Gentle Dew Drop

ഫെബ്രുവരി 21, 2023

മണ്ണിന്റെ സാധ്യത

 നശ്വരതയെക്കുറിച്ചുള്ള വിലാപകാലമല്ല നോമ്പ്. വിത്തെറിഞ്ഞിട്ടുള്ള ഒരാളുടെ പ്രത്യാശയുടെ കാലമാണ് നോമ്പ്. സുവിശേഷത്തിന്റെ വിത്ത് സ്വീകരിച്ച് അത് ഒരാളിൽ ക്രിസ്തുരൂപമായി വളരുന്നതിനായുള്ള പ്രത്യാശ. സ്വയവും മറ്റുള്ളവരെയും മുറിപ്പെടുത്തുന്ന മുള്ളുകൾ സൃഷ്ടിക്കുന്ന ആത്മനൊമ്പരങ്ങൾ കൃപയുടെ തെളിനീരാൽ സ്‌നാപനം ചെയ്യപ്പെട്ട് ക്രിസ്തുവായി ഉയരുന്ന പുതുമനുഷ്യൻ.

ദൈവമക്കളെങ്കിലും അതിന്റെ തനിമയിൽ ജീവിക്കാൻ കഴിയാത്തതിന്റെ നൊമ്പരമാണ് പശ്ചാത്താപം. പശ്ചാത്താപത്തിൽ തെളിഞ്ഞു നില്കേണ്ടതും, ദൈവമക്കളെന്ന യാഥാർത്ഥ്യം തന്നെ. അഴുക്കുകളെക്കുറിച്ചും, വീഴ്ചകളെക്കുറിച്ചും സ്വയം വിധിച്ചു പഴിക്കാതെ, കൃപയാൽ, ഇനിയും വിരിയാവുന്ന പുഷ്പങ്ങളെക്കുറിച്ചും, നൽകാൻ കഴിയുന്ന സുഗന്ധത്തെക്കുറിച്ചും ധ്യാനിക്കണം.
പ്രാർത്ഥനയും, ഉപവാസവും ദാനധർമ്മവും ക്രിസ്തുവെന്ന സൗന്ദര്യത്തെ വ്യക്തിയിലും സമൂഹത്തിലും യാഥാർത്ഥ്യമാക്കുവാനാണ്. ഉപവാസങ്ങൾ, അത്ഭുതങ്ങളുടെ ഒരു മാസ്മരികകാലമായി നോമ്പുകാലത്തെ മാറ്റാനുള്ള ഉപാധിയല്ല. ഉപവാസത്തിന്റെ ശക്തി, അത് നീതിയുടെ പാതയിലേക്ക് ഉപവസിക്കുന്നവരെ നയിക്കുമ്പോഴാണ്. ദാനധർമ്മം ഫലമായിത്തീരാത്ത ഉപവാസമൊന്നും ദൈവമാഗ്രഹിക്കുന്ന ഉപവാസമല്ല. നോമ്പെടുക്കുന്നതും ഉപവസിക്കുന്നതും പ്രത്യേക ശക്തിക്കായും കാര്യസാധ്യങ്ങൾക്കായും അല്ല, മറിച്ച്, ഓരോരുത്തരിലും സഭയിലും ക്രിസ്തുരൂപം ഉണ്ടാകുവാനാണ്. ആ ലക്ഷ്യമില്ലാതെ, ഏതു പാരമ്പര്യമനുസരിച്ചു നോമ്പനുഷ്ഠിച്ചാലും അത് സ്വയം കൂടുതൽ ശിഥിലമാക്കുകയേയുള്ളു.
ജീവിതത്തെയും അതിന്റെ സംഘർഷങ്ങളെയും അസ്വസ്ഥതകളെയും കൂടെ നിർത്തിക്കൊണ്ടാണ് നോമ്പും പ്രാർത്ഥനയുമെല്ലാമുള്ളത്. അവയെയൊന്നും കണ്ടില്ലെന്നമട്ടിൽ 'സ്വർഗ്ഗീയമായ' ആത്മീയയാത്ര നടത്തുന്നത് നീതിയുടെ നിലവിളി സ്വരത്തിൽ നിന്നും ഒഴിഞ്ഞു മാറി ശൂന്യമായ ഭക്തി പരിശീലിക്കലാണ്. അഹന്തയും കാർക്കശ്യവും ദൈവനാമത്തിൽ രൂപപ്പെടുത്തുന്ന ആഴമേറിയ മുറിവുകളെ അതിന്റെ തീവ്രതയിൽ ആത്മചൈതന്യത്തോടെ രക്ഷാകരമായ രീതിയിൽ ഓരോ ദിവസവും ധ്യാനിച്ചെങ്കിലേ, സമരസപ്പെട്ടു കഴിഞ്ഞ ക്രൂരതകളെ ക്രിസ്തുവിന്റെ പ്രവാചകധീരതയോടെ അഭിമുഖീകരിക്കാനാകൂ. എങ്കിലേ നോമ്പ് ഉയിർക്കുന്ന ക്രിസ്‌തുവിലുള്ള പ്രത്യാശയാൽ പ്രേരിതമാകുന്ന കാലമാകൂ.
മണ്ണിൽ നിന്ന് ഉയർത്തപ്പെട്ട മനുഷ്യൻ ധ്യാനിക്കേണ്ട അന്ത്യവും ക്രിസ്തുവാണ്, ഒരു ശവക്കുഴിയല്ല. മണ്ണിന്റെ സാധ്യത ജീർണതയല്ല, ക്രിസ്തുവാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ