുഗ്രഹങ്ങൾ നൽകുന്ന ദൈവവും വിശുദ്ധരും ക്രിസ്തുവുമായി ബന്ധമുള്ളതല്ല. ഭക്തി പുണ്യമാണ്. എന്നാൽ ഭക്തിയെന്ന വണ്ണം പാലിക്കപ്പെട്ടു പോരുന്ന പ്രതിഫല ദൈവശാസ്ത്രം ദൈവരൂപത്തെ വികലമാക്കുകയും  ലോഭനും പ്രതികാരദാഹിയും കർക്കശനും പുകഴ്ചകളിൽ രമിക്കുന്നവനുമാക്കും. ദൈവജ്ഞാനത്തെ ഭോഷത്തമാക്കുന്ന ഭക്തിമാർഗ്ഗങ്ങൾ സെക്കുലർ പ്രവണതകളും പുതിയ വാണിജ്യതന്ത്രങ്ങളും വിശുദ്ധരെ അത്ഭുതസിദ്ധികളുള്ള മൂർത്തികളാക്കി.  പ്രാർത്ഥനകൾക്കും ബൈബിൾ വാക്യങ്ങൾക്കും അത്ഭുതശക്തികൾ ആരോപിച്ച് അളന്നും തൂക്കിയും അനുഗ്രഹിക്കുന്ന സ്വർഗ്ഗങ്ങളുണ്ടാക്കി. പ്രത്യേക നിയോഗങ്ങൾക്കായി ഉടമ്പടികളും നേർച്ചകളുമായി.  

സങ്കീർണ്ണതകൾ ഏറിവരുന്ന സാംസ്‌കാരിക പശ്ചാത്തലത്തിൽ അഴിക്കുവാനുള്ള താക്കോലുകളാണ് ആരും അന്വേഷിക്കുന്നത്. ഭക്തിയും വിശ്വാസങ്ങളും അങ്ങനെ ആയി മാറുന്നത് സ്വാഭാവികമാണ്. എന്നാൽ വ്യക്തിപരമായും വിശ്വാസപരമായും സഭയെയും അത് എപ്രകാരം ശിഥിലതയുണ്ടാക്കുന്നു എന്നത് വിശകലനം ചെയ്യേണ്ടതാണ്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ