Gentle Dew Drop

ജനുവരി 26, 2024

കലഹത്തിന്റെ ഉപജ്ഞാതാക്കൾ

കലഹത്തിന്റെ ഉപജ്ഞാതാക്കൾ, പ്രശ്നമൊന്നുമില്ലെന്നുള്ള വിഢിത്തം പുലമ്പുന്ന 'സമാധാന'പ്രിയരാണ്. ചിരിച്ചും ഫലിതം പറഞ്ഞും 'വന്നെത്തിയ സ്വർഗ്ഗരാജ്യത്തെ' അവർ തുറന്നു വയ്ക്കുന്നു. നരകത്തിലെത്തിച്ചിട്ടു ഇവിടം സ്വർഗ്ഗമാണെന്നു പറഞ്ഞു വയ്ക്കുന്ന വാക്പ്രിയർ.  

ഐക്യരൂപത്തിനു വേണ്ടി കൊടുക്കേണ്ട വില കലഹത്തിന്റെ കാലഘട്ടമാണ്. ഐക്യത്തിന്റെ വില വലുതാണ്, സ്വന്തം അഹന്തയെ മാറ്റി നിർത്തുക എന്നതാണ് അത്.

സത്യം മറയ്ക്കപ്പെടുന്നു

മതം, ശാസ്ത്രം, രാഷ്ട്രീയം എന്നിവ ഒരു സമൂഹസംവിധാനത്തിന്റെ അപചയത്തിന്‌ കാരണമായി പ്രവർത്തിക്കുന്നതിന്റെ കാരണം അവ സത്യം പറയാൻ വിമുഖത കാണിക്കുന്നു എന്നതാണ്. ഇവ മൂന്നിലും ഈ മൂന്നു ഘടകങ്ങളും ഉൾച്ചേർന്നിരിക്കുന്നു എന്നതുകൊണ്ടുതന്നെ അവ സമീപിക്കുന്നതോ പരിചയപ്പെടുത്തുന്നതോ വിശദീകരിക്കുന്നതോ ആയ കാര്യങ്ങളിൽ സത്യം അതിന്റെ പൂർണതയിലില്ലെങ്കിൽ അത് നാശകരമാണ് ദേശത്തിനും സമൂഹത്തിനും വിശ്വാസത്തിനും. വിഷയങ്ങൾ സാമൂഹികമോ സാംസ്കാരികമോ ചരിത്രപരമോ ആശയപരമോ ഒക്കെ ആകാം, എന്നാൽ കല്പിതമായ നിലപാടുകൾ മൂലം സത്യം മറയ്ക്കപ്പെടുന്നു. കാലത്തിന്റേതായ പ്രത്യേക അവസ്ഥകൾക്ക് സ്വാതന്ത്ര്യം നൽകാൻ അവ സമൂഹത്തെ തുറക്കുന്നില്ല. 

ദൈവമാവട്ടെ, സമൂഹമാവട്ടെ, ഒരു സാംസ്‌കാരിക മാറ്റമാവട്ടെ, ഒരു മതസംവിധാനത്തിൽ വരുന്ന തിരിച്ചറിവൊ അപചയമോ ആവട്ടെ, വ്യാഖ്യാനത്തിനും മുമ്പുള്ള യാഥാർത്ഥ്യമാണ് സത്യം. പ്രാഥമിക വീക്ഷണം പോലും വ്യാഖ്യാനത്തിനു വിധേയമായേക്കാം. അതുകൊണ്ട് വ്യാഖ്യാനങ്ങളിൽ കുടുങ്ങാതെ തുറവിയുണ്ടായിരിക്കുക എന്നതേ സാധിച്ചെന്നിരിക്കൂ. എങ്കിലും അതൊരു നിസ്സഹായാവസ്ഥയല്ല. സ്വാതന്ത്ര്യമാണ്.

സെക്കുലർ എന്ന് വിളിക്കുമെങ്കിലും രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന മതവും മതവൽക്കരിക്കപ്പെടുന്ന രാഷ്ട്രീയവും ഇതിനു രണ്ടിനും വിധേയപ്പെട്ടു ഉപകാരണമാകുന്ന ശാസ്ത്രവും ഇന്നിന്റെ യാഥാർത്ഥ്യമാണ്.

ജനുവരി 24, 2024

ദൈവരാജ്യവും ആരാധനയും

 കേന്ദ്രീകൃതമാകുന്ന ആരാധനയും ദേവാലയവും ദൈവത്തിന്റെയോ ജനത്തിന്റെയോ ആവശ്യമല്ല, രാജാവിന്റെ ആവശ്യമാണ്.

രാജാവും ദേവാലയവും ദൈവേഷ്ടത്തിനു ചേരാതെ പ്രതിഷ്ഠിക്കപ്പെട്ട ബിംബങ്ങളായിരുന്നു. ജനം തേടിയ അധികാര കേന്ദ്രവും രാജാവ് തേടിയ ആരാധനാകേന്ദ്രവും നാശകരകമായിരുന്നു. ദൈവസാന്നിധ്യത്തിന്റെ അടയാളമായിരുന്ന  ശിലകളും ബലിപീഠങ്ങളും നിഷിദ്ധമായി. ജീവിച്ചിടത്ത് കുടുംബമായി അർപ്പിച്ച ബലികളും ആരാധനയും  ഫലശൂന്യമായി. പുരോഹിത കേന്ദ്രീകൃതമായ ദേവാലയക്രിയകളിൽ മാത്രം 'ദൈവം സന്നിഹിതനായി.' 

കിണറ്റു വക്കത്തും മരച്ചുവട്ടിലും തീരത്തും വയലിലും സന്നിഹിതനാകുന്ന ദൈവത്തെ ക്രിസ്തു പരിചയപ്പെടുത്തി. നിഷ്കളങ്ക മനസ്സിൽനിന്ന് മുളപൊട്ടി വളരുന്ന സത്യമാണ് ക്രിസ്തുവിന് ദൈവരാജ്യവും ആരാധനയും. അധികാരത്തിന്റെ സുരക്ഷയിലോ ആരാധനകളുടെ പരിമളതയിലോ അതുണ്ടായെന്നു വരില്ല.

ജനുവരി 23, 2024

പാവങ്ങളെ മറക്കരുത്

 'പാവങ്ങളെ മറക്കരുത്' എന്നത് മാർപാപ്പയുടെ ആശംസയുടെ ഭാഗമാണ് (അനുസരണത്തിന്റെ പരിധിയിൽ അല്ല അതെന്ന് തീർച്ചയായും ആശ്വസിക്കാം). ബൈബിൾ വീക്ഷണമനുസരിച്ച് ദൈവമല്ലാതെ ആശ്രയിക്കാൻ മറ്റാരുമില്ലാത്തവരെ പൊതുവെ 'പാവങ്ങൾ' എന്ന കൂട്ടത്തിൽ ചേർക്കാവുന്നതാണ്. ഈ പാവങ്ങൾ ആരൊക്കെയാണ്? എന്തിൽ/ ആരിൽ വിശ്വാസമർപ്പിക്കാനാണ് പാവങ്ങളുടെ സമൂഹം പരിശീലിപ്പിക്കപ്പെടുന്നത്?

കുർബാനയെക്കുറിച്ചുള്ള കലഹങ്ങളും സാധൂകരണങ്ങളും ആവർത്തിക്കുമ്പോഴും സൗകര്യപൂർവ്വം നിലനിർത്തപ്പെടുമ്പോഴും 'ദൈവത്തെ ഉപേക്ഷിക്കാൻ നമുക്കാവില്ലല്ലോ' എന്ന മനസ്സിൽ നിന്ന് ബലിയർപ്പണത്തിനായി പള്ളിയിൽ പോകുന്ന നിസ്സഹായരാണ് ഇന്ന് വിശ്വാസിസമൂഹം. ഈ നിസ്സഹായതയെ മുതലെടുത്തുകൊണ്ടാണ് ക്രിസ്തീയതയുടെ അംശം പോലുമില്ലാത്ത പ്രസ്താവനകളും സൗകര്യപ്രദമായ ആരാധനാക്രമനിഷ്ഠകളും  വർഗ്ഗീയവിഷമുള്ള സഭാസംരക്ഷണവും ഉയർന്നു വരുന്നത്. സ്വീകരിച്ചു പോന്ന നടപടിക്രമങ്ങളിലൂടെ സഭയുടെ ഏതു സ്വഭാവത്തെക്കുറിച്ചാണ് 'പാവങ്ങൾ' കണ്ടും കേട്ടുമറിഞ്ഞത്? തെളിമയുണ്ടെങ്കിൽ, കൊന്നു തള്ളപ്പെട്ട സഭയുടെ രക്തത്തിൽ സ്വന്തം അഹന്തയുള്ള മുഖം നേതാക്കൾക്ക് കാണാം. 

"പാവങ്ങളെ മറക്കരുത്" എന്ന് പറഞ്ഞത്, റബ്ബറുവെട്ടി നാലുമണിക്ക് കുർബാനക്ക് കർത്താവെ എന്ന് ഉള്ളിൽനിന്നു വിളിക്കുന്ന കർഷകനും, കുടുംബത്തിന്റെ പ്രാരാബ്ധങ്ങളും ഉത്തരവാദിത്തങ്ങളും ചേർത്തുവെച്ചു ക്‌ളാസുകൾ തയ്യാറാക്കുന്ന അധ്യാപകരും 'അവരുടെ പള്ളിയിൽ പോകണ്ട, നമ്മുടെ പള്ളിയിലെ പോകാവൂ' എന്ന കല്പനയനുസരിച്ച് ശുദ്ധമായ പാരമ്പര്യങ്ങൾ നിലനിർത്തി കുർബാന കൂടുന്ന (വിദേശത്ത്) നഴ്‌സുമാരും അവരുടെ കുടുംബവും, യുവജനപ്രസ്ഥാനങ്ങളിൽ ഈശോക്ക്‌വേണ്ടി മാത്രം എന്ന് പറഞ്ഞ് ഓടിനടക്കുന്ന ചെറുപ്പക്കാരും അധികാരികളുടെ ആജ്ഞകൾക്കുമുമ്പിൽ മൗനമായിപ്പോകുന്ന എന്നാൽ കാര്യങ്ങൾ ശരിയല്ല എന്ന് അറിഞ്ഞു നൊമ്പരപ്പെടുന്ന സമർപ്പിതരും കേൾക്കപ്പെടാതെ ചാപ്പകുത്തപ്പെട്ട ഒരു സമൂഹവും നിസ്സഹായരായ  പാവങ്ങളാണ്. 

സിംഹാസനങ്ങൾക്കു സ്തുതിപാടുന്ന ആരാധകവൃന്ദങ്ങളെക്കൊണ്ട് നിലനിർത്താവുന്നതല്ല സഭ. സിംഹാസനങ്ങളുടെ ഗരിമയിൽ തിളങ്ങുന്ന സഭക്ക് പാവങ്ങളുടെ നന്മകളിൽ തെളിയുന്ന സൗന്ദര്യത്തെ തിരിച്ചറിയാൻ കഴിയണം. സത്യം മാത്രമാണ് സഭയുടെ സമ്പത്ത്. സത്യം പറയാൻ കഴിയുന്നെങ്കിൽ മാത്രം പാവങ്ങൾ സഭയോട് ചേർന്ന് നില്കും. 

സരസമായി ധാർമിക സത്യങ്ങൾ അവതരിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല, എന്നാൽ സുവിശേഷപ്രസംഗം എന്നാൽ രസിപ്പിക്കുകയല്ല എന്ന്  പ്രസംഗകർ / നേതാക്കൾ അറിയേണ്ടതുണ്ട്. പ്രീണനം ക്രിസ്തുവിന്റെ സുവിശേഷശൈലിയുമല്ല. 

ജനുവരി 21, 2024

ശിഷ്യത്വത്തിൽ പരിശീലിക്കപ്പെടേണ്ടത്

അക്രമവും അധിനിവേശവും ഇല്ലാത്ത, സ്വാതന്ത്യവും സമാധാനവും നിറഞ്ഞ ഒരു സമയത്തേക്ക് മിശിഹായുടെ ആഗമനം വഴി വയ്ക്കുമെന്നും അതിനായി തങ്ങളെത്തന്നെ ഒരുക്കണമെന്നും യേശുവിന്റെ കാലത്തെ യുവത്വം വിശ്വസിച്ചിരുന്നു. അതിനൊത്ത ഒരു ഗുരുവിനെ അവർ തേടിയതും അതേ പ്രതീക്ഷയിലാണ് (മിശിഹാ ലോകം മുഴുവൻ കീഴടക്കുമെന്ന അഹന്ത അതിരുവിട്ട രാഷ്ട്രീയമോഹത്തിൽ വിരിഞ്ഞ സങ്കല്പമാണ്). നിയമങ്ങൾ പഠിക്കുകയും സമ്പ്രദായങ്ങളും അനുഷ്ടാനങ്ങളും കണിശമായി പാലിക്കുകയും ചെയ്തുകൊണ്ട് 'ധാർമ്മിക'രായിരിക്കുക എന്നതായിരുന്നു വഴി. 

ദൈവത്തെ അറിയുകയും, ദൈവേഷ്ടം മനസിലാക്കാൻ കഴിയുകയും ചെയ്യുക എന്നതാണ് ശിഷ്യത്വത്തിന്റെ പ്രാഥമിക ലക്‌ഷ്യം. 'നിന്റെ വഴികൾ എന്നെ പഠിപ്പിക്കേണമേ' എന്ന സങ്കീർത്തനവും അതിന്റെ പ്രതിഫലനമാണ്. അതിദയാലുവും സ്നേഹസമ്പന്നനും കരുണാമയനും ആയ ദൈവമെന്ന് ദൈവത്തെക്കുറിച്ചുള്ള തത്വസംഹിതകൾ ആവർത്തിക്കുകയും എന്നാൽ അത് ദൈവത്തിന്റെ സ്വഭാവമായി  പ്രതീക്ഷിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നത് ധാർമ്മിക വഴിയിലെ പരാജയമാണ്. കരുണാമയനായ ദൈവം നിനവേ നശിക്കാതിരിക്കാൻ പശ്ചാത്താപത്തിനു വേണ്ടി വിളിക്കുന്നെന്ന് പ്രസംഗിക്കുമ്പോഴും നിനവേ കത്തിയെരിയുന്നതാണ് യോനാ പ്രതീക്ഷിച്ചത്. സമറിയാ കത്തിയെരിയുന്ന കാണാൻ തിടുക്കം കൂട്ടിയ ശിഷ്യരും ചെയ്തത് അതുതന്നെയാണ്.

സത്യത്തിന്റെ വെളിച്ചത്തിലേക്ക് ശിഷ്യരെ നയിക്കുകയാണ് ഗുരു ചെയ്യുന്നത്. സത്യം സ്വാതന്ത്രമാക്കുന്നതുപോലെ, സത്യത്തിന്റെ വഴി മൃദുലവുമാണ്. സത്യം പരിശീലിക്കുന്ന ശിഷ്യൻ സൃഷ്ടികാരകമാണ്, നാശകരകമല്ല. സത്യത്തിലേക്കും അത് നൽകുന്ന സ്വാതന്ത്ര്യത്തിലേക്കും നയിക്കുന്നത് കൃപയാണ്.  അഗ്നിസമാനമായി കൃപയെ സങ്കൽപ്പിക്കുന്നത് ആവേശവും ഉത്സാഹവുമുണ്ടാക്കുന്നതാണ്. എന്നാൽ കൃപ പ്രവർത്തിക്കുന്നത് ആന്തരികമായി നിർഗ്ഗളിക്കുന്ന നീരുറവ പോലെയാണ്. ശിഷ്യൻ തന്നെത്തന്നെ തുറക്കേണ്ടതും ഈ നീരുറവയെ തുറന്നു വിടാനായാണ്.

ഗുരുവിൽ നിന്ന് പാഠങ്ങൾ പഠിക്കുന്ന ശിഷ്യത്വമല്ല യേശു ആഗ്രഹിച്ചത്. ശിഷ്യത്വത്തിൽ പരിശീലിക്കപ്പെടേണ്ടത് പിതാവിനെ അറിയുക എന്നതാണ്. പിതാവിൽ നിന്ന് കേൾക്കുക, പിതാവ് ചെയ്യുന്നതെല്ലാം കാണുക എന്നതെല്ലാം പിതാവിന്റെ ഇഷ്ടമറിയാൻ പഠിക്കുന്ന പരിശീലന പ്രക്രിയയാണ്. അത് ലക്ഷ്യമാക്കാത്ത ശിഷ്യത്വം മതപഠനം മാത്രമാണ് അതിൽ ദൈവാന്വേഷണമില്ലാതാവുന്ന അപകടമുണ്ട്. നിയമിതമായ ശരികളിൽ പൗരോഹിത്യവും ബലിയും സാധൂകരിക്കപ്പെട്ടേക്കാം. എന്നാൽ ദൈവേഷ്ടം തേടാത്ത ആ ശിഷ്യത്വങ്ങളിൽ ദൈവികജീവൻ ഉണ്ടാവില്ല.




ജനുവരി 19, 2024

അഭിഷേകം

ക്രിസ്തുവിലൂടെ ദൈവം ലോകത്തെ തന്നോട് രമ്യതപ്പെടുത്തുകയായിരുന്നു. ക്രിസ്തുവെന്നാൽ അഭിഷിക്തനാണെന്നത് അർത്ഥപൂർണ്ണമാകുന്നത് ഈ അനുരഞ്ജന പ്രക്രിയയിലൂടെയാണ്. കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തി എന്നത് അഭിഷേകം എങ്ങനെയാണ് രക്ഷാദായകമായത് എന്നും പറയുന്നു. അഭിഷേകം അഭിഷേകമായി തിളങ്ങുന്നത് ഈ ഗുണങ്ങളിൽ മാത്രം.  ഇതേ പ്രക്രിയയിലൂടെ ഉള്ളിൽ നിന്ന് നിർഗ്ഗളിക്കുന്നതാണ് അഭിഷേകം. മായ്ക്കാൻ കഴിയാത്ത വണ്ണം ചാർത്തപ്പെടാവുന്നതല്ല അത്. കർമ്മവും വാക്കും ജീവിതവും വ്യാഖ്യാനങ്ങളും ദൈവത്തോട് രമ്യതപ്പെടുത്തുന്നെങ്കിലെ അഭിഷേകവും ജീവദായകമായ  അധികാരവുമുണ്ടാകൂ.

ജനുവരി 16, 2024

ആരാധനക്രമം ദൈവവചനം ജീവിതം

 ആരാധനാക്രമത്തിൽ കൂടിയാണ് ദൈവവചനം ജീവിതബന്ധിയായി തീരുന്നത്" എന്നതിന്റെ വ്യാഖ്യാനങ്ങൾ ആരാധനാക്രമമാണ് ലോകത്തെയും ദൈവത്തെത്തന്നെയും സൃഷ്ടിച്ചതെന്ന വിധമുള്ള പാരമ്യത്തിലേക്ക് പോകുന്നുണ്ട്. ഒരു കണക്കിന് അത് ശരിയുമാണ് ആരാധനാക്രമങ്ങളിലൂടെയാണ് ലോകവും ദൈവവും ജീവിതത്തിന്റെ ഭാഗമായി ക്രമപ്പെടുത്തപ്പെട്ടത്.

എന്നാൽ ക്രിസ്തീയചൈതന്യത്തിൽ പ്രചോദനങ്ങളിലൂടെ തിരിച്ചറിയപ്പെടുന്ന വെളിപാടിനാണ് നയിക്കാൻ കഴിയുന്ന വെളിച്ചമുള്ളത്. അതുകൊണ്ട് ആരാധനക്രമം ദൈവവചനം ജീവിതം എന്നിവ പരപസ്പരം പുഷ്ടിപ്പെടുത്തുന്നതും തെളിമ നൽകി നയിക്കുന്നതുമാണ്. നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ ക്രിസ്തുവിനെ അടുത്തറിയാൻ ശ്രമിക്കുക, വെളിച്ചമാകും വിധം സഭയെയും അതിന്റെ ജീവിതശൈലിയെയും നവീകരിക്കുക എന്ന വിശാലവീക്ഷണം കാണാതെ മേല്പറഞ്ഞ ഉദ്ധാരണം അസ്ഥാനത്തുപയോഗിക്കുന്നത് 'ആരാധനാക്രമത്തെ' വിഗ്രഹവൽക്കരിക്കാനേ ഉപകരിക്കൂ.
ഒരു പൂജ്യഗ്രന്ഥമല്ല മറിച്ച് ദൈവവചനമാണ് ബൈബിൾ എന്ന് ആദ്യം ബോധ്യമാവേണ്ടതുണ്ട്. ജീവിക്കുന്ന വചനം വാക്കുകളിലല്ല ആ വചനത്തിന്റെ ഉറവിടമായ ക്രിസ്തുവിലാണ്. ജീവന്റെ അടയാളമായ വളർച്ചയും വികാസവും അത് കാണിക്കുകയും ചെയ്യും. ക്രിസ്തുവിനെ കണ്ണുകളിലൂടെ കാലവും അർത്ഥവും തേടിയെങ്കിലേ വചനം നിശ്ചലമായി നില്കാതെ കൂടെ നടക്കുന്ന സാന്നിധ്യമായി അനുഭവിച്ചറിയാനാകൂ.
പാരമ്പര്യങ്ങൾക്കും പ്രചോദനാത്മകതയുണ്ട്, അതും ഒരു കാലസൂചിയിൽ ഉടക്കി നിൽക്കുന്നതല്ല. വിശ്വാസം അനുഭവവേദ്യമാകുന്നതും പ്രകടിപ്പിക്കുന്നതും പല വിധത്തിലായേക്കാം. ആരാധനക്രമം ആരാധനക്ക് പകരം നിഷ്ഠകളുടെ കണിശതയിലേക്ക് സ്വയം തിരിക്കുമ്പോൾ അസാധ്യമാക്കുന്നത് ജീവിതബന്ധമാണ്. ആർക്കും സ്വന്തം നിയോഗങ്ങൾ സമർപ്പിക്കാം എന്നതു കൊണ്ട് അത് ജീവിതബന്ധിയാകുന്നില്ല. ജീവിതത്തെ വ്യാഖ്യാനിക്കാനും ജീവിതത്തിലേക്ക് ദൈവവചനത്തെ ചാലിച്ചു ചേർക്കാൻ കഴിയുന്നതുമാകണം ആരാധനക്രമം.
ജീവിതം ഇന്ന് ബഹുസ്വരതയുള്ളതാണ്, കുടുംബത്തിലും സമൂഹത്തിലും സമൂഹത്തിലും; അത് സങ്കീർണവുമാണ്. സമ്മർദ്ദങ്ങളും സംഘർഷങ്ങളും വ്യത്യസ്തങ്ങളാണ്. പുരാതന മിത്തുകളിൽ അഭിരമിക്കുന്ന മതങ്ങൾക്ക് ജീവിതങ്ങളെ മനസിലാക്കാൻ പോലും കഴിയുന്നില്ലെന്നാണ് വാസ്തവം. എല്ലാറ്റിനും അവർ അവരുടെ മിത്തുകൾക്കുള്ളിലെ യുക്തിക്കൊത്ത കാരണങ്ങൾ നിരത്തി പരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ട്. ആരാധനക്രമം ജീവദായകമാവണമെങ്കിൽ അതിനു ജീവിതങ്ങളെ അറിയാനും ആ ജീവിതങ്ങൾ പച്ചയായിത്തന്നെ ബലിപീഠത്തിലേക്കു വരാനും അന്തരീക്ഷമൊരുക്കണം. പകരം അധികാരചതുരംഗങ്ങൾക്കിടയിൽ നെയ്‌തെടുക്കുന്ന പ്രാർത്ഥനാലാപങ്ങളെ ജീവിതബന്ധിയായ ആരാധനാക്രമമെന്നു വിളിക്കാൻ കഴിയില്ല. ആത്മാവിലും സത്യത്തിലുമുള്ള ആരാധനയിലേക്കു അത് നയിക്കുന്നുമില്ല.
Like
Comment
Share